ഇടക്കാല തെരഞ്ഞെടുപ്പ‌്: ഡെമോക്രാറ്റുകൾ വിജയിച്ചാൽ കലാപമെന്ന‌് ട്രംപ‌്



വാഷിങ‌്ടൺ > ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ വിജയിച്ചാൽ രാജ്യത്ത‌് വൻ കലാപങ്ങളും സംഘർഷങ്ങളും ഉണ്ടാകുമെന്ന‌് അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപ‌്. തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർടി തോറ്റാൽ തങ്ങൾ ചെയ‌്തുവച്ചതെല്ലാം ഡെമോക്രാറ്റുകൾ വന്ന‌് നശിപ്പിക്കുമെന്നും തുടർന്ന‌് വൻ കൂട്ടക്കുഴപ്പത്തിന‌് വഴിയൊരുക്കുമെന്നും ട്രംപ‌് പറഞ്ഞു. ക്രൈസ‌്തവ സുവിശേഷകരും മതമേലധ്യക്ഷന്മാരുമായുള്ള സ്വകാര്യ കൂടിക്കാഴ‌്ചയ‌്ക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പ്രസ‌്താവന. വിവാദ സംഭാഷണത്തിന്റെ വീഡിയോ ടേപ്പ‌് ന്യൂയോർക്ക‌് ടൈംസ‌് പുറത്തുവിട്ടു. തിങ്കളാഴ‌്ച രാത്രിയായിരുന്നു വൈറ്റ‌്ഹൗസിൽ സ്വകാര്യ കൂടിക്കാഴ‌്ച. ക്രൈസ‌്തവ പുരോഹിതർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനുശേഷമായിരുന്നു സ്വകാര്യ സംഭാഷണം. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ അമേരിക്കൻ കോൺഗ്രസിലെ സ്വാധീനം റിപ്പബ്ലിക്കന്മാർക്ക‌് നഷ്ടമായാൽ ഡെമോക്രാറ്റുകൾ കലാപമുണ്ടാക്കും. അവർ എല്ലാം നശിപ്പിക്കും. ഡെമോക്രാറ്റുകൾ ആക്രമണകാരികളാണ‌്. അതുകൊണ്ടുതന്നെ ഇക്കൂട്ടർ ജയിച്ചാൽ രാജ്യത്തും പുറത്തും വൻ കലാപങ്ങൾ സൃഷ്ടിക്കും. ഇത്രയുംകാലം നിങ്ങൾ നേടിയെടുത്തവ നഷ്ടമാകാൻ ഒരു തെരഞ്ഞെടുപ്പിന്റെ ദൂരം മാത്രമാണുള്ളതെന്നും അതിനാൽ ജാഗരൂകമായിരിക്കണമെന്നും ട്രംപ‌് പറഞ്ഞതായും ന്യൂയോർക്ക‌് ടൈംസ‌് പുറത്തുവിട്ട സംഭാഷണത്തിൽ പറയുന്നു. അമേരിക്കയുടെ തെരുവുകൾ രക്തക്കളമാക്കാനും രാജ്യത്ത‌് അരാജകത്വം സൃഷ്ടിക്കാനുമാണ‌് ഇക്കൂട്ടർ ശ്രമിക്കുന്നതെന്ന പരാമർശവുമുണ്ട‌്. നിങ്ങൾക്കൊപ്പമുള്ള ആൾക്കാരുടെ വോട്ട‌് ഉറപ്പുവരുത്തണമെന്ന‌് ക്രൈസ‌്തവ പുരോഹിതർക്കുമുള്ള നിർദേശവുമുണ്ട‌്. വാർത്ത പുറത്തുവന്നെങ്കിലും വൈറ്റ‌്ഹൗസ‌് ഇതുവരെ പ്രതികരിച്ചിട്ടില്ല. Read on deshabhimani.com

Related News