ജറുസലേം: ട്രംപിനെതിരെ ലോകമെങ്ങും പ്രതിഷേധംവാഷിങ്ടണ്‍ > ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി  അംഗീകരിച്ച് നയതന്ത്രകാര്യാലയം  അവിടേക്കുമാറ്റുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകമെങ്ങും ശക്തമായ പ്രതിഷേധം. അമേരിക്കയുടെ സഖ്യരാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നു. ആഗോളതലത്തില്‍ പുതിയ സംഘര്‍ഷത്തിന് വഴിതുറക്കുന്ന പ്രഖ്യാപനം ബുധനാഴ്ച അര്‍ധരാത്രിയാണ് ട്രംപ്  നടത്തിയത്.    ട്രംപിന്റെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച അടിയന്തര യുഎന്‍ സുരക്ഷാ കൌണ്‍സില്‍ യോഗം ചേരുമെന്ന് യുഎന്‍ സെക്രട്ടറി അന്റോണിയോ ഗുട്രെസ് അറിയിച്ചു. മുസ്ളിം, ക്രിസ്ത്യന്‍, ജൂത വിഭാഗങ്ങള്‍ ഒരുപോലെ പുണ്യഭൂമിയായി കാണുന്ന ജറുസലേമിനെ സ്വതന്ത്രഭൂമിയായി നിലനിര്‍ത്താനായിരുന്നു ഐക്യരാഷ്ട്രസഭാതീരുമാനം. ഈ തീരുമാനത്തെ അട്ടിമറിക്കുന്നതായി ട്രംപിന്റെ പ്രഖ്യാപനം. ബ്രിട്ടന്‍, റഷ്യ, ചൈന, ഇറാന്‍, സൌദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അമേരിക്കന്‍ നിലപാടിനെ അപലപിച്ചു. രാജ്യാന്തരമാധ്യമങ്ങളും വിവിധ സംഘടനകളും ട്രംപിന്റെ നടപടിയെ വിമര്‍ശിച്ചു. അമേരിക്കയുടെ ഏഴുപതിറ്റാണ്ട് കാലത്തെ നയതന്ത്രനിലപാടാണ് ട്രംപ് ഒറ്റരാത്രികൊണ്ട് തള്ളിക്കളഞ്ഞത്. ഇതിനിടെ നയതന്ത്രകാര്യാലയം ജറുസലേമിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍ അറിയിച്ചു. കലുഷിതമായ മേഖലയില്‍ പുതിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്നാണ് അറബ് നേതാക്കളുടെ പ്രതികരണം. പലസ്തീന്‍ വിഷയത്തില്‍ കടുത്ത നിലപാടെടുത്ത അമേരിക്കയെ അവസാനിപ്പിക്കണമെന്ന് ഹിസ്ബുള്‍ അനുകൂല പത്രമായ അല്‍ അഖ്ബര്‍ ആഹ്വാനംചെയ്തു. അതേസമയം പലസ്തീനിലെ ഇസ്ളാമിക ഗ്രൂപ്പായ ഹമാസ് ജറുസലേമിനെതിരെ മുദ്രാവാക്യവുമായി ഗാസയില്‍ തടിച്ചുകൂടി. പലസ്തീന്‍ വിമോചനത്തിന് അന്തിമയുദ്ധത്തിന് തയ്യാറെടുക്കാന്‍് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ ആഹ്വാനംചെയ്തു.  പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനോട്  സമാധാനചര്‍ച്ചകളില്‍നിന്ന് പിന്മാറാനും  ഹനിയ്യ  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News