ചെർചെസോവ് ചിരിക്കുന്നില്ല



ക്രൊയേഷ്യക്കെതിരായ മത്സരത്തിനു പിന്നാലെ പ്രസിഡന്റ് വ്ളാഡിമർ പുടിൻ റഷ്യൻ പരിശീലകൻ സ്റ്റാനിസ്ലാവ് ചെർചെസോവിനെ ഫോണിൽ വിളിച്ചു. തോറ്റെങ്കിലും ടീമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് അഭിനന്ദിച്ചു. എന്നാൽ, നിരാശനാണെന്നായിരുന്നു ചെർചെസോവിന്റെ മറുപടി. ചെർചെസോവ് അങ്ങനെയാണ്. ആഗ്രഹങ്ങൾക്ക് അതിര് നിശ്ചയിക്കാത്ത, ലക്ഷ്യത്തിനായി അവസാനശ്വാസം വരെ പൊരുതണമെന്ന് വിശ്വസിക്കുന്ന മനുഷ്യന് ഈ പ്രകടനത്തിൽ ആശ്വസിക്കാനാകില്ല. ക്രൊയേഷ്യക്കെതിരെ ടീം പിന്നിട്ടുനിന്നപ്പോൾ കാണികളോട് ആർത്തുവിളിക്കാൻ നിരന്തരം ആവശ്യപ്പെട്ട ചെർചെസോവ് കളത്തിലേക്ക് പകർന്ന ആവേശമാണ് സമനില ഗോളായത്. ഈ ആത്മവിശ്വാസമായിരുന്നു റഷ്യയുടെ മിന്നുംപ്രകടനത്തിനു പ്രേരകം. ലോകകപ്പിനു മുമ്പ് ഏറ്റവും പഴികേട്ട ടീമാണ് റഷ്യ. ചെർചെസോവ് പല പ്രമുഖരെയും ഒഴിവാക്കിയതായിരുന്നു പ്രധാന വിമർശനം. ഇഗോർ ഡെനിസോവിനെ പോലുള്ളവർ ടീമിൽ ഇല്ലാതിരുന്നത് ഞെട്ടിച്ചു. മുതിർന്ന താരങ്ങളോട് ചെർചെസോവ് പിണങ്ങുന്നത് പതിവാണ്. പരിശീലന രീതികളിലും മറ്റും ചെർചെസോവ് ഒട്ടും പ്രൊഫഷണൽ അല്ലെന്നും ചിലർ പറഞ്ഞു. എന്നാൽ റഷ്യയെ പരിശീലിപ്പിച്ച ഗൂസ് ഹിഡ്ഡിങ്ങിനെയും ഫാബിയോ കപ്പെല്ലോയെയും പോലുള്ള ലോകോത്തര പരിശീലകർക്കു സാധിക്കാത്തത് ചെർചെസോവ് നേടി. കാഴ്ചയിൽ പട്ടാള ഉദ്യോഗസ്ഥനെപ്പോലെ തോന്നിക്കുന്ന അമ്പത്തിനാലുകാരന് ടീമിനുമേൽ നല്ല നിയന്ത്രണമുണ്ടായിരുന്നു. തന്റെ തന്ത്രങ്ങൾ നടപ്പാക്കാൻ സാധിക്കുന്ന അച്ചടക്കമുള്ള ടീമിനെയാണ് അദ്ദേഹം ആതിഥേയർക്കായി അവതരിപ്പിച്ചത്. ചിരിയിൽ അറുപിശുക്കനായ മനുഷ്യൻ യുദ്ധമുഖത്ത് സ്വന്തം താരങ്ങൾക്കൊപ്പം പോരാടാൻ ഇറങ്ങിയ പ്രതീതിയായിരുന്നു. കളിയിൽ മുഴുവൻ സമയവും ഇടപെട്ടു ഈ മുൻ ദേശീയ ഗോൾകീപ്പർ. സോവിയറ്റ് യൂണിയനു വേണ്ടിയും അതിന്റെ തകർച്ചയ്ക്കുശേഷം റഷ്യയുടെയും ഗോൾവല കാത്തിട്ടുണ്ട് ചെർചെസോവ്. ഇറാനിയൻ പൈതൃകമുള്ള ചെർചെസോവ് 2016ൽ ആണ് ദേശീയടീം പരിശീലകനായത്. ലോകകപ്പ് വരെയാണ് കരാർ. സ്പാർട്ടക് മോസ്കോ അടക്കമുള്ള ക്ലബ്ബുകൾക്ക് കളി പറഞ്ഞുകൊടുത്തിട്ടുണ്ട്. ലോകകപ്പ് ടീമിലെ കളിക്കാർ ഇപ്പോൾ സൂപ്പർതാരങ്ങളായി. രാജ്യത്ത് കഴിഞ്ഞദിവസം ജനിച്ച കുഞ്ഞുങ്ങൾക്ക് പലരും കളിക്കാരുടെ പേരിട്ടാണ് ആരാധന വെളിവാക്കിയത്. മയക്കത്തിലായിരുന്ന രാജ്യത്തെ ഫുട്ബോളിന് ടീമിന്റെ അപ്രതീക്ഷിത കുതിപ്പ് വലിയ ഉണർവേകി. Read on deshabhimani.com

Related News