23 April Monday

അമേരിക്കയുടെ സിറിയന്‍ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഏപ്രില്‍ ഏഴിനാണ് സിറിയന്‍ വ്യോമ താവളത്തിനുനേരെ മിസൈല്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടത്. കിഴക്കന്‍ മധ്യധരണ്യാഴി കടലില്‍ നങ്കൂരമിട്ട രണ്ട് യുദ്ധക്കപ്പലുകളില്‍നിന്ന് സിറിയയിലെ അല്‍-ഷയരാത് വ്യോമ താവളത്തിലേക്ക് 59 തോമഹാക്ക് മിസൈലുകള്‍ വിക്ഷേപിച്ചു. ഈ ആക്രമണത്തില്‍ ആറു സിറിയന്‍ എയര്‍ഫോഴ്സ് ജീവനക്കാര്‍ കൊല്ലപ്പെട്ടു. ചില വിമാനങ്ങളും നശിച്ചു.

ഇദീലിബ് പ്രവിശ്യയിലെ ഖാന്‍ ഷെയ്ഖും നഗരത്തില്‍ സിറിയന്‍ വ്യോമസേന സരിന്‍ വാതകമെന്ന രാസായുധം പ്രയോഗിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം.

അല്‍ഖയ്ദയുമായി ബന്ധമുള്ള അല്‍ഷാം തീവ്രവാദികളുടെ നിയന്ത്രണത്തിലുള്ള നഗരമാണിത്. കുട്ടികള്‍ ഉള്‍പ്പെടെ 70 പേര്‍ രാസായുധാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ്  റിപ്പോര്‍ട്ട്. സിറിയന്‍ സര്‍ക്കാരാണ് രാസായുധ പ്രയോഗം നടത്തിയതെന്ന വിമതരുടെ അവകാശവാദം അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികള്‍ അതേപടി അംഗീകരിച്ചു.

അന്താരാഷ്ട്ര സന്ധിയിലൂടെ സരിന്‍ വാതകം രാസായുധമായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാതകം നഗരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ഹീനകൃത്യമാണ്. ആരാണ് രാസായുധം  ഉപയോഗിച്ചതിന്  ഉത്തരവാദി എന്ന് കണ്ടെത്താന്‍ ഒരന്വേഷണവും നടന്നിട്ടില്ല.

സിറിയന്‍ സര്‍ക്കാരാണ് ഉത്തരവാദിയെന്നാണ് ട്രംപിന്റെ അവകാശവാദം. മാത്രമല്ല തന്റെ പ്രസിഡന്‍സി കാലത്ത് ഒരു പരമാധികാര രാഷ്ട്രത്തിനെതിരെയുള്ള ആദ്യ ആക്രമണത്തിന് ട്രംപ് ഉത്തരവിടുകയും ചെയ്തു. സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുകയെന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പതിവ് ട്രംപും തെറ്റിച്ചില്ല.

തങ്ങളുടെ സൈന്യം രാസായുധം ഉപയോഗിച്ചുവെന്ന വാര്‍ത്ത സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചിട്ടുണ്ട്. വ്യോമാക്രമണത്തിനിടെ വിമതര്‍ ശേഖരിച്ച രാസായുധക്കൂമ്പാരത്തില്‍ ബോംബ് വീണ് വിഷവാതക ചോര്‍ച്ച ഉണ്ടാകാനാണ് കൂടുതല്‍ സാധ്യതയെന്നാണ് സിറിയന്‍ വ്യോമസേനയുടെ വാദം. ഇത് ജനങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്തു.

മാധ്യമങ്ങളും പാശ്ചാത്യ ശക്തികളും കെട്ടിച്ചമച്ച വാര്‍ത്തകള്‍ ഏറെയാണ്. സിറിയന്‍ സര്‍ക്കാരിന്റെ വാദം ഗൌരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. സത്യം കണ്ടെത്തുന്നതിന് സ്വതന്ത്രവും അന്താരാഷ്ട്ര നിലവാരത്തിലുമുള്ള ഒരന്വേഷണം നടക്കണം. 2013 ആഗസ്തിലും സമാന സംഭവം ഉണ്ടായ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അന്ന് ഡമാസ്കസ് നഗരത്തിന്റെ പുറമ്പോക്കിലുള്ള ഗൌട്ടയിലാണ് സരിന്‍ വാതകാക്രമണം ഉണ്ടായത്. അന്നും ഇതിന് ഉത്തരവാദി അസദ് സര്‍ക്കാരാണെന്ന് വിമതരും പാശ്ചാത്യ ശക്തികളും ആക്രോശിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സിറിയക്കുനേരെ ബോംബാക്രമണത്തിന് തുനിഞ്ഞെങ്കിലും പിന്നീട് പിന്‍വാങ്ങി. റഷ്യയുടെയും മറ്റു വികസ്വര രാഷ്ട്രങ്ങളുടെയും ശക്തമായ എതിര്‍പ്പ് പരിഗണിച്ചായിരുന്നു ഈ പിന്മാറ്റം.

അന്ന് അന്വേഷണത്തില്‍ തെളിഞ്ഞത് ഗൌട്ടയിലെ അല്‍ഷാം വിമതര്‍ക്ക് ചില തുര്‍ക്കി അധികൃതര്‍ വഴിയാണ് സരിന്‍ വാതകം ലിഭച്ചതെന്നാണ്. അതേ അല്‍ഷാം വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള നഗരമാണ് ഖാന്‍ ഷെയ്ഖും. അമേരിക്കന്‍ കുറ്റാന്വേഷക പത്രപ്രവര്‍ത്തകനായ സെയ്മൂര്‍ഹെര്‍ഷ് സാഹസികമായി നടത്തിയ അന്വേഷണത്തിന്റെ  വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 2013ലെ ഹീനമായ രാസായുധ  പ്രയോഗത്തിന്റെ യഥാര്‍ത്ഥ പിതൃത്വം ആര്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ഇപ്പോള്‍ നടന്ന രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദാണെന്ന പാശ്ചാത്യ പ്രചാരണം അവിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട്. സൌദി അറേബ്യയും ഖത്തറും തുര്‍ക്കിയും പാശ്ചാത്യ ശക്തികളും പിന്തുണയ്ക്കുന്ന വിമതരുമായുള്ള സൈനിക ഏറ്റുമുട്ടലില്‍ അസദ് സര്‍ക്കാരിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ച ഘട്ടമാണിത്. ഈ സമയത്ത് സ്വന്തം ജനതക്കെതിരെ രാസായുധ ആക്രമണം നടത്തി പാശ്ചാത്യ സൈനിക ഇടപെടല്‍ ക്ഷണിച്ചുവരുത്താന്‍ മാത്രമുള്ള വിഡ്ഢിത്തം സിറിയന്‍ സര്‍ക്കാര്‍ കാണിക്കുമെന്ന് കരുതാനാകില്ല. മാത്രമല്ല 2013 ലെ ഗൌട്ട സംഭവത്തിനുശേഷം യുഎന്‍ രക്ഷാസമിതി പ്രമേയമനുസരിച്ച് യുഎന്‍ മേല്‍നോട്ടത്തില്‍തന്നെ സിറിയ എല്ലാ രാസായുധങ്ങളും നശിപ്പിച്ചിരുന്നു. 2014 ജൂണില്‍തന്നെ യുഎന്നിന്റെ രാസായുധ നിരോധന സംഘടന ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഭരണമാറ്റം ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ സൈനിക ഇടപടലിനെയും ഇറാക്കിലും അഫ്ഗാനിസ്ഥാനിലും വന്‍ തുക ചെലവിടുന്നതിനെയും ഡോണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 2013ല്‍ രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം ഉയര്‍ന്ന വേളയില്‍ സിറിയക്കെതിരെ സൈനികാക്രമണം നടത്തരുതെന്ന മുന്നറിയിപ്പും ട്രംപ് അന്നത്തെ പ്രസിഡന്റ് ഒബാമക്ക് നല്‍കിയിരുന്നു.

എന്നാലിപ്പോള്‍ പ്രസിഡന്റ് ട്രംപ് തീര്‍ത്തും കടകവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങളുടെയും ലിബറല്‍ സാമ്രാജ്യത്വ വാദികളുടെയും നിയന്ത്രണത്തിലുള്ള മുഖ്യപ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് പാര്‍ടിയുടെയും യുദ്ധക്കൊതിയന്മാരുടെയും പിന്തുണ സിറിയന്‍ ആക്രമണ വിഷയത്തില്‍ ട്രംപിന് ലഭിച്ചു. ട്രംപിന്റെ എല്ലാ നയങ്ങളെയും ഇതുവരെ ലോഭമില്ലാതെ വിമര്‍ശിച്ച മാധ്യമങ്ങള്‍ സൈനികാക്രമണത്തിന് സ്തുതിപാടുകയാണിപ്പോള്‍.
നേരത്തെ അമേരിക്ക ഉന്നയിച്ച, അസദിനെ അധികാരത്തില്‍നിന്ന് മാറ്റണമെന്ന ആവശ്യം ട്രംപ് സര്‍ക്കാര്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ആരായാലും അവര്‍ അമേരിക്കന്‍ സാമ്രാജ്യത്വ ആക്രമണത്തിന്റെ താല്‍പര്യമാണ് ഉയര്‍ത്തിപ്പിടിക്കുക. സമാധാന കാംക്ഷിയെന്ന് വിളിക്കപ്പെട്ട പ്രസിഡന്റ് ഒബാമയാണ് ലിബിയക്കെതിരെ വ്യോമാക്രമണം തുടങ്ങിയതും കേണല്‍ ഗദ്ദാഫിയെ അട്ടിമറിച്ചതും. സൌദി അറേബ്യയുടെയും ഖത്തറിന്റെയും സഹായത്തോടെ ഒബാമയാണ് സിറിയന്‍ വിമതരെ ആയുധമണിയിച്ചത്. സേനാപിന്മാറ്റം പ്രഖ്യാപിച്ച ഒബാമതന്നെയാണ് ഇറാക്കിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കൂടുതല്‍ സൈനികരെ അയച്ചത്.

ആഗോള ആധിപത്യം നിലനിര്‍ത്താനായി യുദ്ധത്തിനും ആക്രമണത്തിനുമായി മുറവിളി കൂട്ടുന്ന അമേരിക്ക എന്ന രാഷ്ട്രത്തിന്റെ പൊതുസ്വഭാവം സാമ്രാജ്യത്വ- കുത്തക അധികാരത്തിന്റേതാണെന്ന് സിറിയക്കെതിരായ ആക്രമണം വ്യക്തമാക്കുന്നു. അമേരിക്ക സിറിയയില്‍ ആക്രമണം ശക്തമാക്കിയാല്‍ അതിന്റെ ഗുണം ഐഎസ്ഐഎസ്സിനും മറ്റു ഇസ്ളാമിക തീവ്രവാദികള്‍ക്കുമായിരിക്കുമെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ അസദിന്റെ സഖ്യശക്തികളായ റഷ്യയും ഇറാനും അതനുവദിക്കില്ലെന്ന് ഉറപ്പിക്കാം
 

പ്രധാന വാർത്തകൾ
Top