17 November Saturday
കോഴത്താമര-5

വോട്ടുപെട്ടി പണപ്പെട്ടി

വെബ് ഡെസ്‌ക്‌Updated: Friday Jul 28, 2017

സ്വന്തം നേതാക്കള്‍ എഴുതിയ പുസ്തകങ്ങളും അവരെക്കുറിച്ചുള്ള രചനകളും ആരാധനാപൂര്‍വം നോക്കിക്കാണുന്നവരാണ് വായനശീലമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍. നേതാക്കളുടെ ജീവിതമൂല്യങ്ങള്‍ പിന്തുടരാനാഗ്രഹിക്കുന്നവര്‍ അത്തരം പുസ്തകങ്ങള്‍ പലയാവര്‍ത്തി വായിക്കും. രാഷ്ട്രീയ തിരിച്ചടികളുണ്ടാകുമ്പോള്‍ ആത്മവിശ്വാസം വീണ്ടെടുക്കാന്‍, നേതാക്കള്‍ അതിജീവിച്ച പ്രതിസന്ധികളെക്കുറിച്ച് വീണ്ടും വീണ്ടും വായിക്കും. ആത്മവിശ്വാസത്തിന് അവ ചിലര്‍ കൂടെക്കൊണ്ടുനടക്കും.

ഇപ്പറഞ്ഞത് നാട്ടുനടപ്പ്. എന്നാല്‍, ബിജെപിക്കാരുടെ കാര്യം മറിച്ചാണ്. മുന്‍കാലങ്ങളില്‍ സംസ്ഥാന അധ്യക്ഷപദം അലങ്കരിച്ച രണ്ടു പ്രമുഖ നേതാക്കളുടെ പുസ്തകങ്ങള്‍, ഒന്ന് ജീവചരിത്രവും ഒന്ന് ആത്മകഥയും കണ്ടാല്‍ ബിജെപിക്കാര്‍ക്ക് കട്ടക്കലിപ്പാണ്. ബിജെപി പ്രവര്‍ത്തകരെല്ലാം ആദരവോടെ സ്മരിക്കുന്ന കെ ജി മാരാരെക്കുറിച്ച് ജന്മഭൂമി ലേഖകന്‍ കെ കുഞ്ഞിക്കണ്ണന്‍ എഴുതിയ കെ ജി മാരാരുടെ ജീവിതസ്മരണകള്‍ എന്ന പുസ്തകമാണ് ആദ്യത്തേത്. മുന്‍ പ്രസിഡന്റ് കെ രാമന്‍പിള്ളയുടെ ആത്മകഥയായ 'ധര്‍മം ശരണം ഗച്ഛാമി' രണ്ടാമത്തേത്. പാര്‍ടി നേതാക്കള്‍ കേരളത്തില്‍ അക്കൌണ്ട് തുറക്കാനല്ല, സ്വന്തം ബാങ്ക് അക്കൌണ്ടിന്റെ കനം കൂട്ടാനാണ് ഇത്രയുംകാലം ശ്രമിച്ചതെന്നറിയാന്‍ ഈ പുസ്തകങ്ങള്‍ വെറുതെ ഒന്നു മറിച്ചുനോക്കിയാല്‍മതി. രണ്ടിലും യുഡിഎഫ് സഖ്യത്തിന്റെ കാര്യം പറയുന്നു. രാമന്‍പിള്ളയുടെ പുസ്തകത്തില്‍ ബിജെപി നേതാക്കള്‍ പെട്രോള്‍ പമ്പും ഗ്യാസ് ഏജന്‍സികളും അനുവദിച്ച് പണം തട്ടിയതും പ്രതിപാദിക്കുന്നു.

കെ ജി മാരാര്‍ എന്ന നേതാവിന്റെ പൊടുന്നനെയുള്ള മരണത്തിന് പോലും കാരണമായത് ബിജെപി നേതാക്കള്‍ യുഡിഎഫുമായി 1991ല്‍ നടത്തിയ വോട്ടുകച്ചവടമാണെന്ന് വിശ്വസിക്കുന്നവരാണ് കുടുതല്‍ ബിജെപിക്കാരും. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര ലോക്സഭാമണ്ഡലത്തിലും യുഡിഎഫുമായി മുന്നണി ഉണ്ടാക്കിയതിന്റെയും അതിന്റെപേരില്‍ പല നേതാക്കളും കൈക്കൂലി വാങ്ങിയതിന്റെയും മനോവേദനയിലാണ് 61-ാം വയസ്സില്‍ മാരാര്‍ മരിച്ചത്.

കോലീബിക്ക് വാങ്ങിയ  കോടികള്‍
1991ലെ കോലീബി സഖ്യം ഒരു  തുടക്കംമാത്രമായിരുന്നു. സ്വന്തം നേതാവിന്റെ അകാലവിയോഗം കൊണ്ടൊന്നും പണത്തോടുള്ള അത്യാര്‍ത്തിക്ക് ഒരു കുറവുമുണ്ടായില്ല. വടകര- ബേപ്പൂര്‍ പരീക്ഷണം ജനങ്ങള്‍ പരാജയപ്പെടുത്തിയിട്ടും തുടര്‍ന്നിങ്ങോട്ട് നടന്ന മിക്കവാറും തെരഞ്ഞെടുപ്പുകളിലും ആവര്‍ത്തിച്ചു. ബിജെപി വോട്ടുകള്‍ കുറഞ്ഞിട്ടും ബൂത്തുതലംവരെ വോട്ടുമറിക്കുന്നതിന് നേതാക്കള്‍ കാര്‍മികത്വം വഹിച്ചു. പല നേതാക്കളും സമ്പന്നരായതിന്റെപിന്നില്‍ ഈ വോട്ടുകച്ചവടമുണ്ടെന്നത് പരസ്യമായ രഹസ്യം. യുഡിഎഫുമായി ആര്‍എസ്എസും ബിജെപിയും നടത്തിയ വോട്ടുകച്ചവടത്തെക്കുറിച്ച് വസ്തുതാപരമായി തെളിവുകളോടെ പറയുന്ന പുസ്തകത്തിലെ വിവരങ്ങള്‍ ബിജെപി നേതാക്കളാരും ഇതേവരെ നിഷേധിച്ചിട്ടില്ല.  

'ധര്‍മം ശരണം ഗച്ഛാമി'യിലെ വെളിപ്പെടുത്തലുകള്‍
ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ യുഡിഎഫ് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്നാണ് രാമന്‍പിള്ള ആത്മകഥയില്‍ പറയുന്നത്. ജന്മഭൂമി ലേഖകന്‍, ബിഎംഎസ് നേതാവ് എന്നിവരുമായി  നടത്തിയ ചര്‍ച്ചയിലായിരുന്നു ധാരണ.  

രാമന്‍പിള്ളയുടെ ആത്മകഥയില്‍ നിന്ന്: 'കോഴിക്കോട്ടെ ബിഎംഎസ് പ്രവര്‍ത്തകനായ കെ ഗംഗാധരന്‍, ജന്മഭൂമി ലേഖകനും കണ്ണൂര്‍ സ്വദേശിയുമായ കെ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ഒത്തുചേര്‍ന്ന് ഒരു പദ്ധതി തയ്യാറാക്കി. മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുമായി ഇവര്‍ കോട്ടക്കല്‍ ടിബിയില്‍ സമ്മേളിച്ചു. ഒരു പദ്ധതി അവിടെ അവര്‍ ആവിഷ്കരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് പോലും അറിയാതെ ബിജെപി-കോണ്‍ഗ്രസ്-മുസ്ളിംലീഗ് സഖ്യം ഉടലെടുത്തു.
വടകരയിലും ബേപ്പൂരിലും സ്വതന്ത്രസ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചു. ഒരു ദിവസം രാജേട്ടന്‍ (ഒ രാജഗോപാല്‍) എന്നോട് അക്കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പ്രതിഷേധിച്ചു. നാഷണല്‍ ഇലക്ഷന്‍ കമ്മിറ്റി അംഗീകരിച്ച സ്ഥാനാര്‍ഥികളാണ് വടകരയില്‍ കൃഷ്ണദാസും ബേപ്പൂരില്‍ ശ്രീശനും. അവരെ മാറ്റില്ലെന്ന് ഞാന്‍ ശഠിച്ചപ്പോള്‍ രാജേട്ടന്‍ പറഞ്ഞു: "നാഷണല്‍ കമ്മിറ്റിയെക്കൊണ്ട് ഞാന്‍ അംഗീകരിപ്പിച്ചുകൊള്ളാം. നമ്മുടെ രണ്ട് അനുഭാവികളെ സ്വതന്ത്രരായി നിര്‍ത്തി വിജയിപ്പിച്ചാല്‍ അത് നമുക്ക് ഗുണകരമായിരിക്കും.''  വടകരയില്‍ അഡ്വ. രത്നസിങ്ങും ബേപ്പൂരില്‍ ഡോ. മാധവന്‍കുട്ടിയുമായിരിക്കും സ്ഥാനാര്‍ഥികളെന്ന് മുകുന്ദന്‍ അറിയിച്ചു. ഈ ധാരണകൊണ്ട് ബിജെപിക്ക് എന്തുഗുണമെന്ന് ഞാന്‍ മുകുന്ദനോട് ചോദിച്ചു. ഏറ്റവും വിജയസാധ്യതയുള്ള മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ളിംലീഗിന്റെ പിന്തുണ കിട്ടും എന്നായിരുന്നു മറുപടി.'

നേതൃനിരയുടെ ഓരോ തലത്തിലും ഈ വോട്ടുകച്ചവടത്തിന്റെ പണമെത്തുന്നുണ്ട്. തങ്ങളുടെ കേഡര്‍മാരെ കൊന്നൊടുക്കുന്ന സിപിഐ എമ്മിനെ എന്തുവിലകൊടുത്തും തോല്‍പ്പിക്കണമെന്ന്അണികളോടു പറയുകയും മറിച്ചുകൊടുക്കുന്ന ഓരോ വോട്ടിനും യുഡിഎഫ് നേതാക്കളില്‍നിന്ന് കണക്കുപറഞ്ഞ് പണം വാങ്ങുകയും ചെയ്യുന്ന പരിപാടിക്ക് ഔദ്യോഗിക തുടക്കം കുറിക്കുകയായിരുന്നു 1991ല്‍.
 
പെട്രോള്‍ മണക്കുന്ന ആസ്തികള്‍
1998മുതല്‍ 2004വരെ കേന്ദ്രം ഭരിച്ച വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് പെട്രോള്‍പമ്പും ഗ്യാസ് ഏജന്‍സിയും അനുവദിക്കുന്നതിന് കോഴ വാങ്ങിയ നേതാക്കള്‍ക്കെതിരെ ബിജെപിയില്‍ത്തന്നെ ശക്തമായ കലാപം രൂപപ്പെട്ടിരുന്നു. കോഴ വാങ്ങിയതിന്റെ അധാര്‍മികത സംബന്ധിച്ചായിരുന്നില്ല പല തര്‍ക്കവും; കോഴപ്പണം പങ്കിടുമ്പോള്‍ വിഹിതം കുറഞ്ഞതിനെച്ചൊല്ലിയായിരുന്നു. രാജ്യമൊട്ടുക്ക് ബിജെപി നേതാക്കള്‍ പണം സമ്പാദിച്ച ഈ കുംഭകോണം പാര്‍ലമെന്റില്‍ വലിയ ഒച്ചപ്പാടായി. പ്രധാനമന്ത്രി വാജ്പേയിയുടെ ബന്ധുക്കള്‍ക്കും അന്ന് അനധികൃതമായി പമ്പ് ലഭിച്ചു.  കേന്ദ്ര പെട്രോളിയം മന്ത്രി രാംനായിക് രാജിവയ്ക്കണമെന്ന് ആവശ്യം ഉയര്‍ന്നു.
പമ്പിനും ഗ്യാസ് ഏജന്‍സിക്കും അപേക്ഷിച്ചവരെ നേരിട്ട് കണ്ട് കോഴ ആവശ്യപ്പെടുക മാത്രമല്ല, സംസ്ഥാനനേതാക്കള്‍ അടക്കംഅവ സ്വന്തമാക്കുകയുംചെയ്തു. പി എം വേലായുധന്‍, നാരായണന്‍നായര്‍, ജയചന്ദ്രന്‍, രമ രഘുനന്ദന്‍ തുടങ്ങിയവര്‍ പമ്പ് സ്വന്തമാക്കി. മരുമകന് തിരുവനന്തപുരം വെമ്പായത്ത് പെട്രോള്‍ പമ്പ് തരപ്പെടുത്തിയെന്ന് കെ രാമന്‍പിള്ളയ്ക്കെതിരെ സമാനമായ ആരോപണം ഉയര്‍ന്നെങ്കിലും പുസ്തകത്തില്‍ ആരോപണം നിഷേധിക്കുന്നു.

പമ്പ് അനുവദിക്കുമ്പോള്‍ പാര്‍ടിക്കാരല്ലാത്തവര്‍ക്കും പാര്‍ടിക്കാര്‍ക്കും വ്യത്യസ്ത കോഴനിരക്കാണ് നിശ്ചയിച്ചത്. തിരുവനന്തപുരത്ത് സംസ്ഥാന ആസ്ഥാനം പണിയാനുള്ള ഫണ്ട് സമാഹരിക്കാനാണ് പണപ്പിരിവ് എന്നായിരുന്നു വാദം. എന്നാല്‍, പിരിച്ച കോടികളില്‍ ചില്ലിക്കാശുപോലും കെട്ടിടനിര്‍മാണത്തിന് ലഭിച്ചില്ലെന്ന് നേതാക്കള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു.

രാമന്‍പിള്ളയുടെ പുസ്തകത്തില്‍ ഇതേക്കുറിച്ച് പറയുന്നു:  'പെട്രോള്‍- ഗ്യാസ് ഏജന്‍സികള്‍ അനുവദിച്ചതിന്റെപേരില്‍ സമ്പന്നരായവരെ എനിക്കറിയാം. ആ വ്യാപാര രഹസ്യം ഒരു അന്വേഷണ ഏജന്‍സിക്കും കണ്ടുപിടിക്കാവുന്ന വിധത്തിലായിരുന്നില്ല. സെലക്ഷന്‍ ബോര്‍ഡിന്റെ കുറ്റവുമല്ല.ഒരു സ്ഥലത്ത് പമ്പിനുവേണ്ടി 10 അപേക്ഷകരുണ്ടെങ്കില്‍ ഓരോരുത്തരില്‍നിന്നും ഒരു വലിയ തുക പാര്‍ടിയുടെപേരില്‍ വാങ്ങിവയ്ക്കും. പത്തില്‍ ഒരാള്‍ക്ക് കിട്ടുമല്ലോ. അതുകഴിച്ച് മറ്റു തുകകള്‍ തിരിച്ചുകൊടുക്കും. ആര്‍ക്കും പരാതിയില്ല. ഈ വിധം ഓരോ പമ്പിനും 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ വാങ്ങിയതായി അറിയാം. ഇതില്‍ ഒരു രൂപ പോലും പാര്‍ടിക്ക് കിട്ടിയില്ല.'

രാഷ്ട്രീയസംഘട്ടനത്തില്‍ കൊല്ലപ്പെടുന്നവര്‍ ബിജെപിക്കും ആര്‍എസ്എസിനും ബലിദാനികളാണ്. അവരുടെ ചോരയ്ക്കുപോലും വിലയിട്ട് സ്വന്തം കീശ വീര്‍പ്പിക്കുന്ന നേതാക്കള്‍ക്കെതിരെ മിണ്ടാന്‍പോലും താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഭയമാണ്്. ബലിദാനികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ പ്രവര്‍ത്തകരില്‍നിന്നും ജനങ്ങളില്‍നിന്നും ശേഖരിച്ച പണത്തില്‍ വലിയ പങ്കും നേതാക്കളുടെ കീശയിലേക്കുപോകുന്നതിനെച്ചൊല്ലി കണ്ണൂരില്‍ ചില കലാപങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് മോധവി മോഹന്‍ ഭാഗവതിന് ഇതുസംബന്ധിച്ച് കത്തയക്കാന്‍ ചില പ്രവര്‍ത്തകര്‍ തയ്യാറായി. ആ കത്ത് ഈയിടെ പുറത്തുവന്നു. സ്വദേശി സയന്‍സ് മൂവ്മെന്റ്(കേരള) എന്ന ലെറ്റര്‍ ഹെഡ്ഡിലുള്ള കത്ത് പുറത്തായതോടെ  മോഹന്‍ ഭാഗവത് തന്നെ അന്വേഷണത്തിന് പ്രാന്തിയ പ്രചാരക് ഉള്‍പ്പെടെയുള്ളവരെ ചുമതലപ്പെടുത്തി.

2002 മുതല്‍ 11 വരെ ഈ ഫണ്ട് ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പുരില്‍നിന്നാണ് ചെലവഴിച്ചിരുന്നത്. പിന്നീട് ഇത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുകയായിരുന്നു. 2002 മുതല്‍ 14 വരെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 75 രാജ്യങ്ങളില്‍നിന്നും ഇതിനൊപ്പം  ബിജെപി കേന്ദ്രഫണ്ടും ചേര്‍ത്ത് കേരളത്തിന് 45കോടി രൂപയാണ് നല്‍കിയത്. ഇതില്‍ 7.5 കോടി രൂപ കണ്ണൂരിലെ നവോത്ഥാന ട്രസ്റ്റിന് കൈമാറി. ഈ തുകയില്‍ 3.75 കോടി രൂപയുടെ കണക്ക് മാത്രമേ  അന്വേഷണസംഘത്തിന് ലഭിച്ചുള്ളൂ. 2014ല്‍ മാത്രം അഞ്ച് കോടി രൂപ നല്‍കി. ഇതില്‍ 2.75 കോടി രൂപയുടെ കണക്കേ കാണിച്ചിട്ടുള്ളൂ. ബാക്കിവരുന്ന കോടികള്‍ ബിജെപി ജില്ലാ അധ്യക്ഷന്‍, അഭിഭാഷകനായ ജില്ലയിലെ സംഘചാലക്, പാനൂര്‍ സ്വദേശിയായ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ്, തില്ലങ്കേരിക്കാരനായ ആര്‍എസ്എസ് നേതാവ്, കോഴിക്കോടുകാരനായ ബിജെപി ജനറല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കിട്ടെടുത്തെന്നാണ് കത്തില്‍ പറയുന്നത്.

പീഡിത സ്വയംസേവകരുടെ കുടുംബാംഗങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങളിലെ വലിയ കമ്പനികളില്‍  ജോലിനല്‍കാന്‍ 2012ലെ അഖില ഭാരതീയ സഭ തീരുമാനമെടുത്തിരുന്നു. എന്നാല്‍, ബലിദാനികളുടെയോ പീഡിതരുടെയോ കുടുംബത്തിലെ ഒരാള്‍ക്കും ജോലി ലഭിച്ചില്ല. ഇതെല്ലാം നേരത്തെ പറഞ്ഞ നേതാക്കളുടെ  കുടുംബാംഗങ്ങള്‍ക്കാണ് നല്‍കിയത്.

അശ്വിനികുമാറിനെ ആര്‍ക്കുംവേണ്ട

ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സെക്രട്ടറി അശ്വിനികുമാറിനെ എന്‍ഡിഎഫ് കൊലചെയ്ത സംഭവത്തില്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കെതിരെ പ്രവര്‍ത്തകരുടെ രോഷം പുകയുകയാണ്. കൊലയാളികളായ എന്‍ഡിഎഫുകാരെ സംരക്ഷിക്കാന്‍ തങ്ങളുടെ നേതാക്കള്‍ പണം വാങ്ങിയതോടെ ഇരിട്ടിയടക്കം കണ്ണൂരിലെ പലയിടങ്ങളിലും നിരവധി പ്രവര്‍ത്തകര്‍ സംഘബന്ധം ഉപേക്ഷിച്ചു

തയ്യാറാക്കിയത്
 എം രഘുനാഥ്   എന്‍ എസ് സജിത്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top