ശശി കപൂര്‍ ബോളിവുഡിലെ 'റോബിന്‍ഹുഡ്'ബോക്സോഫീസില്‍നിന്ന് താന്‍ കൊള്ള ചെയ്ത പണം, വലിയ സ്വപ്നങ്ങളുള്ള, എന്നാല്‍ കീശ കാലിയായ സംവിധായകരുടെ പ്രൊജക്റ്റുകള്‍ക്കായി ചെലവഴിച്ചു. വെള്ളിത്തിരയില്‍നിന്ന് സ്വന്തമാക്കിയതിനേക്കാള്‍ നല്ല സിനിമയ്ക്ക് അങ്ങോട്ടു നല്‍കിയ മഹാനുഭാവന്മാരില്‍ ഒരാള്‍. ശശി കപൂറിന്റെ ആദ്യ പ്രണയം നാടകത്തോടായിരുന്നു. സിനിമാഭിനയത്തെ നാടക പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്താനുള്ള ഉപാധിയായാണ് കണ്ടത്. ദേവ് ആനന്ദിനു ശേഷം ഹിന്ദി  സ്ക്രീനില്‍ റൊമാന്റിക് നായകനായി വിരാജിച്ചപ്പോഴും സിനിമ നല്‍കിയ പ്രതിഛായകളെ അകല്‍ച്ചയോടെയാണു അദ്ദേഹം വീക്ഷിച്ചത്. ഹൃദയോല്ലാസം നല്‍കുന്ന  സൌന്ദര്യവും മനോഹരമായ പല്ലുകള്‍ കാട്ടിയുള്ള ചിരിയും അനായാസേനെയുള്ള അഭിനയവും അറുപതുകള്‍ മുതല്‍ രണ്ടു പതിറ്റാണ്ട് ഹിന്ദി സിനിമയെ കീഴടക്കി. എന്നാല്‍ തന്നെ ഇതൊന്നും മഹത്വവല്‍ക്കരിക്കുന്നില്ല എന്ന ഉറച്ച ബോധ്യമുണ്ടായി. ചാബി ബിശ്വാസ്, ദിലീപ് കുമാര്‍, സഹോദരന്‍ രാജ് കപൂര്‍, ഉത്തം കുമാര്‍ എന്നിവരാണ് ഹിന്ദിയിലെ മികച്ച നടന്മാര്‍ എന്നാണ് ശശി ഒരഭിമുഖത്തില്‍ പറഞ്ഞത്. അമിതാഭ് ബച്ചനെയും ഏറെ ബഹുമാനത്തോടെയായിരുന്നു  കണ്ടത്. ദീവാറിലും കഭി കഭിയിലും ത്രിശൂലിലും കാലാ പത്തറിലും സിസിലയിലും ബച്ചനോടൊത്തുള്ള അഭിനയത്തെ  ആദരവോടെയാണ് സ്മരിക്കാറുള്ളതും. ഇംഗ്ളീഷ് സിനിമാ ലോകത്ത് ഇന്ത്യയിലാദ്യമായി ഒരു നടന്‍ പ്രവേശനം നേടി എന്ന വിസ്മയവും ശശി കപൂറിന്റെ ജീവചരിത്രത്തിലെ ഏടാണ്. 1963 മുതല്‍ ഇസ്മയില്‍ മെര്‍ച്ചന്റിന്റെയും ജെയിംസ് ഐവറിയുടെയും ഏതാനും മികച്ച സിനിമകളില്‍  അഭിനയിച്ചു. അവയിലെ പ്രകടനം സത്യജിത് റായ് പോലെയുള്ളവരുടെ പ്രശംസയ്ക്കു പാത്രമായി. കോണാര്‍ഡ് റൂക്കിന്റെ സിദ്ധാര്‍ഥയിലെ അഭിനയം  സാംസ്കാരികരംഗത്ത് പദവി നേടിക്കൊടുത്തു. മസാല ചലച്ചിത്രങ്ങളെ ഇത്തിരി അപകര്‍ഷതയോടും അവജ്ഞയോടും നോക്കിക്കാണാനുള്ള പ്രവണതക്ക്, നാടകകാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവവും പരിശീലനവുമായിരിക്കാം കാരണമായത്. ജനപ്രിയ സിനിമകളിലെ ഹിറ്റുകളുടെ നായകന്‍ എന്ന പദവിയെയും അതില്‍ നിന്നു കിട്ടിയ വലിയ വരുമാനത്തെയും മറ്റൊരു വഴിയില്‍ തിരിച്ചുവിടാന്‍ കാണിച്ച ധീരത  ഇതിനു തെളിവാണ്. ഫിലിംവാലാ എന്ന പേരില്‍ പില്‍ക്കാലത്ത് ശശികപൂര്‍ സ്ഥാപിച്ച പ്രൊഡക്ഷന്‍ യൂണിറ്റ് ഏറ്റെടുത്ത രചനകളെല്ലാം  കലാസിനിമയുടെ മികച്ച വക്താക്കളുടേതായിരുന്നു. ശ്യം ബെനഗല്‍, ഗോവിന്ദ് നിഹലാനി, ഗിരീഷ് കര്‍ണാട് എന്നിവരുടേത്. അപര്‍ണ സെന്‍ എന്ന അപൂര്‍വ നടിയെ സമ്മാനിക്കുകയുംചെയ്തു.  1961ലെ ധര്‍മപുത്ര എന്ന  ആദ്യകാല സിനിമകളിലൊന്നിലെ അഭിനയത്തിന് ലഭിച്ച ദേശീയ അവാര്‍ഡ് തിരസ്കരിക്കാനും ശശികപൂര്‍ തയ്യാറായി. ചലച്ചിത്ര ലോകത്തിലെ അപൂര്‍വ സംഭവമായിരുന്നു അത്. തന്റെ അഭിനയം അവാര്‍ഡിന് അര്‍ഹമാകുംവിധം മെച്ചപ്പെട്ടതല്ല എന്നായിരുന്നു നിലപാട്. വളരെ മികച്ച അഭിനയം കാഴ്ചവെച്ചു എന്നു വിശ്വസിച്ച 1986ലെ ന്യൂദല്‍ഹി ടൈംസിനു ലഭിച്ച ദേശീയ അവാര്‍ഡ് സ്വീകരിക്കുകയുംചെയ്തു. അഭിലാഷത്തിനനുസരിച്ചുള്ള സിനിമ എന്ന നിലയില്‍ ശശികപൂര്‍ നിര്‍മിച്ച ശ്യാംബെനഗലിന്റെ ജുനൂനില്‍ തീക്ഷ്ണമായ അഭിനയം  കാഴ്ചവെച്ചു. അദ്ദേഹം നിര്‍മിച്ച ബെനഗലിന്റെ കലിയുഗില്‍ പ്രാന്തീയനായ മനുഷ്യന്റെ മനോവേദനയെ താരതമ്യമില്ലാത്ത മികവോടെ അവതരിപ്പിച്ചു. ശശികപൂറിന്റ നിര്‍മാണ കമ്പനി ഏറ്റെടുത്ത ഗോവിന്ദ് നിഹലാനിയുടെ വിജേതില്‍, റൊമാന്റിക് പ്രതിഛായ പാടെ നിരാകരിച്ച് സ്വന്തം മകന്‍ കുനാലിന്റെ പിതാവായി വേഷമിട്ടു. ഇങ്ങിനെ മസാല സിനിമാ സംസ്കാരത്തിലെ പ്രേമനായകന്റെ പ്രതിഛായ പൊളിച്ചെഴുതിയ ശശി കപൂര്‍ ബോളിവുഡിലെ റോബിന്‍ഹുഡ് എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ബോക്സോഫീസില്‍നിന്ന് താന്‍ കൊള്ള ചെയ്ത പണം, വലിയ സ്വപ്നങ്ങളുള്ള, എന്നാല്‍ കീശ കാലിയായ സംവിധായകരുടെ പ്രൊജക്റ്റുകള്‍ക്കായി ചെലവഴിച്ചു. വെള്ളിത്തിരയില്‍നിന്ന് സ്വന്തമാക്കിയതിനേക്കാള്‍ നല്ല സിനിമയ്ക്ക് അങ്ങോട്ടു നല്‍കിയ മഹാനുഭാവന്മാരില്‍ ഒരാള്‍. അഭിനയക്കസര്‍ത്തുകളില്‍ അഭിരമിക്കുന്നതിനേക്കാള്‍ ഉത്തരവാദിത്വമുള്ള കലാകാരന്‍ എന്ന നിലയിലായിരുന്നു പെരുമാറിയത്. ജനപ്രിയ ചലച്ചിത്രങ്ങള്‍ക്കായി  വിനിയോഗിച്ച ഊര്‍ജത്തിന്റെ കുറ്റബോധം തീര്‍ക്കാന്‍ ജനകീയസിനിമയെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തി. 1984ല്‍ ഭാര്യ ജെന്നിഫര്‍ കപൂറിന്റെ വിയോഗം തീര്‍ത്ത വ്യഥയില്‍ നിന്ന് ഒരിക്കലും മുക്തനാകാന്‍  കഴിഞ്ഞിരുന്നില്ല. ജിന്നയിലെ അഭിനയത്തിനുശേഷം  സിനിമാലോകത്തോടു വിട പറഞ്ഞ്, വിശ്രുത ചലച്ചിത്രകാരന്‍ ബര്‍ഗ്മാനെപ്പോലെ, എല്ലാത്തില്‍നിന്നും അകന്നുകഴിയുകയായിരുന്നു അദ്ദേഹം. Read on deshabhimani.com

Related News