'എന്റെ മാതൃക ശ്രീനാരായണഗുരു'അനീതികള്‍ക്കെതിരെ എന്നും പ്രതികരിച്ച പുലിക്കുന്നേല്‍ തൊടുത്ത വിമര്‍ശങ്ങള്‍ കുറിക്കുകൊണ്ടിരുന്നു. സഭാവിമര്‍ശമെന്നാല്‍ പുരോഹിതരെ അധിക്ഷേപിക്കലാണെന്ന ധാരണ അദ്ദേഹത്തിന് ഇല്ലായിരുന്നു. "നവീകരണപ്രസ്ഥാനം എന്ന പേരില്‍ ലഘുലേഖ ഇറക്കുമ്പോള്‍ പലരും നെറ്റിചുളിച്ചു. എന്തു ചെയ്യാനാവുമെന്നായിരുന്നു ചോദ്യം. വിവാഹിതരാകാന്‍ നാലു പെണ്‍കുട്ടികള്‍. സഭയ്ക്കെതിരെ പ്രതികരിച്ചാല്‍  എന്താകുമെന്ന വീട്ടുകാരുടെ ഭയം. ഉറച്ച തീരുമാനമെടുത്തു. ക്രിസ്‌തുവിനോടോ വിശ്വാസത്തോടോ ഭിന്നതയില്ല. ആള്‍ക്കൂട്ടത്തിലും അനുയായികളിലും വലിയ പ്രകടനങ്ങളിലും യോജിപ്പുമില്ല. എന്റെ മാതൃക ശ്രീനാരായണഗുരു. ആശയം അവതരിപ്പിച്ച് പ്രവര്‍ത്തിക്കുക. എല്ലാം പിറകെവരും. ഈ വിശ്വാസത്തോടെയാണ് 'ഓശാന'ക്ക് തുടക്കമിട്ടത്. പൊന്‍കുന്നം വര്‍ക്കി, മുണ്ടശേരി എന്നിവരുടെ സാന്നിധ്യത്തില്‍.''-പുലിക്കുന്നേല്‍ പറഞ്ഞു. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമൊരിടം' - ഓശാന ലൈബ്രറി മുറ്റത്തെ ശിലാഫലകം ഇങ്ങനെ. വാടകമുറിയില്‍ ആരംഭിച്ച ഓശാനയുടെ വളര്‍ച്ച പെട്ടെന്ന്. മറ്റു ഗ്രന്ഥപരമ്പരകളും പുറത്തിറക്കി. സംവാദ വേദിയുമായി. മനുഷ്യസ്നേഹത്തെ ഏറ്റവും വിലമതിച്ച പുലിക്കുന്നേല്‍ അറുപതുകഴിഞ്ഞ ദമ്പതികള്‍ക്ക് വീടും പാവപ്പെട്ട കുട്ടികള്‍ക്ക് ആരോഗ്യകേന്ദ്രവും ഒരുക്കി. പ്രമേഹരോഗികളെ സഹായിച്ചു. രോഗം മാറാത്തവര്‍ക്ക് പ്രത്യേകകേന്ദ്രം. മരുന്ന്, ഭക്ഷണം, മാസം നൂറു രൂപ, വര്‍ഷത്തില്‍ രണ്ടുവട്ടം വസ്ത്രവും. കേരളത്തിലെ ആദ്യ ക്യാന്‍സര്‍ പാലിയേറ്റീവ് സെന്ററും തുടങ്ങി. സ്വതന്ത്ര ഗവേഷണമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസില്‍. ഗവേഷകര്‍ക്ക് താമസസൌകര്യം.  പ്രമേഹരോഗിയായി എത്തിയ വിനോദായിരുന്നു സഹായി. തന്റെ പത്തു സെന്റ് സ്ഥലം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ പുലിക്കുന്നേല്‍  പറഞ്ഞു: "എന്റെ പത്തു സെന്റിന്റെ ഭാരം കുറഞ്ഞു; നിനക്ക്  കൂടി''. സഭയുടെ സാമ്പത്തികഭരണം സുതാര്യമാകണമെന്ന കാഴ്ചപ്പാടായിരുന്നു അദ്ദേഹത്തിന്. പൊതുസ്വത്ത് ഭരിക്കാന്‍ ചര്‍ച്ച് ആക്ട് ഉണ്ടാക്കണമെന്ന വാദം വിവാദമായി. പുരോഹിതര്‍ ആധ്യാത്മിക ഉത്തരവാദിത്തം നിറവേറ്റി സഭയുടെ ചുക്കാന്‍ വിശ്വാസികളെ ഏല്‍പ്പിക്കട്ടെയെന്നും വാദിച്ചു. വി ആര്‍ കൃഷ്‌ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമീഷന്‍ പള്ളിസ്വത്തുക്കളുടെ ഭരണത്തിന് നിയമത്തിന്റെ ആവശ്യകത സംബന്ധിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അത് നടപ്പായാല്‍ യാക്കോബായ- ഓര്‍ത്തഡോക്സ് തര്‍ക്കവും പരിഹൃതമാകുമെന്നായിരുന്നു പുലിക്കുന്നേലിന്റെ വിശ്വാസം. വൈദികര്‍ വിസമ്മതിച്ച കല്യാണങ്ങളും സംസ്കാരച്ചടങ്ങുകളും നടത്തിയ അദ്ദേഹം, ദളിത് ക്രൈസ്തവരെ സഭാസ്ഥാപനങ്ങളില്‍ ജോലിക്ക് വെക്കാത്തതിനെയും അഴിമതിയെയും സ്വത്ത് വിനിയോഗത്തിലെ സുതാര്യതയില്ലായ്മയെയും വിമര്‍ശിച്ചു. തെമ്മാടിക്കുഴിക്കെതിരായ പോരാട്ടവും  ശ്രദ്ധേയം. കോട്ടയം ഡിസിസി പ്രസിഡന്റ് വി കെ കുര്യന് മരിച്ചടക്ക് നിഷേധിച്ചപ്പോള്‍  രംഗത്തെത്തി. മൃതദേഹം സെമിത്തേരിയില്‍ സംസ്കരിച്ചു. പുരോഹിത നടപടിക്കെതിരെ മാനനഷ്ടക്കേസും നല്‍കി. കുടുംബത്തിന്് രണ്ടേകാല്‍ ലക്ഷം നല്‍കാന്‍ വിധിയുണ്ടായി. പുരോഹിതര്‍ നിഷേധിച്ച പന്ത്രണ്ടോളം വിവാഹങ്ങള്‍ കാനോന്‍ നിയമം അനുസരിച്ച് നടത്തി ചരിത്രം സൃഷ്‌ടിച്ചു. താന്‍ ആന്റി കമ്യൂണിസ്റ്റെന്നത് തെറ്റിദ്ധാരണയാണെന്നും പ്രചാരണമാണ് മിഥ്യാധാരണ പാകിയതെന്നും പറയുമായിരുന്നു പുലിക്കുന്നേല്‍. "കമ്യൂണിസം താത്ത്വികമായി ശരിയാണെന്നു പറയുമ്പോള്‍, പ്രയോഗത്തില്‍ ഏകാധിപത്യമാണെന്നായിരുന്നു പ്രചാരണം. പൌരോഹിത്യത്തിന്റെ പങ്ക് അതില്‍ പ്രധാനം. ഫാദര്‍ വടക്കന്‍ നിര്‍ണായക സംഭാവനചെയ്‌തു. താന്‍ കമ്യൂണിസം വായിച്ച് മനസിലാക്കിയിരുന്നു. എം പി പോളും മുണ്ടശേരിയും പൊന്‍കുന്നം വര്‍ക്കിയും ആദ്യമേ കമ്യൂണിസ്റ്റായിരുന്നില്ല. ആ വഴിയിലേക്കെത്തുകയായിരുന്നു. പുരോഗമനപരമായി എഴുതുന്നവനെ കമ്യൂണിസ്റ്റെന്ന് മുദ്രകുത്തി. ക്രിസ്‌തു സ്നേഹംകൊണ്ട് വിപ്ളവം സൃഷ്‌ടിച്ചു. സമൂഹത്തിന് ദിശാബോധം നല്‍കി. ഗാന്ധിജിയും മാര്‍ക്സും ശ്രീനാരായണഗുരുവുമെല്ലാം അങ്ങനെ പ്രവര്‍ത്തിച്ചവരാണ്''എന്ന് കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. Read on deshabhimani.com

Related News