21 January Monday

ചരിത്രത്തിലേക്ക് ഓടിക്കയറിയ വില്ലുവണ്ടി

ബാബു കെ പന്മനUpdated: Wednesday May 16, 2018

 യ്യൻകാളിപ്രസ്ഥാനം നേതൃത്വം നൽകിയ കീഴാള നവോത്ഥാന സമരചരിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട വില്ലുവണ്ടിയാത്രയുടെ 125‐ാം വാർഷികമാണ്. അസാധാരണവും സമാനതകളില്ലാത്തതും അതുവരെ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന ഒരു സമരരീതി ചരിത്രത്തിൽ കോറിയിടുകയായിരുന്നു അയ്യൻകാളി. പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അവകാശം മാത്രമല്ല, സംഘടിക്കാനുള്ള അവകാശംകൂടി അടിമകളായി ജീവിച്ചുവന്ന അയിത്തജാതിക്കാർക്കുണ്ടെന്ന പ്രഖ്യാപനംകൂടിയായിരുന്നു അത്. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ സമരവാഹനം അയ്യൻകാളിയുടെ വില്ലുവണ്ടിയാണ്. തിരുവിതാംകൂറിലെ അടിമവർഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമെന്ന് നിരീക്ഷിക്കാവുന്ന ഈ സമരത്തോടെയാണ് നവോത്ഥാനപ്രസ്ഥാനത്തിന്റെ സമരനേതൃത്വത്തിലേക്ക് അയ്യൻകാളി നടന്നുകയറിയത്. 

ജാതി‐ജന്മി നാടുവാഴിത്തത്തിന്റെ ഭീകരതയ‌്ക്കെതിരെ അടിമകളായിരുന്ന അയിത്തജാതിക്കാരുടെ ബഹുജനസമരം നയിച്ച അയ്യൻകാളി ദളിത് വിഭാഗത്തിൽനിന്നുമുള്ള ആദ്യ നിയമസഭാംഗംകൂടിയാണ്. തിരുവിതാംകൂറിലെ അടിമവിഭാഗങ്ങളെ (പറയർ, പുലയർ, കുറവർ, നായാടി) അടിമത്തത്തിനെതിരായ പോരാട്ടത്തിലും മനുഷ്യാവകാശങ്ങൾ നേടിയെടുക്കുന്നതിലുള്ള പ്രക്ഷോഭങ്ങളിലും ഉപജാതി ബോധത്തിനതീതമായി ഒരേമനസ്സോടെ അണിനിരത്താൻ കഴിഞ്ഞുവെന്നതാണ് അയ്യൻകാളിപ്രസ്ഥാനത്തിന്റെ പെരുമ. അയിത്തജാതിയിൽപ്പെട്ടവരൊന്നാകെ സാധുജനമെന്ന വിശാലകാഴ്ചപ്പാടിൽ അയ്യൻകാളിയുടെ പിന്നിൽ അണിനിരന്നു. ജാതികേന്ദ്രിതവും ധനകേന്ദ്രിതവുമായ ഒരു സാമൂഹികഘടനയാണ് 19‐ാംനൂറ്റാണ്ടിലെയും 20‐ാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെയും തിരുവിതാംകൂറിന്റെ പൊതുവ്യവഹാരങ്ങളെ നിയന്ത്രിച്ചിരുന്നത്. ജാതിമേധാവിത്വത്തിന്റെയും ജാത്യാചാരങ്ങളുടെയും മേൽക്കോയ്മകളുടെയും ഉരുക്കുകവചത്താൽ സംരക്ഷിതമായിരുന്ന സാമൂഹികഘടനയ്ക്കുമേൽ വിക്ഷേപിച്ച ഉഗ്രശേഷിയുള്ള രണ്ട് സ്ഫോടകവസ‌്തുക്കളായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയും (1888) അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രയും (1893). തിരുവിതാംകൂറിൽ ഹൈന്ദവസമൂഹത്തിലെ ഭൂരിപക്ഷമായ അവർണരിലും അയിത്തജാതിക്കാരിലും മേൽസംഭവങ്ങൾ സൃഷ്ടിച്ച അനുരണനങ്ങൾ ദൂരവ്യാപക ഫലമുളവാക്കി.  അക്കാലത്ത് പൊതുനിരത്തുകളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നമ്പൂതിരിമാർ, ക്ഷത്രിയർ, അമ്പലവാസികൾ, നായന്മാർ എന്നിങ്ങനെ ഉന്നതകുലജാതരെന്ന് വിശേഷിപ്പിച്ചിരുന്നവർക്കുമാത്രമായിരുന്നു. കീഴ്ജാതിക്കാർക്ക് പൊതുവഴി നിഷേധിക്കപ്പെട്ടു. ജാതിനിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഉറപ്പാക്കി. കർശനമായ ജാതിവഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ സമുദായവും തിരുവിതാംകൂറിൽ ജീവിച്ചിരുന്നത്. കാൽനടയായിരുന്നു പ്രധാന സഞ്ചാരമാർഗം. നാട്ടിടവഴികളിൽനിന്ന‌് അക്കാലത്ത് ഉയർന്നുകേട്ടിരുന്ന  ‘ഹായ്‐ഹാ’ ‘ഹോയ്‐ഹോ’ വിളികൾ കൂരമ്പുകളായിട്ടാണ് അയ്യൻകാളിയുടെയും കൂട്ടരുടെയും കാതുകളിൽ തറച്ചത്. തമ്പുരാൻ എഴുന്നള്ളുന്നുണ്ട് തീണ്ടൽജാതിക്കാരാരെങ്കിലും വഴിയിലുണ്ടെങ്കിൽ ഓടി ഒളിക്കിൻ എന്നാണ് ആദ്യവിളിയുടെ ഉദ്ദേശ്യം. അടിയൻ മാറിക്കൊള്ളാമേ എന്നാണ് അയിത്തജാതിക്കാരുടെ മറുശബ്ദത്തിന്റെ പൊരുൾ.  ‘തീണ്ടാട്ട്’ അഥവാ ‘വിളിയാട്ട്’ എന്നറിയപ്പെട്ടിരുന്ന അർഥശൂന്യമായ ഈ ശബ്ദഘോഷം പതിറ്റാണ്ടുകളോളം നമ്മുടെ പൊതുവഴികളെ മുഖരിതമാക്കി.

ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തുമ്പോൾ അയ്യൻകാളിക്ക് 25 വയസ്സ്. അയിത്തജാതിയിൽപ്പെട്ടവർ തങ്ങളുടെ ആവലാതികൾ ബോധിപ്പിക്കാനും പ്രശ്നപരിഹാരത്തിനുമായി തന്റേടിയും ഊർപിള്ളയെന്ന് പേരെടുത്ത യുവാവുമായിരുന്ന അയ്യൻകാളിയെ തേടിയെത്തി. അയിത്തജാതി യുവാക്കളുടെ ഒരുനിര അദ്ദേഹത്തിന‌് കൂട്ടായി. ഇവർ പിന്നീട് അയ്യൻകാളിപ്പടയെന്ന‌് അറിയപ്പെട്ടു. സംഘടിക്കണമെങ്കിൽ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രാഥമികമെന്ന തിരിച്ചറിവാണ് സഞ്ചാരസ്വാതന്ത്ര്യ പ്രക്ഷോഭം ആരംഭിക്കാനും ‘വിലക്കപ്പെട്ട കനി’ ഭക്ഷിക്കാനും അയ്യൻകാളിയെ പ്രേരിപ്പിച്ചത്.

അയ്യൻകാളിയുടെ വില്ലുവണ്ടിയാത്ര അടിമജാതികൾക്ക് അർഹതപ്പെട്ട പൊതു ഇടങ്ങൾ തിരിച്ചുപിടിക്കാനുള്ള സമരപ്രഖ്യാപനമായിരുന്നു.  ഇതേത്തുടർന്നാണ് ചരിത്രത്തിൽ ചന്തലഹളകളെന്ന‌് രേഖപ്പെടുത്തപ്പെട്ട അവകാശസമരങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് . ആറാലുംമൂട്, നെടുമങ്ങാട്, കണിയാപുരം, കഴക്കൂട്ടം തുടങ്ങി വലുതും ചെറുതുമായ പൊതുചന്തകളിൽ അയിത്തജാതിക്കാർക്ക് പ്രവേശനമില്ലായിരുന്നു. കാർഷികവിളകൾക്കും ഫലങ്ങൾക്കും മതിയായ വിലനൽകാതിരിക്കുക, അവ പിടിച്ചുപറിക്കുക, ഇതിനെ ചോദ്യംചെയ്താൽ ചന്തകളിൽ പരസ്യമായി കെട്ടിയിട്ട് ക്രൂരമായി മർദിക്കുക എന്നിങ്ങനെയായിരുന്നു. ഇതിനെതിരെയായിരുന്നു ചന്തലഹളകൾ.

പൊതുസ്ഥലങ്ങളും പൊതുസ്ഥാപനങ്ങളും അയിത്തജാതിക്കാർക്കുമുന്നിൽ കൊട്ടിയടയ‌്ക്കപ്പെട്ടപ്പോൾ മനുഷ്യരെന്ന നിലയിൽ അവിടങ്ങളിൽ പ്രവേശനം ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്ന് അയ്യൻകാളി പ്രഖ്യാപിച്ചു. അതിനദ്ദേഹം തെരഞ്ഞെടുത്ത ഉപകരണമാകട്ടെ, വരേണ്യവിഭാഗങ്ങളുടെ അക്കാലത്തെ ആഡംബരവാഹനമായ വില്ലുവണ്ടിയും.
  അയിത്തജാതിക്കാരോടുള്ള സവർണവിഭാഗക്കാരുടെ ദയാരഹിതവും നികൃഷ്ടവുമായ മനോഭാവത്തെ സംഘടിതവും പ്രായോഗികവുമായ മാർഗങ്ങളിലൂടെമാത്രമേ ചെറുക്കാനാകൂ എന്ന തിരിച്ചറിവാണ് അയ്യൻകാളിയെ വില്ലുവണ്ടിയാത്രയ്ക്ക് പ്രേരിപ്പിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഉയർന്ന നിലയും വിലയുമുണ്ടായിരുന്ന സവർണജാതിക്കാർമാത്രമാണ് മഹാരാജാവ് കഴിഞ്ഞാൽ അക്കാലത്ത് വില്ലുവണ്ടി ഉപയോഗിച്ചിരുന്നത്. സവർണർ ആഡംബരത്തിന്റെയും അധികാരത്തിന്റെയും ഭാഗമായി ഉപയോഗിച്ച വില്ലുവണ്ടിയെ അയ്യൻകാളി അവകാശസമരത്തിന്റെ അടയാളമാക്കി മാറ്റി. സവർണധിക്കാരം വിലക്കിയ വഴികളിലൂടെ വെറുതെ സഞ്ചരിക്കുന്നതിനേക്കാൾ വില്ലുവണ്ടിയിലെ സഞ്ചാരം ഉയർത്താവുന്ന അനുരണനങ്ങൾ വലുതായിരിക്കുമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു.

ഒരയിത്തജാതിക്കാരൻ അക്കാലത്ത് ഒരു വില്ലുവണ്ടി സ്വന്തമാക്കുകയും  അതിൽ സഞ്ചരിക്കുകയും ചെയ്യുകയെന്നത് ഉയർന്ന ജാതിക്കാർക്ക് സങ്കൽപ്പിക്കാൻപോലും കഴിയുന്ന കാര്യമല്ല. വെങ്ങാനൂരിൽനിന്ന‌് രണ്ട് വെള്ളക്കാളകളെ പൂട്ടിയ വില്ലുവണ്ടിയിൽ അയ്യൻകാളിയും സഹായി കൊച്ചപ്പിയും ആറാലുംമൂട് ചന്തയിലേക്കും തിരിച്ച് വെങ്ങാനൂരിലേക്കും യാത്രനടത്തി. കുടമണി കുലുക്കി സവർണരെ ഞെട്ടിച്ച ആ വില്ലുവണ്ടി അങ്ങനെ ചരിത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആരോടും ഇരന്നുവാങ്ങേണ്ടതോ ആരെങ്കിലും കൽപ്പിച്ചുതരേണ്ടതോ അല്ലെന്ന ഉറച്ചബോധം അയ്യൻകാളിക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ആ ആഖ്യാനത്തിന് പ്രത്യേക ഭാഷയും ഉപകരണവും അദ്ദേഹം തെരഞ്ഞെടുത്തത്. അയിത്തജാതിക്കാർക്ക് അപ്രാപ്യമായിരുന്ന വില്ലുവണ്ടിയും തലേക്കെട്ടും എളിയിൽ തിരുകിയ കഠാരയും വെള്ളവസ്ത്രവും പ്രതിഷേധത്തിനുള്ള ഉപകരണമാക്കിയതിലൂടെ നവോത്ഥാന സമരചരിത്രത്തിൽ സമാനതകളില്ലാത്ത പ്രക്ഷോഭകാരിയായി അദ്ദേഹം വേറിട്ടുനിൽക്കുന്നു.

അയ്യൻകാളിക്ക് രണ്ടുവയസ്സുള്ളപ്പോഴാണ് 1865ൽ തിരുവിതാംകൂറിലെ ബ്രിട്ടീഷ് നിയന്ത്രിത ഭരണകൂടം എല്ലാ വിഭാഗം ജനങ്ങൾക്കും എല്ലാ പൊതുവഴികളിലൂടെയും ചക്രംവച്ച വാഹനങ്ങൾ ഓടിക്കാൻ അനുമതി നൽകി ഉത്തരവാകുന്നത്. അദ്ദേഹത്തിന് ഏഴുവയസ്സുള്ളപ്പോഴാണ് ‐1870ൽ‐പൊതുവഴികൾ നിരുപാധികമായി ഉപയോഗിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും അനുവദിച്ച് ഉത്തരവിറക്കുന്നത്. അതായത് അയ്യൻകാളി  നടത്തിയ വില്ലുവണ്ടിയാത്ര നിയമത്തിന്റെ പിൻബലമുള്ള പോരാട്ടമായിരുന്നു. ഇന്ന് ദളിത്പീഡനം രാജ്യത്താകമാനം ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിലും ഓരോ ജാതിയുടെ പേരിലും സംഘടനകൾ കൂണുപോലെ മുളച്ചുവരികയും ചെയ്യുമ്പോൾ എല്ലാ അയിത്തജാതിക്കാരെയും ‘സാധുജനം’ എന്നനിലയിൽ സംഘടിപ്പിക്കുകയും അവരുടെ പൊതുവേദിയായി ‘സാധുജനപരിപാലനസംഘം’ സ്ഥാപിക്കുകയും ‘സാധുജനപരിപാലിനി’ എന്ന പത്രം നടത്തുകയും ചെയ്ത തികഞ്ഞ മതനിരപേക്ഷവാദിയായിരുന്ന അയ്യൻകാളിയുടെ പോരാട്ടത്തിനും ഓർമകൾക്കും എന്നും പ്രസക്തിയുണ്ട്.

പ്രധാന വാർത്തകൾ
Top