16 October Tuesday

ബാബ്‌റിമസ്ജിദും ഹിന്ദുത്വ ഫാസിസ്റ്റ് ഭീഷണിക്കെതിരായ പ്രതിരോധവും

കെ.ടി.കുഞ്ഞിക്കണ്ണന്‍Updated: Tuesday Dec 5, 2017

ചരിത്രപ്രസിദ്ധമായ അയോധ്യയിലെ ബാബ്‌റിമസ്ജിദ് തകര്‍ച്ചക്കുശേഷം രാജ്യം 25 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതുപോലൊരു ഡിസംബര്‍ 6നാണ് മതാന്ധരായ ഒരാള്‍ക്കൂട്ടം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ബാബ്‌റിമസ്ജിദ് തകര്‍ക്കുന്നത്. ബാബ്‌റിമസ്ജിദിന്റെ തകര്‍ന്നുപോയ 3 കുംഭഗോപുരങ്ങള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളായിരുന്നു. രാജ്യത്തെ വര്‍ഗീയവല്‍ക്കരിച്ച് ബ്രിട്ടീഷ് അധികാരം നിലനിര്‍ത്താനുള്ള ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളൊണിയല്‍ തന്ത്രങ്ങളിലാണല്ലോ ബാബ്‌റിമസ്ജിദ് തര്‍ക്കപ്രശ്‌നമാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിക്കുക ഭരിക്കുക എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നത്. ഹിന്ദുക്കളും മുസല്‍മാന്‍മാരും തോളോടുതോള്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ എതിര്‍ത്ത മണ്ണാണ് അയോധ്യയുടേത്.

ഹിന്ദുത്വത്തിന്റെ പിതാവായ സവര്‍ക്കര്‍ വര്‍ഗീയവാദിയാകുന്നതിനുമുമ്പ് എഴുതിയ '1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം' എന്ന പുസ്തകത്തില്‍ ചാള്‍സ്ബാളിനെ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നതുനോക്കൂ; 'അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്ത്രില്‍ തന്നെ വിരളമാണ്.' സവര്‍ക്കറുടെ ഈ വിലയിരുത്തല്‍ പോലെതന്നെയാണ് ജോര്‍ജ്ജ് ഡബ്ലിയൂ ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസല്‍മാന്‍ ഐക്യത്തെ വിലയിരുത്തിയത്. 'ബ്രാഹ്മണരും ശ്രൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ല.'

കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തില്‍ മതവിഭജനത്തിനുള്ള ആശയപരിസരം രൂപപ്പെട്ടത്. ബാബ്‌റിമസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്ക് അതിനുള്ള പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ കേന്ദ്രങ്ങളും ഹിന്ദുത്വവാദത്തിന് വെള്ളവും വളവും നല്‍കിയതിലൂടെയാണ് അത് ഇന്ന് ഹിംസാത്മകമായി വളര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ദേശീയസ്വത്വത്തിനും പരമാധികാരത്തിനും ഭീഷണിയായി സംഘപരിവാര്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുകയാണ്.

എല്ലാ മഹല്ലുകളും മന്ദിറുകളാണെന്ന് വാദിക്കുകയും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് മോഡി ഭരണത്തിന്റെ തണലില്‍ സംഘപരിവാര്‍ സംഘടനകള്‍. ഏറ്റവും ഒടുവിലായി ചരിത്രപ്രസിദ്ധമായ താജ്മഹല്‍ അഗ്രേശ്വര തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്ന് വാദിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഹീനമായ ശ്രമമാണ് സംഘപരിവാര്‍ നടത്തിയത്. തന്റെ പ്രണയിനി മുംതാസിന്റെ സ്മരണക്കായ് ഷാജഹാന്‍ ചക്രവര്‍ത്തി പണിത താജ്മഹല്‍ സപ്താത്ഭുതങ്ങളിലൊന്നാണ്. പ്രണയത്തിന്റെ നിത്യസ്മാരകത്തെ തര്‍ക്കഭൂമിയാക്കി കലാപമുണ്ടാക്കാന്‍ നോക്കുകയാണ് ആര്‍.എസ്.എസുകാര്‍.

പശുവിന്റെ പേരില്‍ മാത്രം കഴിഞ്ഞ മൂന്നര വര്‍ഷക്കാലത്തിനിടയില്‍ 29 പച്ചപ്പാവങ്ങളെയാണ് ഗോരക്ഷാസേന എന്നപേരില്‍ ആര്‍.എസ്.എസ് രൂപം കൊടുത്ത വര്‍ഗീയ ഗുണ്ടാസംഘങ്ങള്‍ കൊലപ്പെടുത്തിയത്. പ്രണയത്തിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും എല്ലാം പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ചരിത്രത്തെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും മതവര്‍ഗീയ അടിസ്ഥാനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്താണ് ഹിന്ദുത്വവാദികള്‍ സംസ്‌കാര സംഘര്‍ഷത്തിന്റെ കൊലക്കളമാക്കി നാടിനെ അധപതിപ്പിക്കാന്‍ നോക്കുന്നത്.

വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തിലധിഷ്ഠിതമായ സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം കൊളോണിയല്‍ സൃഷ്ടിയാണ്. 1813ല്‍ ബാബര്‍നാമയുടെ പരിഭാഷനിര്‍വഹിച്ച ജോലെയ്ഡന്‍ ബാബറുടെ അയോധ്യയിലൂടെയുള്ള കടന്നുപോക്കിനെ സംബന്ധിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അയോധ്യയുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 1949ല്‍ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയതും പള്ളി തര്‍ക്കഭൂമിയാക്കി അടച്ചുപൂട്ടിയതും സംഘപരിവാറും മൃദുഹിന്ദുത്വവാദികളും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ്. 1980കളോടെ നമ്മുടെ രാജ്യത്താരംഭിച്ച നവലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയിലാണ് ബാബ്‌റിമസ്ജിദ് പ്രശ്‌നവല്‍ക്കരിക്കപ്പെടുന്നത്.

 വാഷിംഗ്ടണില്‍ നടന്ന വിശാലഹിന്ദുസമ്മേളനം 3000 ആരാധനാലയങ്ങള്‍ തര്‍ക്കഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വഹിന്ദുപരിഷത്ത് അടിയന്തിരമായി ക്ഷേത്രങ്ങള്‍ പൊളിച്ചുപണിത 144 പള്ളികള്‍ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചു. അതിലാദ്യത്തേതായിരുന്നു അയോധ്യ. ധര്‍മ്മസ്ഥാന്‍ മുക്തിയജ്ഞസമിതിയും അതിന്റെ ഭാഗമായി രാമജന്മഭൂമി മുക്തിയജ്ഞസമിതിയും രൂപീകരിച്ചു. 1986 മാര്‍ച്ച് 9 രാമജന്മഭൂമിയുടെ വിമോചനമായി പ്രഖ്യാപിച്ചുകൊണ്ട് വി.എച്.പി അക്രമാസക്തമായ വര്‍ഗീയവല്‍ക്കരണത്തിന് തീകൊടുക്കുകയായിരുന്നു. 1992 ഡിസംബര്‍ 6ന് മസ്ജിദ് പൊളിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെയാണ് സംഘപരിവാര്‍ തീകൊളുത്തിയത്.

 രാമജന്മഭൂമി പ്രസ്ഥാനം ഹിന്ദുരാഷ്ട്രനിര്‍മ്മിതിക്കുള്ള പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ മതധ്രുവീകരണമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുത്. രാമജന്മഭൂമി ക്യാമ്പയിനിലൂടെ വളര്‍ത്തിയെടുത്ത വര്‍ഗീയധ്രുവീകരണത്തിലൂടെയാണ് സംഘപരിവാര്‍ ഇന്ന് ദേശീയാധികാരം കയ്യടക്കിയിരിക്കുന്നത്. ആര്‍.എസ്.എസും സംഘപരിവാര്‍ സംഘടനകളും അതിന്റെ ജന്മകാലം മുതല്‍ തന്നെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരായിരുന്നു. മതരാഷ്ട്രം ലക്ഷ്യംവെച്ച അവര്‍ ആധുനിക മതനിരപേക്ഷ ജനാധിപത്യസങ്കല്‍പങ്ങളെയാകെ നിരാകരിക്കുന്ന ഫാസിസത്തിന്റെ ഇന്ത്യന്‍ കാലാള്‍പ്പടയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച നാളുകളില്‍ അതംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയ്യാറായിരുന്നില്ല. ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ മനുസ്മൃതിയെ അടിസ്ഥാനമായെടുക്കാത്ത ഇന്ത്യന്‍ ഭരണഘടനയെ അഭാരതീയമെന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു.

ഇന്നിപ്പോള്‍ ദേശീയാധികാരം കയ്യാളുന്ന നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് എടുത്തുമാറ്റണമൊണല്ലോ വാദിക്കുന്നത്. 1998ല്‍ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ആര്‍.എസ്.എസ് നിര്‍ദ്ദേശം അനുസരിച്ച് ഭരണഘടനാ റിവ്യൂകമ്മറ്റി രൂപീകരിച്ചിരുന്നല്ലോ. ഭരണഘടനാശില്പിയായ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായിട്ടാണല്ലോ പാര്‍ലമെന്റില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച നടന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന വാക്ക് മാറ്റണമെന്നും അതിന് പകരമായി മറ്റൊരു വാക്ക് കണ്ടെത്തണമെന്നും വാദിക്കുകയായിരുന്നല്ലോ.

ആധുനിക ഇന്ത്യ രൂപപ്പെട്ട കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ നിന്ന് വിട്ടുനിന്നവര്‍ മാത്രമല്ല ഹിന്ദുമഹാസഭക്കാരും ആര്‍.എസ്.എസുകാരും അതിനെ ഒറ്റിക്കൊടുത്തവര്‍ കൂടിയാണ്. അവരുടെ ചരിത്രവും പ്രത്യയശാസ്ത്രവും രാജ്യദ്രോഹത്തിന്റേതാണ്. കടുത്ത ദേശീയത പറഞ്ഞ് രാജ്യത്തെ അപദേശീയവല്‍ക്കരിക്കുയാണ് മോഡി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യാനന്തരം നാം കൈവരിച്ച പരമാധികാരത്തിന്റെയും സ്വാശ്രയത്വത്തിന്റെയും അടിസ്ഥാനങ്ങളെതന്നെ ഇല്ലാതാക്കുകയാണ് മോഡി സര്‍ക്കാര്‍. പൊതുമേഖല പൊളിച്ചുവിറ്റും തന്ത്രപ്രധാനമായ രാജ്യരക്ഷ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും 100% വരെ നേരിട്ടുള്ള വിദേശമൂലധന നിക്ഷേപം അനുവദിച്ചും ഇന്ത്യയുടെ ദേശീയ പരമാധികാരത്തെ തകര്‍ക്കുകയാണ്.

 സ്വാശ്രയത്വത്തെ കൈയൊഴിഞ്ഞ് അമേരിക്കന്‍ മൂലധനത്തിന്റെ നവകോളനിയാക്കുകയാണ്. അതിന്റെ ഭാഗമാണ് വര്‍ഗീയവല്‍ക്കരണവും ഫാസിസ്റ്റ് നടപടികളും എന്ന കാര്യമാണ് പലരും കാണാതെ പോകുന്നത്.മോഡി അധികാരത്തില്‍ വന്നതിനുശേഷം റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്ത പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തിലെ സെക്യുലര്‍ സോഷ്യലിസ്റ്റ്  വാക്കുകള്‍ ഒഴിവാക്കുകയായിരുന്നല്ലോ. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും പൗരജീവിതത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ നിന്നും ഒഴിവാക്കിനിര്‍ത്തുകയും എല്ലാമതങ്ങള്‍ക്കും വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്കും പ്രചാരണത്തിനും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് മതനിരപേക്ഷത. ഇത് മതരാഷ്ട്രവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇന്ത്യപോലൊരു ബഹുമതസമൂഹത്തിനകത്ത് വ്യത്യസ്തമതങ്ങളിലും സംസ്‌കാരങ്ങളിലുപെട്ട ജനസമൂഹങ്ങള്‍ക്ക് ഒരു രാഷ്ട്രമായി, ഒരു ജനതയായി ജീവിക്കാനുള്ള സ്വതന്ത്രവും നിര്‍ഭയവുമായ സാഹചര്യമാണ് ഭരണഘടനയിലെ മതനിരപേക്ഷത ഉറപ്പുവരുത്തുന്നത്.
 
സംഘപരിവാര്‍ സാംസ്‌കാരികദേശീയതയുടെ ഏകത്വത്തിലേക്ക് ഇന്ത്യന്‍സമൂഹത്തിലെ വൈവിധ്യങ്ങളെയാകെ ബലംപ്രയോഗിച്ച് വിലയിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ്. അവരുടെ ഏകശിലാഖണ്ഡമായ സമാജസങ്കല്‍പത്തിന് തടസ്സമായിരിക്കുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയാണ്. ഏതുമാര്‍ഗവും ഉപയോഗിച്ച് മതനിരപേക്ഷതയെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും പൗരജീവിതത്തെ നിര്‍ണയിക്കുന്ന ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റാനാണ് സംഘപരിവാര്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്.

ബാബ്‌റിമസ്ജിദിന്റെ ഈ 25ാം വര്‍ഷികദിനമാവശ്യപ്പെടുന്നത്, അസഹിഷ്ണുതയുടെയും മതനിരപേക്ഷതയുടെ നിരാകരണത്തിന്റേതുമായ ഹിന്ദുത്വഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ത്യന്‍ സമൂഹത്തിന്റെ യോജിച്ച പോരാട്ടമാണ്. കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വവും ചേര്‍ന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടം. നവലിബറല്‍ നയങ്ങളും വര്‍ഗീയതയും തമ്മിലുള്ള ബന്ധത്തെ കാണാത്തവരാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ടതുണ്ട്.

കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്ലാ കാലത്തും പരസ്യവും രഹസ്യവുമായി ഹിന്ദുവര്‍ഗീയവാദികളുമായി ബന്ധം പുലര്‍ത്തിപ്പോന്നിട്ടുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും ഒരര്‍ത്ഥത്തില്‍ വേരുറപ്പിച്ചിരിക്കുന്നത് ഒരേ സാമൂഹ്യസാമ്പത്തിക ശക്തികളിലാണ്. ആര്‍.എസ്.എസിന്റെ സാംസ്‌കാരിക ശക്തിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ശക്തിയും ഒന്നിച്ചുചേരണമെന്നാണ് ഗോള്‍വാള്‍ക്കര്‍ സ്വപ്നം കണ്ടിരുന്നത്. ഗോള്‍വാള്‍ക്കറുടെ ഈ രഹസ്യസ്വപ്നം കോണ്‍ഗ്രസിലെ ഒരു വിഭാഗം എന്നും പങ്കിട്ടുപോന്നിട്ടുണ്ട്. നെഹ്‌റു ജീവിച്ചിരുന്ന കാലത്തുപോലും കോണ്‍ഗ്രസിലെ ഹിന്ദുത്വവാദികള്‍ ആര്‍.എസ്.എസ് അജണ്ടക്ക് എന്നും കൂട്ടുനിന്നിട്ടുണ്ട്. ബാബ്‌റിമസ്ജിദ് പ്രശ്‌നം അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്.
 

1949 ഡിസംബര്‍ 22ന് അര്‍ധരാത്രിയാണ് ബാബ്‌റിമസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഹിന്ദുമഹാസഭക്കാര്‍ ഒളിച്ചുകടത്തി സ്ഥാപിച്ചത്. അതിന് നേതൃത്വം കൊടുത്തത് ഹിന്ദുമഹാസഭാ നേതാക്കളായ ബാബാരാഘവദാസ്, ദിഗ്‌വിജയനാഥ്, സ്വാമി കര്‍പത്‌നി എന്നിവരായിരുന്നു. വിഗ്രഹം ഒളിച്ചു കടത്തി സ്ഥാപിച്ചവര്‍ പള്ളിക്കകത്ത് രാമവിഗ്രഹം സ്വയംഭൂവായെ് നുണപ്രചരണം നടത്തുകയായിരുന്നു. അന്നത്തെ യു.പി സര്‍ക്കാരിനോട് ഒളിച്ചുകടത്തിയ വിഗ്രഹം നീക്കം ചെയ്യാന്‍ നെഹ്‌റു ആവശ്യപ്പെട്ടതാണ്. പള്ളിക്കകത്തെ വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയിലേക്ക് എറിഞ്ഞുകളയാനാണ് അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ്‌വല്ലഭ് പന്തിന് നിര്‍ദ്ദേശം നല്‍കിയത്. പക്ഷെ ഹിന്ദുമഹാസഭക്കാരന്‍ കൂടിയായ ഗോവിന്ദ്‌വല്ലഭ് പന്ത് ഫൈസാബാദ് ജില്ലാകലക്ടറായിരുന്ന കെ.കെ.നായരുടെ സഹായത്തോടുകൂടി പള്ളിക്കകത്തെ വിഗ്രഹങ്ങള്‍ നിലനിര്‍ത്തി പള്ളി തര്‍ക്കഭൂമിയാണെ് ഉത്തരവിറക്കി പൂട്ടിയിടുകയാണ് ചെയ്തത്.

ഈ ഹിന്ദുത്വാനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.പിയായിരുന്ന ആചാര്യ നരേന്ദ്രദേവ് രാജിവെച്ചത്. പിന്നീട് ഫൈസാബാദ് പാര്‍ലിമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ടിയുടെ പിന്തുണയോടെ ആചാര്യ നരേന്ദ്രദേവ് മത്സരിച്ചു. അദ്ദേഹത്തെ തോല്‍പിക്കാനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത് പള്ളിക്കകത്ത് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭക്കാരനായ ബാബാരാഘവദാസ് എന്ന സന്യാസിയായിരുന്നു. ബാബ്‌റിമസ്ജിദിന്റെ തകര്‍ച്ചയിലുടനീളം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ ബാന്ധവങ്ങളുടെയും ഉപജാപങ്ങളുടെയും ചരിത്രം കാണാം.

 1986ല്‍ തര്‍ക്കഭൂമിയായ പള്ളി ഒരു കീഴ്‌ക്കോടതിവിധിയെ നിമിത്തമാക്കി ഹിന്ദുത്വവാദികള്‍ക്ക് തുറന്നുകൊടുത്തത് രാജീവ്ഗാന്ധിയും എന്‍.ഡി.തിവാരിയുമായിരുന്നു. പിന്നീട് ശിലാന്യാസത്തിന് അനുവാദം കൊടുത്തത് അവര്‍ തന്നെ. പാര്‍ലിമെന്റിന്റെയും ദേശീയ ഉദ്ഗ്രഥന സമിതിയുടെയും സുപ്രീംകോടതിയുടെയും കര്‍ശനമായ നിര്‍ദ്ദേശം ഉണ്ടായിട്ടും പള്ളി സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച നരസിംഹറാവു സര്‍ക്കാരാണ് 1992 ഡിസംബര്‍ 6ന് ചരിത്രപ്രസിദ്ധമായ ബാബ്‌റിമസ്ജിദിന്റെ തകര്‍ച്ചക്ക് ഉത്തരവാദിയായത്. പള്ളിതകര്‍ത്തത് ആര്‍.എസ്.എസുകാരാണെങ്കിലും അതിന് ഒത്താശ ചെയ്തുകൊടുത്തത് നരസിംഹറാവു ഗവമെന്റായിരുന്നു. ചരിത്രം വര്‍ത്തമാനത്തെക്കൂടിയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഗോവധ നിരോധനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന നിലപാടുകള്‍ സംഘപരിവാര്‍ നിലപാടുകളെ പിന്‍പറ്റുന്നതാണ്. നവലിബറല്‍ മൂലധനത്തിനും ഹിന്ദുത്വശക്തികള്‍ക്കുമെതിരായ സാമൂഹ്യവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മണ്ഡലങ്ങളില്‍ നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടേ മോഡി സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ ഹിംസാത്മകമായി വളര്‍ന്നിരിക്കുന്ന വര്‍ഗീയഫാസിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാനാവൂ.

ktkozhikode@gmail.com    

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top