25 June Monday

കരിമ്പനകളിൽ കാറ്റ് പിടിക്കുമ്പോൾ...

രേണു രാമനാഥ്Updated: Friday May 5, 2017

രേണു രാമനാഥ്

രേണു രാമനാഥ്

ഖസാക്കിന്റെ ഇതിഹാസം നാടകം തസ്രാക്കിലെത്തിയപ്പോള്‍.... രേണു രാമനാഥ് എഴുതുന്നു

ദീപൻ ശിവരാമനും, കെ.എം.കെ. കലാസമിതിയും ചേർന്ന്  ‘ഖസാക്കിന്റെ ഇതിഹാസം,‘ അരങ്ങിലെത്തിച്ച നാൾ മുതൽ ഉയർന്നിരുന്നൊരു ചോദ്യമാണു, ‘എന്നാണു ഖസാക്ക് തസ്രാക്കിലെത്തുന്നത്,‘ എന്ന്.  എന്തിനും അതിന്റെയൊരു സമയമുണ്ടല്ലോ. ‘അതിനോടെ കാലം വരപ്പോ‘ എന്നു  നൈജാമലി മൊഴിഞ്ഞത് ഷെയ്ഖ് തങ്ങളുടെ ഖാലിയാരാവുമെന്നറിയും മുമ്പാണു.

എന്തായാലും, അങ്ങനെ, തസ്രാക്കിന്റെ നാട്ടിൽ  ഖസാക്കിന്റെ കാലം വന്നു. ‘ഇതിഹാസം,‘ പാലക്കാട്ടിന്റെ മണ്ണിലെത്തി. എത്തിയതേ മഴക്കുളിരും കൊണ്ടാണു. നാടകത്തിന്റെ കൂടെയുണ്ട് മഴ, തുടക്കം തൊട്ടേ. പതിനഞ്ച് മിനിട്ടിനുള്ളിൽ മഴയിൽക്കുതിർന്ന് നിലച്ചു പോയ തൃക്കരിപ്പൂർ എടാട്ടുമ്മലെ ആദ്യവേദി മുതൽ. ബാംഗ്ളൂരിൽ ആദ്യ ദിനം മഴയിൽക്കുതിർന്നു പോയി. രണ്ടാം ദിവസം, വെള്ളം അടിച്ചു കളഞ്ഞ് ഉണക്കിയെടുത്ത വേദിയിൽ രാത്രി ഒമ്പതു മണിക്കു നാടകം തുടങ്ങി. ക്ഷമയോടെ കാത്തിരുന്ന കാണികൾക്കു മുന്നിൽ. തിരുവനന്തപുരത്തും, എറണാകുളത്തും മഴ മുടങ്ങാതെ പിന്തുടർന്നു. ഇടയ്ക്ക്, അവതരണസ്ഥലത്തേയും, ഇരിപ്പിടങ്ങളേയും മറച്ചു കൊണ്ട് മേൽക്കൂര തീർത്തിടത്തൊന്നും മഴ പെയ്തില്ല.

39. 8 ഡിഗ്രി ഊഷ്മാവിൽ തിളച്ചുകിടന്ന പാലക്കാടൻ മണ്ണിലേക്ക് മഴമേഘങ്ങൾ പെയ്തിറങ്ങിയത് തീർത്തും അപ്രതീക്ഷിതമായായിരുന്നു. പക്ഷെ,  ചൂടിൽ തളർന്ന പാലക്കാട്ടുകാർ മഴയെ ആഹ്ളാദത്തോടെയാണു സ്വീകരിച്ചത്. ‘ദീപന്റെ ഫോട്ടോ ഇവിടെ എല്ലാ വീട്ടിലും വെയ്ക്കണം.‘ ചെറിയ കൂടാരത്തിൽ നിന്ന് ആഞ്ഞടിക്കുന്ന ചാറ്റലിൽ വിറച്ചു കൊണ്ട് ആരോ പറഞ്ഞു. ‘ഇതറിഞ്ഞിരുന്നെങ്കിൽ ഏപ്രിൽ ആദ്യവാരത്തിലേ വെയ്ക്കാമായിരുന്നു,‘ എന്നും.

നാടകത്തില്‍ നിന്ന്

നാടകത്തില്‍ നിന്ന്

ആറരയോടെ മഴ മാറിയപ്പോൾ നാടകം നടത്താൻ ദീപനും സംഘവും തയ്യാറായിരുന്നെങ്കിലും, മഴയിൽക്കുതിർന്ന ഗാലറിയുടെ ഉറപ്പ് പരിശോധിക്കേണ്ടി വരുമെന്നതിനാൽ കളി മാറ്റിവെയ്ക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. മാറ്റിവെച്ച കളി മേയ് 2നു നടത്തുമെന്ന വാഗ്ദാനത്തോടെ.  വേനൽ മഴയുടെ അൺപ്രെഡിക്റ്റബിലിറ്റി തന്നെയായിരുന്നു തസ്രാക്കിന്റെ മണ്ണിൽ നിന്നും നാടകാവതരണം പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെത്താൻ കാരണമായതും. തസ്രാക്കിൽ, ഇപ്പോൾ ഒ.വി. വിജയൻ സ്മാരകമായ പഴയ ഞാറ്റുപുരയ്ക്കടുത്തുള്ള വേനലിൽ ഉണങ്ങിക്കിടക്കുന്ന ഒരു വലിയ പാടമായിരുന്നു അവതരണവേദിയായി സംഘാടകർ ആദ്യം മനസ്സിൽ കണ്ടത്. പക്ഷെ, മഴ പെയ്താൽ വെള്ളം കയറുന്ന ഭൂപ്രകൃതിയും പ്രത്യേകിച്ച് അങ്ങോട്ട് വാഹനങ്ങൾക്ക് കടക്കാനുള്ള ഭാഗത്തെവെള്ളക്കെട്ട് സാദ്ധ്യതകളും തസ്രാക്ക് വേദിയാക്കുന്നതിൽ നിന്ന് അവരെ വിലക്കി. പിന്നെ, വിക്ടോറിയ കോളേജിലാണല്ലോ ഒ.വി. വിജയൻ പഠിച്ചതും. ഗ്രൗണ്ടിൽ  ഒറ്റയ്ക്ക് പടർന്നു പന്തലിച്ചു നിൽക്കുന്ന ‘മുത്തശ്ശിമര‘ത്തെ നോക്കി ദീപൻ ചോദിച്ചു.‘ ഈ മരത്തിനെത്ര പ്രായമായിക്കാണും ? എന്തായാലും, വിജയൻ പഠിക്കുന്ന കാലത്തും ഇതിവിടെ ഉണ്ടായിരുന്നിരിക്കണം, അല്ലെ ?‘

മഴ മൂലം മുടങ്ങിയ ആദ്യദിനത്തിന്റെ പിറ്റേന്ന് തസ്രാക്കിൽ വെച്ച നടക്കാനിരുന്ന സംഘാംഗങ്ങളുമായുള്ള മുഖാമുഖം പരിപാടി മാറ്റിവെച്ചിരുന്നു. എന്നിട്ടും, പരിപാടി മാറ്റിവെച്ചതറിയാതെ, ഞാറ്റുപുരയുടെ പുല്ലു പിടിപ്പിച്ച മുറ്റത്ത് കൂടിനിൽക്കുന്ന ഏതാനും പേരെയാണു പിറ്റേന്ന് അവിടെയെത്തിയപ്പോൾ കണ്ടത്. നോവലിനോടുള്ള ആരാധന കാരണം, ഞാറ്റുപുരക്കടുത്തുള്ള ഒരു വീട് വിൽക്കുന്നതറിഞ്ഞെത്തി, അതു വാങ്ങി, പൊളിച്ചു പണിത്, ‘അപ്പുക്കിളി‘ യെന്നു പേരിട്ട്, അവിടെ ജീവിക്കുന്ന സുകുമാരനെ അവിടെ കണ്ടു. അപ്പുക്കിളിയുടെ യഥാർത്ഥരൂപമെന്നു തസ്രാക്കുകാർ അവകാശപ്പെടുന്ന ഒരു വ്യക്തിയുടെ വീടായിരുന്നത്രെ അത്. എന്തായാലും,  സുകുമാരൻ ജീവിതസായൂജ്യം നേടിയിട്ടുണ്ട്.

നാടകത്തില്‍ നിന്ന്

നാടകത്തില്‍ നിന്ന്

തൊണ്ണൂറുകളിലെ പഠനകാലഘട്ടത്തിൽ തന്നെയാണു തസ്രാക്കിനെ കുറിച്ച് കേട്ടു തുടങ്ങുന്നത്. കോളേജ് കാലങ്ങളിൽ ഞെട്ടിപ്പിച്ച വായനാനുഭവത്തിനു അങ്ങു ദൂരെയെങ്ങോ കിടക്കുന്ന ഒരു യഥാർത്ഥ ഗ്രാമത്തിൽ ഒരു പ്രാഗ് രൂപമുണ്ടെന്ന അറിവ് കുറെ നാൾ വിസ്മയിപ്പിച്ചു. പാലക്കാടും വള്ളുവനാടുമൊക്കെ ഏതോ വിദൂര വിസ്മയങ്ങളായിരുന്ന നാളുകളായിരുന്നു അതൊക്കെ. എന്തായാലും ആ യാത്ര അന്നു നടന്നില്ല. അതിന്റെയും കാലം വരേണ്ടിയിരുന്നല്ലോ. സംഘാംഗങ്ങളുടെ സന്ദർശനം വേണ്ടെന്നു വെച്ചാലും, തസ്രാക്ക് കാണാൻ തന്നെ തീരുമാനിച്ച്, വെയിലിനെ വകവെയ്ക്കാതെ പുറപ്പെട്ടു. ‘ദി ഹിന്ദു‘ വിന്റെ പാലക്കാട് ലേഖകൻ കെ. എ. ഷാജി വഴികാട്ടാൻ കൂട്ടു വന്നു. വെയിൽ തിളച്ചു കിടക്കുന്ന നാട്ടു വഴികൾ. പനകളുടെ എണ്ണം കുറഞ്ഞോ പാലക്കാട് ? ഉവ്വെന്നു ഷാജി സാക്ഷ്യപ്പെടുത്തി. പാലക്കാട്ട് പനകളില്ലാതാവുന്നതിനെ പ്പറ്റി പഠനങ്ങൾ നടന്നിട്ടുണ്ടത്രെ. പനയില്ലാത്ത പാലക്കാട്...

മെയിൻ റോഡിൽ നിന്ന് തസ്രാക്കിലേക്കു തിരിയുന്നിടത്ത്  സാഞ്ചിസ്തൂപത്തിന്റെ മാതൃകയിൽ   കമാനമുണ്ടാക്കി വെച്ചിട്ടുണ്ട്. വീതി കുറഞ്ഞ വഴിയിലൂടെ മുന്നോട്ടു പോകുമ്പോൾ, പാതയോരത്ത് യൂത്ത് കോൺഗ്രസിന്റെ പോസ്റ്റർ ‘ഖസാക്കിലേക്കുള്ള വഴിയിൽ കള്ളുഷാപ്പ് വരാൻ അനുവദിക്കില്ല.‘ അതിനുള്ള മറുപടി കുപ്പുവച്ചൻ പറയുന്നുണ്ടല്ലോയെന്ന് ഓർത്തു. ‘അപ്പഴക്കൂം ആ പെലയാടിമക്കളു മദ്യ നിരോധനം കൊണ്ടു വന്ന് ഷാപ്പൊക്കെയങ്ങട് പൂട്ടിച്ചു.‘ അവതരിപ്പിച്ചിടത്തൊക്കെ കൂട്ടച്ചിരിയും കൈയടിയുമുയർത്തുന്ന ഈ ഡയലോഗ് പക്ഷെ, പലരും കരുതുമ്പോലെ, ‘സമകാലീനവൽക്കരണ‘മല്ല. കുപ്പുവച്ചന്റെ യൗവനമായിരുന്ന സ്വാതന്ത്യപൂർവ്വ ഘട്ടത്തിൽ മദ്രാസ് സംസ്ഥാനത്തിൽ മദ്യനിരോധനം നടപ്പിലാക്കിയിരുന്ന ഒരു സമയമുണ്ടായിരുന്നു. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പാലക്കാടും അങ്ങനെ മദ്യം നിരോധിക്കപ്പെടുകയും, പകരം അവണീശും ചൾപ്പേറ്റും പ്രചാരത്തിൽ വരികയും ചെയ്തു. കുപ്പുവച്ചൻ തൊഴിൽരഹിതനുമായി.

ഞാറ്റുപുരയും പരിസരവും വെടിപ്പാക്കിയിട്ടുണ്ട്.  പണ്ടെന്നോ തുടങ്ങിവെച്ച സ്മാരകപ്പണികൾ പാതി വഴിക്കു മുടങ്ങിക്കിടക്കുകയായിരുന്നു. സ്മാരകസമിതിയുടെ പുതിയ കമ്മറ്റി നിലവിൽ വന്നതിനു ശേഷം കാര്യങ്ങൾ പൊടുന്നനെ നീങ്ങി. പണി പാതിയായിക്കിടന്നിരുന്ന കരിങ്കൽ ശില്പങ്ങൾ മുഴുവനാക്കി സ്ഥാപിച്ചു. ഞാറ്റുപുരയിലെ രണ്ട് ഇടനാഴികളിലൊന്നിൽ, ഒ.വി.വിജയന്റെ  കാർട്ടൂണുകളുടെ ഗാലറി. മറുവശത്ത്, ഫോട്ടോകളുടെ ഗാലറിയും. ഒ.വി. വിജയനെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദർശനം ആവശ്യപ്പെടുന്നവർക്കു ലഭ്യമാണു. മുറ്റത്ത് പുല്ലും കരിങ്കൽപ്പാളികളും. പുറകിൽ ഒരു ചെറിയ കമ്യൂണിറ്റി ഹാൾ. നാടകാവതരണത്തിനു മുമ്പു തന്നെ സ്മാരകത്തിന്റെ ഉദ്ഘാടനം നടന്നു.

തസ്രാക്കിലെ ഞാറ്റുപുരയിൽ, ഏകാധ്യാപക വിദ്യാലയത്തിലെ അദ്ധ്യാപികയായി അവിടെയെത്തിയത് വിജയന്റെ മൂത്ത സഹോദരി ഒ. വി. ശാന്തയായിരുന്നല്ലോ. അവർ ഏതാണ്ട് രണ്ടു പതിറ്റാണ്ടിനു മുമ്പ് മരിച്ചുവെന്ന് അറിഞ്ഞിരുന്നു. ശാന്ത ടീച്ചറുടെ ഭർത്താവ് എ. കെ. ഗംഗാധരൻ മാഷ് രണ്ടാമത്തെ മകനോടോത്ത് പാലക്കാട് താമസിക്കുന്നുണ്ട്. മൂത്ത മകൻ, ന്യൂ ഡെൽഹിയിൽ ആണു. കാർട്ടൂണിസ്റ്റ് രവി ശങ്കർ. പാലക്കാട് – ചിറ്റൂർ റോഡിൽ, കരിങ്കരപ്പുള്ളിയിലാണു ഗംഗാധരൻ മാഷു. താമസിക്കുന്നത്. കണ്ടു പിടിക്കാനോ എത്തിച്ചേരാനോ തീരെ ബുദ്ധിമുട്ടില്ലാത്ത സ്ഥലം.

ഞങ്ങൾ പക്ഷെ, പോയത് തസ്രാക്കിൽ നിന്നു നേരിട്ടു കരിങ്കരപ്പുള്ളിയിലേക്കായിരുന്നു. “കനാലിന്റെ സൈഡിൽ കൂടി വന്നാൽ മതി. ആദ്യം ഒരു വലിയ പാലം കാണും,പിന്നെ ഒരു ചെറിയ പാലവും. അതു കഴിഞ്ഞാൽ കരിങ്കരപ്പുള്ളിയായി,‘ ഗംഗാധരൻ മാഷ് വഴി പറഞ്ഞു തന്നു.

സമയം ഏതാണ്ട് നിശ്ചലമായി നിൽക്കുന്നുണ്ട് പാലക്കാടൻ ഗ്രാമങ്ങളിൽ. കേരളത്തിന്റെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്. ഒരുപാട് ആഗ്രഹങ്ങളില്ലാത്ത ജനങ്ങളായിരിക്കണം. വലിയ വീടുകൾ അപൂർവ്വം. വഴിയോരത്ത് അടുക്കിക്കൂട്ടിയ പോലൊരു ചെറു കട. ഒരു കുട്ടയിൽ കുറച്ച് വെള്ളരിക്കകൾ. മങ്ങിയ ഭരണികളിൽ എന്തൊക്കെയോ പലഹാരങ്ങൾ. മുന്നിൽ ജര ബാധിച്ച രണ്ടു വൃദ്ധന്മാർ. അല്പം മുന്നിലേക്ക് നീങ്ങി നിന്ന കാർ പുറകോട്ട് വരുന്നത് കണ്ട വൃദ്ധന്മാർ എണീറ്റ് അകത്തേക്ക് പോയി, മറ്റൊരു കുട്ട പുറത്തേക്ക് കൊണ്ടുവന്നുവെച്ചു. മാങ്ങ. എന്തെങ്കിലും വാങ്ങുമെന്ന പ്രതീക്ഷ അവരുടെ മുഖത്തുണ്ട്. ഫോട്ടോയെടുത്തു കഴിഞ്ഞിട്ട് ഷാജി മാങ്ങയ്ക്ക് വില ചോദിച്ചു. കിലോവിനു മുപ്പതു രൂപ. അമ്പതു രൂപക്ക് സുഖമായി വിൽക്കാവുന്ന ഇനം. ഒരു കിലോ വാങ്ങി ഷാജി തിരിച്ചു വന്നു.

ഈ നിശ്ചലത തന്നെയാവണം, ആ ഞാറ്റുപുരയെ ഇത്രയും കാലം നിലനിർത്തിയതും. സ്മാരകമാവും മുമ്പ് എത്രയോ വർഷങ്ങൾ ഇടിഞ്ഞു പൊളിയാറായ ആ കെട്ടിടം പ്രത്യേകിച്ചൊരുദ്ദേശവുമില്ലാതെ അവിടെയങ്ങനെ നിന്നിരുന്നല്ലൊ.

കരിങ്കരപ്പുള്ളിക്കുള്ള വഴി ഒന്നു കൂടി ചോദിച്ചുറപ്പിച്ചു.  വരണ്ടു കിടക്കുന്ന മലമ്പുഴ മെയിൻ കനാലിന്റെ ഓരത്തൂടെ, വീതി കുറഞ്ഞൊരു പാത. കുറെച്ചെന്നാൽ വഴി ഇല്ലാതായെന്നു തോന്നും. പക്ഷെ, ടാർ പോയതു മാത്രമാണെന്ന് ശ്രദ്ധിച്ചാലറിയാം. വലതു വശത്ത് കനാലും, ഇടതു വശത്ത് താഴെ, ഉണങ്ങിക്കിടക്കുന്ന പാടം. എതിരെ ഒരു വാഹനം വന്നാൽ കുടുങ്ങി. അതല്ല വഴിയെന്നു കരുതി ഒരിക്കൽ താഴേക്കു തിരിഞ്ഞിറങ്ങിയതാണു. മനുഷ്യൻ പുറത്തിറങ്ങാത്ത നട്ടുച്ചവെയിലിലും നടന്നു പോകുന്ന വഴിപോക്കനോട് കരിങ്കരപ്പുള്ളിക്കുള്ള വഴി ചോദിച്ചപ്പോൾ പറഞ്ഞുതന്നു. കനാലിന്റെ ഓരത്തൂടെ പോവുക. കുറെച്ചെന്നാൽ ബ്രിട്ടീഷ് പാലം കാണും. അതു കഴിഞ്ഞാലൊരു ചെറിയ പാലം. അതും കഴിഞ്ഞാൽ മെയിൻ റോഡിലെത്തും. അവിടെയാണു കരിങ്കരപ്പുള്ളി.  കമാനമിട്ട പോലെ മരങ്ങൾ വളർന്നു മൂടി നിൽക്കുന്ന, വഴിയില്ലാത്ത വഴിയിലൂടെയങ്ങനെ പോയപ്പോൾ ഒടുവിൽ വലിയ പാലമെത്തി. ബ്രിട്ടീഷ് പാലം. സായിപ്പിന്റെ കാലത്ത് പണിതതാണു..   താഴെ വരണ്ടു കിടക്കുന്ന പുഴ. യാക്കരപ്പുഴ തന്നെയാവണം. ഒരു വണ്ടിക്കു പോകാൻ കഷ്ടി വീതിയുള്ള പാലത്തിൽ കാൽനടയാത്രക്കാർക്ക് കേറി നിൽക്കാൻ ബാൽക്കണികളും നിർമ്മിച്ചിട്ടുണ്ട് പഴയ ബ്രിട്ടീഷ് എഞ്ചിനീയർമാർ.  പാലത്തിനു സമാന്തരമായി പോകുന്നു കണ്ണാടി അക്വിഡക്റ്റ്. മലമ്പുഴ കനാലിലെ വെള്ളത്തെ പുഴ കടത്താനുള്ളതാണു അക്വിഡക്റ്റ്.

പാലത്തിനു ഏതാണ്ട് നടുക്കെത്തിയപ്പോഴേക്കും മറുവശത്തു നിന്ന് ഒരു കാർ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ പിന്നിൽ എവിടുന്നോ ഒരു ഓട്ടോ റിക്ഷയും എത്തിയിരുന്നു. അതു കൊണ്ട്, മുന്നിലുള്ള കാറിനു പിൻ വാങ്ങാതെ നിവൃത്തിയില്ല. ഓടിച്ച് പരിചയമില്ലാത്ത മദ്ധ്യവയസ്കനാണു സ്റ്റീയറിങ്ങിനു പുറകിൽ. മൂപ്പരു പിരാകിക്കൊണ്ടു തന്നെയാവണം, വണ്ടി പുറകോട്ടുരുട്ടിയുരുട്ടി ഒഴിഞ്ഞു തന്നു.

എ. കെ. ഗംഗാധരൻ മാഷ്

എ. കെ. ഗംഗാധരൻ മാഷ്

പാലം കഴിഞ്ഞ് ഇത്തിരി മുന്നോട്ടു പോയതും, മുന്നിൽ മെയിൻ റോഡ് പ്രത്യക്ഷപ്പെട്ടു. സത്യം പറഞ്ഞാൽ ചെറിയൊരാശ്വാസം തോന്നി. പാലക്കാട് – ചിറ്റൂർ റോഡ്. കവലയ്ക്കടുത്തു തന്നെയായിരുന്നു ഗംഗാധരൻ മാഷുടെ വീട്. ‘ഏതാ വണ്ടി ? ഞാനിപ്പോ റോഡിലേക്ക് വരാം,‘ മാഷ് പറഞ്ഞു. നരച്ച താടിയുള്ള മെലിഞ്ഞ രൂപം. എൺപത്തൊമ്പത് വയസ്സുകാരനാണു   പന്ത്രണ്ടരമണിയുടെ പാലക്കാടൻ വെയിലിൽ വഴിയോരത്ത് കാത്തു നിൽക്കുന്നത്.  വീട്ടിന്റെ ഗേറ്റിൽ ബോർഡുണ്ട്, ‘ഏറ്റത്ത് ഗംഗാധരൻ, റിട്ട. ഡി.ഇ. ഓ.‘

തൃശൂർ ജില്ലയിൽ പെരിഞ്ഞനം സ്വദേശിയാണു ഗംഗാധരൻ മാഷ്. ചെറുപ്പത്തിലേ കുടുംബം ഇരിഞ്ഞാലക്കുടക്കടുത്ത കിഴുത്താണിയിൽ താമസമാക്കി. ചെറിയ പ്രായം തൊട്ടേ സ്വയം പര്യാപ്തനായി. സ്വയം പഠിച്ചു.  തൃശൂരിൽ ബി.ടി.ക്ക് (ബാച്ചിലർ ഓഫ് ട്രയിനിങ്) പഠിക്കുമ്പോഴാണു അച്ഛനുമായി അടുത്ത സൗഹൃദത്തിലാവുന്നത്, നേരത്തെ പരിചയക്കാരാണെങ്കിലും. പാലക്കാട് വിക്ടോറിയ കോളേജിലാണു ഗംഗാധരൻ മാഷ് പഠിച്ചത്. അവിടെ സഹപാഠിയായിരുന്നു ഒ.വി. ശാന്ത ടീച്ചർ.  ആ പരിചയം പിന്നെ വിവാഹത്തിലെത്തുകയായിരുന്നു. ‘അങ്ങനെ ഞാൻ ഇവിടെ പാലക്കാട്ടുകാരനായി.‘ മാഷ് പറഞ്ഞു നിർത്തി. ഉപനിഷത്തുകളുടെ തർജ്ജമയും വ്യാഖ്യാനവും രചിക്കുന്നതിലാണു മാഷ് ഇപ്പോൾ വ്യാപൃതനായിരിക്കുന്നത്. സ്വീകരണ മുറിയുടെ ചുവരിൽ ശാന്ത ടീച്ചർ വരച്ച ഏതാനും ചിത്രങ്ങൾ. ‘അവർക്ക് ചിത്രം വരക്കാനൊക്കെ വലിയ താല്പര്യമായിരുന്നു. പക്ഷെ, ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അതൊന്നും നടന്നില്ല. പിന്നീട്, വയസ്സായിട്ടാണു ഇതൊക്കെ വരച്ചത്,‘ മാഷ് പറഞ്ഞു.

‘ഖസാക്കിന്റെ ഇതിഹാസം,‘ നാടകാവതരണത്തിനു പ്രതിഫലം ആവശ്യപ്പെട്ട് ഒ.വി.വിജയന്റെ മകൻ മധു വിജയൻ കേസ് കൊടുത്ത സംഭവം കേട്ടപ്പോൾ മാഷ് ആശ്ചര്യപ്പെട്ടു. ‘അയാളു അമേരിക്കയിലല്ലെ ? പിന്നെ എങ്ങനെ ഇവിടെ നടക്കുന്നതൊക്കെ അറിഞ്ഞു !‘ ആധുനിക സാങ്കേതിക വിദ്യ ദൂരങ്ങൾ ഇല്ലാതാക്കിയിരിക്കുന്നത് മാഷുടെ തലമുറയ്ക്ക് ഗ്രഹിക്കാൻ സാവകാശം വേണമല്ലൊ. ‘വിജയൻ മരിച്ചപ്പോൾ കൊണ്ടു വന്നത് ഈ വീട്ടിലേക്കായിരുന്നു,‘ മാഷ് ഓർമ്മകളിലേക്ക് പോയി. 2005 മാർച്ച് 30നു ഹൈദരാബാദിൽ അന്തരിച്ച വിജയന്റെ ഭൗതികശരീരം, കേരള ഗവണ്മെന്റിന്റെ അഭ്യർത്ഥനപ്രകാരം  പാലക്കാട്ടേക്ക് കൊണ്ടുവന്നതും, ഐവർമഠം ശ്മശാനത്തിൽ പൂർണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചതും, മകൻ മധു വിജയൻ വിട്ടു നിന്നതു മൂലം അനന്തരവന്മാരായ രവി ശങ്കറും, സൂരജും അന്ത്യകർമ്മങ്ങൾ നിർവഹിച്ചതും. ശേഷം ചിതാഭസ്മം ഗംഗയിൽ നിമജ്ജനം ചെയ്യുന്നത് തടഞ്ഞു കൊണ്ട്, വിജയന്റെ ഭാര്യ തെരേസയും മകൻ മധുവും ഡെൽഹി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയതുമൊക്കെ അന്ന് കത്തിപ്പടർന്ന വാർത്തകളായിരുന്നല്ലൊ. അതെക്കുറിച്ചൊന്നും മാഷ് പരാമർശിച്ചില്ല. ഞാൻ ഓർമ്മപ്പെടുത്തിയുമില്ല. കാഫറിന്റെ സ്കൂളിൽപ്പോകില്ലെന്ന് മാരിയമ്മയെപ്പിടിച്ചാണയിടീക്കുന്ന മൊല്ലാക്കയുടെ സ്രഷ്ടാവ് നിർമമമായ നർമ്മത്തോടെ അതെല്ലാം കണ്ടിരുന്നിരിക്കണം.

യാത്ര പറഞ്ഞിറങ്ങുമ്പോൾ മാഷ് പുതിയ പുസ്തകം സമ്മാനിച്ചു,’രാമനാഥനു കൊടുക്കൂ,‘ എന്നു പറഞ്ഞു കൊണ്ട്. ഗീതോപനിഷത്ത്.

നാടകം കാണാൻ വരാനായി, എം. ബി. രാജേഷ് എം.പി. നേരിട്ട് മാഷെ ക്ഷണിച്ചിരുന്നെങ്കിലും,  രാത്രി ഒരുപാടു സമയം വന്നിരിക്കാൻ ശരീരം അനുവദിക്കാത്തതു കൊണ്ടും, മഴയുടെ സാന്നിദ്ധ്യം കൊണ്ടും മാഷ് എത്തിയില്ല.

 

തസ്രാക്ക് ഫെസ്റ്റ്  സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തസ്രാക്ക് ഫെസ്റ്റ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

മഴ വിട്ടു നിന്ന രണ്ടാം സായാഹ്നത്തിൽ ‘ഖസാക്കിന്റെ ഇതിഹാസ‘ത്തിന്റെ ആദ്യാവതരണം  പാലക്കാട്ടെ നിറഞ്ഞ ഗാലറികൾക്കു മുന്നിൽ അരങ്ങേറി. പക്ഷെ, പിറ്റേന്ന് മഴ നേരത്തെ ഒരുങ്ങിയെത്തുകയായിരുന്നു. സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സമ്മേളനം നടന്നു കൊണ്ടിരിക്കുമ്പോൾ മഴത്തുള്ളികൾ വീണു തുടങ്ങി.  എത്ര വലിയ മഴ പെയ്താലും മഴ മാറിയ ശേഷം, നാടകം നടക്കാനുള്ള എല്ലാ തയ്യാറെടുപ്പും ചെയ്തിട്ടുണ്ടെന്ന്  രാജേഷ് നേരത്തെ അനൗൺസ് ചെയ്തിരുന്നു. പറഞ്ഞ പോലെ, മഴ മാറി ഏതാണ്ടര മണിക്കൂറിനുള്ളിൽ നാടകാവതരണം തുടങ്ങുകയും ചെയ്തു. അനിതരസാധാരണമായ സംഘാടന പാടവമാണു പാലക്കാട്ടെ തസ്രാക്ക് ഫെസ്റ്റ് സംഘാടകർ പ്രദർശിപ്പിച്ചതെന്നു പറയാതെ വയ്യ. അവതരണവേദി മുഴുവൻ ടാർപ്പോളിൻ വലിച്ചു മൂടി വെള്ളം കടക്കാതെ സംരക്ഷിച്ചും, വേദിക്കു ചുറ്റും നേരത്തെ തന്നെ ചാലു കീറി വെള്ളം ഒഴുകിക്കടക്കാതെ സൂക്ഷിച്ചും, നനഞ്ഞ ഭാഗത്തൊക്കെ മണ്ണ് വെട്ടിയിട്ട് ഉണക്കിയെടുത്തും, കസേരകളിലെ വെള്ളം തുടച്ചു കളഞ്ഞും, നനവുള്ള കസേരകൾ വീണ്ടും തുടക്കാൻ കാണികൾക്ക് പത്രക്കടലാസ് കൊടുത്തും....  

അപൂർവ്വമായൊരു കൂട്ടായ്മയാണു ‘ഖസാക്ക്‘ സംഘാടനത്തിലൂടെ പാലക്കാട് രൂപപ്പെട്ടിരിക്കുന്നത്. തൊണ്ണൂറുകളിലെ പാലക്കാട്ൻ ക്യാമ്പസുകളിൽ, പ്രധാനമായും പാലക്കാട് പോളി ടെക്നിക്ക്, വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ. കോളേജ്, ഒറ്റപ്പാലം എൻ. എസ്. എസ്. കോളേജ് തുടങ്ങിയേടത്തൊക്കെ രാഷ്ട്രീയ – സാംസ്കാരിക പ്രവർത്തനങ്ങളുടെ മുൻ പന്തിയിൽ നിന്നിരുന്ന ഒരു തലമുറ. അന്നത്തെ എസ്. എഫ്. ഐ. ജില്ലാ നേതൃത്വത്തിലുണ്ടായിരുന്ന കുറെപ്പേർ. കലോത്സവങ്ങളും, സമരങ്ങളും നടത്തി തഴക്കം വന്നവർ. പിന്നീട് ജീവിതപ്പാതകളിലേക്കിറങ്ങി പലവഴിക്ക് പിരിഞ്ഞു പോയവർ. ഇവരെയൊക്കെ കണ്ടെടുത്ത് കോർത്തിണക്കിയാണു ‘തസ്രാക്ക് ഫെസ്റ്റി‘നുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. പോളിടെക്നിക്കിലുണ്ടായിരുന്ന സാംസ്കാരിക സംഘടനയായ ‘ഗ്രാമ്യ‘യുടെ ബാനറാണു മുന്നിൽ. എം. ബി. രാജേഷ് എം.പി. ചെയർമാൻ. പി. അനിൽ കൃഷ്ണൻ ജനറൽ കൺ വീനർ. പിന്നെ,  നിതിൻ കണിച്ചേരി,  അരുൺ കുമാർ, ഷൈൻ, അനീഷ്, പ്രിയേഷ്, രൂപേഷ് ചന്ദ്രൻ  അങ്ങനെയൊരുപാടു പേർ. പിന്നെ, സംഗീതനാടക അക്കാദമിയുടെ ഇപ്പോഴത്തെ അഡ്മിനിസ്റ്റ്രേറ്റീവ് ഓഫീസർ മധു, നാടകപ്രവർത്തകനായ നന്ദജൻ തുടങ്ങി ഒരുപാടു പേർ.   കഴിഞ്ഞ നവംബറിലാണു പ്രവർത്തനങ്ങൾ തുടങ്ങുന്നത്.  പാലക്കാട്ടെ നിലവിലുള്ള രാഷ്ട്രീയ – സാംസ്കാരികാന്തരീക്ഷത്തിൽ ഒരു ബദൽ സാംസ്കാരിക പ്രവർത്തനത്തിന്റെ ആവശ്യം എല്ലാവർക്കും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. അങ്ങനെയാണീ കൂട്ടായ്മ ഉരുത്തിരിയുന്നത്. അതിന്റെ ഊഷ്മളതയും സൗഹൃദാന്തരീക്ഷവും സംഘാടനത്തിലുടനീളം കാണാമായിരുന്നു.  ‘പ്രഗതി‘ എന്ന പേരിൽ ഈ സാംസ്കാരിക കൂട്ടായ്മയുടെ പ്രവർത്തനം തുടരാനും, വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് പഴയ നാളുകളുടെ ആവേശവും ആഹ്ളാദവും തിരിച്ചു പിടിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. 

കേരള സംഗീതനാടക അക്കാദമിയും, ഒ.വി. വിജയൻ സ്മാരക സമിതിയുമാണു ‘ഗ്രാമ്യ‘യോടൊത്ത് സംഘാടനത്തിൽ സഹകരിച്ചത്. അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായരും, സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയനും സജീവമായി മാർഗനിർദ്ദേശങ്ങൾ കൊടുത്തു.

 വിപുലമായ ഒരുക്കങ്ങളാണു തസ്രാക്ക് ഫെസ്റ്റിനു വേണ്ടി പാലക്കാടു കണ്ടത്. മതിലുകളിൽ ചിത്രകാരന്മാർ ഖസാക്കിനെ വരഞ്ഞു. പ്രാദേശിക തലത്തിൽ കൂട്ടായ്മകൾ ചേർന്നു. ഈ സുഹൃദ് വലയങ്ങൾ വഴിയാണു ടിക്കറ്റ് വിൽപ്പന നടന്നത്. വിൽപ്പനയല്ല ഉണ്ടായതെന്നാണു  അവർ പറയുന്നത്.  ആവശ്യക്കാർ ഓടിയെത്തി ടിക്കറ്റുകൾ വാങ്ങുകയാണുണ്ടായതെന്ന്. സാംസ്കാരിക വകുപ്പു മന്ത്രി എ.കെ. ബാലൻ മഴക്കിടയിലൂടെ ഉദ്ഘാടനം നിർവഹിച്ചു തിരിച്ചു പോയി. എന്നിട്ട്, അടുത്ത ദിവസം നാടകം കാണാൻ വീണ്ടുമെത്തി. നാടകത്തിനിടയിൽ, മൈമുനായുടെ കല്യാണത്തിന്റെ പത്തിരിയും ഇറച്ചിയും വിളമ്പിയപ്പോൾ മന്ത്രിക്കും കിട്ടി ഒരു പ്ളേറ്റ്. സാധാരണ കാണികൾ കാട്ടാറുള്ള പകപ്പും മടിയുമൊന്നും മന്ത്രിക്കുണ്ടായില്ല. വളരെ സീരിയസ്സായി കിട്ടിയ ആഹാരം മുഴുവൻ കഴിച്ചു തീർത്ത മന്ത്രി നാടകാവസാനം പ്രസംഗത്തിൽ പറയുകയും ചെയ്തു, നല്ല വിശപ്പുണ്ടായിരുന്നു, അപ്പോൾ ആഹാരവും കിട്ടി !   

 

സംവിധായകന്‍ ദീപന്‍ ശിവരാമന്‍

സംവിധായകന്‍ ദീപന്‍ ശിവരാമന്‍

ഒന്നേമുക്കാൽ വർഷം കൊണ്ട്, മുപ്പത്തിമൂന്ന് അവതരണങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞിട്ടാണു ‘ഖസാക്കിന്റെ ഇതിഹാസം,‘ പാലക്കാടെത്തിയത്. തൃക്കരിപ്പൂരിലെ ആദ്യാവതരണങ്ങൾ കഴിഞ്ഞ്, ‘ഖസാക്കി‘ന്റെ ആദ്യ പുറം ലോക യാത്ര തൃശൂർക്കായിരുന്നു. അന്തർദ്ദേശീയ നാടകോത്സവത്തിൽ. അവിടെ നാടകം കാണാനെത്തിയ കൊടുങ്ങല്ലൂരിലെ ചില സാംസ്കാരിക പ്രവർത്തകർ ഇതാണു തങ്ങൾ തേടിക്കൊണ്ടിരുന്ന നാടകമെന്നു തിരിച്ചറിഞ്ഞു. പുരോഗമന ചിന്താധാരകളുടേയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും ഈറ്റില്ലമായിരുന്ന കൊടുങ്ങല്ലൂർ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി വർഗ്ഗീയവാദികളുടടെ പിടിയിലകപ്പെട്ടിരുന്നുവല്ലൊ. അതിനൊരു മറുമരുന്നായി ഒരു സാംസ്കാരിക കൂട്ടായ്മ രൂപപ്പെടുത്തേണ്ടതിനെക്കുറിച്ച് ചിന്തിച്ചു നടന്നിരുന്ന കൊടുങ്ങല്ലൂർക്കാരുടെ മുന്നിലേക്കാണു ‘ഖസാക്ക്‘ എത്തിയത്. പിന്നെ അവർ സംശയിച്ചില്ല. അഭൂതപൂർവമായൊരു കൂട്ടായ്മയാണു ‘ഖസാക്കിന്റെ ഇതിഹാസം,‘ അവതരിപ്പിക്കാനായി കൊടുങ്ങല്ലൂരിൽ രൂപം കൊണ്ടത്. നാടകാവതരണശേഷവും തുടരുന്ന ആ കൂട്ടായ്മയുടെ ഫലമായിരുന്നു ഈയടുത്തു നടന്ന അന്തർദ്ദേശീയ ചലച്ചിത്രോത്സവം. കൂടുതൽ പരിപാടികൾ അവർ ആലോചിക്കുന്നു. ഒരു നാടകാവതരണം, ഒരു ലഘുചിത്രം... അങ്ങനെ പലതും.

രസകരമായൊരു വസ്തുതയുണ്ട്. ജീവിച്ചിരുന്ന കാലത്ത്, ‘കമ്യൂണിസ്റ്റ് വിരുദ്ധനെ‘ ന്ന പേരു ധാരാളം സമ്പാദിച്ചിരുന്ന എഴുത്തുകാരനായിരുന്നല്ലോ ഒ.വി. വിജയൻ. എന്നാൽ, ‘ഇതിഹാസ‘ത്തിന്റെ നാടകാവിഷ്കാരം അവതരിപ്പിക്കപ്പെടുന്നതേറെയും ഇടതുപക്ഷ പ്രവർത്തകരുടെ മുൻ കൈയിലാണു. ചരിത്രപരമായ വിരോധാഭാസമെന്നോ ചരിത്രം സൃഷ്ടിച്ച വിരോധാഭാസമെന്നോ സൗകര്യം പോലെ പറയാം.

* മഴ മൂലം മുടങ്ങിയ ആദ്യാവതരണം  നാലാം നാളിൽ നടന്നപ്പോളും തിരക്ക് കുറഞ്ഞില്ല. ആയിരത്തോളം പേർക്കിരിക്കാവുന്ന ഗാലറി നിറഞ്ഞു കവിഞ്ഞു. മഴയില്ലാതെ, തെളിഞ്ഞു നിന്ന മാനത്തിനു താഴെ, നീലവെളിച്ചത്തിലേക്ക് കഥാപാത്രങ്ങൾ അലിഞ്ഞില്ലാതായപ്പോൾ, ഇരുണ്ടുയർന്നു നിൽക്കുന്ന കിഴക്കൻ മലനിരകളിൽ നിന്നു കാറ്റു വീശി. അന്നെങ്ങോ കരിമ്പനകളിൽ പിടിച്ച കാറ്റ്.  

 

 

പ്രധാന വാർത്തകൾ
Top