യൊകോവിച്ച്‌ ചാന്പ്യൻ



ന്യൂയോർക്ക് കരുത്തന്മാരുടെ പോരിൽ യുവാൻ മാർടിൻ ഡെൽപൊട്രോയെ തോൽപ്പിച്ച് നൊവാക് യൊകോവിച്ച് യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഇതോടെ 14 ഗ്രാൻഡ്സ്ലാം കിരീടങ്ങളായി യൊകോവിച്ചിന്. പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്താനും ഈ സെർബിയക്കാരന് കഴിഞ്ഞു. റാഫേൽ നദാൽ (17), റോജർ ഫെഡറർ (20) എന്നിവരാണ് യൊകോവിച്ചിന് മുന്നിലുള്ളത്. വാശിയേറിയ പോരാട്ടമായിരുന്നു യൊകോവിച്ചും ഡെൽപൊട്രോയും തമ്മിൽ നടന്നത്. നേരിട്ടുള്ള സെറ്റുകൾക്ക് ജയം യൊകോവിച്ചിനൊപ്പംനിന്നു (6‐3, 7‐6 (7‐4), 6‐3). മൂന്നാം സീഡായ ഡെൽപൊട്രോ 2009നുശേഷം ആദ്യമായാണ് ഒരു ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തിയത്. യൊകോവിച്ചിന്റെ തകർപ്പൻ പ്രകടനത്തിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല ഈ അർജന്റീനക്കാരന്. മൂന്ന് മണിക്കൂർ 15 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ഇതിൽ രണ്ടാം സെറ്റ് ഒരു മണിക്കൂർ 35 മിനിറ്റുകൊണ്ടാണ് അവസാനിച്ചത്. ആറാം സീഡായ യൊകോവിച്ചിന്റെ തുടർച്ചയായ രണ്ടാം ഗ്രാൻഡ്സ്ലാം കിരീടമാണിത്. വിംബിൾഡണും നേടിയിരുന്നു. തുടർച്ചയായ രണ്ട് കിരീടം നേടിയ എട്ടാമത്തെ കളിക്കാരനാണ് ഈ മുപ്പത്തൊന്നുകാരൻ. മൂന്നുതവണ യൊകോവിച്ച് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. 2016ലാണ് അവസാന നേട്ടം. കരുത്തുറ്റ സെർവുകൾ പായിക്കുന്ന ഡെൽപൊട്രോയെ കൃത്യതയുള്ള റിട്ടേണുകൾകൊണ്ട് യൊകോവിച്ച് നിശബ്ദനാക്കി. ആദ്യ സെറ്റിൽ യൊകോവിച്ച് 3‐2ന് മുന്നിട്ടുനിൽക്കെ രണ്ട് ഫോർഹാൻഡ് വിന്നറുകൾ പായിച്ച് ഡെൽപൊട്രോ തിരിച്ചുവരവിന് ശ്രമിച്ചു. ആവേശകരമായ എട്ടാംഗെയിമിൽ ഡെൽപൊട്രോയെ യൊകോവിച്ച് വീഴ്ത്തി. 22 പോയിന്റാണ്പിറന്നത്. 20 മിനിറ്റ് നീണ്ടു.  സെർവ് ഭേദിക്കാനുള്ള യൊകോവിച്ചിന്റെ മൂന്ന് അവസരങ്ങൾ ഡെൽപൊട്രോ തടഞ്ഞു. യൊകോവിച്ച് തുടർച്ചയായ രണ്ട് വിന്നറുകളിലൂടെ മത്സരത്തിലെ ഏറ്റവും ആവേശകരമായ ഗെയിം സ്വന്തമാക്കി. രണ്ടാംസെറ്റ് ടൈബ്രേക്കിലേക്ക് നീങ്ങി. ഡെൽപൊട്രോ തുടക്കത്തിൽ 3‐1ന് മുന്നിലെത്തി. പക്ഷേ, യൊകോവിച്ച് 4‐3ന് തിരിച്ചടിച്ചു. ഒടുവിൽ രണ്ട് അനാവശ്യ പിഴവുകൾ വരുത്തി ഡെൽപൊട്രോ രണ്ടാംസെറ്റും നഷ്ടപ്പെടുത്തി. മൂന്നാംസെറ്റിലും ആദ്യം കടുത്ത പോരാട്ടമായിരുന്നു. പക്ഷേ, മത്സരം പുരോഗമിക്കുംതോറും ഡെൽപൊട്രോ തളർന്നു. കളത്തിലെ മികച്ച നീക്കങ്ങളും ക്ഷമയുമാണ് യൊകോവിച്ചിന് തുണയായത്. കനത്തചൂടുകാരണം ആദ്യറൗണ്ടുകളിൽ യൊകോവിച്ച് ബുദ്ധിമുട്ടിയിരുന്നു. തുടർന്നുള്ള മത്സരങ്ങളിൽ യൊകോവിച്ച് താളംകണ്ടെത്തി. മുൻനിര കളിക്കാരായ ഫെഡററും നദാലും പെട്ടെന്നു മടങ്ങിയത് യൊകോവിച്ചിന് കാര്യങ്ങൾ എളുപ്പമാക്കി.   Read on deshabhimani.com

Related News