അശാന്തിയുടെ ഉറവിടങ്ങൾഅസഹിഷ്ണുതയുടെ കാറ്റ് മനുഷ്യചരിത്രത്തിൽ എപ്പോഴാണ് വീശാൻ തുടങ്ങിയത്? പരസ്പരം കൊല്ലാനും കൊലവിളിക്കാനും സംസ്കാരങ്ങളെത്തന്നെ ഇല്ലാതാക്കാനും തുടങ്ങിയതെന്നാണ്? ചോദ്യങ്ങൾ നയിക്കുന്നത് മനുഷ്യചരിത്രത്തിലേക്കാണ്. മനുഷ്യന്റെ ഉത്ഭവചരിത്രംമുതലുള്ള അന്വേഷണങ്ങളിൽ ഒരുഘട്ടം. അവൻ സൃഷ്ടിച്ച ദൈവങ്ങളുടെ ആരാധനയുടെ ഘട്ടത്തിലെവിടെയോ ആണ് പാരസ്പര്യത്തിന്റെ ധാരയറ്റുപോയത്. തങ്ങളുടെ സംസ്കാരവും ദൈവവും മാത്രമാണ് മികച്ചതെന്ന മിഥ്യയിൽനിന്ന് ശത്രുത ഉടലെടുക്കുന്നു. അതുപിന്നെ വംശങ്ങളോടുള്ള പകയാകുന്നു. ഒടുവിലത് വളർന്ന് മനുഷ്യവംശത്തോടൊപ്പം പടർന്നുപന്തലിച്ച് വലിയൊരു രാഷ്ട്രീയപ്രശ്നമായി മാറുന്നു. ലോകം പകച്ചുനിൽക്കുന്ന അസഹിഷ്ണുതയെന്ന മഹാദുരന്തത്തിന്റെ വേരന്വേഷണമാണ് കേരളത്തിലെ കേന്ദ്ര സർവകലാശാല വിദ്യാർഥികൾ അവതരിപ്പിക്കുന്ന നാടകം ‘ടോളറൻഷ്യ’പറയുന്നത്.     കുരങ്ങനിൽ തുടുങ്ങുന്ന ജീവിതം, അത് നിലനിർത്താൻ അവൻ പെടുന്ന പാടുകൾ എന്നിവയിലാണ് നാടകം തുടങ്ങുന്നത്. അവനെ നേരിടുന്ന ഇതരജീവികൾ. മരണത്തിൽനിന്ന് ഉയിർത്തുവരുന്ന കുരങ്ങിന്റെ അടുത്തഘട്ടം, തീയിന്റെ കണ്ടുപിടിത്തം, ആദാമിനെയും ഹവ്വയെയും ഓർമിപ്പിക്കുന്ന പ്രണയം. ഇതിനിടയിൽ പ്രകൃതിശക്തികളുടെ വിളയാട്ടം, അതിനെ നേരിടാൻ അവൻ പടുത്തുയർത്തുന്ന മേൽക്കൂര, ആരാധിക്കുന്ന ശക്തികൾ. ഇവിടെ നാടകം സംസ്കാരത്തിന്റെ ഉദയത്തെ വെളിവാക്കുന്നു. അതേസമയം, പരസ്പരം ആരാധനാമൂർത്തികളെ അംഗീകരിക്കാനാകാതെ, ജീവിതരീതികളെ അംഗീകരിക്കാനാകാതെ പരസ്പരം ശത്രുതയുടെ മതിലുകൾ വളർത്തിയെടുക്കുന്നു. അത് മഹായുദ്ധങ്ങളിലേക്ക് നയിക്കുന്നു. നാഗരികതകൾ, സംസ്കാരങ്ങൾ എല്ലാം തകർന്നടിയുന്നു. ഇതാണ് നാടകത്തിന്റെ സത്ത. ശബ്ദ, വെളിച്ചങ്ങളുടെ അകമ്പടിമാത്രമാണ് നാടകത്തിനുള്ളത്. സംഭാഷണരഹിതമായ നാടകത്തിൽ അഭിനേതാക്കൾ ശരീരം കൊണ്ട് എഴുതിയിടുന്ന ഭാഷയെ പിന്തുണയ്ക്കുന്നതിൽ ശബ്ദവും  വെളിച്ചവും വലിയ സഹായമായി. അത്രയേറെ സൂക്ഷ്മതയോടെയും കൃത്യതയോടെയും അതുപയോഗിക്കാനായത് നാടകത്തിന് മികവായി.  ഇതേപേരിൽ ഇവാൻ റമദാൻ ഒരുക്കിയ അനിമേഷൻ സിനിമയുടെയും 2001 എ സ്പേസ് ഒഡീസി എന്ന ശാസ്ത്രസിനിമയുടെയും പ്രേരണയാണ് നാടകമൊരുക്കാൻ ഊർജമായത്. നാടകരചനയും സംവിധാനവും ലൈറ്റും സംഗീതവും അരുൺകുമാർ കാരായിയുടേതാണ്. വസ്ത്രാലങ്കാരം തസ്നീം. അവോൺ  അഗസ്റ്റിൻ, തസ്നീം എസ് നിസാർ, അഞ്ജിത എസ് പ്രസാദ് എന്നിവരാണ് വേദിയിൽ. കിരൺ റാം നവനീത് വീഡിയോ നിർവഹിച്ചു. Read on deshabhimani.com

Related News