17 October Wednesday

സിംഹം ഉണരുന്നു

ഇ സുദേഷ്Updated: Tuesday Sep 26, 2017

'എന്റെ 15 വര്‍ഷത്തെ ഫുട്ബോള്‍ കരിയര്‍ തിരിച്ചെടുത്തോളൂ, എനിക്ക് നിങ്ങള്‍ക്കൊപ്പം ഈ ലോകകപ്പില്‍ കളിക്കാന്‍ അവസരം തന്നാല്‍ മതി.'' അണ്ടര്‍ 17 ലോകകപ്പ് ടീമിന്റെ തയ്യാറെടുപ്പ് കാണാനെത്തിയ ഇന്ത്യന്‍ സീനിയര്‍ ടീം നായകന്‍ സുനില്‍ ഛേത്രി കുട്ടിത്താരങ്ങളോട് പറഞ്ഞ വാക്കുകളാണിത്. ഫുട്ബോള്‍ ചരിത്രത്തില്‍ കഴിഞ്ഞ 87 വര്‍ഷത്തിനിടെ പുരുഷ- വനിതാ വിഭാഗങ്ങളിലായി 77 ലോകകപ്പുകള്‍ നടന്നു. അതില്‍ ഒന്നില്‍പ്പോലും പങ്കെടുക്കാനോ ആതിഥേയത്വം വഹിക്കാനോ സാധിക്കാതിരിക്കുന്ന ഇന്ത്യക്ക് ഇത്തവണ കൈവന്ന അവസരം അത്രയേറെ മഹത്തരമാണ്. പഴയപ്രതാപത്തിന്റെ തണലില്‍ മയങ്ങുന്ന ഇന്ത്യന്‍ ഫുട്ബോളിന് ഉണര്‍വേകാനുള്ള ഫിഫയുടെ നിര്‍ണായകനീക്കം. കായികക്കുതിപ്പിന് പ്രചോദനമാകാനും അന്താരാഷ്ട്രതലത്തില്‍ നമ്മുടെ കായികരംഗത്തോടുള്ള സമീപനം ഗൌരവമുള്ളതാക്കാനും ലോകകപ്പ് സഹായിക്കും. 

ഉറങ്ങിക്കിടക്കുന്ന സിംഹം എന്നാണ് ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ളാറ്റര്‍ ഇന്ത്യന്‍ ഫുട്ബോളിനെ വിശേഷിപ്പിച്ചത്. ഫുട്ബോളിന്റെയും അതിന്റെ അതിവിശാലമായ വിപണിസാധ്യതകളുടെയും ശോഭനഭാവി ഇന്ത്യയിലും ചൈനയിലുമാണെന്ന് ഫിഫ വര്‍ഷങ്ങള്‍ക്കുമുമ്പ് തിരിച്ചറിഞ്ഞതാണ്. ഇന്ത്യക്ക് ഒരവസരം നല്‍കാന്‍ ഫിഫ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, രാജ്യത്തെ തലതിരിഞ്ഞ ഫുട്ബോള്‍ഭരണം അത് ഇത്രയേറെ വൈകിപ്പിച്ചു. ഫിഫയുടെ വിശ്വാസം ശരിയെന്നതിന് ഏറ്റവും വലിയ തെളിവാണ് ലോകകപ്പിനുള്ള ആതിഥേയ ടീം. രാജ്യത്തിന്റെ നാലു ദിക്കില്‍നിന്നുമുള്ള കളിക്കാര്‍ ടീമിലുണ്ട്. നായകന്‍ അമര്‍ജിത് സിങ് കിയാം അടക്കം ഇവരില്‍ പകുതിയും തീര്‍ത്തും ദരിദ്രമായ ചുറ്റുപാടില്‍നിന്നാണ്. നമ്മുടെ ഫുട്ബോളിന് ഇന്ത്യയുടെ എല്ലാ ഭാഗത്തും സ്വാധീനമുണ്ടെന്നതിനും സാമ്പത്തിക അസമത്വം വിഷയമാകാതെ കുട്ടികള്‍ ഫുട്ബോളിലേക്ക് കടന്നുവരുന്നതിനും തെളിവാണിത്.

ജൂനിയര്‍ ഫുട്ബോളിന് ഇന്ന് യൂറോപ്പും ഫുട്ബോളിലെ മറ്റു പരമ്പരാഗതശക്തികളും വലിയ പ്രാധാന്യം നല്‍കുന്നു. ചെറിയ പ്രായത്തില്‍തന്നെ പയ്യന്മാരെ ലോകത്തെ വമ്പന്‍ ക്ളബുകള്‍ റാഞ്ചുകയാണ്. ബ്രസീല്‍ ടീനേജ് സെന്‍സേഷന്‍ വിനിഷ്യസ് ജൂനിയറിനെ റയല്‍ മാഡ്രിഡ് സ്വന്തമാക്കി. 18 തികഞ്ഞാലുടന്‍ വിനിഷ്യസ് റയലിനായി കളത്തിലിറങ്ങും. ജൂനിയര്‍തല ഫുട്ബോള്‍ ഏറ്റവും ശ്രദ്ധിക്കുന്നത് ജര്‍മനിയാണ്. അതിന്റെ നേട്ടങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അവര്‍ കൊയ്യുന്നുമുണ്ട്.

പുതിയ താരങ്ങള്‍ക്ക് തങ്ങളുടെ മികവ് ലോകത്തിനുമുന്നില്‍ കാണിക്കാന്‍ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് അണ്ടര്‍ 17 ലോകകപ്പ്. നെയ്മര്‍, ആന്ദ്രെ ഇനിയസ്റ്റ, റൊണാള്‍ഡീഞ്ഞോ, ടോണി ക്രൂസ് എന്നീ ലോകോത്തര താരങ്ങള്‍ അണ്ടര്‍ 17 ലോകകപ്പിലൂടെ വരവറിയിച്ചവര്‍. എന്നാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഈ ലോകകപ്പ് കളിച്ചിട്ടില്ല. ഇവിടെ മിന്നിത്തിളങ്ങി പെട്ടെന്ന് പൊലിഞ്ഞുപോയവരുമുണ്ട്.

പിഴവുകള്‍ തിരുത്താന്‍ ഇന്ത്യ
1940-50 കാലഘട്ടത്തില്‍ ലോകത്തെ ഫുട്ബോള്‍ ശക്തികളില്‍ ഒന്നായ ഇന്ത്യയുടെ പതനം അതിദാരുണമായിരുന്നു. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്സില്‍ നാലാമതായ ടീം 1960 വരെ ഒളിമ്പിക്സില്‍ കളിച്ചു. 1950ല്‍ ബ്രസീലില്‍ നടന്ന സീനിയര്‍ ലോകകപ്പിന് യോഗ്യത നേടിയിട്ടും പങ്കെടുത്തില്ല. അത് ഇന്ത്യന്‍ ഫുട്ബോളിന് തീരാനഷ്ടമാണ്. പങ്കെടുക്കാതിരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ഇന്നും തര്‍ക്കം നിലനില്‍ക്കുന്നു. ദീര്‍ഘവീക്ഷണമില്ലായ്മയും തലതിരിഞ്ഞ പദ്ധതികളും നമ്മളെ ഏറെ പിന്നോട്ടുവലിച്ചു. ലോകറാങ്കിങ്ങില്‍ 176ലേക്ക് വീണു. ഇപ്പോള്‍ നില അല്‍പ്പം മെച്ചപ്പെട്ടു. ജൂനിയര്‍ ഫുട്ബോളിന് അല്‍പ്പമെങ്കിലും പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയതിന്റെ ഗുണം.

ഒരുകാലത്ത് കത്തിനിന്ന ഇന്ത്യന്‍ ഫുട്ബോളില്‍ കനലുകള്‍ അണഞ്ഞിട്ടില്ലെന്ന് ഫിഫയ്ക്ക് ഉത്തമബോധ്യമുണ്ട്. അത് ആളിക്കത്തിക്കാന്‍ അണ്ടര്‍ 17 ലോകകപ്പ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. 2013ല്‍ അണ്ടര്‍ 17 ലോകകപ്പ് അനുവദിച്ചപ്പോള്‍ രണ്ട് വെല്ലുവിളികളാണ് രാജ്യത്തിനുമുന്നില്‍ ഉണ്ടായിരുന്നത്. ഒന്ന്: ഭൌതികസൌകര്യങ്ങളുടെ ദയനീയത പരിഹരിച്ച് മത്സരം നടത്താന്‍ ഒരുങ്ങുക. രണ്ട്: മികച്ച ആതിഥേയടീമിനെ രൂപപ്പെടുത്തുക. കഠിനയത്നത്തിലൂടെയും ഫിഫയുടെ കടുംപിടിത്തങ്ങളും വഴി ആദ്യത്തെ കടമ്പ വലിയ പരിക്കില്ലാതെ പിന്നിട്ടു. രണ്ടാമത്തേതിന്റെ ഫലം കളിക്കളത്തിലാണ് കാണേണ്ടത്. 2013ല്‍ ഗോവയില്‍ തുടങ്ങിയ എഐഎഫ്എഫ് അക്കാദമിയിലൂടെയാണ് കളിക്കാരെ രൂപപ്പെടുത്തിയത്. കളിക്കാര്‍ മാറിമാറി വന്നെങ്കിലും ഇന്ന് ലഭ്യമായ ഭേദപ്പെട്ട ഒരു ടീമിനെ ഒരുക്കാനായി. പരിശീലകരുടെ കാര്യത്തിലെ കല്ലുകടികള്‍ വിവാദമായിരുന്നു.

മലയാളിയായ നാരായണമേനോനാണ് ടീമിനെ ആദ്യ ഒരുവര്‍ഷത്തോളം പരിശീലിപ്പിച്ചത്. പിന്നീട് ജര്‍മനിയില്‍നിന്ന് നിക്കൊളായ് ആദം വന്നു. ക്യാമ്പിലെ 21 കളിക്കാര്‍ ആദമിന്റെ പെരുമാറ്റത്തെക്കുറിച്ച് പരാതി നല്‍കിയപ്പോള്‍ അയാളെ ഒഴിവാക്കി. പിന്നീടുവന്ന പോര്‍ച്ചുഗീസുകാരന്‍ ലൂയിസ് നോര്‍ട്ടന് ഏഴുമാസം മാത്രമാണ് കിട്ടിയത്. രണ്ടുപേരുടെയും ശൈലിയിലും വ്യത്യാസങ്ങളേറെ. അത് ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കും. ടൂര്‍ണമെന്റിലെ ദുര്‍ബല ടീമുകളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്ക, ഘാന, കൊളംബിയ എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒരു സമനില നേടാനായാല്‍ വലിയ നേട്ടമാണ്. ജയം നേടാനായാല്‍ മഹാത്ഭുതമാകും. ഇന്ത്യയെ സംബന്ധിച്ച് മത്സരഫലം പ്രധാനമല്ല. നല്ല ഫുട്ബോള്‍ കാഴ്ചവയ്ക്കുക, അതിലൂടെ വളര്‍ച്ചയുടെ പാതയിലാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുക. അതാണ് നമ്മുടെ കുട്ടിത്താരങ്ങള്‍ 130 കോടിയുടെ പ്രതീക്ഷകള്‍ക്കുപകരം നല്‍കേണ്ടത്

ആവേശത്തിന്റെ കാറ്റുനിറയ്ക്കാം
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് തീരമണഞ്ഞ ഏതോ ബ്രിട്ടീഷ് കപ്പലിന്റെ മൂലയില്‍ കിടന്ന കാറ്റുനിറച്ച തുകല്‍പ്പന്ത് കരയിലേക്ക് വീണപ്പോള്‍ തിരുവിതാംകൂറും മലബാറും ഒരുപോലെ അതിനുപിന്നാലെ പാഞ്ഞു. തിരുവനന്തപുരത്തെ പുത്തന്‍കച്ചേരി മൈതാനത്തും (ഇന്നത്തെ സെന്‍ട്രല്‍ സ്റ്റേഡിയം) കോട്ടയം സിഎംഎസ് കോളേജിലുമാണ് ആദ്യം കാല്‍പ്പന്തിന്റെ താളം മുഴങ്ങിയത്. കേരളമാകെ അതൊരു വികാരമായി പടര്‍ന്നു. ആ ഫുട്ബോള്‍ ആവേശം ഇന്നും അതേതീവ്രതയില്‍ മലയാളി കൊണ്ടുനടക്കുന്നു. ലോകമെങ്ങും നടക്കുന്ന ഫുട്ബോള്‍ വിരുന്നുകള്‍ ടെലിവിഷനുമുന്നിലിരുന്ന് കണ്ടവര്‍ ഐഎസ്എല്‍ രണ്ട് കൈയും നീട്ടി സ്വീകരിച്ചു. ഇപ്പോള്‍ അപ്രതീക്ഷിത സൌഭാഗ്യമായി വീണുകിട്ടിയ ഫുട്ബോള്‍ ഉത്സവം കെങ്കേമമാക്കാന്‍ കൊച്ചിയും കേരളമാകെയും ഒരുങ്ങി.

ലോകകപ്പ് മത്സരക്രമം നിശ്ചയിച്ചപ്പോള്‍ കൊച്ചിക്കാണ് ലോട്ടറിയടിച്ചത്. സ്പെയിന്‍, ബ്രസീല്‍, നൈജര്‍ തുടങ്ങിയ വമ്പന്‍ ടീമുകള്‍ ഉള്‍പ്പെടുന്ന ഡി ഗ്രൂപ്പ് മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുക. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ജര്‍മനിയുടെ ഒരു മത്സരവും ഇവിടെ നടക്കും. അങ്ങനെ ടൂര്‍ണമെന്റിലെ മികച്ച ടീമുകളെ അടുത്തുകാണാം. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ഡല്‍ഹിയില്‍ ടിക്കറ്റുകള്‍ വിറ്റുപോകാത്തതിനാല്‍ സൌജന്യമായി ആളെ കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ഇവിടെ ടിക്കറ്റിനായി നെട്ടോട്ടമാണ്.

ഐഎസ്എല്‍ വന്നതിനുപിന്നാലെ കേരളത്തില്‍ ഫുട്ബോള്‍ അക്കാദമികളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം കുത്തനെ കൂടി. കളിയുപകരണ വില്‍പ്പനയില്‍ 60 ശതമാനം ഫുട്ബോളിനായതുംവലിയ മാറ്റമാണ്. ലോകകപ്പിന് അതിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാനാകും.

അതിശയിപ്പിക്കുന്ന തരത്തിലാണ് കൊച്ചിയില്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചത്. വിവാദങ്ങളും കുറ്റപ്പെടുത്തലുകളും ഏറെയുണ്ടായി. മത്സരം നഷ്ടമാകുമെന്നുവരെ പ്രചരിപ്പിച്ചു. എന്നാല്‍, എല്ലാ വെല്ലുവിളിയും അതിജീവിച്ച് ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും നാലു പരിശീലന മൈതാനങ്ങളും ചൊവ്വാഴ്ച ഫിഫയ്ക്ക് കൈമാറി. പലഘട്ടങ്ങളിലായി കൊച്ചി സന്ദര്‍ശിച്ച ഫിഫ അധികൃതര്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും കൊച്ചിയിലെ ഒരുക്കങ്ങളില്‍ പൂര്‍ണതൃപ്തിയായിരുന്നു. പരിശീലന, താമസ സൌകര്യങ്ങള്‍ പരിശോധിക്കാന്‍ വന്ന കൊച്ചിയില്‍ കളിക്കുന്ന ടീമുകളുടെ അധികൃതര്‍ക്കും പരാതിയൊന്നും ഉണ്ടായില്ല. സംസ്ഥാന സര്‍ക്കാരിനും വിശാല കൊച്ചി വികസന അതോറിറ്റിക്കും (ജിസിഡിഎ) അഭിമാനിക്കാം

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top