പ്രതിഭാധനനായ ഇടയൻ

തോമസ് മാര്‍ അത്താനാസിയോസ് മെത്രാപോലീത്ത ഫ്രാൻസിസ്‌ മാർപാപ്പയോടൊപ്പം


മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പ്രതിഭാധനനായ ഇടയനെയാണ് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. സഭയിൽ എന്നതുപോലെ സമൂഹത്തിലും രാഷ്ട്രീയത്തിലും ദീർഘകാല സജീവ സാന്നിദ്ധ്യം ആയിരുന്നു അദ്ദേഹം.1938 ഏപ്രിൽ  മൂന്നിന‌്  പൗരാണിക പൗരോഹിത്യ കുടുംബമായ പുത്തൻകാവ്കിഴക്കേതലക്കൽ തോമസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. പുത്തൻകാവിൽ കൊച്ചു തിരുമേനി എന്നറിയപ്പെടുന്ന തുമ്പമൺ ഭദ്രാസനത്തിന്റെ കാലം ചെയ്ത ഗീവർഗീസ‌് മാർ ഫിലെക്‌സീനോസ് മെത്ത്രാപ്പോലീത്ത ഇദ്ദേഹത്തിന്റെ മാതുലൻ ആയിരുന്നു. പുത്തൻകാവ്, കോട്ടയം എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശ്ശേരി എസ്ബി കോളേജിൽ നിന്നും ബിഎസ്സിയും എൻഎസ്എസ് കോളേജിൽ നിന്നും ബിഎഡും സെറാമ്പൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവ ശാസ്ത്ര വിദ്യാഭ്യാസവും ബറോഡ എംഎസ് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദവും നേടി.  വിദ്യാഭ്യാസ മേഖലയാണ് അദ്ദേഹം പ്രാഥമിക പ്രവർത്തേനങ്ങൾക്ക്  തെരഞ്ഞെടുത്തത‌്. ഗുജറാത്തിൽ ബറോഡയിൽ അദ്ദേഹം ആദ്യമായി സഭയുടെതായി ഒരു സ്‌കൂൾ സ്ഥാപിച്ചു. തുടർന്ന‌് മറ്റ‌് ആറിടങ്ങളിലും പുതിയ സ്‌കൂളുകൾ ആരംഭിച്ചു. ഇവയുടെ പ്രവർത്തന  മികവു കണ്ട ഗുജറാത്ത് റിഫൈനറി അവരുടെ സ്‌കൂൾ നടത്താൻ ബിഷപ്പിനെയാണ് ചുമതലപ്പെടുത്തിയത്. സംസ്ഥാന സർക്കാർ തലത്തിലും ബിഷപ്പിന്റെ പ്രവർത്തതനം അംഗീകരിക്കപ്പെടുകയുണ്ടായി. കേരളത്തിനു പുറത്ത് ഇന്ത്യയിൽ പലയിടത്തും വിദേശത്തും അനേകം ഇടവകകൾ ഇദ്ദേഹം സ്ഥാപിച്ചു. ഗുജറാത്തിലെ പ്രവർത്തന കാലയളവിൽ സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക മത സാംസ്‌കാരിക മേഖലയിൽ ഉള്ളവരുമായി നല്ല ബന്ധം സ്ഥാപിക്കാൻ ശ്രദ്ധിച്ചു. കേരളത്തിലും സാമൂഹിക രാഷ്ട്രീയരംഗങ്ങളിൽ എന്നും സജീവമായി ഇടപെട്ടിരുന്നു. അതുകൊണ്ടുതന്നെ രാഷ്ട്രീയത്തിലും ഇതര മത വിഭാഗങ്ങളിലും ഏറെ സുഹൃത്തുക്കളെ നേടാൻ കഴിഞ്ഞ വ്യക്തിത്വമായി. ഇദ്ദേഹത്തിന്റെ  കഴിവുകൾ കണ്ട സഭ അദ്ദേഹത്തെ പുതുതായി രൂപീകരിച്ച ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി തെരഞ്ഞെടുത്തു. 1985 ആഗസ‌്ത‌് ഒന്നാം തിയതി മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെട്ട അദ്ദേഹം മരണം വരെ ആ ചുമതലയിൽ തുടർന്നു . സഭയിലെ ഏറ്റവും സീനിയറായ മെത്രാപ്പോലീത്ത എന്ന നിലയിൽ അദ്ദേഹത്തിന്റെ ഉപദേശവും അഭിപ്രായങ്ങളും എന്നും വിലപ്പെട്ടതായി സ്വീകരിക്കപ്പെട്ടിരുന്നു. അതോടൊപ്പം സഭയുടെ സുന്നഹദോസ് സെക്രട്ടറി, കോർപറേറ്റ് സ്‌കൂളുകളുടെ മാനേജർ, ബാല സമാജം, പ്രാർഥ നായോഗം, ചർച്ച് അക്കൗണ്ട‌്സ‌്  കമ്മറ്റി, സഭാ പ്രസിദ്ധീകരണ വിഭാഗം എന്നിവയുടെ അദ്ധ്യക്ഷൻ എന്നീ നിലകളിലും ശ്രേഷ്ഠ സേവനം നിർവഹിച്ചു. തന്റെ  ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തത്തനങ്ങളെ മനുഷ്യ സേവന തലത്തിലേക്ക് ഉയർത്തി. അതിനാവശ്യമായപരിശീലന പരിപാടികൾ വൈദികർക്കും  യുവാക്കൾക്കും സണ്ടേസ്‌കൂൾ പ്രവർത്തകർക്കും  ഇടവകാംഗങ്ങൾക്കും  ക്രമീകരിച്ചു നൽകി.   അദ്ദേഹം കാർഷക വൃത്തിയിലും തൽപരനായിരുന്നു. ബറോഡയിലെ തന്റെ  ചുമതലയിലുള്ള സ്‌കൂളുകൾ സന്ദർശിച്ച ശേഷം ട്രെയിനിൽ തിരികെ വരുമ്പോൾ എറണാകുളം സ്റ്റഷേനു സമീപമാണ‌്  അപകടത്തിൽ ബിഷപ്പ് മരിക്കുന്നത‌്. അദ്ദേഹത്തിന്റെ വേർപാട‌് സഭക്കും സമൂഹത്തിനും വലിയൊരു നഷ്ടമാണ്. Read on deshabhimani.com

Related News