Top
27
Saturday, May 2017
About UsE-Paper

അതിജീവനത്തിനായി ആത്മവിശ്വാസത്തോടെ

Saturday May 20, 2017
പി എസ് മധുസൂദനന്‍

അടിസ്ഥാനവര്‍ഗത്തിന്റെ ആശാകേന്ദ്രമെന്ന് പുകള്‍പെറ്റ നമ്മുടെ സഹകരണസ്ഥാപനങ്ങള്‍ അതിഗാഢമായ ഒരു ഗ്രഹണത്തെ അതിജീവിച്ചിരിക്കയാണ്. സമാന്തര സമ്പദ്ഘടന എന്ന നിലയില്‍ കര്‍ഷകഗ്രാമ വികസനരംഗങ്ങളിലും പൊതുവിതരണ രംഗത്തും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച വര്‍ണാഭമായ ഒരു ഭൂതകാലം നമ്മുടെ സഹകരണമേഖലയ്ക്കുണ്ട്. വികസനോന്മുഖമായ കാഴ്ചപ്പാടോടെയാണ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ എന്നും സഹകരണമേഖലയെ കണ്ടിരുന്നത്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയെല്ലാം ഗ്രാഫ് മുകളിലോട്ടുതന്നെയായിരുന്നു. ഷെഡ്യൂള്‍ഡ് ബാങ്കുകളും നാഷണലൈസ്ഡ് ബാങ്കുകളും ന്യൂജനറേഷന്‍ ബാങ്കുകളുമടങ്ങിയ ബാങ്കിങ് ത്രയത്തെ ഒരു ഗ്രൂപ്പായും സ്വകാര്യസംരംഭങ്ങളെ മറ്റൊരു ഗ്രൂപ്പായും സഹകരണ സ്ഥാപനങ്ങളെ മൂന്നാമതൊരു ഗ്രൂപ്പായും തിരിച്ചുകൊണ്ട് നടത്തിയ അപഗ്രഥനത്തില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ചയും വ്യാപനവും സ്വകാര്യ ബാങ്കിങ് സ്ഥാപനങ്ങള്‍ക്കായിരുന്നു. ഇവിടെ സ്ഥാപനങ്ങള്‍മാത്രമേ വളര്‍ന്നുള്ളൂ. അമിതപലിശയിലൂടെ ജനങ്ങളെ ചൂഷണം ചെയ്ത് വളര്‍ന്നവര്‍ക്ക് അവരുമായുള്ള ഇടപാടിലൂടെ തകര്‍ന്ന കുടുംബങ്ങളുടെ കണക്കറിയില്ല. സ്വര്‍ണപ്പണയംതന്നെ ഉദാഹരണം. ആകെയുള്ള സ്വര്‍ണപ്പണയത്തില്‍ തിരിച്ചടവ് 26 ശതമാനംമാത്രം. 35 ശതമാനംപേര്‍ പുതുക്കിവയ്ക്കുമ്പോള്‍ 39 ശതമാനം ഇടപാടുകാരുടെയും സ്വര്‍ണം സ്ഥാപനങ്ങളുടെ സ്വന്തമായി മാറും! (അമിതപലിശയില്‍ തിരിച്ചെടുക്കാത്തതുമൂലം)

സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കടിഞ്ഞാണിടാന്‍ അഴിച്ചുവിട്ട കള്ളപ്പണവിവാദം ഏതാണ്ട് കെട്ടടങ്ങി. ഭരണഘടനാ ഭേദഗതിയും ആദായനികുതിവകുപ്പിന്റെ കടന്നാക്രമണവും അടിസ്ഥാനരഹിത ആരോപണങ്ങളും കറന്‍സി പിന്‍വലിക്കലുമൊക്കെ ഒന്നിനുപിറകെ മറ്റൊന്നായി സഹകരണമേഖലയ്ക്കുമേല്‍ കരിനിഴല്‍ വീശിയ ഘട്ടത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കില്‍ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഒരുലക്ഷത്തോളം ജീവനക്കാര്‍ക്ക് നേരിട്ടും അതിന്റെ എത്രയോ ഇരട്ടിപ്പേര്‍ക്ക് പരോക്ഷമായും ജീവനോപാധിയായി മാറിയ ഒരു സംവിധാനത്തിന്റെ തകര്‍ച്ചയിലൂടെ മറ്റു ചില സ്ഥാപനങ്ങളുടെ വളര്‍ച്ച സ്വപ്നം കണ്ടവര്‍ക്കുള്ള ശക്തമായ തിരിച്ചടിയായിരുന്നു നാം ഉയര്‍ത്തിയ പ്രതിഷേധക്കോട്ടയും മുഖ്യമന്ത്രിയുടെയും സഹകരണമന്ത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ ഭവനസന്ദര്‍ശന പരിപാടിയും. നിക്ഷേപരംഗത്തെ മാന്ദ്യത്തില്‍നിന്ന് നാം ഇനിയും മോചനം നേടിയിട്ടില്ല. അത് വായ്പരംഗത്തും ബാധിച്ചിട്ടുണ്ടെന്നത് നേരാണ്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ഇനിയും ഒരുവര്‍ഷംകൂടി നാം മുന്നോട്ടുനീങ്ങിയാല്‍മാത്രമേ പൂര്‍വകാലപ്രൌഢി വീണ്ടെടുക്കാനാകൂ.    നമ്മുടെ സഹകരണമേഖലയുടെ സാധ്യത അനന്തമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ അവ സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്. നഷ്ടംമൂലം താഴുവീണ സംഘങ്ങള്‍മുതല്‍ വളര്‍ച്ചയിലൂടെ മുന്നേറുന്ന സ്ഥാപനങ്ങള്‍വരെ ശാസ്ത്രീയമായി വിശകലനം ചെയ്തുവേണം പൊളിച്ചെഴുത്തിന് കളമൊരുക്കാന്‍.

ഒരുകാലത്ത് നാല്‍പ്പതിനായിരത്തോളംപേര്‍ക്ക് അത്താണിയായിരുന്ന ദിനേശ് ബീഡി സംഘമിന്ന് വൈവിധ്യവല്‍ക്കരണത്തിലൂടെ പുതിയൊരു അധ്യായം തുറന്നിട്ടിരിക്കുകയാണ്. അത്യന്തം മത്സരാധിഷ്ഠിതമായ കാലഘട്ടത്തില്‍ ഉല്‍പ്പാദനത്തിലെ ഗുണമേന്മയും വിപണനത്തിലെ ആസൂത്രണവും പരസ്യങ്ങളിലെ ആകര്‍ഷണീയതയും അത്യന്താപേക്ഷിതമാണ്. ഉല്‍പ്പന്നവികസനത്തിനും നവീനസംരംഭങ്ങള്‍ക്കുമായി ലഭിക്കാവുന്ന ആനുകൂല്യങ്ങളൊക്കെ ഉപയോഗിച്ചുമാത്രമേ നിലവിലുള്ളവയ്ക്കുപോലും മുന്നേറാനാകൂ.

നൂതനാശയങ്ങളിലൂടെ സഹകരണപ്രസ്ഥാനത്തിനുതന്നെ തിലകക്കുറിയായി മാറിയ റെയ്ഡ്കോയുടെ കഥയും മറ്റൊന്നല്ല. വൈവിധ്യവല്‍ക്കരണത്തിലൂടെ ലാഭത്തിലേക്ക് നീങ്ങാന്‍ പറ്റുന്ന ഒരു അന്തരീക്ഷം ഇവിടെ ഉരുത്തിരിഞ്ഞുവന്നേ മതിയാകൂ. സഹകരണമേഖലയുടെ സ്വകാര്യ അഹങ്കാരമായിരുന്നു കണ്‍സ്യൂമര്‍ഫെഡ്. വിപണിയുടെ സ്റ്റബിലൈസര്‍ എന്ന നിലയില്‍നിന്ന് കൂപ്പുകുത്തിയ ഈ സ്ഥാപനത്തില്‍ നടന്ന കോടികളുടെ അഴിമതിയും ധൂര്‍ത്തും മറക്കാനാകുവതല്ല. അടിസ്ഥാന സൌകര്യം ഏറെയുണ്ടായിട്ടും വേണ്ടത്ര ഉപയോഗപ്പെടുത്താത്ത ഒരവസ്ഥ കണ്‍സ്യൂമര്‍ഫെഡിനുണ്ട്. സംഭരണവും സംസ്കരണവും വിപണനവും ഫലപ്രദമായി നിര്‍വഹിക്കാനുള്ള ഭൌതികസാഹചര്യങ്ങളെ പൂര്‍ണമായും ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് ആള്‍ക്കാര്‍ക്ക് സ്ഥിരംതൊഴില്‍ ഉറപ്പുനല്‍കാവുന്ന ഒന്നാക്കി ഇതിനെ മാറ്റിയെടുക്കാന്‍ നമുക്ക് കഴിയണം.

സഹകരണമേഖലയ്ക്ക് ഏറെ സാധ്യതയുള്ള രംഗമാണ് സഹകരണ ആശുപത്രികള്‍. ആതുരസേവനം വലിയൊരു വ്യവസായമായി ഇവിടെ മാറി. പൊതുജനാരോഗ്യരംഗത്ത് 50ല്‍ താഴെ ഹോസ്പിറ്റല്‍മാത്രമേ സഹകരണമേഖലയിലുള്ളൂ. ആധുനിക ശാസ്ത്രസാങ്കേതികവിദ്യകളുടെ സമന്വയത്തോടെ ആതുരസേവനരംഗത്തെ കുത്തകകളെ ഒരുപരിധിവരെ നിയന്ത്രിക്കാന്‍തക്കവണ്ണം നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹകരണ ആശുപത്രികള്‍ക്കാകും. പ്രവര്‍ത്തിച്ചുമുന്നേറണമെങ്കില്‍ വലിയ രൂപത്തിലുള്ള സഹായം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. അത് അടിസ്ഥാനസൌകര്യം രൂപപ്പെടുത്തുന്നതിലും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിലുമെല്ലാം ഉണ്ടാകണം.

പരമ്പരാഗത വ്യവസായങ്ങളില്‍ സഹകരണപ്രസ്ഥാനം കനത്ത വെല്ലുവിളി നേരിടുന്നുണ്ട്. ഒരുകാലത്ത് നമ്മുടെമാത്രം കുത്തകയായിരുന്ന കയര്‍വ്യവസായം ഇന്ന് എട്ടോളം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പടര്‍ന്നുപന്തലിച്ചു. 5.5 ലക്ഷംപേര്‍ക്ക് തൊഴിലവസരം നല്‍കുന്ന കയര്‍മേഖലയില്‍ 80 ശതമാനംപേരും സ്ത്രീത്തൊഴിലാളികളാണെന്നത് പ്രത്യേകതയാണ്. ക്ളസ്റ്റര്‍ ഡെവലപ്മെന്റുകളില്‍ക്കൂടിമാത്രമേ കയര്‍മേഖലയെ നമുക്ക് പിടിച്ചുനിര്‍ത്താനാകൂ. സഹകരണമേഖലയില്‍ പരമ്പരാഗതവ്യവസായങ്ങള്‍ക്കായി ക്ളസ്റ്റര്‍ ഡെവലപ്മെന്റ് പദ്ധതിയാണിനി പ്രതീക്ഷിക്കുന്നത്.

കൈത്തറിവ്യവസായത്തെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ സ്കൂള്‍ യൂണിഫോം പദ്ധതിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവന്നത് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയിട്ടുണ്ട്. തറിയുടെ നവീകരണം, അസംസ്കൃതവസ്തുക്കളുടെ ലഭ്യത എന്നിവ ഉറപ്പാക്കി റിബേറ്റ് ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചും റിബേറ്റ് കുടിശ്ശിക പൂര്‍ണമായും സംഘങ്ങള്‍ക്ക് നല്‍കിയും അവയെ സംരക്ഷിക്കേണ്ടതുണ്ട്.

ഓപ്പറേഷന്‍ ഫ്ളഡ് എന്ന സ്വപ്നപദ്ധതിയുടെ ഭാഗമായി രൂപംകൊണ്ടവയാണ് മില്‍മയും മേഖല യൂണിയനുകളും ആപ്കോസ് സംഘങ്ങളും. ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ പാല്‍വിലയുടെ അവസാനവാക്ക് തങ്ങളാണെന്ന വാദവുമായി ക്ഷീരകര്‍ഷകരെയും ക്ഷീരസംഘം ജീവനക്കാരെയും ചൂഷണം ചെയ്യുകയാണിന്ന് മില്‍മ. ആഡംബരം മുഖമുദ്രയാക്കിയ മില്‍മയില്‍ ക്ഷീരകര്‍ഷകരുടെ സ്വാധീനം ഉറപ്പിക്കാനായാല്‍മാത്രമേ ക്ഷീരമേഖലയും ക്ഷീരസംഘങ്ങളും രക്ഷപ്പെടുകയുള്ളൂ. ഇതിനായുള്ള പോരാട്ടം തുടര്‍ന്നേ മതിയാകൂ.

കേരള ബാങ്ക് സഹകരണമേഖലയിലെ വളര്‍ച്ചയുടെ നാഴികക്കല്ലായി മാറുകയാണ്. നബാര്‍ഡില്‍നിന്നും മറ്റ് കേന്ദ്ര ഏജന്‍സികളില്‍നിന്നുമുള്ള ഫണ്ടുകള്‍ അതിവേഗത്തില്‍ ഗ്രാമീണതലത്തിലേക്കെത്താന്‍ പുതിയ സംവിധാനം കാരണമാകും. ലയനത്തോടെ കൂടുതല്‍ സേവനോത്സുകരാകുമെന്ന് പ്രതീക്ഷിച്ച എസ്ബിഐ ഭീമാകാരംപൂണ്ട് സാധാരണക്കാരെ കൈയൊഴിയുകയാണ്. എന്തിനും ഏതിനും ഫീസ് ഏര്‍പ്പെടുത്തി ബാങ്കിങ് ഒരു കച്ചവടമാക്കിയ എസ്ബിഐ ഷൈലോക്കിനെപ്പോലും കടത്തിവെട്ടുന്നു. ഈ മാതൃക മറ്റു ബാങ്കുകളും പിന്തുടര്‍ന്നാല്‍ രാജ്യത്തുണ്ടാകുന്ന അരാജകത്വം ചിന്തിക്കാന്‍പോലുമാകുന്നില്ല.

ഇവിടെയാണ് സഹകരണ ബാങ്കുകളുടെ പ്രസക്തിയേറുന്നത്. ജനസൌഹൃദ ബാങ്കിങ്വഴി ഇന്ത്യന്‍ ബാങ്കിങ്ങില്‍ ഒരു നൂതനാധ്യായം രചിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് കഴിയും. അതിന്റെ തുടക്കമായി വേണം കേരള സഹകരണ ബാങ്കിനെ കാണാന്‍. പ്രതിബന്ധങ്ങളെ പ്രചോദനമാക്കി മുന്നേറിയ കേരളത്തിലെ സഹകരണസ്ഥാപനങ്ങള്‍ക്ക് സംസ്ഥാനതലത്തിലൊരു വഴികാട്ടിയായും മൂന്നുകോടി ജനങ്ങള്‍ക്ക് സാമ്പത്തികസുരക്ഷയൊരുക്കുന്ന വടവൃക്ഷമായും ഇത് മാറുമെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലെ സാഹചര്യത്തില്‍ സഹകരണ ബാങ്കുകളുടെ പ്രസക്തിയെ സംബന്ധിച്ച് പ്രചാരണവേലകള്‍ നമുക്ക് തുടരാം. അതിജീവനത്തിനായി ആത്മവിശ്വാസത്തോടെ കഠിനാധ്വാനം നടത്താം

(കെസിഇയു ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)