Top
22
Thursday, February 2018
About UsE-Paper

എവിടെയും ഉയിര്‍ക്കുന്ന ശില്‍പങ്ങള്‍

Sunday Sep 10, 2017
എം എസ് അശോകന്‍
ബിജു എളവള്ളി

ശില്‍പ്പവേലയില്‍ ബിജു എളവള്ളി പരീക്ഷിക്കാത്ത മാധ്യമവും പ്രയോഗിക്കാത്ത ആവിഷ്കാര രീതികളുമില്ല. സിമന്റിലും കളിമണ്ണിലും മരത്തിലും എന്നുവേണ്ട ശില്‍പ്പം ഒളിഞ്ഞിരിക്കുന്ന മാധ്യമങ്ങളിലെല്ലാം ഒരേ വഴക്കത്തോടെ അത്ഭുതങ്ങള്‍ കാണിക്കാന്‍ അധ്യാപകന്‍കൂടിയായ യുവ ശില്‍പ്പിക്ക് കഴിയും. സര്‍വ ശിക്ഷാ അഭിയാന്റെ സ്പെഷ്യല്‍ അധ്യാപക തസ്തികയില്‍ നിയമനം നേടി ചാവക്കാട് ബിആര്‍സിയില്‍ അധ്യാപകനായ ബിജു എല്ലാ തിരക്കുകള്‍ക്കുമിടയില്‍ ശില്‍പ്പവേലയ്ക്കും സമയം കണ്ടെത്തുന്നു.

ശില്‍പ്പവേലയോടുള്ള അസാധാരണമായ അഭിനിവേശംതന്നെയാണ് ബിജുവിനെ വ്യത്യസ്തനാക്കുന്നത്. എല്ലാ മാധ്യമത്തിലും എല്ലാ ശൈലിയിലും ഏതുതരം ശില്‍പ്പങ്ങളും ചെയ്യുന്നതിനുള്ള താല്‍പ്പര്യവും വൈഭവവുമാണ് ഇദ്ദേഹം പ്രകടിപ്പിക്കുന്നത്. അതിന് ഔദ്യോഗികജീവിതത്തിരക്കോ സമയക്കുറവോ ഒന്നും തടസ്സമാകുന്നുമില്ല. അക്കാദമിയുടെ രചനാമത്സരത്തിലേക്ക് മത്സരശില്‍പ്പം നല്‍കുന്ന അതേ സമര്‍പ്പണത്തോടെ കമീഷന്‍ ജോലികളും ചെയ്യാന്‍ ബിജുവിന് മുന്നില്‍ വൈതരണികളില്ല. ശില്‍പ്പവേലക്കാരനായ തൃശൂര്‍ എളവള്ളിയില്‍ സുബ്രഹ്മണ്യന്റെയും തങ്കമണിയുടെയും മൂന്നാമത്തെ മകനാണ് ബിജു. അച്ഛനെ കൊത്തുപണികളില്‍ സഹായിച്ചാണ് കുട്ടിക്കാലത്തുതന്നെ ഈ രംഗത്ത് താല്‍പ്പര്യം വളര്‍ത്തിയത്. സ്കൂള്‍പഠനത്തിനുശേഷം തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈനാര്‍ട്സില്‍നിന്ന് ശില്‍പ്പവൃത്തിയില്‍ ഡിപ്ളോമ നേടി. പഠനകാലത്ത് മികച്ച കലാവിദ്യാര്‍ഥിക്കുള്ള സംസ്ഥാന പുരസ്കാരം ദി ബ്രിഡ്ജ് എന്ന ശില്‍പ്പത്തിന് ലഭിച്ചു. പഠനശേഷം കോളേജിലെ ശില്‍പ്പകലാവിഭാഗം മേധാവിയായിരുന്ന രവി പടിഞ്ഞാറെയുടെ സഹായിയായി കൂടി. ആ മൂന്നുവര്‍ഷത്തിനിടെ തൃശൂരിലും വയനാട്ടിലുമായി നിരവധി ശില്‍പ്പങ്ങള്‍ ചെയ്തു. വെറ്ററിനറി മെഡിക്കല്‍ കോളേജിലെ സ്മാര ശില്‍പ്പങ്ങള്‍, കാനാടി ദാമോദരപ്പണിക്കരുടെ വെങ്കല ശില്‍പ്പം എന്നിവ അതില്‍ ചിലത്. തൃശൂരിലെ പുലികളിയുടെ ടാബ്ളോ ശില്‍പ്പങ്ങളുടെ നിര്‍മാണത്തിലും പങ്കാളിയായി. ഇതിനിടെ ക്ഷേത്ര ശില്‍പ്പ നിര്‍മാണത്തില്‍ പ്രഗത്ഭനായ തൃശൂര്‍ പൂമല സ്വദേശി ചന്ദ്രമണിക്കൊപ്പം വിവിധ ക്ഷേത്രങ്ങളിലെ ശില്‍പ്പനിര്‍മാണത്തിലും പങ്കെടുത്തു.

മരത്തില്‍ ശില്‍പ്പങ്ങള്‍ മെനയാനാണ് കൂടുതല്‍ താല്‍പ്പര്യമെങ്കിലും എല്ലാ മാധ്യമങ്ങളും പലപ്പോഴായി പരീക്ഷിച്ചിട്ടുണ്ട്. മരത്തില്‍ ദ്വിമാന പോര്‍ട്രെയിറ്റുകള്‍ ചെയ്യുന്നതില്‍ അസാധാരണ മിടുക്കാണ് ബിജു പ്രകടിപ്പിക്കുന്നത്. ഇത്തരത്തില്‍ എണ്ണമറ്റ പോര്‍ട്രെയിറ്റുകള്‍ ആവശ്യപ്രകാരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുമ്പിള്‍, പ്ളാവ് എന്നുവേണ്ട കൊത്തിയെടുക്കാവുന്ന മരത്തിലെല്ലാം ബിജു ശില്‍പ്പവേല പരീക്ഷിക്കുന്നു. പോര്‍ട്രെയിറ്റുകള്‍ പലതും കൊത്താന്‍ എളുപ്പമുള്ള കുമ്പിളിലാണ് ചെയ്തിട്ടുള്ളത്.

അബ്ദുള്‍ കലാം, ഗാന്ധിജി, ശ്രീനാരായണഗുരു തുടങ്ങിയവരുടെ പൂര്‍ണകായ പ്രതിമകള്‍ സിമന്റിലാണ് ചെയ്തിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള അബ്ദുള്‍ കലാമിന്റെ ആറരയടി ഉയരമുള്ള പ്രതിമ ജീവന്‍ തുളുമ്പുന്നതാണ്. കേരളത്തിനകത്തും പുറത്തും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുംവേണ്ടി ബിജു ഇത്തരത്തില്‍ പ്രതിമകള്‍ ഒരുക്കിയിട്ടുണ്ട്.

ഇത്തരം ജോലികള്‍ക്കിടയിലും സര്‍ഗാത്മക ശില്‍പ്പനിര്‍മാണത്തിലും ബിജു ഗൌരവത്തോടെ ഇടപെട്ടുവരുന്നു. 2010ല്‍ സംസ്ഥാന ലളിതകലാ അക്കാദമിയുടെ പുരസ്കാരം ബിജുവിന്റെ മെക്കാനിസ്റ്റ് എന്ന ശില്‍പ്പത്തിനായിരുന്നു. അക്കാദമിയുടെ വിവിധ ക്യാമ്പുകളിലും പങ്കെടുത്തു. 2014ല്‍ കായംകുളം കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യൂസിയത്തില്‍ നടന്ന സംസ്ഥാന ശില്‍പ്പകലാ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.

ചിത്രകലാധ്യാപികയായ മഞ്ജുഷയാണ് ഭാര്യ. മക്കള്‍: ഭദ്ര, ഭാവിക.

ാമെീസാ@ഴാമശഹ.രീാ