അമേരിക്കയെ ഒഴിവാക്കി ടിപിപി കരാറുമായി അംഗരാജ്യങ്ങള്‍ മുന്നോട്ട്ഡാനാങ് > അമേരിക്കയുടെ വിട്ടുപോകലില്‍ കൂസാതെ അംഗരാജ്യങ്ങള്‍ ട്രാന്‍സ് പസഫിക് വ്യാപാരകരാറുമായി മുന്നോട്ട്. വിയറ്റ്‌നാമില്‍ നടക്കുന്ന അപെക് സാമ്പത്തിക ഉച്ചകോടിയിലാണ് തീരുമാനം. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. കരാറില്‍ തുടര്‍ന്നുപോകാനുള്ള അംഗരാജ്യങ്ങളുടെ തീരുമാനം ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തിനുള്ള തിരിച്ചടിയായി. അമേരിക്കയില്ലാതെ കരാറിന്റെ ഭാവിയെന്താകുമെന്ന് അവസാന നിമിഷം ക്യാനഡ ആശങ്ക പ്രകടിപ്പിച്ചു. കരാറിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം പിന്നിട്ടതായി വിയറ്റ്‌നാം വ്യാപാരമന്ത്രി ട്രാന്‍ ടുവന്‍ അന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കരാര്‍ ഇനിമുതല്‍ ട്രാന്‍സ് പസഫിക് പങ്കാളിത്തത്തിനുള്ള സമഗ്ര മുന്നേറ്റ ഉടമ്പടി (സിപിടിപിപി) എന്നറിയപ്പെടും. അമേരിക്കയിലെ തൊഴില്‍സംരക്ഷണത്തിന്റെ പേരുപറഞ്ഞാണ് ട്രംപ് കരാറില്‍നിന്ന് പിന്‍വാങ്ങിയത്. അമേരിക്കയുടെ പിന്‍വാങ്ങലോടെ ജപ്പാന്‍ കരാറില്‍ ഒന്നാമതെത്തും. ക്യാനഡ രണ്ടാമതും. തീരുമാനം അമേരിക്കയുടെ തിരിച്ചുവരവിന് ഇടയാക്കുമെന്ന് ജപ്പാന്‍ പ്രതീക്ഷിക്കുന്നു. കരാര്‍ തൊഴില്‍സംരക്ഷണത്തിന് ഇടയാക്കുമെന്ന് ക്യാനഡ പ്രത്യാശ പ്രകടിപ്പിച്ചു. അംഗങ്ങളായ 11 രാജ്യം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തശേഷമേ കരാറിന് അന്തിമരൂപമാകൂ. വ്യാപാരരംഗത്ത് മാറ്റം സൃഷ്ടിച്ച കരാറില്‍ അമേരിക്കയടക്കം 12 രാജ്യം 2016 ഫെബ്രുവരിയിലാണ് ഒപ്പുവച്ചത്. കരാറിലൂടെ ഏറ്റവും ലാഭമുണ്ടാക്കിയതും അമേരിക്കയായിരുന്നു.   Read on deshabhimani.com

Related News