Top
27
Tuesday, June 2017
About UsE-Paper

പനിഭീതി വേണ്ട

Friday Apr 21, 2017
കെ കെ ശൈലജ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പനി വ്യാപിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് വിപുലമായ ചികിത്സാപ്രവര്‍ത്തനങ്ങളും മുന്നൊരുക്ക സംവിധാനങ്ങളുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ മാറിവരുന്ന കാലാവസ്ഥാവ്യതിയാനവും ജലദൌര്‍ലഭ്യവും മാലിന്യ സംസ്കരണത്തിലെ ജനപങ്കാളിത്തത്തിന്റെ അപര്യാപ്തതയും അപ്രത്യക്ഷമായ പല പകര്‍ച്ചവ്യാധികളും തിരിച്ചുവരാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, തൃശൂര്‍ കോര്‍പറേഷനിലെ ഒല്ലൂര്‍, കൊച്ചി കോര്‍പറേഷനിലെ പായിപ്ര, തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല, നാവായിക്കുളം, പൂജപ്പുര എന്നിവിടങ്ങളിലാണ് പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷാരംഭത്തില്‍ ത്തന്നെ ഡെങ്കിപ്പനി പ്രതിരോധനിയന്ത്രണം തീവ്രയജ്ഞപരിപാടി ആരംഭിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് സംസ്ഥാനതല ഇന്റര്‍ സെക്ട്രല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കൂടുകയും പ്രവര്‍ത്തനപദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല ഇന്റര്‍ ഡിപ്പാര്‍ട്ട്മെന്റ് തല കോ ഓര്‍ഡിനേഷന്‍ മീറ്റിങ് നടത്തി ഓരോ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും അവലോകനം നടത്തുകയും ചെയ്തിരുന്നു.

പ്രധാനമായും പനി വന്നാല്‍ നേരത്തേയുള്ള പരിശോധന, ചികിത്സ കൂടാതെ കൊതുകിന്റെ ഉറവിടനശീകരണം, സ്പ്രേയിങ്, ഫോഗിങ് എന്നിവ അടിയന്തരമായി നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിനും സംസ്ഥാന-ജില്ലാതലത്തില്‍ ഇതിനാവശ്യമായ പരിശീലനം നല്‍കി. ജില്ലാതലത്തിലും മുനിസിപ്പല്‍ കോര്‍പറേഷന്‍ തലത്തിലും ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തിലും ഇന്റര്‍സെക്ട്രല്‍ കമ്മിറ്റികള്‍കൂടി പ്രവര്‍ത്തനപദ്ധതികള്‍ തയ്യാറാക്കി പ്രവര്‍ത്തനം നടന്നുവരികയാണ്. ഇപ്പോള്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപിച്ച പനി നിയന്ത്രണവിധേയമാണ്. പനി നിയന്ത്രണത്തിനായി ബാധിത ജില്ലകളില്‍ കലക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് പനി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ജില്ല, മുനിസിപ്പല്‍, ബ്ളോക്ക്-ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ നടന്നുവരുന്നു.

പനിബാധിത ജില്ലകളിലെ എല്ലാ ആശുപത്രിയിലും ആവശ്യമായ എല്ലാ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും പനിക്കായി പ്രത്യേകം വാര്‍ഡുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ ആശുപത്രികളില്‍ പ്രത്യേക പരിശോധനാ കിറ്റും നല്‍കിയിട്ടുണ്ട്. ലബോറട്ടറി സൌകര്യങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും പരിശോധനകള്‍ക്ക് ആവശ്യമായ റീയേജന്റുകളുടെ ക്ഷാമം ഇല്ലാതാക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കുകയുംചെയ്തിട്ടുണ്ട്. ലാബ് ടെക്നീഷ്യന്മാരുടെ കുറവുള്ള ആശുപത്രികളില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യന്മാരെ നിയമിച്ച് കാര്യമായ പരിശോധനകള്‍ നടത്തിവരുകയാണ.് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി അതത് വാര്‍ഡ് മെമ്പര്‍മാരുടെ അധ്യക്ഷതയില്‍ കൂടി പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട്ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടുപിടിച്ച് നിരീക്ഷണം നടത്തുകയും കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ അടിയന്തര രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടത്താന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുമുണ്ട്.

അടിയന്തരസാഹചര്യങ്ങള്‍ തരണംചെയ്യുന്നതിനുവേണ്ടി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനപരിപാടികളാണ് നല്‍കിയിരിക്കുന്നത്. പനിനിയന്ത്രണത്തോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍നല്‍കുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടപ്പാക്കിവരികയാണ്. പ്രധാനമായും പനി പകര്‍ന്നുപിടിക്കുന്നത് പ്രധാനമായും കൊതുകിലൂടെ ആയതിനാല്‍ ഉറവിടനശീകരണം, ഫോഗിങ്, ആഴ്ചതോറും ഡ്രൈ ഡേ ആചരിക്കല്‍, ജനകീയപങ്കാളിത്തം ഉറപ്പുവരുത്തല്‍ തുടങ്ങി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരപ്രാധാന്യത്തോടെ വകുപ്പ് നടത്തി വരികയാണ്.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന അവസ്ഥയും ഒഴിവാക്കിയാല്‍മത്രമേ കൊതുകുജന്യ രോഗങ്ങള്‍ നമുക്ക് തടയാന്‍ സാധിക്കുകയുള്ളൂ. നഗരപരിധിക്കുള്ളിലെ കൊതുക് പെരുകാനിടയുള്ള ഉറവിടങ്ങള്‍, ശരിയായ മാലിന്യ നിര്‍മാര്‍ജനത്തിന്റെ അഭാവം, ഇടവിട്ടുള്ള മഴ, വെള്ളത്തിന്റെ ദൌര്‍ലഭ്യം ഉറവിടനശീകരണത്തില്‍ ജനപങ്കാളിത്തത്തിന്റെ കുറവ് എന്നിവ പ്രധാനമായും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതലായി കൈക്കൊള്ളേണ്ട കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനും നിലവിലുള്ള സ്ഥിതിഗതികള്‍ വിശകലനംചെയ്യുന്നതിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും ഡോക്ടര്‍മാരുടെയും യോഗം 20ന് ആരോഗ്യ മന്ത്രിയുടെ ചേംബറില്‍ ചേരുകയുണ്ടായി. പകര്‍ച്ചപ്പനി ബാധിച്ച മേഖലകളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സഞ്ചരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഈ വര്‍ഷം നേരത്തേതന്നെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ‘ഭാഗമായി പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെല്ലാം ശാസ്ത്രീയമായി ഇടപെടുന്നതിന് ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ട്. ഡെങ്കിപ്പനിയുടെ എണ്ണം മുന്‍വര്‍ഷങ്ങളേക്കാള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും മരണനിരക്ക് മുന്‍വര്‍ഷങ്ങളെക്കാള്‍ കുറവാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്ക് ‘ഭീതിയോ ആശങ്കയോ വേണ്ടതില്ല. കൊതുകുനിവാരണവും ശുചീകരണവും ശക്തമാക്കാന്‍ സാധിക്കണം. വാര്‍ഡ് തല ആരോഗ്യസമിതി ഫലപ്രദമല്ലാത്തിടങ്ങളില്‍ അവ പുനരുജ്ജീവിപ്പിക്കണം. ഓരോ വീടും സന്ദര്‍ശിച്ച് ശുചീകരണവും കൊതുകുനിവാരണവും ഉറപ്പു വരുത്തണം. പട്ടണങ്ങള്‍ ഡ്രൈഡേ ആചരിച്ച് ശുചിത്വം ഉറപ്പു വരുത്തണം. ചില തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പട്ടണങ്ങളില്‍ ഏതാനും മണിക്കൂര്‍ ‘ശുചിത്വ ഹര്‍ത്താല്‍’ പ്രഖ്യാപിച്ച് ബഹുജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നത് അനുകരണീയമായ പ്രവര്‍ത്തനമാണ്. തോട്ടമുടമകളുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് തോട്ടങ്ങളില്‍ ഡെങ്കി കൊതുകുകള്‍ പടരാതിരിക്കാനുള്ള നിര്‍ദേശം നല്‍കണം. ആള്‍പ്പാര്‍പ്പില്ലാത്തതും നിര്‍മാണം നടക്കുന്നതുമായ കെട്ടിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സ്കൂളുകള്‍ ജൂണില്‍ തുറക്കുന്നതിനുമുമ്പ് സ്കൂള്‍ കിണറുകളും പരിസരങ്ങളും വാട്ടര്‍ ടാങ്കുകളും ശുചീകരണം നടത്തിയെന്ന് ഉറപ്പുവരുത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് ജനങ്ങളിലെത്തിക്കാന്‍ തീരുമാനിച്ചു. മുന്‍കരുതല്‍ നിര്‍ദേശങ്ങളും ചികിത്സാ മാനദണ്ഡങ്ങളും മുഴുവന്‍ വീടുകളിലും എത്തി എന്ന് ഉറപ്പു വരുത്താനും നിര്‍ദേശം നല്‍കി