ലോകത്തിന്റെ മിടിപ്പറിഞ്ഞ് ഒരു ഡോക്ടര്‍ഡോ. ഏണസ്റ്റോ ചെ ഗുവേരയും (ഗെവാര എന്ന് സ്പാനിഷ് ഉച്ചാരണം) കൊച്ചിയിലെ പള്ളുരുത്തിക്കാരനായ ഡോ. എന്‍ ജെ നടരാജനുമായി ചില സാമ്യങ്ങളുണ്ട്. ഇരുവരും വൈദ്യശാസ്ത്രം പഠിച്ചവരാണെന്നത് ചെറിയ കാര്യം. അതിനുമപ്പുറം ഇരുവരെയും  ഇണക്കുന്നത് ചില പ്രേമങ്ങളാണ്. പുസ്തകങ്ങളോടും യാത്രകളോടുമുള്ള അടങ്ങാത്ത അഭിനിവേശം. ചെ കൂട്ടുകാരന്‍ ആല്‍േബര്‍തോ ഗ്രനാദോയുമൊത്ത് തെക്കനമേരിക്കന്‍ ഭൂഖണ്ഡത്തിലൂടെ പ്രസിദ്ധമായ മോട്ടോര്‍സൈക്കിള്‍ യാത്ര നടത്തിയത് വൈദ്യശാസ്ത്രപഠനം പൂര്‍ത്തിയാക്കുംമുമ്പേയാണ്. നടരാജന്‍ എട്ടുമാസത്തോളം ഉത്തരേന്ത്യ മുഴുവന്‍ അലഞ്ഞുനടന്നത് അഹ്മദാബാദ് സര്‍വകലാശാലയിലെ പഠനത്തിന് അവധികൊടുത്താണ്. ചെയെപ്പോലെ നടരാജനും അക്കാലത്ത് പിടികൂടിയ വിഷാദരോഗത്തിന് പ്രതിവിധിയായിത്തീര്‍ന്നു ആ യാത്രകള്‍. പിന്നീടെന്നും അലച്ചില്‍ ഇരുവര്‍ക്കും ജീവിതത്തിന്റെ ഭാഗമായി. തന്റെ ഇഷ്ടചരിത്രനായകന്‍ പിറന്ന അര്‍ജന്റീനയിലെ റൊസാരിയോയും ചരിത്രസൃഷ്ടിയില്‍ പങ്കാളിയായ ക്യൂബയും ഒടുവില്‍ പൊരുതിവീണ ബൊളിവിയയുമെല്ലാം യാത്രകളിലൂടെ നടരാജന് കേരളംപോലെ സുപരിചിതമായി. പള്ളുരുത്തിയില്‍ ഒരു ഇടത്തരം തൊഴിലാളികുടുംബത്തില്‍ ജനാര്‍ദനന്‍പിള്ളയുടെയും സാവിത്രിയമ്മയുടെയും മൂന്നു മക്കളില്‍ ഒരുവനായി പിറന്ന നടരാജന്‍ 57 വയസ്സിനിടെ 65 രാജ്യങ്ങള്‍ കണ്ടുകഴിഞ്ഞു. കൂടാതെ സാധാരണനിലയില്‍ മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്കയില്‍ പോകാനും രണ്ടാഴ്ചയോളം അവിടെ കഴിയാനും ഭാഗ്യമുണ്ടായി. ഏഴു ഭൂഖണ്ഡങ്ങളും താണ്ടിയിട്ടുള്ള നടരാജന് ഏതാനും വര്‍ഷങ്ങളായി നാലുമാസം കൂടുമ്പോള്‍ ഒരു യാത്രയെങ്കിലുമുണ്ട്. മധ്യ യൂറോപ്യന്‍ രാജ്യങ്ങള്‍ ചുറ്റിയടിച്ചുവന്നിട്ട് മൂന്നാഴ്ച ആയിട്ടേയുള്ളൂ. തൂലികാസുഹൃത്തായി പരിചയം തുടങ്ങിയ തായ്‌ലന്‍ഡുകാരി സാവിത്രിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ബാങ്കോക്കിലേക്ക് പറക്കാനിരിക്കുകയാണ്. നാലരപ്പതിറ്റാണ്ടുമുമ്പ് നടരാജന്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് സാവിത്രിയുമായി തൂലികാസൗഹൃദം ആരംഭിക്കുന്നത്. അന്നവര്‍ തായ്‌ലന്‍ഡില്‍ സ്‌കൂള്‍ അധ്യാപികയാണ്. ബാലപ്രസിദ്ധീകരണങ്ങളില്‍ എഴുതുമായിരുന്ന നടരാജന്റെ വിലാസത്തില്‍ ഒരുദിവസം യാദൃച്ഛികമായി സാവിത്രിയുടെ കത്ത് വരികയായിരുന്നു. അന്നാരംഭിച്ച സൗഹൃദം കുടുംബങ്ങള്‍ തമ്മില്‍ ഉറ്റബന്ധമായി വളര്‍ന്നു. 1986ല്‍ നടരാജന്‍ തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ കറങ്ങിയപ്പോള്‍ സാവിത്രിയും ഭര്‍ത്താവ് ബെന്നുമായിരുന്നു തായ്‌ലന്‍ഡില്‍ ആതിഥേയര്‍. വായന ആദ്യലഹരി ബാല്യകൗമാരങ്ങളില്‍ അന്തര്‍മുഖനായിരുന്ന നടരാജന്റെ കൂട്ടുകാര്‍ പുസ്തകങ്ങളായിരുന്നു. എട്ടാംക്ലാസില്‍ പഠിക്കുമ്പോഴാണ് എറണാകുളം പബ്ലിക് ലൈബ്രറിയില്‍ അംഗത്വമെടുത്തത്. ഇന്നവിടെ ആജീവനാന്ത അംഗമാണ്. പുസ്തകങ്ങളോടുള്ള പ്രണയമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പഠനകാലത്ത് നടരാജനെ പ്രൊഫ. എം കൃഷ്ണന്‍നായരുമായി അടുപ്പിച്ചത്. സാഹിത്യവാരഫലം മലയാളനാട് വാരികയില്‍ പ്രസിദ്ധീകരിക്കുന്ന കാലംമുതല്‍ അതിന്റെ വായനക്കാരനായ നടരാജനോട് വായിക്കേണ്ടത് ലാറ്റിനമേരിക്കന്‍ സാഹിത്യമാണെന്ന് പറഞ്ഞത് കൃഷ്ണന്‍നായര്‍ സാറാണ്. അദ്ദേഹംതന്നെ ചില പുസ്തകങ്ങള്‍ നല്‍കുകയും ചെയ്തു. ലാറ്റിനമേരിക്കന്‍ സാഹിത്യത്തോട് തോന്നിയ കമ്പം സ്പാനിഷ് ഭാഷ പഠിക്കുന്നതിലേക്കാണ് നടരാജനെ നയിച്ചത്. പ്രിയ കവിയായ പാബ്ലോ നെരൂദയുടെ കാവ്യങ്ങള്‍ കവിയുടെ ഭാഷയില്‍തന്നെ വായിച്ചാസ്വദിക്കണമെന്ന മോഹം സഫലമായത് '86ലാണ്. പഠനം കഴിഞ്ഞ് കൊച്ചിയില്‍ ഇഎന്‍ടി ഡോക്ടറായി പ്രവര്‍ത്തിക്കുന്ന കാലം. ബഹുഭാഷാപണ്ഡിതനായ ബെല്‍ജിയംകാരന്‍ ക്രിസ് നികേസ് എറണാകുളം രവിപുരത്ത് വിവിധ യൂറോപ്യന്‍ ഭാഷകളില്‍ ക്ലാസ് നടത്തുന്നുണ്ട് എന്നറിഞ്ഞു. ക്രിസിന്റെ ശിഷ്യനായി ആറുമാസംകൊണ്ട് സ്പാനിഷ് ഒരുവിധം വായിക്കാന്‍ പഠിച്ചു. പിന്നെയും ക്രിസിന്റെ ശിഷ്യനായി തുടര്‍ന്ന (മലയാളി യുവതിയെ വിവാഹം കഴിച്ച ക്രിസ് പിന്നീട് നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും ഇടയ്ക്ക് കേരളത്തില്‍ വരും) നടരാജന് പോര്‍ച്ചുഗീസ്, ഫ്രഞ്ച്, സ്വീഡിഷ് ഭാഷകളും കുറച്ചൊക്കെ വഴങ്ങും. ജോലിയുടെയും യാത്രകളുടെയും തിരക്കിലും വായനയ്ക്ക് നടരാജന്‍ ഡോക്ടര്‍ ഇപ്പോഴും സമയം കണ്ടെത്തുന്നുണ്ട്. വഴിയില്‍ കൂടിയ സൗഹൃദങ്ങള്‍ നടരാജന്റെ ആദ്യ വിദേശയാത്ര എംബിബിഎസ് പഠനം കഴിഞ്ഞ് '84ല്‍ നേപ്പാളിലേക്കായിരുന്നു. ഒരു കൗതുകത്തിന് പോയതാണ്. യാത്ര ഒരു അഭിനിവേശമായത് പിന്നെയും വളരെ കഴിഞ്ഞാണ്. ഇതിനിടെ തിരുവനന്തപുരത്ത് പഠിക്കുമ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍ തലയ്ക്ക് ഗുരുതരപരിക്കേറ്റ് ഒരുമാസം ന്യൂറോ ഐസിയുവില്‍ കിടന്നതും നേപ്പാള്‍യാത്രയില്‍ ഒപ്പമുണ്ടായിരുന്ന അടുത്ത സുഹൃത്ത് സലിം പൂവാറില്‍ കടലില്‍ മുങ്ങിമരിച്ചതുംമറ്റും നടരാജനെ കടുത്ത വിഷാദത്തിലാക്കിയിരുന്നു. അഹ്മദാബാദിലെ ഉപരിപഠനകാലത്ത് അവിടത്തെ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന ഡോ. ജവഹര്‍ തല്‍സാനിയാണ് ഇത് മനസ്സിലാക്കി നടരാജനോട് ഒരു യാത്ര നിര്‍ദേശിച്ചത്. തല്‍സാനിതന്നെ വകുപ്പധ്യക്ഷന്‍ ഡോ. റാനഡേയോട് പറഞ്ഞ് ഒരുവര്‍ഷത്തേക്ക് വിടുതല്‍ വാങ്ങിക്കൊടുത്തു. എട്ടുമാസം നീണ്ട ആ യാത്രയില്‍ വീണിടം വിഷ്ണുലോകമായി. ഉറക്കം റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി. ഹരിദ്വാറും ഋഷികേശുംപോലുള്ള തീര്‍ഥാടനകേന്ദ്രങ്ങള്‍മുതല്‍ വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഉള്‍നാടന്‍ ഗ്രാമങ്ങള്‍വരെ നീണ്ട ആ യാത്രയില്‍ പുണെയില്‍ രജനീഷിന്റെ ആശ്രമത്തിലും കുറച്ചുനാള്‍ തങ്ങി. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടു. പിന്നീട് പഠനം പൂര്‍ത്തിയാക്കി ജോലി ആരംഭിച്ചശേഷം '86ലാണ് യഥാര്‍ഥത്തില്‍ വിദേശയാത്ര എന്നുപറയാവുന്ന ആദ്യയാത്രയുണ്ടായത്. തെക്കുകിഴക്കേഷ്യയില്‍ സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ്, ഹോങ്‌കോങ്, മക്കാവു എന്നിവിടങ്ങളിലൂടെ. നീണ്ട യാത്രയില്‍ ഒരുമാസത്തിലധികം തായ്‌ലന്‍ഡിലുണ്ടായിരുന്നു. അടുത്ത വിദേശയാത്ര '93ല്‍ സ്‌കോളര്‍ഷിപ് ലഭിച്ച് അമേരിക്കയില്‍ ഒരു കോഴ്‌സിന് പോയതാണ്. സ്വീഡനിലെ ലുന്ദ് സര്‍വകലാശാലയിലെ അധ്യാപികയായ ബാര്‍ബറ യോഹാന്‍സന്‍ അവിടെ വിസിറ്റിങ് പ്രൊഫസറായിരുന്നു. ലോസാന്‍ സര്‍വകലാശാലയില്‍ നിന്നുള്ള സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഫിലിപ് പാഷിനെയും അമേരിക്കയില്‍വച്ച് കൂട്ടുകിട്ടി. കോഴ്‌സ് കഴിഞ്ഞപ്പോള്‍ ബാര്‍ബറ സ്വീഡനിലേക്ക് ക്ഷണിച്ചിരുന്നു. സ്വീഡനില്‍ പോകുന്നവഴി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തന്റെ വീട്ടിലും വരണമെന്ന് ഫിലിപ്പും ആവശ്യപ്പെട്ടു. അങ്ങനെയാണ് '95ല്‍ യൂറോപ്പിലേക്ക് അടുത്ത വിദേശയാത്ര. ആ യാത്രയില്‍ പാരീസില്‍വച്ച് പരിചയപ്പെട്ട ശ്രീലങ്കന്‍ തമിഴ്‌യുവാക്കളും നാദിയ സല്‍സാഗ്‌നോ എന്ന ഇറ്റലിക്കാരിയുമെല്ലാം രസകരമായ ഓര്‍മകളാണ്. നാദിയയാണ് പാരീസിലെ കമ്യൂണ്‍ ജീവിതം പരിചയപ്പെടുത്തിയത്. കലാകാരന്മാരും കവികളും അരാജകവാദികളും എല്ലാമൊത്തുള്ള ആ ദിനങ്ങള്‍ രസകരമായിരുന്നു. പാരീസ് വിമാനത്താവളത്തില്‍വച്ച് യാദൃച്ഛികമായി നടന്‍ മധുവിനെയും അക്കിത്തം നാരായണനെയും കണ്ടപ്പോള്‍ നാദിയയും ഒപ്പമുണ്ടായിരുന്നു. പിന്നീടൊരിക്കല്‍ കൊച്ചിയില്‍ ഹോട്ടലില്‍വച്ച് കണ്ടപ്പോഴും മധു സാര്‍ പാരീസിലെ ആ കൂടിക്കാഴ്ച ഓര്‍ത്തു. '95നുശേഷമാണ് വര്‍ഷത്തില്‍ ഒരു യാത്രയെങ്കിലും ഡോ. നടരാജന്‍ പതിവാക്കിയത്. യാത്രകള്‍കൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണം തന്റെ അന്തര്‍മുഖത്വമെല്ലാം പമ്പകടന്നു എന്നതാണെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. തായ്‌ലന്‍ഡിലെ സാവിത്രിയെപ്പോലെ പോയ നാടുകളിലെല്ലാം സൗഹൃദങ്ങളുണ്ട്. സാവിത്രിയെയും നാദിയയെയുംപോലെ അടുത്ത സുഹൃത്തായ ഒരാളാണ് ബെല്‍ജിയംകാരിയായ പൗളിന്‍. പരാഗ്വേയില്‍ തദ്ദേശ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകയായ പൗളിനെ പരിചയപ്പെട്ടത് ബ്രസീലില്‍വച്ചാണ്. അവര്‍ക്കൊപ്പമാണ് ബ്രസീല്‍അര്‍ജന്റീനപരാഗ്വേ അതിര്‍ത്തിയിലുള്ള ഇഗ്വാസു വെള്ളച്ചാട്ടം (ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം) കാണാന്‍ പോയത്. പരാഗ്വേ വിസ ഇല്ലാതിരുന്ന ഡോക്ടറെ, പൗളിന്‍ പരാഗ്വേയില്‍ തനിക്കുള്ള സ്വാധീനമുപയോഗിച്ച് വിസ സംഘടിപ്പിച്ച് തന്റെ സംഘത്തോടൊപ്പം കൂട്ടി. നാലഞ്ചുനാള്‍ ആ സംഘത്തോടൊപ്പം പരാഗ്വേയില്‍ ചെലവഴിച്ചു. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട്, ബ്രസീലില്‍ തന്റെ ആതിഥേയത്വം ഏറ്റെടുത്ത് ഒരു വല്യേട്ടനെപ്പോലെ ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധിച്ച എന്‍ജിനിയറായ ഗ്വാരസിയും ബ്രസീലിലെ ചില സ്ഥലങ്ങളില്‍ സഹയാത്രികനായിരുന്ന സങ്കരവംശജനായ നാട്ടുകാരന്‍ ബ്രൂണോയുമെല്ലാം ഡോക്ടറുടെ യാത്രാവിവരണങ്ങളിലൂടെ ചില മലയാളികള്‍ക്കെങ്കിലും പരിചിതരാണ്. 2013ല്‍ നടത്തിയ അന്റാര്‍ട്ടിക്ക യാത്രയാണ് അവിസ്മരണീയമായ മറ്റൊന്ന്. കുറഞ്ഞ ചെലവില്‍ യാത്രചെയ്യുന്ന ഡോക്ടര്‍ ഒരു ചുമല്‍സഞ്ചിയില്‍ നാലഞ്ച് വസ്ത്രങ്ങളും നോട്ട്പാഡും ക്യാമറയും മാത്രമാണ് കരുതുക. വായനയ്ക്ക് യാത്രയ്ക്കിടെ വാങ്ങുന്ന പുസ്തകങ്ങള്‍ വായിച്ചുതീരുമ്പോള്‍ ആര്‍ക്കെങ്കിലും സമ്മാനിക്കും. താമസം പലപ്പോഴും പരിചയപ്പെടുന്ന സുഹൃത്തുക്കള്‍ക്കൊപ്പം. അരൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിനിക് നടത്തുകയാണ് ഡോ. നടരാജന്‍. ആ തിരക്കിലും യാത്രകള്‍ക്കും വായനയ്ക്കും സമയം കണ്ടെത്തുന്നു. നെരൂദയ്ക്കുപുറമെ ബോര്‍ഹസിനെയും ഇറ്റാലിയോ കാല്‍വിനോയെയും ക്ലോദ് ലെവിസ്‌ടോസിനെയും ഡാനിലോ കിഷിനെയുമൊക്കെ ഇഷ്ടപ്പെടുന്ന ഡോക്ടറെ അവരുടെയെല്ലാം കൃതികള്‍ പുതിയ യാത്രകള്‍ക്ക് പ്രചോദിപ്പിക്കുന്നു. മിക്കവാറും ഏകനായാണ് യാത്രകള്‍. ചില യാത്രകളില്‍ ഭാര്യ ലതാലക്ഷ്മിയും ഉണ്ടായിട്ടുണ്ട്. എറണാകുളത്ത് നെസ്റ്റ് ഗ്രൂപ്പില്‍ ജനറല്‍ മാനേജരാണവര്‍. മകന്‍ അതുല്‍ അമേരിക്കയില്‍ പഠനത്തിനുശേഷം അവിടെത്തന്നെ ജോലി ചെയ്യുന്നു. മകള്‍ അഞ്ജലി അമേരിക്കയിലെ പഠനത്തിനുശേഷം ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു പ്രോജക്ടിലാണ്. പ്രവാസി ചൈനക്കാര്‍ക്കുവേണ്ടി ഹോങ്‌കോങ്ങില്‍നിന്ന് ചൈനയിലേക്ക് സംഘടിപ്പിച്ച ഒരു യാത്രയില്‍ യാദൃച്ഛികമായി പോകാനൊത്തപ്പോള്‍ ഭാര്യക്കുപുറമെ മകളും ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ഇനി ഒരു സിനിമാക്കഥ യാത്രകളില്‍ പരിചയപ്പെട്ടവരില്‍ ഡോ. നടരാജന് ഒരിക്കലും മറക്കാനാകാത്തയാളാണ് മെക്‌സിക്കോക്കാരനായ അല്‍ഫോന്‍സോ ബാരിസ. പ്രിയകവി നെരൂദയുടെ ചിലിയില്‍വച്ചാണ് അല്‍ഫോന്‍സോയെ കണ്ടുമുട്ടിയത്. ചിലിയന്‍ വീഞ്ഞിന് പ്രസിദ്ധമായ വിന്യ ദെല്‍ മാറിലെ മുന്തിരിത്തോട്ടങ്ങളിലേക്ക് കൊണ്ടുപോയത് അല്‍ഫോന്‍സോയാണ്. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വന്‍ ബിസിനസ് സാമ്രാജ്യമുള്ള അതിസമ്പന്ന കുടുംബത്തില്‍ പിറന്ന് ധൂര്‍ത്തപുത്രനായി വളര്‍ന്ന അല്‍ഫോന്‍സോയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത് അയാളുടെ ഉറ്റസുഹൃത്തും മുന്‍ കാമുകിയുമായ സെസിലിയ അമനാബെര്‍ എന്ന സിസിയില്‍നിന്നാണ്. ചൂതാട്ടഭ്രാന്തനും നല്ലൊരു വായനക്കാരനും. സത്വരജസ്തമോ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ അല്‍ഫോന്‍സോയെക്കുറിച്ച് എഴുതിയത് വായിച്ച് മലയാള ചലച്ചിത്രരംഗത്തെ ചില പ്രമുഖര്‍ അയാളുടെ കഥ സിനിമയാക്കാന്‍ നടരാജനെ സമീപിച്ചതാണ്. എന്നാല്‍, തന്നോട് വളരെ മാന്യമായും സൗഹൃദത്തോടെയും പെരുമാറിയ അല്‍ഫോന്‍സോയെ സിനിമയ്ക്കുവേണ്ടി വില്ലനാക്കി ട്വിസ്റ്റ് കൊടുക്കണമെന്ന ആവശ്യത്തോട് ഡോക്ടര്‍ക്ക് യോജിക്കാനായില്ല. യാത്രാപുസ്തകങ്ങള്‍ തന്റെ യാത്രകളില്‍ ചിലതിനെക്കുറിച്ച് നാലു പുസ്തകങ്ങളിലായി ഡോ. നടരാജന്‍ എഴുതിയിട്ടുണ്ട്. മെക്കോങ്ങിലെ മത്സ്യം (ലാവോസ്), ദക്ഷിണായനകാലം(ബ്രസീല്‍), സംക്രമസൂര്യന്റെ നിഴല്‍ (ബ്രസീല്‍, പരാഗ്വേ), വെണ്‍ശംഖൊലികളുടെ പ്രണയതീരം (ചിലി) എന്നീ കൃതികളിലൂടെ ആ രാജ്യങ്ങളിലെ ജീവിതവും രാഷ്ട്രീയവും കലസാംസ്‌കാരിക സവിശേഷതകളുമെല്ലാം സരസമായി വിവരിച്ചിരിക്കുന്നു. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച വെണ്‍ശംഖൊലികളുടെ പ്രണയതീരത്തിന് കെ വി സുരേന്ദ്രനാഥ് പുരസ്‌കാരം ലഭിച്ചു. അന്റാര്‍ട്ടിക്ക യാത്രയെക്കുറിച്ച് എഴുതിയത് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍. ഒപ്പം എന്നും നവോന്മേഷം പകരുന്ന പുതിയ യാത്രകള്‍ക്കും.   Read on deshabhimani.com

Related News