മറക്കുവതെങ്ങനെ സോവിയറ്റ് നാളുകള്‍

വര: ആര്‍ ബി ഷജിത്


സോവിയറ്റ് യൂണിയനില്‍ ഒരു വിദ്യാര്‍ഥിയായി ഞാന്‍ എത്തുന്നത് 1989 സെപ്തംബര്‍ ആദ്യവാരമാണ്. ഡല്‍ഹിയില്‍നിന്ന് മോസ്കോയിലേക്കുള്ള ഏറോഫ്ളോട്ടിന്റെ വിമാനത്തില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. മോസ്കോയിലെ ഷെരമെത്തീവ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി അരമണിക്കൂറിനകം ഞങ്ങളെ സ്വീകരിക്കാന്‍ സോവിയറ്റ് വിദ്യാഭ്യാസമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെത്തി. അവര്‍ ഞങ്ങളെ ബസില്‍ കൊണ്ടുപോയത് മോസ്കോയിലെ ഒളിമ്പിക് വില്ലേജിലേക്കാണ്. നിരവധി ലോഡ്ജ് സമുച്ചയങ്ങളും നീന്തല്‍ക്കുളങ്ങളും വോളിബോള്‍- ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളും ഓടാനുള്ള ട്രാക്കുകളും വിശാലമായ സ്റ്റേഡിയവും ചെറുതും വലുതുമായ മൈതാനങ്ങളുമുള്ള ഒരു 'ആധുനികഗ്രാമ'മായിരുന്നു അത്. 1980ലെ മോസ്കോ ഒളിമ്പിക്സില്‍ ഭാഗഭാക്കായ വിദേശ സ്പോര്‍ട്സ്മാന്മാരെല്ലാം അവിടെയാണ് താമസിച്ചിരുന്നത്. അന്നു രാത്രി ഞങ്ങളെ ലോഡ്ജിനുതാഴെയുള്ള ഒരു റസ്റ്റോറന്റിലേക്ക് കൊണ്ടുപോയി. അവിടെവച്ച് സോവിയറ്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു: "നിങ്ങള്‍ എല്ലാവരും മൂന്നുനാലു ദിവസം ഇവിടെയുണ്ടാകും. ഓരോരുത്തരെയും ഏത് സോവിയറ്റ് റിപ്പബ്ളിക്കില്‍ അയക്കണമെന്ന് തീരുമാനിക്കുന്നതുവരെ. നിങ്ങള്‍ക്ക് ഏതുസമയവും ഇവിടെ ഭക്ഷണം കിട്ടും.'' ഡല്‍ഹിയില്‍നിന്നുള്ള ആറുമണിക്കൂര്‍ വിമാനയാത്രയും തുടര്‍ന്ന് ഒളിമ്പിക് വില്ലേജിലെത്തി അവരവരുടെ മുറികളില്‍ പോയി കുളിച്ച് ഫ്രഷാകുന്നതുവരെയുള്ള രണ്ടുമൂന്നുമണിക്കൂറും പിന്നിട്ടപ്പോള്‍ ഞങ്ങളെല്ലാവരും വിശന്നുവലഞ്ഞിരുന്നു. ആ റസ്റ്റോറന്റില്‍ മത്സ്യ- മാംസവിഭവങ്ങള്‍ എല്ലാമുണ്ടായിരുന്നു. പിന്നെ പാതിവേവിച്ചതും ഒട്ടും വേവിക്കാത്തതുമായ ഇലവര്‍ഗങ്ങളും പച്ചക്കറികളും. പാലുല്‍പ്പന്നങ്ങളുടെ ഒരു പടതന്നെ ഞങ്ങളെ വെല്ലുവിളിച്ചുകൊണ്ട് വേറൊരു ഭാഗത്തുണ്ടായിരുന്നു. എന്നാല്‍, അവയിലൊരു വിഭവത്തിനുപോലും എരിവും പുളിയും ഇല്ലാത്തതുകൊണ്ട് ഞങ്ങളില്‍ പലര്‍ക്കും അവ ആസ്വദിച്ച് കഴിക്കാന്‍ പറ്റിയില്ല. ആ വിദ്യാര്‍ഥിക്കൂട്ടത്തില്‍നിന്ന് ഞാനുള്‍പ്പെടെയുള്ള 18 പേരെ സോവിയറ്റ് റിപ്പബ്ളിക്കായിരുന്ന ആര്‍മേനിയയിലേക്കാണ് പഠിക്കാന്‍ വിട്ടത്. മോസ്കോയിലെ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ആര്‍മേനിയയുടെ തലസ്ഥാനമായ യെരവാനിലേക്ക് വണ്ടികയറുന്നതിനുമുമ്പ് സോവിയറ്റ് ഉദ്യോഗസ്ഥര്‍ ഓരോരുത്തര്‍ക്കും വഴിച്ചെലവിനായി 50 റൂബിള്‍ തന്നു. ട്രെയിനിലെ ഒരു ബോഗി റസ്റ്റോറന്റായി സജ്ജീകരിച്ചതാണ്. മറ്റൊരു ബോഗി തിയറ്ററായിരുന്നു. ഞങ്ങള്‍ എപ്പോഴൊക്കെ റസ്റ്റോറന്റിലേക്ക് പോയോ അപ്പോഴൊന്നും അവര്‍ പണം വാങ്ങാത്തത് ഞങ്ങളെ അതിശയിപ്പിച്ചു. ഓരോ പ്രാവശ്യവും ഞങ്ങളുടെ ബില്‍ ആ ട്രെയിനിലുള്ള ആര്‍മേനിയക്കാര്‍ അടയ്ക്കുകയായിരുന്നു എന്ന അതിശയിപ്പിക്കുന്ന പരമാര്‍ഥം അപ്പോഴാണ് പിടികിട്ടിയത്. അവര്‍ക്ക് ആകെ വേണ്ടിയിരുന്നത്, രാജ്കപൂര്‍ സിനിമകളിലെ ഗാനങ്ങള്‍ ഞങ്ങള്‍ ആലപിക്കണം എന്നതുമാത്രമായിരുന്നു. ട്രെയിനില്‍ മുഖ്യമായും ഉണ്ടായിരുന്നത് ഗോതമ്പുറൊട്ടിയും വിവിധ മത്സ്യമാംസാദികള്‍കൊണ്ടുണ്ടാക്കിയ സൂപ്പുമായിരുന്നു. രണ്ടുദിവസത്തെ ട്രെയിന്‍ യാത്രയില്‍ ഏതാണ്ട് എല്ലാ കംപാര്‍ട്മെന്റിലുമുണ്ടായിരുന്ന ആര്‍മേനിയക്കാര്‍ ഞങ്ങളെ പരിചയപ്പെടാന്‍ വന്നുകൊണ്ടേയിരുന്നു. ചിലര്‍ ഞങ്ങള്‍ക്കുവേണ്ടി കേക്കും ചോക്ളേറ്റും കൊണ്ടുവരും. മറ്റുചിലര്‍ റഷ്യന്‍ വോഡ്കയും ആര്‍മേനിയന്‍ കോന്യാക്കുമായും വേറെ ചിലര്‍ പച്ചക്കറിവിഭവങ്ങളുമായും കൂടെക്കൂടെ വരും. രണ്ടുദിവസത്തെ യാത്രയില്‍ 50 റൂബിള്‍ എല്ലാവരുടെയും കീശയില്‍ കിടന്നു എന്നുമാത്രമല്ല, ആവശ്യത്തിലധികം ആഹാരം കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. യെരവാനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ സോവിയറ്റ് ആര്‍മേനിയയിലെ ഉദ്യോഗസ്ഥരോടൊപ്പം ഞങ്ങളെ സ്വീകരിക്കാന്‍ എന്‍ജിനിയറിങ്ങിന് അവിടെ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയും എത്തിയിരുന്നു. പേര് രാജനന്ദ. പ്രശസ്ത സംഗീതസംവിധായകനായ ദേവരാജന്‍ മാഷിന്റെ മകന്‍. ഇന്ത്യക്കാര്‍ക്ക് ഇതുപോലെ ആദരവും ബഹുമാനവും കിട്ടിയ മറ്റൊരു രാജ്യം അന്നോ ഇന്നോ ലോകത്തില്ല. എന്തിനേറെ പറയുന്നു, മോസ്കോയിലെ പാട്രിക് ലുമുംബെ സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ആയിരക്കണക്കിന് ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ഒരുതരത്തിലുള്ള വര്‍ണവിവേചനവും വംശീയവിവേചനവും റഷ്യയില്‍ അനുഭവിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. അതിസുന്ദരികളായ റഷ്യന്‍ പെണ്‍സുഹൃത്തുക്കളുടെ കൂടെ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ മോസ്കോയിലെ 'പാര്‍ക്ക് കുല്‍ത്തൂറി'യിലും മറ്റും ഒഴിവുസമയം ചെലവഴിക്കുന്നത് പതിവുകാഴ്ചയായിരുന്നു.   **************** 1989, 90, 91 വര്‍ഷങ്ങളില്‍ വിദ്യാര്‍ഥികളായ ഞങ്ങളുടെ ജീവിതം ഒരു അല്ലലുമില്ലാതെ മുന്നോട്ടുപോയി. ഒന്നിനും കാര്യമായ ഒരു കുറവുമുണ്ടായിരുന്നില്ല. അരിയാഹാരമല്ലാത്ത ഏതാണ്ട് എല്ലാ ഭക്ഷ്യവസ്തുക്കളും അനായാസേന കിട്ടുമായിരുന്നു. 1991ല്‍ സോവിയറ്റ് യൂണിയന്‍ ഇല്ലാതായതോടുകൂടി എല്ലാം തകിടംമറിഞ്ഞു. ഒരു കടയിലും ഒന്നുമില്ല വാങ്ങിക്കാന്‍. കരിഞ്ചന്തയില്‍ സാധനങ്ങള്‍ വില്‍ക്കുന്ന പെട്ടിക്കടകള്‍ എല്ലാ നിരത്തുകളിലും പ്രത്യക്ഷപ്പെട്ടു. പക്ഷേ, അവിടെ കിട്ടുന്നത് മറ്റു രാഷ്ട്രങ്ങളില്‍നിന്ന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാധനങ്ങളുമാണ്. വില ഭീകരം. ഞങ്ങളുടെ ഹോസ്റ്റല്‍ ക്യാന്റീനുകള്‍ അടഞ്ഞുകിടന്നു. ആര്‍മേനിയയില്‍ ഒരു വലിയ ശുദ്ധജലതടാകമുണ്ട്. സെവാന്‍ തടാകം. അവിടെ പോയാല്‍ കുറഞ്ഞ വിലയ്ക്ക് ഒരു മത്സ്യം കിട്ടും. ഒരു ചെറിയ അയക്കൂറയുടെ വലിപ്പമുണ്ട് അതിന്. ഞങ്ങള്‍ അവിടെ പോയി ഈ മത്സ്യം പത്തുപതിനഞ്ചു കിലോ വാങ്ങും. അത് ആര്‍മേനിയയിലെ കടുത്ത തണുപ്പില്‍ നേരാംവണ്ണം വൃത്തിയാക്കാന്‍പോലും നില്‍ക്കാതെ ഉപ്പുചേര്‍ത്ത് ചൂടുവെള്ളത്തില്‍ വേവിച്ച്, അല്ലെങ്കില്‍ കൈയിലുള്ള ഏതെങ്കിലും എണ്ണയില്‍ വറുത്ത് ഞങ്ങള്‍ കഴിക്കാറുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ ജാതി-മത ഭേദങ്ങളെല്ലാം നിഷ്ക്രമിച്ചു. ഗുപ്തയാണെങ്കിലും ഭട്ടാചാര്യയാണെങ്കിലും പട്ടേലാണെങ്കിലും റെഡ്ഡിയാണെങ്കിലും വിശന്നാല്‍ എന്തും കഴിക്കുമെന്ന വാസ്തവം എല്ലാവര്‍ക്കും ബോധ്യമായി. അക്കാലത്ത് ബോറിസ് യട്സിനായിരുന്നു റഷ്യയുടെ അമരക്കാരന്‍. പാശ്ചാത്യശക്തികള്‍ ഊതിവീര്‍പ്പിച്ച, ചേതനയറ്റ, റഷ്യയുടെ എല്ലാം അക്കാലത്ത് അമേരിക്കയ്ക്ക് അടിയറവച്ച ഒരു പ്രസിഡന്റായിരുന്നു റഷ്യന്‍ ഫെഡറേഷന്‍ ഭരിച്ചിരുന്നത്; മറ്റ് സോവിയറ്റ് റിപ്പബ്ളിക്കുകളില്‍ അദ്ദേഹത്തിനുസമാനരായ ഭരണകര്‍ത്താക്കളും. സോവിയറ്റ് യൂണിയനില്‍ ഭവനരഹിതരുണ്ടായിരുന്നില്ല. തൊഴിലില്ലാത്തവര്‍ ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും സൌജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും മാത്രമല്ല, വേതനത്തോടുകൂടിയ ഉല്ലാസയാത്രകളും ലഭിച്ചിരുന്നു. ചെറിയ കുട്ടികളെ മാതൃകാപരമായി പരിരക്ഷിക്കാന്‍ സോവിയറ്റ് യൂണിയനിലുടനീളം കിന്റര്‍ഗാര്‍ട്ടനുകളുണ്ടായിരുന്നു. വിനോദത്തിന് തലങ്ങും വിലങ്ങും പാര്‍ക്കുകളുണ്ടായിരുന്നു. യുവജനങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ പലതരം ക്ളബ്ബുകളുണ്ടായിരുന്നു. സ്ത്രീ-പുരുഷ ബന്ധം ബൂര്‍ഷ്വാ സമൂഹങ്ങളേക്കാള്‍ ജനാധിപത്യപരമായിരുന്നു. സാമൂഹിക ജീവിതത്തിലെ സ്ത്രീപങ്കാളിത്തം വിസ്മയിപ്പിക്കുന്നതായിരുന്നു. യാചകരോ അനാഥരോ തെരുവിലുണ്ടായിരുന്നില്ല. കുറ്റകൃത്യങ്ങള്‍ തുലോം കുറവായിരുന്നു. രാത്രി രണ്ടുമണിക്കുപോലും മോസ്കോയില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയരായി നടക്കാമായിരുന്നു. വിദേശികളോട്, പ്രത്യേകിച്ച് മൂന്നാം ലോക രാജ്യങ്ങളില്‍നിന്നുള്ളവരോട് വലിയ സ്നേഹം പ്രകടിപ്പിച്ചു അന്നത്തെ സോവിയറ്റ് ജനത. ഇന്ത്യക്ക് ഇപ്പോഴും ഒരു സവിശേഷ ബഹുമാനം കിട്ടുന്ന വിദേശരാജ്യങ്ങളില്‍ മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളായിരിക്കും മുന്‍നിരയില്‍ നില്‍ക്കുന്നതെന്നാണ് ഞാന്‍ കരുതുന്നത്. **************** 1994 ഫെബ്രുവരി. ഞാന്‍ ഹോസ്റ്റലിലെ താമസം അവസാനിപ്പിച്ച് എന്റെ ആര്‍മേനിയന്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുന്ന അവസാനമാസം. പെണ്‍സുഹൃത്തായ ലൂസിനെയും അവളുടെ മാതാപിതാക്കളും വീടുള്‍പ്പെടെ എല്ലാം വിറ്റ് ജര്‍മനിയില്‍ കുടിയേറാന്‍ ശ്രമിക്കുന്ന സമയം. വീടിന് 20,000 ഡോളര്‍ കിട്ടി. മറ്റ് സാധനങ്ങള്‍ക്ക് ഏതാണ്ട് 500 ഡോളറിനുസമാനമായ ആര്‍മേനിയന്‍ കറന്‍സിയായ ദ്രാമും കിട്ടി. അവര്‍ ജര്‍മനിയിലേക്ക് പോകുകയാണ്. തുടര്‍ന്ന്, ഞാന്‍ വീണ്ടും എന്റെ ഹോസ്റ്റല്‍മുറിയില്‍ താമസമാക്കി. ആറുമാസം കഴിഞ്ഞ് ലൂസിനെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് എന്നെ വിളിച്ചു: "ഞങ്ങള്‍ക്ക് അഭയാര്‍ഥിപ്പദവി കിട്ടിയില്ല. മടങ്ങുകയാണ്!'' അപ്പോഴേക്കും വീട് വിറ്റുകിട്ടിയ തുകയുടെ ഏറിയപങ്കും അവര്‍ ചെലവഴിച്ചുകഴിഞ്ഞിരുന്നു. പിന്നീട് ആര്‍മേനിയയിലെത്തി ഒരു വാടകവീട്ടിലാണ് അവര്‍ താമസിച്ചത്. പറഞ്ഞുവരുന്നത് ഇതാണ്. സോവിയറ്റ് യൂണിയനില്‍ പ്രായപൂര്‍ത്തിയായവര്‍ക്കും വിവാഹിതരായവര്‍ക്കും താമസസൌകര്യം സൌജന്യമായി ലഭിച്ചിരുന്നു. രണ്ടോ മൂന്നോ കൊല്ലം കാത്തിരിക്കേണ്ടിവന്നാലും തൊഴിലും വീടും മൌലികാവകാശമായിരുന്നു. ഭവനരഹിതര്‍ ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല സ്ഥിതി. സോവിയറ്റ് കാലത്ത് പടുത്തുയര്‍ത്തിയ പരശ്ശതം അപ്പാര്‍ട്മെന്റുകളല്ലാതെ കാര്യമായി മറ്റൊന്നും ഇപ്പോഴത്തെ റഷ്യയിലില്ല. വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന റഷ്യക്കാരുടെ പ്രധാന മൂലധനം സോവിയറ്റ് കാലത്ത് അവര്‍ക്ക് സൌജന്യമായി കിട്ടിയ ഫ്ളാറ്റുകളുടെ സാമ്പത്തികമൂല്യമാണ്. പാര്‍പ്പിടവും തൊഴിലും മൌലികാവകാശമായിരുന്നുവെന്നതും അവ എല്ലാവര്‍ക്കും കിട്ടിയിരുന്നുവെന്നതുമാണ് സോവിയറ്റ് യൂണിയന്റെ എണ്ണിപ്പറയാവുന്ന പ്രധാന നേട്ടം. ഒരു ബൂര്‍ഷ്വാസമൂഹത്തിനും ഇന്നേവരെ കൈവരിക്കാന്‍ പറ്റാത്ത ഒരു നേട്ടമാണിത്. **************** ജീവിതത്തിലെ ഏറ്റവും വേദനാനിര്‍ഭരമായ രാത്രി ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം എനിക്ക് പറയാവുന്ന രാത്രി, 1992 സെപ്തംബറില്‍ ആര്‍മേനിയയിലെ രണ്ടാമത്തെ പ്രധാന നഗരമായ ഗ്യൂമ്റിയില്‍ (പണ്ട് ലെനിനാക്കാന്‍ എന്നായിരുന്നു ഈ നഗരത്തിന്റെ പേര്) ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്ന അന്നത്തേതാണ്. റിസപ്ഷനിലെത്തിയപ്പോള്‍ മുറിയില്ല. എല്ലാ മുറികളിലും അഭയാര്‍ഥികളാണ്. നാഗോര്‍ണോ കരബാക് എന്ന പ്രദേശത്തെ ചൊല്ലി സോവിയറ്റ് ആര്‍മേനിയയും സോവിയറ്റ് അസൈര്‍ബജാനും തമ്മില്‍ ഗോര്‍ബച്ചേവിന്റെ കാലത്ത് ആരംഭിച്ച സംഘര്‍ഷത്തിന്റെ ഇരകള്‍. മുറികിട്ടാതെ റിസപ്ഷനില്‍ നിസ്സഹായനായി നിന്ന എന്റെ അടുത്തേക്ക് ഏതാണ്ട് 30 വയസ്സുള്ള ഒരു യുവതി വന്നു. അവര്‍ പറഞ്ഞു: "നിങ്ങള്‍ക്ക് രാവിലെവരെ എന്റെ മുറിയില്‍ വിശ്രമിക്കാം. വന്നോളൂ.'' ഞാന്‍ അറച്ചറച്ച് പോയി. അവരുടെ ഭര്‍ത്താവ് അസൈര്‍ബജാനുമായുള്ള യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ രണ്ടുരണ്ടര വയസ്സായ മകള്‍ രാത്രി മുഴുവന്‍ കരയുകയായിരുന്നു. അവരുടെ മുലപ്പാല്‍ വറ്റിയിരുന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ അവര്‍ കുഞ്ഞിനായി എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊണ്ടുവരാന്‍ പറ്റുമോയെന്ന് ചോദിച്ചു. എനിക്ക് യെരവാനിലേക്ക് തിരിച്ചുപോകേണ്ട ഹെലികോപ്റ്റര്‍ രാവിലെയായതുകൊണ്ട് ഞാന്‍ അവര്‍ക്ക് കുറച്ച് ദ്രാം കൊടുത്തു. ആ കുഞ്ഞിന് ഒരാഴ്ച ഭക്ഷണത്തിനുവേണ്ടിയുള്ള സംഖ്യ. ആര്‍മേനിയയും അസൈര്‍ബജാനും തമ്മിലുള്ള യുദ്ധത്തിനുമുമ്പ് മൂന്നു മുറികളുള്ള ഒരു ഫ്ളാറ്റില്‍ സ്വസ്ഥമായി ജീവിച്ചവരായിരുന്നു അവര്‍. സ്വത്വരാഷ്ട്രീയത്തെ 1980കളുടെ അവസാനത്തില്‍ സോവിയറ്റ് യൂണിയനില്‍ ആരാണ് ഉണര്‍ത്തിവിട്ടതെന്നും എങ്ങനെ വര്‍ഗരാഷ്ട്രീയത്തിന് കടകവിരുദ്ധമായ ആ സമീപനം സോവിയറ്റ് യൂണിയന്റെ അസ്തിത്വത്തിന് അപകടകരമായി മാറിയെന്നും അന്വേഷിക്കേണ്ട വിഷയമാണ്. **************** 1991 ജനുവരി. കൂടെ പഠിക്കുന്ന ആര്‍മേനിയന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഒരു സന്ധ്യക്ക് യെരവാന്‍ നഗരത്തിനടുത്തുള്ള സോവിയറ്റ് മിലിട്ടറി അക്കാദമിയിലേക്ക് എന്നെ കൊണ്ടുപോകുന്നു. സോവിയറ്റ് യൂണിയനില്‍ പ്രായപൂര്‍ത്തിയായ മിക്കവരും സൈനികസേവനം നടത്തണം. അവരുടെ ഹോസ്റ്റലിലെത്തിയപ്പോള്‍ ഞാനൊരു കുസൃതിച്ചോദ്യം ചോദിച്ചു: "നിങ്ങളും അമേരിക്കയും തമ്മില്‍ യുദ്ധമുണ്ടായാല്‍ എന്ത് സംഭവിക്കും'' അവരുടെ മറുപടി ഇങ്ങനെയായിരുന്നു: "ഒരുമണിക്കൂര്‍കൊണ്ട് അമേരിക്കയുണ്ടാകില്ല. ഞങ്ങള്‍ക്കും ഗണ്യമായ നാശനഷ്ടമുണ്ടാകും. പക്ഷേ, അമേരിക്ക ഉണ്ടാകില്ല.'' ഇത്രയും ആത്മവിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഇതേ ആത്മവിശ്വാസം വ്ളാദിമിര്‍ പുടിനില്‍ കാണാം.  പുടിന്‍ വാസ്തവത്തില്‍ പഴയ സോവിയറ്റ് യൂണിയനെ അക്ഷരാര്‍ഥത്തില്‍ പ്രതിനിധാനംചെയ്യുന്ന ഭരണാധികാരിയാണെന്ന് പറയുന്നവരുണ്ട്. അതില്‍ ഒട്ടേറെ ശരിയും ചില തെറ്റുകളുമുണ്ട്. റഷ്യന്‍ വിദേശനയം, ബോറിസ് യട്സിന്റെയും ഗോര്‍ബച്ചേവിന്റെയും 'കീഴടങ്ങല്‍ സമീപന'ത്തില്‍നിന്ന് അമേരിക്കയെ വെല്ലുവിളിക്കുന്ന തലത്തില്‍ എത്തിയത് ക്രീമിയ- ഉക്രെയ്ന്‍- സിറിയന്‍ പ്രശ്നങ്ങളിലാണ്. അവിടങ്ങളിലൊന്നും ഒരു വിട്ടുവീഴ്ചയ്ക്കും റഷ്യ തയ്യാറായിട്ടില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തെ ഇപ്പോഴും വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ പൈതൃകം അവകാശപ്പെടാവുന്ന, എന്നാല്‍ ഇപ്പോള്‍ പരസ്യമായി ആ പൈതൃകം അംഗീകരിക്കാത്ത റഷ്യയാണ്. എന്റെ നോട്ടത്തില്‍, ഇപ്പോഴും പുടിന്റെ റഷ്യ പഴയ സോവിയറ്റ് യൂണിയന്റെ സമ്പ്രദായങ്ങള്‍ പിന്തുടരുന്ന, പേരില്‍ മുതലാളിത്തമെന്ന് പറയാമെങ്കിലും പ്രയോഗത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്ന ഒരു ശക്തിയാണെന്നാണ്. ആ ബലം റഷ്യക്ക് പ്രദാനം ചെയ്തത് 70 വര്‍ഷത്തെ കമ്യൂണിസ്റ്റ് ഭരണമായിരുന്നു എന്ന യാഥാര്‍ഥ്യം പുടിനോ അമേരിക്കയ്ക്കോ നിഷേധിക്കാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ നൂറുവര്‍ഷംമുമ്പ് നടന്ന റഷ്യന്‍ വിപ്ളവം, അതിന്റെ ചരിത്രം, നിലനില്‍ക്കുന്ന സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ കടപുഴക്കി ചൂഷണാധിഷ്ഠിതമല്ലാത്ത പുതിയ സമൂഹം സാക്ഷാല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. Read on deshabhimani.com

Related News