Top
22
Thursday, June 2017
About UsE-Paper

ഇനി ഈ ലോക നേതാ‍വിനായി കാതോര്‍ക്കാം

Friday Jun 9, 2017
രാജേഷ് കൃഷ്ണ
ജെർമി കോർബിൻ

എന്തായാലും യൂറോപ്പില്‍ ഒരു ചുവന്ന താരോദയം തന്നെയാണ് ജെര്‍മി കോര്‍ബിന്‍. രണ്ടുമാസംകൊണ്ട്  ലോകം കാതോര്‍ക്കുന്ന ഒരു ഇടതുപക്ഷക്കാരനായി അദ്ദേഹത്തെ സമൂഹം പ്രതിഷ്ഠിച്ചുകഴിഞ്ഞു.

ലണ്ടനില്‍ നിന്ന് രാജേഷ് കൃ‌‌ഷ്ണ എഴുതുന്നു.

കോര്‍ബിനെ ലോകനേതാവാക്കിയ തിരഞ്ഞെടുപ്പ്, ഇത്തവണത്തെ ബ്രിട്ടീഷ് തിരഞ്ഞെടുപ്പിനെ അങ്ങനെ കാണാനാണ് എനിക്കിഷ്ടം.

എല്ലാക്കാലത്തും സമൂഹത്തിന്റെ ആവശ്യകതയില്‍ കാലാകാലങ്ങളില്‍ സമൂഹത്താല്‍ സൃഷ്ടിക്കപ്പെടുന്ന നേതാക്കന്മാരുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട ഒരു നേതാവിനായി ഇനി ലോകം കാതോര്‍ക്കാന്‍ തുടങ്ങുന്നു.

രണ്ടു വര്‍ഷം മുന്‍പ് ലേബര്‍ പാര്‍ട്ടിക്കേറ്റ കനത്ത തോല്‍വിയെത്തുടര്‍ന്ന് എഡ്വേര്‍ഡ് സാമുവേല്‍ മില്ലിബാന്‍ഡ് എന്ന എഡ് മില്ലിബാന്‍ഡ്‌ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം ഒഴിയുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായായിരുന്നു കോര്‍ബിന്റെ കടന്നുവരവ്.1974 മുതല്‍ ഹാരിങ്‌ഗേ കൗണ്‍സില്‍ അംഗവും 1983 മുതല്‍ ഇസ്ലിങ്ങ്ടണ്‍ നോര്‍ത്ത് എംപി ആയിയും പ്രവര്‍ത്തിച്ചു വന്ന കോര്‍ബിന്‍ തൊണ്ണൂറുകളുടെ തുടക്കം മുതല്‍ 2010 വരെ  ടോണി ബ്ലയറിന്റെയും ഗോര്‍ഡന്‍ ബ്രൗണിന്റെയും കൈപ്പിടിയിലായിരുന്ന നവലേബര്‍ നേതൃത്വവുമായി നിരന്തരം കലഹിച്ചും ആരെയും കൂസാതെ മുന്നോട്ടുപോയ ഒരു ബാക്ക് ബെഞ്ച് എംപി ആയിരുന്നു. യുദ്ധങ്ങള്‍ക്കെതിരെയും, പ്രത്യേകിച്ച് ഇറാക്ക് യുദ്ധത്തിനെതിരെയും സ്വകാര്യവല്‍ക്കരണത്തിനെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത കോര്‍ബിന്‍ കാലാകാലങ്ങളില്‍ നേതൃത്വത്തിന് അനഭിമതനായിരുന്നെങ്കിലും ട്രേഡ് യൂണിയന്‍ രംഗത്തെ ജനകീയത നിരന്തരം വിപ്പ് ലംഘിച്ചിട്ടും കടുത്ത നടപടികളിലേക്കുകടക്കാതിരിക്കാന്‍ പാര്‍ട്ടിക്ക് വിലങ്ങുതടിയായി.

2015 ല്‍ ലേബര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വെറും 35 എംപി മാരുടെ പിന്തുണയോടെ മത്സരത്തിനിറങ്ങുമ്പോള്‍ ഈ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ആരും സാധ്യത കല്പിച്ചിരുന്നില്ല.ആദ്യ പാദ  ഫലം വന്നപ്പോള്‍ അറുപതുശതമാനത്തോളം വോട്ടോടെ അദ്ദേഹം മുന്നിലെത്തി.അവിടെയും ഇടതുപക്ഷ ട്രേഡ്‌യൂണിയനായിരുന്നു കോര്‍ബിനെ സഹായിച്ചത്. ബ്രിട്ടന്‍ യൂറോപ്പ്യന്‍ യൂണിയനില്‍ തുടരണം എന്ന നിലപാടാണ് 2016 ലെ ബ്രെക്സിറ്റ്‌ റെഫറണ്ടത്തില്‍ കോര്‍ബിന്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ നിലപാട് പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടിയിലെ വലതുപക്ഷ ഗ്രൂപ്പ് അവിശ്വാസവുമായി രംഗത്തെത്തി വെറും നാല്പത്തിയാറ്‌ എംപി മാര്‍ മാത്രമാണ് കോര്‍ബിന്‍ പിന്തുണച്ചത്. സമ്മര്‍ദ്ദം കൂട്ടാന്‍ അദ്ദേഹത്തിന്റെ ഷാഡോ ക്യാബിനെറ്റില്‍നിന്നും മൂന്നില്‍ രണ്ട് ആള്‍ക്കാരും രാജിവച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നടന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അറുപത്തിരണ്ട്‌ ശതമാനം എന്ന റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വീണ്ടും നേതാവായി തിരഞ്ഞെടുക്കപ്പെട്ടു.

ജെര്‍മി കോര്‍ബിന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെയ്ദിന റാ‍ലിയില്‍ജെര്‍മി കോര്‍ബിന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മെയ്ദിന റാ‍ലിയില്‍

തെരേസ മെയ് ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് കോര്‍ബിന്റെ പൊതു സമൂഹത്തിലെ പിന്തുണ വെറും ഇരുപതു ശതമാനത്തിനുമുകളില്‍ മാത്രമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയും. ലണ്ടനും സ്കോട്ട്ലാന്‍ഡും ബ്രെക്സിറ്റിനെ എതിര്‍ത്തപ്പോള്‍ ഗ്രാമപ്രദേശങ്ങളും ചെറുപട്ടണങ്ങളും ബ്രെക്സിറ്റിനൊപ്പമായിരുന്നു. ചെറുപാര്‍ട്ടികളും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയും ദുര്‍ബലമായി എന്നതും തെരേസ മെയ്‌ക്ക്‌ അമിത ആത്മവിശ്വാസം നല്‍കി. 2015 ലെ തിരഞ്ഞെടുപ്പിലെ ലേബര്‍ വോട്ട് മുപ്പതു ശതമാനം ആയിരുന്നു.അതിനാല്‍ തന്നെ ഒരു അനായാസവിജയമാണ് ഏഴ് ആഴ്ചകള്‍ക്കപ്പുറം തെരേസ മെയ് സ്വപ്നം കണ്ടത്. തുടക്കത്തില്‍ ഞാന്‍, എന്റെ എന്ന പ്രയോഗങ്ങള്‍ മാത്രമായിരുന്നു അടുത്ത മാര്‍ഗരററ് താച്ചറാവാന്‍ കച്ചകെട്ടിയിറങ്ങിയ അവരുടെ പ്രസംഗങ്ങളില്‍ ഉടനീളം, എന്നാല്‍ അവസാനഘട്ടത്തില്‍ നമ്മള്‍ കോണ്‍സെര്‍വേറ്റീവ് പാര്‍ട്ടി എന്ന് പറഞ്ഞുതുടങ്ങാന്‍ അവര്‍ നിര്‍ബന്ധിതയായി. ബ്രിട്ടന് അനുകൂലമായ ബ്രെക്സിറ്റ്‌ നിബന്ധനകള്‍ വാദിച്ചു ജയിക്കാന്‍ സുസ്ഥിര ഗവണ്‍മ​​​െന്‍റ്​ എന്നതായിരുന്നു ടോറികളുടെ (കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിക്കാരുടെ വിളിപ്പേരാണത്)  മുദ്രാവാക്യം. അതുമാത്രമാണ് അവര്‍ തുടക്കം മുതല്‍ ഒടുക്കം വരെ ഉയര്‍ത്തിപ്പിടിച്ചത്. 

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത ലേബറിന്റെ മുന്നേറ്റമാണ്തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് അടുത്ത ആഴ്ചമുതല്‍ ബ്രിട്ടന്‍ കണ്ടത്. ഏറ്റവും പ്രധാനം അവരുടെ സുവ്യക്ത പ്രകടനപത്രികയായിരുന്നു. |സാധാരണ ജനവിഭാഗം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന NHS (നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്) നെ സ്വകാര്യവതക്​രിക്കില്ല എന്നതായിരുന്നു പ്രധാന വാഗ്ദാനം, അവര്‍ക്കുകൂടുതല്‍ ഫണ്ടും വാഗ്ദാനം ചെയ്തു. കൂടാതെ മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ സ്വകാര്യവത്​കരിച്ച റെയില്‍വേ  അടക്കമുള്ളവ പൊതു ഗതാഗതസംവിധാനം തിരിച്ചുപിടിക്കുമെന്നും.  ഏകദേശം മുപ്പതിനായിരം പൗണ്ടോളം ചെലവ് വരുന്ന യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന ഒറ്റ വാഗ്ദാനം മതിയായിരുന്നു  നാലുലക്ഷത്തിനാല്‍പ്പത്തിനായിരം വരുന്ന പുതിയ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷത്തേയും കീശയിലാക്കാന്‍. പവര്‍ ബ്രോക്കര്‍മാര്‍ക്കും കോര്‍പ്പറേറ്റ് മേഖലയ്ക്കും വാരിക്കോരിക്കൊടുക്കുന്ന സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിക്കുന്നു എന്ന ബോധം ജനിപ്പിക്കാന്‍ ലേബര്‍ പ്രചാരണത്തിനുകഴിഞ്ഞു . ധനികര്‍ കൂടുതല്‍ ധനികരാകുകയും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരാകുകയും ചെയ്യുന്ന നവലിബറല്‍ സാമ്പത്തികനയം ജനം തിരിച്ചറിയുന്ന തരത്തിലായിരുന്നു ലേബര്‍ പ്രചാരണങ്ങള്‍. ഒന്നരപതിറ്റാണ്ടായി  ശമ്പളവര്‍ദ്ധനവില്ലാതെ പണിയെടുക്കുന്ന പൊതുമേഖല തൊഴിലാളികള്‍ക്ക് അമിതമായി കുതിച്ചുയര്‍ന്ന  ജീവിതച്ചിലവുകളുമായി താരതമ്യം ചെയ്തുപഠിക്കാന്‍ ഒരു രേഖയുടെയും ആവശ്യം ഉണ്ടായിരുന്നില്ല. ഇതിനൊക്കെ കൃത്യമായി എവിടെനിന്നു പണം കണ്ടെത്തുമെന്നും കോര്‍ബിന്‍ വ്യക്തമാക്കി .എണ്‍പതിനായിരം പൗണ്ടിനുമുകളില്‍ വരുമാനമുള്ളവര്‍ക്ക് അതിനുമുകളിലുള്ള തുകയ്ക്ക് 45 ശതമാനവും 123000 പൗണ്ടിനുമുകളില്‍ വരുമാനമുള്ളവരുടെ അധിക വരുമാനത്തിന് 50 ശതമാനവും ടാക്സ് ഏര്‍പ്പെടുത്താനായിരുന്നു നീക്കം. ധനികരുടെ ഉറക്കം എത്രത്തോളം നഷ്ടപ്പെട്ടുകാണും എന്ന് നമുക്കൂഹിക്കാമല്ലോ.

അനാവശ്യമായ പക്ഷംചേരലിലൂടെയുള്ള വികലമായ വിദേശനയത്തിനു കോര്‍ബിന്‍ പണ്ടേ എതിരായിരുന്നു. അതില്‍ നിന്നുണ്ടായ അരക്ഷിതാവസ്ഥ, ബ്രെക്സിറ്റിലേക്ക് വരെ എത്തിച്ച സിറിയന്‍  അഭയാര്‍ത്ഥികളുടെതടക്കമുള്ള അഭയാര്‍ഥി പ്രശ്നം, തുടര്‍ച്ചയായ ഭീകര ആക്രമണങ്ങള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടെ ഉണ്ടായ മാഞ്ചസ്റ്റര്‍ ആക്രമണവും തുടര്‍ന്നുണ്ടായ ലണ്ടന്‍ ആക്രമണവും ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന, കുടിയേറ്റ നയങ്ങളില്‍ കര്‍ക്കശ സ്വഭാവം പുലര്‍ത്തുന്ന  ടോറികള്‍ക്ക് ഒട്ടൊന്നുമല്ല ഗുണം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഡേവിഡ് കാമറോണ്‍ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന തെരേസ മെയ്ആണ് ആയിരം സായുധ പോലീസുകാരടക്കം ഇരുപതിനായിരം ഉദ്യോഗസ്ഥരെ വെട്ടിക്കുറച്ചത് എന്ന വസ്തുത സമര്‍ഥമായി  കോര്‍ബിന്‍ ഓര്‍മിപ്പിച്ചു.

മറ്റുചെറുപാര്‍ട്ടികള്‍ ക്ഷയിച്ചതാണ് ടോറികളുടെ ജയത്തിന്റെ പ്രധാന കാരണം. പ്രധാനമായും സ്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി അവര്‍ 54 ഇത് നിന്നും 35 അഞ്ചിലെത്തി. യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിക്ക് ഒരുസീറ്റും നേടാനായില്ല.ബ്രെക്സിറ്റിനെ തുടര്‍ന്ന് സാമ്പത്തിക മേഖലഉലഞ്ഞുനില്‍ക്കുമ്പോഴാണ് ബ്രിട്ടന്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. തൂക്കുമന്ത്രിസഭ സ്ഥിതി വീണ്ടും മോശമാക്കും.  പുതിയ സാഹചര്യത്തില്‍ ബ്രെക്സിറ്റ്‌ വിലപേശലിനുള്ള ബ്രിട്ട​​​​ന്റെ  ശക്തി കുറയും. ശക്തമായ പ്രതിപക്ഷം ടോറികള്‍ക്ക് നിരന്തരം തലവേദന സൃഷ്ടിക്കുമെന്നും ഉറപ്പ്. ടോറികള്‍ മുന്‍പ് പ്രഖ്യാപിച്ചപോലെ NHS സ്വകാര്യവത്​കരിച്ചാല്‍ ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്ന മലയാളികളെ അത്​ ദോഷകരമായി ബാധിക്കും.

ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. കോര്‍ബിനു പിന്തുണ പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ സിപിഐ എം ഘടകമായ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റും, ഇടതുപക്ഷ മലയാളികളുടെ സാംസ്കാരിക കൂട്ടായ്മയായ സമീക്ഷയും ലേബര്‍ പാര്‍ട്ടിയുടെ ഇത്തവണത്തെ ഇലക്ഷന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു.

എന്തായാലും യൂറോപ്പില്‍ ഒരു ചുവന്ന താരോദയം തന്നെയാണ് ജെര്‍മി കോര്‍ബിന്‍. രണ്ടുമാസംകൊണ്ട്  ലോകം കാതോര്‍ക്കുന്ന ഒരു ഇടതുപക്ഷക്കാരനായി അദ്ദേഹത്തെ സമൂഹം പ്രതിഷ്ഠിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഒരു തരത്തില്‍ ഈ തിരഞ്ഞെടുപ്പിലെ വിജയി കാരണം NHS സ്വകാര്യവല്‍ക്കരിക്കാതെ കൂടുതല്‍ ഫണ്ട് ലഭ്യമാക്കാന്‍, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ഫ്രീയാക്കികൊടുക്കാന്‍, റെയില്‍വേ തിരിച്ചു പിടിക്കാന്‍, പാവപ്പെട്ട തൊഴിലാളിക്ക് ശമ്പളവര്‍ദ്ധനവിന് വഴികളുണ്ടെന്ന് കണക്കുകള്‍ സഹിതം ജനങ്ങളെ മനസ്സിലാക്കിയിരിക്കുകയാണ് ജെര്‍മി കോര്‍ബിന്‍.