23 September Sunday

ജിഎസ് ടിയുടെ ഒന്നാംവർഷം ഒരു ഗുണദോഷവിചാരം

ഡോ. ടി. എം. തോമസ് ഐസക് Updated: Saturday Jun 30, 2018

കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ മികച്ച ഉദാഹരണമെന്നായിരുന്നു, പുതിയ നികുതിസമ്പ്രദായത്തെക്കുറിച്ച്   ജിഎസ് ടിയുടെ ഒന്നാം വാർഷികവേളയിൽ നടത്തിയ മൻ കി ബാത്തിൽ പ്രധാനമന്ത്രി അവകാശപ്പെട്ടത്. നിലവിലെ സമ്പ്രദായത്തോടുള്ള നമ്മുടെ ഏറ്റവും വലിയ വിമർശനമാകട്ടെ, ഇത് ഫെഡറലിസത്തെ ദുർബലപ്പെടുത്തുന്നു എന്നുള്ളതും.  ഏകീകൃതമായ രീതിയിൽ വാറ്റ് നടപ്പായപ്പോൾത്തന്നെ സ്വതന്ത്രമായ നികുതി അധികാരം സംസ്ഥാനങ്ങൾക്ക‌് നഷ്ടപ്പെട്ടു.  പക്ഷേ വാറ്റ് സമ്പ്രദായത്തിൽ പോലും ചില ചരക്കുകളിൽ നികുതിനിരക്കുകൾ വേണ്ടെന്ന് വയ്ക്കുന്നതിനുള്ള അധികാരം സംസ്ഥാനങ്ങൾക്കുണ്ടായിരുന്നു.  ഈ അധികാരം ജിഎസ്ടിയിലും നിലനിർത്താമായിരുന്നു.  അന്തർസംസ്ഥാന വ്യാപാരം പൂർണമായും ഏകീകൃതരീതിയിൽ ആയിരിക്കുമ്പോൾത്തന്നെ സംസ്ഥാനങ്ങൾക്കുള്ളിലുള്ള ഇടപാടുകളിന്മേലുള്ള നികുതി നിരക്കുകളിൽ ചെറിയ ഏറ്റക്കുറച്ചിൽ വരുത്താനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകാമായിരുന്നു. ഒരൊറ്റ നിരക്കിനുപകരം സംസ്ഥാന ജിഎസ്ടി ഒരു ചെറിയ പരിധിക്കുള്ളിൽ കൂട്ടാനും കുറയ‌്ക്കാനും സംസ്ഥാനങ്ങൾക്ക് അധികാരം വേണം എന്നതായിരുന്നു കേരളത്തിന്റെ നിലപാട്.  ഇതായിരുന്നു പഴയ എംപവർഡ് കമ്മിറ്റിയിൽ ഭൂരിപക്ഷ സംസ്ഥാനങ്ങളും എടുത്ത സമീപനം.  എന്നാൽ, ഇത് അംഗീകരിക്കപ്പെട്ടില്ല.  സംസ്ഥാന നികുതിവരുമാനം പൂർണമായും ഹനിക്കുന്ന രീതിയിലാണ് ജിഎസ്ടി രൂപപ്പെട്ടത്.

ജിഎസ്ടി നികുതിവരുമാനം കേന്ദ്രവും സംസ്ഥാനവും തമ്മിൽ പങ്കു വയ്ക്കുന്ന തോതിനെ കുറിച്ചും വിമർശനമുണ്ട്.  ജിഎസ്ടി ലയിപ്പിച്ച പഴയ കേന്ദ്ര‐സംസ്ഥാന നികുതികൾ  മൊത്തത്തിലെടുത്താൽ സംസ്ഥാനത്തിന്റെ നികുതിവിഹിതം 55‐60 ശതമാനവും കേന്ദ്രത്തിന്റെ നികുതിവിഹിതം 40‐45 ശതമാനവും ആണ്. അതുകൊണ്ട് ജിഎസ്ടി വിഹിതത്തിൽ 60 ശതമാനം സംസ്ഥാനത്തിനും   40 ശതമാനം   കേന്ദ്രത്തിനുമായി നിശ്ചയിക്കണമെന്നാണ് കേരളം വാദിച്ചത്.  പക്ഷേ, തുല്യമായി വീതിക്കാനായിരുന്നു തീരുമാനം.  ഇത‌് സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായി.

പിന്നെന്തുകൊണ്ട് ഈ നിർദേശങ്ങളെ അംഗീകരിച്ചു?
ഈ സർക്കാർ അധികാരത്തിൽ വന്നപ്പോഴേയ്ക്കും ഭരണഘടനാഭേദഗതി പാർലമെന്റ‌് പാസാക്കിയിരുന്നു.  രാജ്യസഭകൂടി അംഗീകരിച്ചതോടെ നമ്മുടെ വിലപേശൽശേഷി പൂർണമായും പോയി.  എങ്കിലും അഞ്ചു സംസ്ഥാനങ്ങളിൽ തൊട്ടുപിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പുവരെ  പ്രതിപക്ഷ സംസ്ഥാനങ്ങൾ ഒരുമിച്ചുനിന്ന് ജിഎസ്ടി കൗൺസിൽ തീരുമാനങ്ങൾ തടയാൻ പറ്റുന്നൊരു സാഹചര്യം ഉണ്ടായിരുന്നു.  എന്നാൽ, മഹാഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി അധികാരം ഏറ്റതോടെ ഇത്തരം ഫെഡറൽ വിരുദ്ധ നീക്കങ്ങളെ തടയുന്നതിനുള്ള ശേഷിയും നഷ്ടമായി.

പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ലഎന്നാലും കേരളത്തിന്റെ നികുതിവരുമാനത്തിൽ ഗണ്യമായ വർധന ഉണ്ടാകുമെന്നാണ‌് കരുതിയത‌്. കാരണം ജിഎസ്ടി അനുസരിച്ച് ഇന്ത്യയിൽ എവിടെ പിരിക്കുന്ന നികുതിയിലും അവസാനം ഉപഭോഗം വരുത്തുന്ന സംസ്ഥാനത്തിന് അർഹതയുണ്ട്. സേവന നികുതി കൂടി ലയിപ്പിച്ച് ജിഎസ്ടി വന്നതോടെ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് സ്വാഭാവികമായും നേട്ടം ഉണ്ടാകേണ്ടതാണ്.  വാറ്റിന്റെ വിഭവസമാഹരണ വർധനസാധ്യതകൾ ഏതാണ്ട് പൂർണമായി ഉപയോഗപ്പെടുത്തിത്തീരുകയും ചെയ്തിരുന്നു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ഏതാണ്ട് 20 ശതമാനം വച്ച് നികുതി വർധിച്ചു.  യുഡിഎഫിന്റെ ഭരണകാലത്തിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഈ നികുതിവർധന നിലനിർത്തി.  പക്ഷേ പിന്നീടുള്ള നാല് വർഷങ്ങൾ എടുത്താൽ വാറ്റ് നികുതി വർധന 10 ശതമാനം   മാത്രമായിരുന്നു.

നികുതിവരുമാനത്തിലെ ഇടിവ‌് മറികടക്കാൻ ജിഎസ്ടി സഹായകരമാകും എന്നായിരുന്നു കണക്കുകൂട്ടൽ.  പക്ഷേ ജിഎസ്ടിയുടെ ഒന്നാംവാർഷികം പിന്നിടുമ്പോൾപോലും, ഇത‌് യാഥാർഥ്യമായില്ല.  നികുതിവരുമാനത്തിൽ  4‐5 ശതമാനംവരെ വർധനയുണ്ടായി.  14 ശതമാനം  വച്ച് നികുതി വർധിച്ചില്ലെങ്കിൽ നഷ്ടപരിഹാരം തരാമെന്ന് കേന്ദ്ര സർക്കാർ ഏറ്റിരുന്നു. അങ്ങനെ 14 ശതമാനം വച്ചാണ് ഇപ്പോൾ നികുതിവരുമാനം കൂടിക്കൊണ്ടിരിക്കുന്നത‌്. പക്ഷേ നമ്മുടെ സാമൂഹ്യക്ഷേമ ചെലവുകളിലും ശമ്പളത്തിലും ഉണ്ടായ വർധനമൂലം 20 ശതമാനം  വച്ച്  നികുതി കൂടിയേ തീരൂ.  അല്ലാത്തപക്ഷം പ്രതിസന്ധി അനിവാര്യമാണ്.  അതാണ് അവസ്ഥ.

എന്തുകൊണ്ട് നികുതിവരുമാനം പ്രതീക്ഷിച്ചപോലെ വർധിച്ചില്ല? 
ഉപഭോക്തൃവസ്തുക്കളുടെ നികുതി ഇടക്കാലത്ത് ഗണ്യമായി വെട്ടിക്കുറച്ചത് ഒന്നാമത്തെ കാരണം. നമ്മുടെ സംസ്ഥാനത്തെ നികുതി വിധേയമായ ഉൽപ്പന്നങ്ങളിൽ 80 ശതമാനവും  14.5 ശതമാനം  നികുതി വലയത്തിലായിരുന്നു.  എന്നാൽ, ഇന്ന‌് ഈ തോതിൽ സംസ്ഥാനത്തിന് നികുതി നൽകുന്ന ഉൽപ്പന്നങ്ങളുടെ എണ്ണം  15 ശതമാനമായി കുറഞ്ഞു.  അത്രയ്ക്ക് വലിയ ഇടിവാണ് നികുതിനിരക്കിൽ വന്നിരിക്കുന്നത്.

ഇതുപറഞ്ഞാൽ ആരും പെട്ടെന്ന് വിശ്വസിക്കില്ല.  കാരണം ഇങ്ങനെ കുത്തനെ നികുതി കുറഞ്ഞിട്ടുണ്ടെങ്കിൽ വിലയിൽ അത‌് പ്രതിഫലിക്കണം. വിലകൾ ഒട്ടും കുറയുന്നുമില്ല.  നികുതി ഇളവിന്റെ നേട്ടം മുഴുവൻ കോർപറേറ്റുകളുടെ കൊള്ളലാഭമാണ്.  തുടക്കംമുതൽ ഇക്കാര്യം  ജിഎസ്ടി കൗൺസിലിനെ ജാഗ്രതപ്പെടുത്തിക്കൊണ്ടിരുന്നു.  അങ്ങനെയാണ് ജിഎസ‌്ടി നിയമത്തിൽ നികുതി കുറച്ചിട്ടും ഉൽപ്പന്നങ്ങൾക്ക് വില കുറയ്ക്കാത്ത കമ്പനികളെ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥ ഉണ്ടാക്കിയത‌്.  എന്നാൽ, ഈ നിയമം നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ വലിയ അലംഭാവമാണ് കാണിക്കുന്നത്.  ഇത്തരം പരാതികൾ പരിശോധിക്കാൻ കേന്ദ്രത്തിലും സംസ്ഥാനത്തിലും സമിതികളുണ്ടാക്കി. അപ്പോഴേയ്ക്കും ആറ് മാസം കഴിഞ്ഞിരുന്നു.  കേരളത്തിലെ സമിതി വിശദമായ അന്വേഷണം നടത്തി നൂറിൽപ്പരം കമ്പനികൾക്കെതിരെ കേന്ദ്ര സമിതിയ്ക്ക് പരാതി കൊടുത്തു.  ചട്ടങ്ങൾ ഇല്ല എന്നുപറഞ്ഞ്  നടപടികളൊന്നും ഉണ്ടായിട്ടില്ല.  ചട്ടം വന്നപ്പോൾ ആകട്ടെ നമ്മുടെ പരാതി ചട്ടപ്രകാരം അല്ലെന്നുപറഞ്ഞ് മടക്കി.  കൊള്ളലാഭത്തിനെതിരെ നിയമം പാസാക്കിയിട്ടുണ്ടെങ്കിലും പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായില്ല. ദീർഘനാളിൽ കമ്പോളമത്സരം ഈ പ്രശ്നം പരിഹരിച്ചുകൊള്ളും എന്ന ഉദാസീന മനോഭാവമാണ് കേന്ദ്രത്തിന്റേത‌്.

ജിഎസ്ടിമൂലം വ്യാപാരിസമൂഹത്തിന് കൂടുതൽ സൗകര്യങ്ങളേ ഉണ്ടായിട്ടുള്ളൂ. അനുമാന നികുതി പരിധി ഉയർന്നു. ചെക‌് പോസ്റ്റ് ഇല്ലാതായി. പക്ഷേ ചെറുകിട ഉൽപ്പാദകർക്ക‌് ജിഎസ്ടി തിരിച്ചടിയായി. ഇത് പരിഹരിക്കുന്നതിന് അവർക്ക‌് കൂടുതൽ പ്രത്യക്ഷ ആനുകൂല്യങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം.

നികുതിചോർച്ചയും വരുമാനം വർധിക്കാത്തതിന്റെ മറ്റൊരു കാരണമാണ്. ജിഎസ്ടി നികുതിസമ്പ്രദായം പൂർണതോതിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.  നികുതിപിരിവിന്റെ അടിസ്ഥാനം വ്യാപാരികൾ സമർപ്പിക്കുന്ന റിട്ടേണുകളാണല്ലോ. ജിഎസ്ടി നടപ്പാക്കി ഒരുവർഷം കഴിഞ്ഞിട്ടും റിട്ടേണുകൾ സമർപ്പിക്കാനുള്ള ഫോറങ്ങൾക്ക് അവസാന രൂപമായിട്ടില്ല.  ഇപ്പോൾ ഓരോ വ്യാപാരിയും ഏടഠഞ3ആ   എന്നൊരു കമ്മതി കണക്കാണ് മാസംതോറും സമർപ്പിക്കുന്നത്.  ചരക്കുകൾ വിറ്റപ്പോൾ വ്യാപാരി പിരിച്ച നികുതിയും ചരക്കുകൾ വാങ്ങിയപ്പോൾ കൊടുത്ത നികുതിയും തമ്മിലുള്ള വ്യത്യാസമാണ് ജിഎസ്ടി നികുതിയായി അടയ്ക്കേണ്ടത്.  പിരിച്ച നികുതി കുറച്ചുകാണിക്കുകയും കൊടുത്ത നികുതികൂടി കാണിക്കുകയുംചെയ്യുന്നത‌് സ്വാഭാവികം.  വാങ്ങിയതിന്റെയും വിറ്റതിന്റെയും വിശദമായ കണക്കുകൾ  എല്ലാ വ്യാപാരികളും സമർപ്പിച്ചാലേ നിജസ്ഥിതി മനസ്സിലാക്കാൻ പറ്റൂ.  വിവിധ വ്യാപാരികളുടെ കണക്കുകൾ താരതമ്യപ്പെടുത്തി നികുതിവെട്ടിപ്പുകൾ കണ്ടുപിടിക്കാനാകും.  പക്ഷേ വിശദമായ നികുതി റിട്ടേണുകളുടെ ഫോറങ്ങൾപോലും തയ്യാറാക്കിയിട്ടില്ല. ഇതാണ് നികുതിചോർച്ചയുടെ പ്രധാന കാരണം.  ചോർച്ച തടയുന്നതിന് സംസ്ഥാന നികുതിവകുപ്പ് നിസ്സഹായരാണ്.

കേരളത്തിലെ ചരക്കുകളിൽ  80 ശതമാനം പുറത്തുനിന്ന് വരുന്നതാണ‌്.  ഈ ചരക്കുകൾ കൊണ്ടുവരുമ്പോൾ  വിശദമായ കണക്കുകൾ ഇവേ ബില്ലായി  സമർപ്പിക്കണം.  പക്ഷേ രണ്ട് മാസം മുമ്പാണ് ഇവേ ബിൽ   നടപ്പാക്കിയത്.  ചെക‌്പോസ്റ്റുകൾ ഇല്ലാത്തതിനാൽ  ബില്ലിൽ പറയുന്ന ചരക്കുകൾ ആണോ വണ്ടിയിലുള്ളതെന്ന് പരിശോധിക്കാൻ കഴിയുകയില്ല.  വണ്ടിയുടെ നമ്പർ കിട്ടുകയും  കംപ്യൂട്ടറിൽനിന്ന് ഇവേ ബിൽ   തൽസമയം ലഭിക്കുകയും ചെയ്തെങ്കിൽമാത്രമേ പരിശോധനകൾ നടത്താൻ പറ്റൂ.  ഇതിനൊക്കെയുള്ള സംവിധാനങ്ങളും തയ്യാറായിട്ടില്ല.

ഇതൊക്കെയാണ് സ്ഥിതിയെങ്കിൽ  എന്തുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുംകൂടി യോജിച്ച് ജിഎസ്ടി നടത്തിപ്പിനെ വിമർശിച്ചു കൂടാ എന്ന ചോദ്യം ന്യായമാണ്.  പക്ഷേ മഹാഭൂരിപക്ഷം സംസ്ഥാനങ്ങൾക്കും ഇതിൽ താൽപ്പര്യമില്ല. കാരണം  14 ശതമാനം  നികുതിവരുമാന വർധന കോമ്പൻസേഷൻ വഴി ഉറപ്പാണല്ലോ.  അവർ അതിൽ സംതൃപ്തരാണ്.  പക്ഷേ കേരളത്തിന്റെ സ്ഥിതി അതല്ല.  നമ്മുടെ നികുതിവരുമാനം 20‐25 ശതമാനം വർധിച്ചേ തീരൂ.

ഇത്രമാത്രം അവധാനത ഇല്ലാതെ ദേശീയതലത്തിൽ ഒരു പുതിയ നികുതി സംവിധാനം ഏർപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ തുനിയുമെന്ന് ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല.  ഒരു ഉദാഹരണം പറയട്ടെ.  ഇവേ  ബിൽ    രാജ്യവ്യാപകമായി ആദ്യം നവംബർ മാസത്തിലാണ് നടപ്പാക്കിയത്.  നടപ്പാക്കിത്തുടങ്ങിയ ദിവസം അർധരാത്രിക്കുമുമ്പ് പുതിയ പരിഷ‌്കാരം പിൻവലിച്ച കാരണമാണ് ഞെട്ടിക്കുന്നത്.  ഇത്രയും ഇടപാട് നടത്താനുള്ള ശേഷി സർവറുകൾക്കില്ലാതെപോയി.  ഇതുപോലും ഉറപ്പുവരുത്താൻ ഇന്ത്യ പോലുള്ള രാജ്യത്തിന് കഴിഞ്ഞില്ല എന്നത‌് എത്ര അപമാനകരമാണ്.

ഒരുവർഷം പിന്നിടുമ്പോൾ ജിഎസ്ടി രംഗത്ത് എന്താണ് ഇനി വേണ്ടത്?  കോർപറേറ്റ് സംഘടനകളും കേന്ദ്ര സർക്കാരും ഒട്ടേറെ പരിഷ‌്കാരങ്ങൾ നിർദേശിക്കുന്നു.  പഞ്ചസാരയ‌്ക്ക് സെസ്സ്, ഡിജിറ്റൽ ഇടപാടുകൾക്ക് ഇൻസെന്റീവ് തുടങ്ങിയ പലതിനെയും നാം ശക്തമായി എതിർക്കുകയാണ്.  പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് കേന്ദ്ര സർക്കാർ വർധിപ്പിച്ച ഇരുനൂറുതൊട്ട് മുന്നൂറ് ശതമാനം നികുതി വർധന ഇല്ലാതാക്കുകയാണ്. ഇനി ജിഎസ്ടി ഉൾപ്പെടുത്തണമെങ്കിൽ സംസ്ഥാനത്തിന് പൂർണ നഷ്ടപരിഹാരം നൽകണം.  കേരളം പൊതുവിൽ എടുക്കുന്ന സമീപനം നിലവിലുള്ള ജിഎസ്ടി സമ്പ്രദായം പ്രാവർത്തികമാക്കുക എന്നതാണ്.  അതിന്റെ ഫലം പരിശോധിച്ചിട്ട് ആകാം പുതിയ പരിഷ‌്കാരം.   സംസ്ഥാനങ്ങളുടെ അധികാരം ജിഎസ്ടിയിൽ ഉറപ്പുവരുത്തുന്ന പരിഷ‌്കാരങ്ങൾ നമ്മൾ മുന്നോട്ടുവയ്ക്കുന്നു.  ഇതുസംബന്ധിച്ച് ദേശവ്യാപകങ്ങളായ ചർച്ചകൾ നടക്കേണ്ടതുണ്ട്.  വരാൻപോകുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന അധികാരം ഒരു പ്രധാന അജൻഡയായി ഉയർത്തുന്നതിനാണ് കേരളം പരിശ്രമിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top