ദേശീയ സ്കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്സ്: എതിരില്ലാതെ കേരളം‌ഭോപാല്‍ > ഗോരഗാവ് സായ് അത്ലറ്റിക് സ്റ്റേഡിയത്തില്‍ കേരള കായിക കൌമാരത്തിന്റെ സുവര്‍ണമുദ്ര. സ്കൂള്‍ ജൂനിയര്‍ അത്‌ലറ്റിക് കിരീടത്തില്‍ കേരളം മുത്തമിട്ടു. ആദ്യദിനത്തിലെ ഏറിനങ്ങളില്‍ രണ്ട് വെങ്കലത്തില്‍ മാത്രം ഒതുങ്ങിപ്പോയ കേരളം പിന്നീടുള്ള മൂന്ന് ദിവസങ്ങളില്‍ കൊടുങ്കാറ്റായി. ത്രോ ഇനങ്ങളിലൊഴികെ കേരളത്തിന്റെ സര്‍വാധിപത്യം. സ്പ്രിന്റിലെയും പിറ്റിലെയും ഗംഭീര പ്രകടനത്തോടെ ആന്‍സി സോജന്‍ മീറ്റിന്റെ മികച്ച അത്ലീറ്റാവുകയും ചെയ്തു. അവസാനദിനത്തെ 11 ഫൈനലില്‍ അഞ്ചും കേരളം സ്വന്തം പേരില്‍ ചേര്‍ത്തു. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പ്രിസ്കില്ല ഡാനിയെല്‍, 200 മീറ്ററില്‍ റെക്കോഡോടെ പൊന്നണിഞ്ഞ് ആന്‍സി സോജന്‍, ട്രിപ്പിള്‍ജമ്പില്‍ ആകാശ് എം വര്‍ഗീസ് എന്നിവര്‍ക്കൊപ്പം 4-400 മീറ്റര്‍ റിലേയില്‍ ഇരുവിഭാഗവും കേരളത്തിന്റെ സമ്പാദ്യത്തില്‍ പൊന്നെത്തിച്ചു. 800ല്‍ എ എസ് സാന്ദ്ര, അഭിഷേക് മാത്യു, ഹൈജമ്പില്‍ ഗായത്രി ശിവകുമാര്‍ എന്നിവരും വെള്ളി നേടി. ആണ്‍കുട്ടികളുടെ ട്രിപ്പിളില്‍ അഖില്‍കുമാര്‍ നാലാംദിവസത്തെ ഏക വെങ്കലം സ്വന്തമാക്കി. 2:14.57 മിനിറ്റിലാണ് പ്രിസ്കില്ല മധ്യദൂരയോട്ടത്തിലെ ഡബിള്‍ പൂര്‍ത്തിയാക്കിയത്. സാന്ദ്ര 2:15.93 മിനിറ്റില്‍ വെള്ളി നേടിയപ്പോള്‍ മഹാരാഷ്ട്രയുടെ സംഗിത ഷിന്‍ഡെ (2:18.00 മി.) വെങ്കലം സ്വന്തമാക്കി. ഒപ്പത്തിനൊപ്പം പോരാട്ടം കണ്ട മത്സരത്തില്‍ അവസാന 100 മീറ്ററിലെ കുതിപ്പില്‍ പ്രിസ്കില്ല സ്വര്‍ണമണിയുകയായിരുന്നു. സാന്ദ്രയുടെയും സംഗിതയുടെയും വെല്ലുവിളി ഈ സായിതാരം നിഷ്പ്രഭമാക്കി. ആണ്‍കുട്ടികളില്‍ അഭിഷേക് 1:54.74 മിനിറ്റില്‍ വെള്ളിയിലേക്ക് പിന്തള്ളപ്പെട്ടു. ഉത്തരാഖണ്ഡിന്റെ അനുകുമാറിനാണ് സ്വര്‍ണം (1:54.11 മി.). 1500ല്‍ ഒന്നാമതെത്തിയ അനുകുമാര്‍ ഇതോടെ ഇരട്ടസ്വര്‍ണം പൂര്‍ത്തിയാക്കി. മീറ്റിന്റെ വേഗറാണിയായ ആന്‍സിയുടെ മുന്നില്‍ 200 മീറ്റിലെ റെക്കോഡും തലകുനിച്ചു. 24.79 മിനിറ്റില്‍ അവസാനവര കടന്നപ്പോള്‍ രണ്ടുവര്‍ഷംമുമ്പ് കേരളത്തിന്റെതന്നെ ജിസ്ന മാത്യു കുറിച്ച 25.00 മിനിറ്റാണ് വഴിമാറിയത്. പഞ്ചാബിന്റെ ചണ്‍വീര്‍ കൌര്‍ (25.32) വെള്ളിയും ഡല്‍ഹിയുടെ പായല്‍ വോഹ്റ (25.46) വെങ്കലവും നേടി. ട്രിപ്പിള്‍ജമ്പില്‍ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണ് ആകാശ് സ്വന്തമാക്കിയത്. താണ്ടിയത് 14.68 മീറ്റര്‍. കഴിഞ്ഞ പതിപ്പില്‍ 14.46 മീറ്ററിലായിരുന്നു സ്വര്‍ണം. അഖില്‍ 14.02 മീറ്ററില്‍ വെങ്കലം നേടി. ഹരിയാനയുടെ വിശാല്‍ മോറിനാണ് വെള്ളി (14.30). 4-400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മികച്ച പ്രകടനത്തോടെ കേരളത്തിന്റെ കുട്ടികള്‍ കന്നിസ്വര്‍ണം സ്വന്തമാക്കി. 3:55.09 മിനിറ്റില്‍ പെണ്‍കുട്ടികള്‍ സ്വര്‍ണം തൊട്ടു. കുറിച്ചത് അണ്ടര്‍ 19 വിഭാഗത്തിലെ സംസ്ഥാന റെക്കോഡിനെക്കാള്‍ (3:56.42) മികച്ച സമയം. പഞ്ചാബ് 3:57.78 മിനിറ്റില്‍ രണ്ടാമതെത്തി.  മിന്നു പി റോയ്, സി ചാന്ദിനി, എ എസ് സാന്ദ്ര, ഡി പ്രിസ്കില്ല ഡാനിയേലും കേരളത്തിനായി ട്രാക്കിലിറങ്ങി. പ്രിസ്കില്ല ഇതോടെ ട്രിപ്പിള്‍സ്വര്‍ണം തികച്ചു. 3:23.96 മിനിറ്റിലാണ് ആണ്‍കുട്ടികള്‍ അവസാനവര തൊട്ടത്. ഇഞ്ചിനിഞ്ച് പോരാട്ടത്തില്‍ അവസാന ലാപ്പിലോടിയ കേരള ക്യാപ്റ്റന്‍ അഭിഷേകിന്റെ കുതിപ്പ് സ്വര്‍ണമുറപ്പിച്ചു. എസ് കിരണ്‍, അലെക്സ് ജോര്‍ജ്, ജെ അശ്വന്‍ എന്നിവര്‍ ബാറ്റണേന്തി. കര്‍ണാടകം (3:24.52) വെള്ളി നേടി. പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ റെക്കോഡ് ഉയരം മറികടക്കാനാകാതെ ഗായത്രി വെള്ളിയിലൊതുങ്ങി. 1.64 മീറ്ററാണ് ഗായത്രി മറികടന്നത്. തമിഴ്നാടിന്റെ കെ ഗോബിക പുതിയ ഉയരം കുറിച്ചു (1.68). അസമിന്റെ ലായിംവിം നര്‍സാരിയുടെ പേരിലായിരുന്നു നിലവിലെ റെക്കോഡ് (1.67 മീ.). Read on deshabhimani.com

Related News