തെരെഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമം: റഷ്യൻ സംഘടനയായ ഇന്റർനെറ്റ്‌ റിസർച്ച്‌ ഏജൻസിയെ ഫേസ്‌ബുക്കിൽ നിന്ന്‌ വിലക്കി ‐ സക്കർബർഗ്‌



കാലിഫോർണിയ > വിവിധ രാജ്യങ്ങളിലെ തെരെഞ്ഞെടുപ്പുകളുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി റഷ്യൻ സംഘടനയായ ഇന്റർനെറ്റ്‌ റിസർച്ച്‌ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള പേജുകൾ ഫേസ്‌ബുക്കിൽ നിന്ന്‌ നീക്കം ചെയ്‌തായി ഫേസ്‌ബുക്ക്‌ സിഇഒ മാർക്‌ സക്കർബർഗ്‌. 270 പേജുകളും അക്കൗണ്ടുകളും നീക്കം ചെയ്യുമെന്നാണ്‌ സക്കർബർഗ്‌ അറിയിച്ചത്‌. ഈ ഏജൻസി അമേരിക്കയിലെയും യൂറോപ്പ്യൻ രാജ്യങ്ങളിലെയും റഷ്യയിലെയും തെരെഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായും സക്കർബർഗ്‌ തന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു. റഷ്യൻ സംഘടനയുടെ സംശയാസ്‌പദമായ പ്രവർത്തനങ്ങൾ 2016ൽ തന്നെ ശ്രദ്ധയിൽപ്പെട്ടിരുന്നതായും ഇതിനുശേഷം ഫേസ്‌ബുക്ക്‌ ഇത്തരം പ്രവർത്തനങ്ങൾ തടയാനുള്ള മോണിറ്ററിംഗ്‌ സംവിധാനങ്ങൾ വികസിപ്പിച്ചതായും സക്കർബർഗ്‌ അവകാശപ്പെടുന്നു. 2017ൽ ഫ്രാൻസിലും ജർമ്മനിയിലും അമേരിക്കയിലെ അലബാമയിലും നടന്ന തെരെഞ്ഞെടുപ്പുകളെ തുടർന്ന്‌ ഇത്തരത്തിൽ പ്രവർത്തിച്ചു വന്നിരുന്ന ആയിരക്കണക്കിന്‌ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്‌ത്‌ തെരെഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമം ഇല്ലാതാക്കാൻ കഴിഞ്ഞെന്നാണ്‌ സക്കർബർഗിന്റെ വാദം. ഐസിസ്‌, അൽഖ്വായ്‌ദ ആശയങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടില്ലെങ്കിലും സ്വയം നീക്കം ചെയ്യാനുള്ള അൽഗോരിതം ഫേസ്‌ബുക്കിനുണ്ടെന്നും സക്കർബർഗ്‌ പറയുന്നു. സെക്യൂരിറ്റി ആൻഡ്‌ കണ്ടന്റ്‌ റിവ്യൂ വിഭാഗത്തിലേക്ക്‌ കൂടുതൽ ആളുകളെ നിയമിക്കുമെന്നും സക്കർബർഗ്‌ അറിയിച്ചു. നിലവിൽ 15000 ജീവനക്കാരാണ്‌ ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നത്‌. ഈ വർഷം അവസാനത്തോടെ ഇത്‌ 20000 ആക്കുമെന്നും സക്കർബർഗ്‌ പറഞ്ഞു. അമേരിക്ക, മെക്‌സിക്കോ, ഇന്ത്യ, പാകിസ്ഥാൻ, ഹംഗറി എന്നീ രാജ്യങ്ങളിൽ 2018ൽ സുപ്രധാനമായ തെരെഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നു. ഈ രാജ്യങ്ങളിലെല്ലാം അതാതു ഭാഷകളിലുള്ള സുരക്ഷാ അൽഗോരിതം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ ഞങ്ങൾ. ‐ സക്കർബർഗ്‌ പറഞ്ഞു. എന്നാൽ ഉപഭോക്താക്കളുടെ വിവരങ്ങൾ ഫേസ്‌ബുക്ക്‌ തന്നെ ചോർത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട്‌ നിരവധി കമന്റുകളാണ്‌ സക്കർബർഗിന്റെ പോസ്റ്റിനുകീഴിൽ വന്നുകൊണ്ടിരിക്കുന്നത്‌. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യദാതാക്കൾക്ക്‌ വിറ്റെന്ന്‌ ആരോപിച്ചുള്ള കമന്റുകളിൽ ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യദാതാക്കൾ നൽകാറില്ലെന്നും പണം വാങ്ങി പരസ്യം നൽകുക മാത്രമാണ്‌ ഫേസ്‌ബുക്ക്‌ ചെയ്യുന്നതെന്നുമുള്ള മറുപടി ആവർത്തിക്കുകയാണ്‌ സക്കർബർഗ്‌. ലോകമെങ്ങും അമേരിക്ക നടത്തുന്ന ഇടപെടലുകൾ തടയാൻ ഫേസ്‌ബുക്ക്‌ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും കമന്റുകളിൽ കാണാം. Read on deshabhimani.com

Related News