19 June Tuesday

ഹിമാലയം കാണാം കോഴിക്കോട്ടുനിന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2017

കോഴിക്കോട് >  പ്രകൃതിയിലെ ചില ദൃശ്യങ്ങള്‍ മനുഷ്യനേത്രങ്ങള്‍ക്ക് കാണാവുന്നതിനും അപ്പുറമാണ്. ഫോട്ടോഗ്രാഫറുടെ ക്യാമറ മാത്രമായിരിക്കും  ഒരു മനുഷ്യായുസ്സില്‍

പി വി സുജിത്

പി വി സുജിത്

നമുക്ക് നഷ്ടപ്പെടാവുന്ന അത്തരം കാഴ്ചകള്‍ നമുക്ക് സമ്മാനിക്കുക. ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി വി സുജിത്തിന്റെ ക്യാമറയും തരുന്നത് ഹിമാലയത്തോളം ഉയരമുള്ള  കാഴ്ചകള്‍.
   
'മെല്‍റ്റിങ് മൊമന്റ്സ്'  എന്നു പേരിട്ട ഫോട്ടോ പ്രദര്‍ശനം കോഴിക്കോട് ലളിതകലാആര്‍ട് ഗാലറിയില്‍ തുടങ്ങി. മഞ്ഞും സൂര്യരശ്മികളും ജലവും തീര്‍ക്കുന്ന ജുഗല്‍ബന്ദിയാണ് ഫോട്ടോകള്‍. മഞ്ഞുകട്ടകളെ തൊട്ടുണര്‍ത്തുന്ന സൂര്യരശ്മികള്‍ തീര്‍ക്കുന്ന വിസ്മയം ഈ ക്യാമറകള്‍ കാട്ടിത്തരുന്നു.

ആര്‍ട്ഗാലറിയിലെ മുകള്‍ ഭാഗത്ത് ഒരുക്കിയിരിക്കുന്ന  ഫോട്ടോകള്‍  കണ്ട്  താഴോട്ടിറങ്ങുമ്പോള്‍ ഹിമാലയം കണ്ടതുപോലെയുള്ള അനുഭവം. ഹിമാലയന്‍ യാത്രയില്‍ സുജിത്ത് കണ്ട കാഴ്ചകള്‍ ആണ് ഈ ചിത്രങ്ങള്‍. ഉത്തര്‍കാശിയില്‍ നിന്നും ഹിമാലയത്തിലേക്കുള്ള യാത്ര തുടങ്ങുന്നുണ്ടെങ്കിലും ഹിമാലയമെന്ന സൌന്ദര്യത്തിന്റെ  മഹാമേരു നമുക്കനുഭവിക്കാന്‍ കഴിയുക ഹാര്‍ഷില്‍ എന്ന സ്ഥലത്തു നിന്നായിരിക്കും. തുടര്‍ന്ന് ഗോമുഖ്, ഗംഗോത്രി, സൂര്യകുണ്ഡ് തുടങ്ങിയ സ്ഥലങ്ങളിലെ അപൂര്‍വ ദൃശ്യങ്ങളും.
 
ബോജ്വാസയിലെ മഞ്ഞുമേഘങ്ങള്‍ക്കുള്ളില്‍ നിന്നും ഉദിച്ചുവരുന്ന സൂര്യന്‍ മികച്ചൊരു ദൃശ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ തെഹ്റിഡാമില്‍ നിന്നുള്ള കാഴ്ച ഒരു പെയിന്റിങിന് സമാനമാണ്. ബോജ് മരങ്ങളുടെ സമീപദൃശ്യം ഇലകളുടെ വര്‍ണവൈവിധ്യം കൊണ്ട്  മനോഹരം.

ആകാശഗംഗയ്ക്ക് ക്യാമറയില്‍ മറ്റൊരു മുഖമാണ്. മഞ്ഞിന്റെ ആവരണമണിഞ്ഞിട്ടുണ്ടെങ്കിലും മഴയ്ക്ക് തൊട്ടുമുമ്പുള്ള ആ ദൃശ്യത്തില്‍ ആകാശഗംഗയുടെ സൌന്ദര്യം വേറെതന്നെയാണ്. സൂര്യകുണ്ഡിലെ വെള്ളച്ചാട്ടം കണ്ട്കഴിഞ്ഞാല്‍ അത് ഏറെക്കാലം മനസിലൂടെയൊഴുകും. പച്ച ആപ്പിളുകള്‍ നിറഞ്ഞ മരങ്ങളും വേറിട്ട കാഴ്ചയാണ്. 
 

മന്ത്രി എ കെ ബാലന്‍ പ്രദര്‍ശനം കാണുന്നു

മന്ത്രി എ കെ ബാലന്‍ പ്രദര്‍ശനം കാണുന്നു

പോണ്ടിച്ചേരിയില്‍ നിന്നുള്ള ചിത്രകാരന്‍ ഏഴിലരശന്റെ ചിത്രങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്. 25വരെ തുടരുന്ന പ്രദര്‍ശനം സാംസ്കാരിക മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. സുജിത്തിന്റെ ചിത്രങ്ങള്‍ കവിതകള്‍ പോലെയാണെന്ന്  മന്ത്രി പറഞ്ഞു. ഹിമാലയത്തിന്റെ മനോഹാരിത പൂര്‍ണമായും ഒപ്പിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. അവ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ്- അദ്ദേഹം പറഞ്ഞു.
 
ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ പ്രേമനാഥ് അധ്യക്ഷനായി. ദേശാഭിമാനി വാരിക പത്രാധിപര്‍ സി പി അബൂബക്കര്‍,  കലിക്കറ്റ് പ്രസ് ക്ളബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ഒ പി സുരേഷ്, മൃദംഗവാദകന്‍ ഹരിനാരായണന്‍, ചിത്രകാരന്‍ ഇ ഏഴിലരശന്‍ എന്നിവര്‍ സംസാരിച്ചു. പി വി സുജിത്ത് സ്വാഗതം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top