21 October Sunday

ഹരിതകേരളത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍

പിണറായി വിജയന്‍Updated: Friday Dec 8, 2017


1956ല്‍ ഐക്യകേരളം രൂപീകൃതമായ കാലംമുതല്‍ നമ്മുടെ സംസ്ഥാനം സുസ്ഥിരവികസനം സാധ്യമാകുന്നതിനായുള്ള നിരവധി പരിഷ്കരണനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഭൂപരിഷ്കരണം, വിദ്യാഭ്യാസപരിഷ്കരണം, സാക്ഷരതായജ്ഞം, ജനകീയാസൂത്രണം, സ്ത്രീശാക്തീകരണം, സാമൂഹ്യ ആരോഗ്യ പരിപാലനം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ടു. ഈ അടിത്തറയില്‍ നിന്ന് കേരളത്തിന്റെ സുസ്ഥിരവികസനക്രമം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ കേരളത്തിലേക്കുള്ള പ്രയാണം വേഗത്തില്‍ സാധ്യമാക്കുന്നതിനും സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ അവരുടെ ജീവിതവും ജീവനോപാധികളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ പ്രത്യേകമായി പരിഗണിക്കപ്പെടേണ്ടതുണ്ട.്

ശുചിത്വം, മാലിന്യസംസ്കരണം, ജലസംരക്ഷണം, കൃഷി വികസനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിത കേരളം മിഷന്‍ ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നു. നാട് നേരിടുന്ന ഗുരുതരമായ ചില വികസന പ്രതിസന്ധികളെ അഭിസംബോധനചെയ്യേണ്ട അതിപ്രധാനമായ ദൌത്യം എന്ന നിലയിലാണ് സര്‍ക്കാര്‍ ഹരിത കേരളം മിഷനെ വിഭാവനംചെയ്തത്. കേരളത്തിന്റെ ഏറ്റവും പ്രധാന സവിശേഷതകളായിരുന്ന വൃത്തിയും ജലസമൃദ്ധിയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിനുള്ള ദൌത്യമായാണ് ഈ മിഷന്‍ രൂപീകരിച്ചിട്ടുള്ളത്. ഈ മൂന്ന് പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യം.
സമഗ്രമായ മാലിന്യസംസ്കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറിക്കൃഷിയും വ്യാപിപ്പിക്കുക, കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കുകയും വ്യാപ്തി വര്‍ധിപ്പിക്കുകയുംചെയ്യുക  തുടങ്ങിയവയെല്ലാം അടിയന്തര ആവശ്യങ്ങളാണ്. എന്നാല്‍, ഇവയൊന്നും കേവലം ഒരു സര്‍ക്കാര്‍ പദ്ധതി എന്ന നിലയില്‍ നടപ്പാക്കാന്‍ കഴിയുന്നതല്ല. ഒരു ജനകീയ യജ്ഞംതന്നെ ആവശ്യമാണ്.

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കി പരമാവധി ജലം സംരക്ഷിച്ച് പ്രാദേശിക ജലസേചന-കുടിവെള്ള സ്രോതസ്സുകളായി ഉപയോഗിക്കുക എന്ന സമീപനമാണ് സര്‍ക്കാരിന്റേത്. ആദ്യഘട്ടത്തില്‍ കുളങ്ങള്‍, കനാലുകള്‍, തോടുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിട്ടത്.  ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ 15000ലധികം കിണറുകള്‍ നിര്‍മിക്കുകയും 5000ത്തിലധികം പൊതുകിണറുകള്‍ പുനരുജ്ജീവിപ്പിക്കുകയും 10000ത്തോളം കുളങ്ങള്‍ വൃത്തിയാക്കുകയും 3200 കി.മീ തോടുകള്‍ പുനരുജ്ജീവിപ്പിക്കുകയും 1500 കീ.മി കനാലുകള്‍ വൃത്തിയാക്കുകയുമുണ്ടായി. നാട്ടുകാരുടെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെയും തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനത്തിലൂടെയുമാണ് ഇത് സാധ്യമായത്. നദികളുടെയും ഉപനദികളുടെയും പുനരുജ്ജീവനം രണ്ടാംഘട്ടത്തിലാണ് ലക്ഷ്യമിട്ടത്. പള്ളിക്കനാര്‍, കൂട്ടമ്പേരൂറാര്‍, ആദിപമ്പ, വരട്ടാര്‍, കോലറയാര്‍, കോട്ടൂര്‍, മീനന്തലയാര്‍, പെരുംതോട്, കാനാമ്പുഴ തുടങ്ങി നിരവധി ഉപനദികള്‍ ഉപയോഗത്തിലേക്ക് തിരിച്ചുവന്നു. പ്രദേശവാസികള്‍ സ്വരൂപിച്ച സാമ്പത്തികസഹായമാണ് പ്രധാനമായും ഈ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കിയത്. പുനരുജ്ജീവിപ്പിച്ച ജലസ്രോതസ്സുകളും ഉപനദികളും നിലനില്‍ക്കണമെങ്കില്‍ നീര്‍ത്തട അടിസ്ഥാനത്തില്‍ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്്. ഇതിനായുള്ള സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങള്‍ സ്വരൂപിച്ചും പ്രാദേശിക സാങ്കേതികസമിതികള്‍ സംഘടിപ്പിച്ചും വിപുലമായ പരിശീലനം സാധ്യമാക്കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ജലവിഭവ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുമായിചേര്‍ന്ന് സംഘടിപ്പിച്ചു വരികയാണ്. ഇതോടൊപ്പം നമുക്ക് ലഭ്യമായ ജലം ശുദ്ധമായി സംരക്ഷിക്കുകയും നിയന്ത്രിതമായി വിനിയോഗിക്കുകയുംചെയ്യണ്ടതുണ്ട്. 'ജലമാണ് ജീവന്‍' എന്ന ക്യാമ്പയിനിലൂടെ സാക്ഷരതാ പ്രവര്‍ത്തകരുടെയും സന്നദ്ധസംഘടനകളുടെയും സഹായത്താല്‍ കുറെയധികം ജനങ്ങളിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. നൂതനാശയങ്ങളും അനുയോജ്യമായ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി ജലസംരക്ഷണം സാധ്യമാക്കിയും ജലവിനിയോഗം ക്രമീകരിച്ചും ജലമലിനീകരണം തടഞ്ഞും കേരളത്തിന്റെ ജലസുരക്ഷ സാധ്യമാക്കാം എന്നാണ് ആദ്യവര്‍ഷ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന സൂചന.

കഴിഞ്ഞ പത്തിരുപത് വര്‍ഷമായി മാലിന്യസംസ്കരണം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് സംസ്ഥാനം.  എന്നാല്‍, നമ്മുടെ പ്രയത്നങ്ങള്‍ വേണ്ടത്ര ഫലംകാണുന്നില്ല. ജനപങ്കാളിത്തത്തോടൊപ്പം അനുയോജ്യ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും മാലിന്യസംസ്കരണപ്രശ്നം പരിഹരിക്കുന്നതിനുള്ള സമീപനമാണ് സര്‍ക്കാരിന്റേത്. മാലിന്യം പരമാവധി കുറയ്ക്കുന്നതിനും പുനരുപയോഗിക്കുന്നതിനും പുനഃചംക്രമണത്തിന് വിധേയമാക്കുന്നതിനുമുള്ള സാര്‍വത്രികതത്വം സ്വീകരിച്ചുകൊണ്ട്, മാലിന്യത്തെ വിഭവമായി പരിഗണിച്ച് പരിഹാരം കാണുന്നതിനുള്ള രീതിയാണ് ഹരിത കേരളം മിഷന്റേത്.  ജൈവമാലിന്യങ്ങളെ പരമാവധി സ്രോതസ്സില്‍ത്തന്നെ ഏറ്റവും അനുയോജ്യമായ സാങ്കേതികരീതി ഉപയോഗിച്ച് സംസ്കരിക്കുന്നതിനും അജൈവമാലിന്യങ്ങളെ കേന്ദ്രീകൃത സംഭരണകേന്ദ്രത്തിലെത്തിച്ച് പുനരുപയോഗത്തിനോ പുനഃചംക്രമണത്തിനോ വിധേയമാക്കുന്ന രീതിയുമാണ് അവലംബിക്കുന്നത്.  ഇതോടൊപ്പം വലിയ നഗരപ്രദേശങ്ങളില്‍ കേന്ദ്രീകൃത മാലിന്യസംസ്കരണ സംവിധാനങ്ങളും വേണം.  ശുചിത്വ മിഷന്‍, ക്ളീന്‍ കേരള കമ്പനി, കുടുംബശ്രീ മിഷന്‍, തൊഴിലുറപ്പുപദ്ധതി, സാങ്കേതികസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ 300ലധികം തദ്ദേശഭരണ സ്ഥാപനങ്ങളില്‍ സമഗ്രമായ മാലിന്യസംസ്കരണ സംവിധാനം പ്രായോഗികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 'മാലിന്യത്തില്‍നിന്ന് സ്വാതന്ത്യ്രം' എന്ന ക്യാമ്പയിനിലൂടെയാണ് 300 തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ഭവനങ്ങള്‍ സന്ദര്‍ശിച്ച് വിവരം ശേഖരിച്ച് 6000ത്തോളം ജനപ്രതിനിധികളെയും സന്നദ്ധപ്രവര്‍ത്തകരെയും ഉദ്യോഗസ്ഥരെയും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ പരിശീലിപ്പിച്ചുകൊണ്ടാണ് സമഗ്രമായ മാലിന്യസംസ്കരണ സംവിധാനങ്ങള്‍ സാധ്യമാക്കുന്നതിലേക്ക് എത്തിയിട്ടുള്ളത്.

കേരളത്തിലെ നെല്‍ക്കൃഷിയുടെ വിസ്തൃതി 2 ലക്ഷം ഹെക്ടറിനുതാഴെയാണ്. പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള സാധ്യതകളുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്നില്ല. ലഭ്യമായ പച്ചക്കറിയേറെയും വിഷലിപ്തമാണ.് ഈ സാഹചര്യത്തില്‍ ജൈവകൃഷിക്ക് പ്രാമുഖ്യംകൊടുത്തുള്ള കൃഷി വികസനം സാധ്യമാക്കി സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ പച്ചക്കറി ഉല്‍പ്പാദനം പരമാവധി വര്‍ധിപ്പിക്കുന്നതിനും നെല്‍കൃഷി കുറഞ്ഞത് 3 ലക്ഷം ഹെക്ടറിലേക്കെങ്കിലും വ്യാപിപ്പിക്കുന്നതിനും പഴവര്‍ഗക്കൃഷി പ്രോത്സാഹിപ്പിക്കുതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തിന് കൃഷി ഉപമിഷന്റെ ആഭിമുഖ്യത്തില്‍ തുടക്കംകുറിച്ചിട്ടുണ്ട്.  തരിശുനിലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനും ഗാര്‍ഹികതലത്തിലുള്‍പ്പെടെ പച്ചക്കറി വ്യാപിപ്പിക്കുന്നതിനുമുള്ള തീവ്രശ്രമം നടക്കുകയുണ്ടായി. 'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന ക്യാമ്പയിന്‍ വലിയ സഹായകമായി.

മഴ, മണ്ണ് സംരക്ഷണം, ജലപരിപോഷണം, വായുഗുണത, ശബ്ദമലിനീകരണ നിയന്ത്രണം, സര്‍വോപരി പരിസ്ഥിതിസുരക്ഷ ഉറപ്പാക്കുന്നതില്‍ വൃക്ഷങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. കഴിഞ്ഞ ലോക പരിസ്ഥിതിദിനവുമായി ബന്ധപ്പെടുത്തി 86 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ്, കാര്‍ഷികവകുപ്പ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, വിവിധ മാധ്യമങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളുമായി ചേര്‍ത്ത് വച്ചുപിടിപ്പിക്കുന്നതിനുള്ള പരിശ്രമം വിജയിക്കുകയുണ്ടായി. അടുത്ത പരിസ്ഥിതിദിനത്തോടനുബന്ധിച്ച് 2 കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരുന്നു.

പച്ചപ്പിന്റെ സമൃദ്ധി തിരിച്ചെടുക്കാന്‍ കൈകോര്‍ക്കുകയാണ് കേരളം.  വിദ്യാര്‍ഥികളെയും അവര്‍ക്കുചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ച് ഹരിതസൌഹൃദമായ വിദ്യാലയാന്തരീക്ഷവും ഗൃഹാന്തരീക്ഷവും സൃഷ്ടിക്കണം. ഈ സന്ദേശം ഉള്‍ക്കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠനത്തോടൊപ്പം പത്ത് പരിസ്ഥിതി ഉത്സവങ്ങളും അതിന്റെഭാഗമായി നിരവധി ഹരിതപ്രവര്‍ത്തനങ്ങളും ഹരിത വിദ്യാലയങ്ങളും ഹരിത ഭവനങ്ങളും സാധ്യമാക്കുന്ന നടപടിയാണ് ഹരിതോത്സവംകൊണ്ട് വിഭാവനം ചെയ്തിട്ടുള്ളത്.

കേരളത്തിലങ്ങോളമിങ്ങോളം പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രതീക്ഷാനിര്‍ഭരമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഹരിത കേരളം മിഷന് കഴിഞ്ഞു എന്നത് നല്ല തുടക്കമാണ്. എന്നാല്‍, ഓരോ ഇഞ്ച് ഭൂമിയിലും ഓരോ വ്യക്തിയുടെ മനസ്സിലും ഓരോ ഭവനത്തിലും സ്ഥാപനത്തിലും കടന്നുചെല്ലേണ്ട ഇടപെടലും സന്ദേശവുമായി ഈ പ്രവര്‍ത്തനങ്ങള്‍ മാറുന്നതിലൂടെമാത്രമേ ഹരിത കേരളം എന്ന ലക്ഷ്യം നേടാന്‍ കഴിയൂ. വികസന പ്രശ്നങ്ങളില്‍ ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും നടപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുമുള്ള സംവിധാനമായിട്ടായിരിക്കും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തിക്കുക. ഇതിനായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും ഏകോപനം ഒരു പരിധിവരെ സാധ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. കൈവരിക്കാനുള്ള ലക്ഷ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് ശാസ്ത്രീയവും ഭാവനാപൂര്‍ണവുമായ കാഴ്ചപ്പാടോടെ സംസ്ഥാനത്തിന്റെ ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, പരിസ്ഥിതിസുരക്ഷ ഇവ നേടിയെടുക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുക്കുന്നതിനുള്ള ശരിയായ പാതയിലൂടെയാണ് ഹരിത കേരളം മിഷന്‍ ഇപ്പോള്‍ മുന്നോട്ടുപോകുന്നത്

പ്രധാന വാർത്തകൾ
Top