19 October Friday

ട്രംപിസത്തിന്റെ ദുരന്തങ്ങള്‍

ഡോ. പി ജെ വിന്‍സന്റ്Updated: Saturday Dec 9, 2017

അപ്രതീക്ഷിതവും അസാധാരണവുമായ വാക്കും പ്രവൃത്തിയുംകൊണ്ട് ആഗോള രാഷ്ട്രീയത്തെ നിരന്തരം സംഘര്‍ഷത്തിലാഴ്ത്തുന്ന ട്രംപ് ശൈലി ഒരിക്കല്‍ക്കൂടി അതിന്റെ ദുര്‍മുഖം വെളിപ്പെടുത്തിയിരിക്കുന്നു. പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷം പശ്ചിമേഷ്യയെ മുഴുവന്‍ വിഴുങ്ങുന്ന മാനങ്ങളിലേക്ക് വളര്‍ത്താന്‍ ലക്ഷ്യമിട്ട് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം ട്രംപ് നടത്തി. ഡിസംബര്‍ ആറിന് വൈറ്റ് ഹൌസില്‍ നടത്തിയ പ്രസംഗത്തിലാണ് ടെല്‍ അവീവില്‍നിന്ന് അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുകയാണെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 

സമാധാനത്തിന്റെ നഗരം എന്നറിയപ്പെടുന്ന ജറുസലേം 1948ല്‍ ആധുനിക ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ടതോടെ നിരന്തര സംഘര്‍ഷമേഖലയായി. ജൂതരും ക്രിസ്ത്യാനികളും മുസ്ളിങ്ങളും ഒരുപോലെ വിശുദ്ധനഗരമായി കാണുന്ന ജറുസലേമിന് 'അന്താരാഷ്ട്രനഗര'മായി കണക്കാക്കി സ്വതന്ത്രപദവി നല്‍കണമെന്ന ധാരണയാണ് 1948ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച പലസ്തീന്‍ വിഭജന പദ്ധതി മുന്നോട്ടുവച്ചത്. എന്നാല്‍, 1948ലെ അറബ്- ഇസ്രയേല്‍ യുദ്ധത്തെതുടര്‍ന്ന് ജൂത ഭൂരിപക്ഷമേഖലയായ പടിഞ്ഞാറന്‍ ജറുസലേം ഇസ്രയേലിന്റെയും അറബ്- മുസ്ളിം ഭൂരിപക്ഷപ്രദേശമായ കിഴക്കന്‍ ജറുസലേം ജോര്‍ദാന്റെയും നിയന്ത്രണത്തിലായി. അങ്ങനെ ചരിത്രത്തിലാദ്യമായി വിശുദ്ധനഗരം വിഭജിക്കപ്പെട്ടു. 1967ലെ ആറുദിന യുദ്ധത്തില്‍ വെസ്റ്റ് ബാങ്ക്, ഗാസ, ഗോലാന്‍ കുന്നുകള്‍, സീനായ് ഉപദ്വീപ് എന്നിവയ്ക്കൊപ്പം കിഴക്കന്‍ ജറുസലേമും ഇസ്രയേല്‍ പിടിച്ചെടുത്തു. ഏകീകൃത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമങ്ങള്‍ അന്നുമുതല്‍ ആരംഭിച്ചു. യുദ്ധത്തില്‍ പിടിച്ചെടുത്ത പ്രദേശം എന്ന നിലയില്‍ കിഴക്കന്‍ ജറുസലേം ഇസ്രയേലിനോട് കൂട്ടിച്ചേര്‍ക്കുന്നതിനെ ഐക്യരാഷ്ട്രസഭയോ അന്താരാഷ്ട്രസമൂഹമോ അംഗീകരിക്കുന്നില്ല. 1967ല്‍ പിടിച്ചെടുത്ത മറ്റ് മേഖലകളില്‍നിന്ന് ഇസ്രയേല്‍ ഭാഗികമായി പിന്‍വാങ്ങിയെങ്കിലും കിഴക്കന്‍ ജറുസലേം ഇപ്പോഴും അവരുടെ സൈനികനിയന്ത്രണത്തിലാണ്. കിഴക്കന്‍ ജറുസലേമില്‍നിന്ന് പലസ്തീനികളെ പടിപടിയായി പുറന്തള്ളാന്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ച് നിരവധി ജൂത അധിവാസകേന്ദ്രങ്ങള്‍ ഇസ്രയേല്‍ അവിടെ നിര്‍മിച്ചിട്ടുണ്ട്.

കിഴക്കന്‍ ജറുസലേമിലെ 'ടെമ്പിള്‍ മൌണ്ട്' മേഖലയിലാണ് മുസ്ളിങ്ങള്‍ പവിത്രമായി കണക്കാക്കുന്ന അല്‍-അഖ്സ പള്ളി, പ്രവാചകന്റെ പാദസ്പര്‍ശമേറ്റ ഡോം ഓഫ് റോക്ക്, ഹാരം അല്‍ ഷരീഫ് എന്നിവ സ്ഥിതിചെയ്യുന്നത്. ഇതിനോട് ചേര്‍ന്നാണ് സോളമന്‍ നിര്‍മിച്ച 'വിലാപത്തിന്റെ മതില്‍' എന്നറിയപ്പെടുന്ന ജറുസലേം ദേവാലയത്തിന്റെ ചുറ്റുമതിലിന്റെ ഭാഗമുള്ളത്. എഡി 71ല്‍ റോമക്കാര്‍ പൂര്‍ണമായി തകര്‍ത്തുകളഞ്ഞ ജറുസലേം ദേവാലയത്തിന്റെ ഭാഗമായ ഈ മതിലില്‍ തലതല്ലിക്കരയുന്നത് ജൂതരുടെ മതപരമായ ചടങ്ങാണ്. തീവ്ര സയണിസ്റ്റായ ഏരിയല്‍ ഷാരോണ്‍ 1998ല്‍ രൂപീകരിച്ച 'ടെമ്പിള്‍ മൌണ്ട് വിശ്വാസ സംഘം' എന്ന ജൂതസംഘടന വിലാപത്തിന്റെ മതില്‍ അടിസ്ഥാനമാക്കി ജറുസലേം ദേവാലയം പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിലാണ്. അല്‍- അഖ്സ, ഹാരം അല്‍ ഷരീഫ് കോംപ്ളക്സും ഡോം ഓഫ് റോക്കും തകര്‍ക്കാതെ ഇത് സാധ്യമാവുകയില്ല. മുസ്ളിങ്ങളുടെ ഈ വിശുദ്ധഭൂമിയില്‍ ജൂതദേവാലയം കെട്ടിപ്പൊക്കാനുള്ള ശ്രമങ്ങളാണ് 1998ലെ രണ്ടാം ഇന്റിഫാദയ്ക്ക് കാരണമായത്. ഏരിയല്‍ ഷാരോണ്‍ തൊടുത്തുവിട്ട സയണിസ്റ്റ് ഭീകരത കൂടുതല്‍ കൃത്യതയോടെ നടപ്പാക്കുകയാണ് ട്രംപ്- ബഞ്ചമിന്‍ നെതന്യാഹു കൂട്ടുകെട്ട്.

ഷിയാ- സുന്നി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ വിഭജിക്കപ്പെട്ടിരിക്കുന്നു. ഈജിപ്തും ഇസ്രയേലും ചേര്‍ന്ന കുറുമുന്നണിയിലേക്ക് ഇപ്പോള്‍ സൌദി അറേബ്യകൂടി ചേര്‍ന്നിരിക്കുന്നു. സൌദി അറേബ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി ട്രംപ് നേരെ പോയത് ഇസ്രയേലിലേക്കാണ്. ഈ യാത്രതന്നെ പ്രതീകാത്മകമായിരുന്നു. അമേരിക്കയുടെ രക്ഷാകര്‍തൃത്വത്തില്‍ സൌദി അറേബ്യ- ഇസ്രയേല്‍- ഈജിപ്ത് അച്ചുതണ്ട് യാഥാര്‍ഥ്യമായ പശ്ചാത്തലത്തിലാണ് ട്രംപിന്റെ എംബസിമാറ്റ പ്രഖ്യാപനം.
അമേരിക്കന്‍ രാഷ്ട്രീയത്തില്‍ അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ട്രംപ് തന്നെ പിന്തുണയ്ക്കുന്ന ജൂതലോബി, നിയോകോണുകള്‍, നവയാഥാസ്ഥിതികര്‍ എന്നിവരോടൊപ്പം സാധാരണ മതവിശ്വാസികളെയും തന്റെ പിന്നില്‍ അണിനിരത്താന്‍ എടുത്തുപയോഗിച്ച ചീട്ടാണ് എംബസിമാറ്റം. ട്രംപിന്റെ മുസ്ളിംവിരുദ്ധത ഒരു രാഷ്ട്രീയപ്രയോഗമാണ്. കഴിഞ്ഞ ദിവസം 'ബ്രിട്ടണ്‍ ഫസ്റ്റ്' എന്ന തീവ്ര ദേശീയ പാര്‍ടി നേതാവ് ജയ്ദ ഫ്രാന്‍സെന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മൂന്ന് വ്യാജ മുസ്ളിംവിരുദ്ധ വീഡിയോകള്‍ ട്രംപ് റീ ട്വീറ്റ് ചെയ്തത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഇക്കാര്യത്തില്‍ ട്രംപ് മാപ്പ് പറയണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് ആവശ്യപ്പെടുകയുണ്ടായി. ഇസ്ളാമോഫോബിയയുടെ വേലിയേറ്റമുണ്ടാക്കി ആഭ്യന്തര രാഷ്ട്രീയരംഗത്ത് നിലയുറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് പശ്ചിമേഷ്യയെ സംഘര്‍ഷത്തിലാഴ്ത്താനുള്ള ട്രംപിന്റെ പുതിയ പ്രഖ്യാപനം.

ട്രംപിന്റെ അന്തംവിട്ട ആഗോളീകരണനയങ്ങളും മത-വംശീയതയും അമേരിക്കയില്‍ കഠിനമായി വിമര്‍ശിക്കപ്പെടുകയാണ്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്ക വിര്‍ജീനിയ പ്രതിനിധിസഭയിലേക്ക് 12 അംഗങ്ങളെ വിജയിപ്പിച്ചത് ട്രംപിന്റെ നയങ്ങള്‍ക്കെതിരായ താക്കീതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നൂറുകണക്കിനു പുതിയ അംഗങ്ങള്‍ ചേര്‍ന്നതും ശ്രദ്ധേയമായ മാറ്റമാണ്. ഇതോടൊപ്പം അമേരിക്കന്‍ കോണ്‍ഗ്രസിലെ 58 അംഗങ്ങള്‍ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ട്രംപിന്റെ ദേശീയസുരക്ഷാ ഉപദേശകനായിരുന്ന മൈക്കേല്‍ ഫ്ളിന്‍ രാജിവക്കേണ്ടിവന്നത് റഷ്യന്‍ബന്ധത്തിന്റെ പേരിലാണ്. ട്രംപിന്റെ മരുമകനും ജൂതലോബിയുടെ നേതാവുമായ ജാരദ് കുഷ്നറുടെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന മൈക്കേല്‍ ഫ്ളിന്നിന്റെ വെളിപ്പെടുത്തല്‍ ട്രംപിന് വന്‍ പ്രഹരമാണ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്സ് ടില്ലേഴ്സണ്‍, അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് എന്നിവരും ട്രംപിന്റെ റഷ്യന്‍ ബന്ധത്തിലെ കണ്ണികളാണ്. ട്രംപിന്റെ പ്രചാരണവിഭാഗത്തിന് നേതൃത്വം നല്‍കിയ കാര്‍ട്ടര്‍ പേജ്, റോജര്‍ സ്റ്റോണ്‍, പോള്‍ മനാഫോര്‍ട്ട് എന്നിവര്‍ക്ക് റഷ്യന്‍ ഏജന്‍സികളുമായി അടുത്ത ബന്ധമുണ്ട്. ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, മകള്‍ ഇവാന്‍കാ ട്രംപ്, മരുമകന്‍ ജാരദ് കുഷ്നര്‍ എന്നിവരും റഷ്യന്‍ ഏജന്‍സികളുമായി ബന്ധം പുലര്‍ത്തി. ഇത്തരം കാര്യങ്ങള്‍ സ്വാഭാവികമായും ഒരു ഇംപീച്ച്മെന്റിനുള്ള മതിയായ കാരണങ്ങളാണ്. ഈ സാഹചര്യത്തില്‍ ജൂതലോബിയുടെ പിന്തുണ ഉറപ്പിക്കാനുള്ള കൈവിട്ട കളിയാണ് എംബസിമാറ്റ പ്രഖ്യാപനത്തിലും മുസ്ളിംവിരുദ്ധ ട്വീറ്റുകളിലുമെല്ലാം പ്രതിഫലിക്കുന്നത്.

അമേരിക്ക ഏകീകൃത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനെത്തുടര്‍ന്ന് ലോകത്തിന്റെ രോഷം ട്രംപിനെതിരെ അണപൊട്ടിയൊഴുകുകയാണ്. പശ്ചിമേഷ്യയില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിക്കാനും ഐഎസ് അടക്കമുള്ള ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പിന്തുണയേറാനും ഈ നടപടി കാരണമാകും. ഗാസ-വെസ്റ്റ് ബാങ്ക് മേഖലയില്‍ 'മൂന്നാം ഇന്റിഫാദ'യ്ക്ക് തുടക്കമായി. കിഴക്കന്‍ ജറുസേലമും മുസ്ളിം വിശുദ്ധഭൂമിയും സംരക്ഷിക്കാനുള്ള ജനകീയ ഉയിര്‍പ്പ് ഭീകരസംഘങ്ങളുടെ ശാക്തീകരണത്തിനും അതുവഴി സാര്‍വദേശിയ  സംഘര്‍ഷങ്ങള്‍ക്കും കാരണമാകും. ഷിയാ-സുന്നി സംഘര്‍ഷങ്ങള്‍, ഹൂതികളുടെ ഉയിര്‍പ്പ്, ഐഎസ് ഭീകരത എന്നിവയെല്ലാം ചേര്‍ന്ന് കലുഷിതമാക്കിയ പശ്ചിമേഷ്യയില്‍ ബഹുജന പ്രതിഷേധം, ഭീകരാക്രമണങ്ങള്‍, സൈനിക നടപടി എന്നിവയെല്ലാം ചേര്‍ന്ന് കൂടുതല്‍ തീവ്രമായ ദുരന്തങ്ങള്‍ സൃഷ്ടിക്കും. എരിതീയില്‍നിന്ന് വറചട്ടിയിലേക്ക് എന്നതാണ് പലസ്തീനികളുടെ അവസ്ഥ. ട്രംപിന്റെ സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ അതീവ ഗുരുതരമായ മനുഷ്യദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതിന് സാക്ഷിയാവുകയാണ് ആഗോളസമൂഹം

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top