17 January Thursday

ചിലിയിലും ഇടതുമുന്നേറ്റം

വി ബി പരമേശ്വരന്‍Updated: Monday Dec 4, 2017

തെക്കെ അമേരിക്കന്‍ രാഷ്ട്രമായ ചിലി തെരഞ്ഞെടുപ്പുചൂടിലാണ്. നവംബര്‍ 19ന് നടന്ന ആദ്യഘട്ടം വോട്ടെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ഡിസംബര്‍ 17ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. വലതുപക്ഷമുന്നണി സ്ഥാനാര്‍ഥിയും മുന്‍ പ്രസിഡന്റുമായ സെബാസ്റ്റ്യന്‍ പിനേരയും ഭരണകക്ഷിയായ ന്യൂ മെജോരിറ്റി സഖ്യത്തിന്റെ നേതാവും സെനറ്ററുമായ അലെസാന്ദ്രോ ഗുയില്ലിയറും തമ്മിലായിരിക്കും രണ്ടാംഘട്ട മത്സരം. ആദ്യഘട്ടം വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനെതുടര്‍ന്നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് അനിവാര്യമായത്. എന്നാല്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പിനേര നയിക്കുന്ന ചിലെ വാമോസ് എന്ന പഞ്ചകക്ഷി സഖ്യത്തിനാണ് മുന്‍തൂക്കമെങ്കിലും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ല. 155 അംഗ അധോസഭയില്‍ 73 സീറ്റും 43 അംഗ സെനറ്റില്‍ 19 സീറ്റുമാണ് ഈ സഖ്യത്തിന് ലഭിച്ചത്. ഗുയില്ലിയറുടെ ന്യുമെജോരിറ്റി സഖ്യത്തിന് സെനറ്റില്‍ പതിനഞ്ചും ചോംബര്‍ ഓഫ് ഡെപ്യൂട്ടീസില്‍ 43 സീറ്റുമാണ് ലഭിച്ചത്.  

ആദ്യവട്ടം വോട്ടെടുപ്പില്‍ അറുപത്തേഴുകാരനായ പിനേരയ്ക്ക് 36.6 ശതമാനം വോട്ട് ലഭിച്ചപ്പോള്‍, പുതുമുഖമായ ഗുയില്ലിയര്‍ക്ക് 22.7 ശതമാനം വോട്ടാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പ് അഭിപ്രായ വോട്ടെടുപ്പിലുംമറ്റും മുമ്പില്‍ നിന്ന ഗുയില്ലിയര്‍ എന്ന ടെലിവിഷന്‍ അവതാരകന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ലെന്ന് സാരം. നവ ലിബറല്‍ ആശയങ്ങള്‍ തുടര്‍ന്നും നടപ്പാക്കുമെന്ന് ആവര്‍ത്തിച്ചാണ് ബിസിനസുകാരന്‍കൂടിയായ പിനേര മത്സരരംഗത്ത് ഇറങ്ങിയിട്ടുള്ളത്. ലാറ്റിനമേരിക്കയില്‍ ആദ്യമായി നവ ലിബറല്‍നയങ്ങളെ പുല്‍കിയ രാജ്യമായിരുന്നു ചിലി. തെക്കെ അമേരിക്കന്‍ വന്‍കരയിലെ ആദ്യ സോഷ്യലിസ്റ്റ് സര്‍ക്കാരിന് രൂപംകൊടുത്ത ചിലിയില്‍ അതിന്റെ സ്ഥാപകനായ സാല്‍വദോര്‍ അലന്‍ഡെയെ വധിച്ച് അമേരിക്കന്‍ പിന്തുണയോടെ അധികാരത്തില്‍ വന്ന പിനോച്ചെ സര്‍ക്കാരാണ് നവ ലിബറല്‍നയങ്ങള്‍ക്ക് ചിലിയില്‍ തുടക്കമിടുന്നത്. പ്രസ്തുത നയം തുടരുമെന്നാണ് പിനേരയുടെ പ്രഖ്യാപനം. കോര്‍പറേറ്റ് നികുതികള്‍ കുറയ്ക്കുമെന്നും ചെലവുചുരുക്കല്‍ നയങ്ങളും സ്വകാര്യവല്‍ക്കരണ നയങ്ങളും തുടരുമെന്നും പ്രഖ്യാപിച്ചായിരുന്നു പിനേരയുടെ പ്രചാരണം. സ്വാഭാവികമായും എല്ലാ വലതുപക്ഷശക്തികളും കോര്‍പറേറ്റുകളും പിനേരയ്ക്കൊപ്പം അണിനിരന്നു. പ്രതിപക്ഷത്താകട്ടെ വിശാലമായ യോജിപ്പ് സൃഷ്ടിക്കാന്‍ കഴിഞ്ഞതുമില്ല. അതിനാലാണ് പിനേരയ്ക്ക് ആദ്യവട്ടം തെരഞ്ഞെടുപ്പില്‍ മുന്നിലെത്താന്‍ കഴിഞ്ഞത്. 

നിലവില്‍ രാജ്യം ഭരിക്കുന്ന സോഷ്യലിസ്റ്റ് പാര്‍ടിയും കമ്യൂണിസ്റ്റ് പാര്‍ടിയും പാര്‍ടി ഓഫ് ഡെമോക്രസിയും സിറ്റിസണ്‍ ലെഫ്റ്റും തുടങ്ങി ഏഴോളം പാര്‍ടികളുടെ സഖ്യമാണ് ന്യുമെജോരിറ്റി സഖ്യം. മധ്യ- ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിക്കുന്ന സഖ്യമാണിത്. ആദ്യ സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലെന്‍ഡയുടെ കാലത്ത് നിലവില്‍വന്ന സഖ്യം ഉപേക്ഷിക്കാന്‍ ചിലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടില്ലെന്നര്‍ഥം. തുടര്‍ച്ചയായി രണ്ടാമതും പ്രസിഡന്റായി മത്സരിക്കാന്‍ ഭരണഘടന അനുവദിക്കാത്തതുകൊണ്ടുതന്നെ മിഷേല്‍ ബാഷ്ലെയ്ക്ക് ഇക്കുറി മത്സരിക്കാനായില്ല. പകരം മുന്‍ പ്രസിഡന്റ് റിക്കാര്‍ഡോ ലാഗോസിനെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടായെങ്കിലും പാര്‍ടിക്കുള്ളില്‍ അതിന് പിന്തുണ ലഭിച്ചില്ല. പ്രസിഡന്റായ വേളയില്‍ നവ ലിബറല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതാണ് ലാഗോസിന് വിനയായത്. ബാഷ്ലെയുടെ മൂത്തമകനും ഭാര്യയും റിയല്‍ എസ്റ്റേറ്റ് അഴിമതി വിവാദത്തില്‍പ്പെട്ടതും സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. ഈ ഘട്ടത്തിലാണ് ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയില്‍ ജനപ്രിയനായ ഗുയില്ലിയറെ സ്ഥാനാര്‍ഥിയാക്കാന്‍ ന്യൂമെജോരിറ്റി സഖ്യം തയ്യാറാകുന്നത്. സ്വതന്ത്രനായി സെനറ്റിലെത്തിയ ഗുയില്ലിയര്‍ ജനപ്രിയ മുദ്രാവാക്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തുന്നത്. 

എന്നാല്‍, തെരഞ്ഞെടുപ്പില്‍ അത്ഭുതം സൃഷ്ടിച്ച്് മുന്നേറ്റം നടത്തിയത് ബിയാട്രിസ് സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഫ്രണ്ടെ ആംപ്ളിയോ അഥവാ വിശാല മുന്നണിയാണ്. എഫ്എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ ഇടതുപക്ഷ പാര്‍ടി സഖ്യത്തിന് 20.27 ശതമാനം വോട്ട് ലഭിച്ചു. രണ്ട് ശതമാനം വോട്ടുകൂടി ലഭിച്ചിരുന്നുവെങ്കില്‍ രണ്ടാംഘട്ടത്തില്‍ മാറ്റുരയ്ക്കുക ഗുയില്ലിയറായിരിക്കില്ല, മറിച്ച് മാധ്യമപ്രവര്‍ത്തകതന്നെയായ ബിയാട്രിസ് സാഞ്ചസായിരിക്കുമായിരുന്നു. സ്പെയിനിലെ പൊഡെമോസിനെപ്പോലെ ചിലിയന്‍ രാഷ്ട്രീയത്തിലെ ഇടതുപക്ഷശബ്ദമായി ഈ സഖ്യം ഉയരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പില്‍ ദൃശ്യമായത്. ഹ്യുമനിസ്റ്റുകളും ലിബറലുകളും പരിസ്ഥിതിവാദക്കാരും സമത്വവാദികളും ജനാധിപത്യവാദികളുമൊക്കെ ചേര്‍ന്ന വിശാല ഇടതുപക്ഷസഖ്യമാണ് ഫ്രെണ്ടെ ആംപ്ളിയോ. നവ ഉദാരവല്‍ക്കരണത്തിനെതിരായ അജന്‍ഡ ശക്തമായി മുന്നോട്ടുവയ്ക്കുന്ന പ്രസ്ഥാനമായി ഇത് വളര്‍ന്നിരിക്കുന്നു. ഈ നവ ഉദാരവല്‍ക്കരണ പാതയും പിനോച്ചെ കാലത്തുണ്ടായ ഭരണഘടനയും മാറ്റണമെന്ന വാദമാണ് ഈ  പ്രസ്ഥാനം ശക്തമായി ഉയര്‍ത്തുന്നത്. പുതിയ ഭരണഘടനയാണ് പുതിയ ചിലിയുടെ അടിത്തറയെന്നാണ് ഈ സഖ്യത്തിന്റെ വാദം. ഇടതുപക്ഷത്തിന് ഭരിക്കാനാകില്ലെന്ന ധാരണ തിരുത്തുകയാണ് ലക്ഷ്യമെന്നും ഈ സഖ്യം പറയുന്നു. രാജ്യത്തെ പെന്‍ഷന്‍ സമ്പ്രദായവും ആരോഗ്യ, വിദ്യാഭ്യാസ മേഖലയും മറ്റും പൊതുമേഖലയില്‍തന്നെ നിലനിര്‍ത്തണമെന്നും തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുന്നതോടൊപ്പം അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഈ സഖ്യം ആവശ്യപ്പെടുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് ചിലി ഇപ്പോള്‍ കടന്നുപോകുന്നത്. ഏറ്റവും പ്രധാന സമ്പത്തായ ചെമ്പിന്റെ വിലിയിടിവാണ് ഇതിന് പ്രധാന കാരണം. നവ ഉദാരവല്‍ക്കരണനയങ്ങളും ജനജീവിതം ദുസ്സഹമാക്കി. ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ഫ്രെണ്ടെ ആംപ്ളിയോയുടെ ഉദയം. ഏതായാലും ചിലിയിലെ പുതിയ രാഷ്ട്രീയഭൂകമ്പം ഈ ഇടതുപക്ഷമുന്നണിയുടെ മുന്നേറ്റംതന്നെയാണെന്ന് ലണ്ടനിലെ ഗാര്‍ഡിയന്‍ പത്രം വിലയിരുത്തി. 

2011ലെ സര്‍ക്കാര്‍വിരുദ്ധ വിദ്യാര്‍ഥിപ്രക്ഷോഭത്തില്‍നിന്ന് ഉരുത്തിരിഞ്ഞുണ്ടായ പാര്‍ടിയാണിത്. സൌജന്യവിദ്യാഭ്യാസം ആവശ്യപ്പെട്ടും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിനുമെതിരെയായിരുന്നു ഈ പ്രക്ഷോഭം. ജിയോര്‍ഗിയോ ജാക്സണും ഗബ്രിയേല്‍ ബോറിക്കുമാണ് ഈ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കള്‍. ഇവര്‍ രണ്ടുപേരും 2014ലെ തെരഞ്ഞെടുപ്പില്‍ എംപിമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇവരുടെ നേതൃത്വത്തിലാണ് ഏഴ് ഇടതുപക്ഷപാര്‍ടികളെ കൂട്ടിയോജിപ്പിച്ച് വിശാലമുന്നണിക്ക് 2017 ജനുവരി 21ന് രൂപംനല്‍കിയിട്ടുള്ളത്. ഫ്രെണ്ടെ ആംപ്ളിയോക്കുപുറമെ മാര്‍കോ യുറികേസ് ഒമിനാമിയുടെ നേതൃത്വത്തിലുള്ള പ്രോഗ്രസീവ് പാര്‍ടിയും 5.7 ശതമാനം വോട്ട് നേടുകയുണ്ടായി. അതായത് വിശാല ഇടതുപക്ഷത്തിന് 49 ശതമാനം വോട്ട് ലഭിച്ചുവെന്നര്‍ഥം. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ എഫ്എ യും പ്രോഗ്രസീവ് പാര്‍ടിയും ഗുയില്ലിയറെ പിന്തുണയ്ക്കുന്നപക്ഷം അദ്ദേഹത്തിന് വിജയം എളുപ്പമാകുമെന്നര്‍ഥം. സോഷ്യലിസ്റ്റ് പ്രസിഡന്റ് സാല്‍വദോര്‍ അലന്‍ഡെ,  കവിയും കമ്യൂണിസ്റ്റുകാരനുമായ പാബ്ളോ നെരൂദ എന്നിവരെ കൊന്നുതള്ളിയിട്ടും ചിലിയില്‍  ഇടതുപക്ഷത്തെ നിശബ്ദമാക്കാനായില്ലെന്ന് ഈ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു

പ്രധാന വാർത്തകൾ
Top