റയലിന് ജയം, ലിവര്‍പൂള്‍ സ്പാര്‍ടകിനെ തകര്‍ത്തു

ലിവര്‍പൂളിന്റെ മുഹമ്മദ് സലായുടെയും ഫിലിപ് കുടീന്യോയുടെയും ഗോള്‍ ആഹ്ളാദം


ലണ്ടന്‍ > ചാമ്പ്യന്‍സ് ലീഗ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലിവര്‍പൂളിന് വമ്പന്‍ ജയം. റഷ്യന്‍ ടീം സ്പാര്‍ടക് മോസ്ക്വയെ മറുപടിയില്ലാത്ത ഏഴു ഗോളിനാണ് യോര്‍ഗന്‍ ക്ളോപ്പിന്റെ സംഘം ആന്‍ഫീല്‍ഡില്‍ തകര്‍ത്തത്. ഫെലിപെ കുടീന്യോ ഹാട്രിക്കുമായി റഷ്യന്‍ സംഘത്തിന്റെ കശാപ്പിന് മുന്നില്‍നിന്നപ്പോള്‍ സാദിയോ മാനെ രണ്ടും റോബെര്‍ട്ടോ ഫിര്‍മിനോയും മുഹമ്മദ് സലായും ഓരോ ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. സീസണില്‍ ഇതേ സ്കോറില്‍ രണ്ടാമത്തെ ജയമാണ് ലിവര്‍പൂളിന്റേത്. സ്ളൊവേനിയന്‍ ടീം മാരിബോറിനെ അവരുടെ തട്ടകത്തിലും ലിവര്‍പൂള്‍ തീര്‍ത്തിരുന്നു.  ജയത്തോടെ ഗ്രൂപ്പ് ഇയില്‍ ഒന്നാമതായി ലിവര്‍പൂള്‍ നോക്കൌട്ടില്‍ കടന്നു. മാരിബോറുമായി ഒരു ഗോള്‍ സമനില വഴങ്ങിയ സെവിയ്യ രണ്ടാമതായി. സ്പാര്‍ടക് മൂന്നാമന്മാരായി യൂറോപ ലീഗിന് യോഗ്യത നേടി. ഇതര മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനോട് റയല്‍ മാഡ്രിഡും (3-2) അപോയെലിനോട് ടോട്ടനം ഹോട്സ്പറും (3-0)ലെയ്പ്സീഗിനോട് ബെസിക്താസും (1-2) നാപോളിയോട് (2-1) ഫെയ്നൂര്‍ദും ജയിച്ചു. എഫ്സി പോര്‍ട്ടോ മൊണാകോയെ 5-2ന് തോല്‍പ്പിച്ചു. അതേസമയം സീസണില്‍ യൂറോപ്പിലും ഇംഗ്ളണ്ടിലും തോല്‍വിയറിയാതെ കുതിക്കുകയായിരുന്ന മാഞ്ചസ്റ്റര്‍ സിറ്റിയെ ഷാക്തര്‍ ഡൊണെത്സ്ക് തോല്‍പ്പിച്ചു. ഷാക്തറിന്റെ തട്ടകത്തില്‍ 2-1നായിരുന്നു സിറ്റിയുടെ തോല്‍വി. ഗ്രൂപ്പ് എഫില്‍ സിറ്റിയും ഷാക്തറും ജിയില്‍ ബെസിക്താസും പോര്‍ടോയും എച്ചില്‍നിന്ന് ടോട്ടനവും റയലും ഒന്നും രണ്ടുംസ്ഥാനക്കാരായി നോക്കൌട്ടില്‍ കടന്നു. ഡോര്‍ട്ട്മുണ്ട് പുറത്തായി. ലിവര്‍പൂളിന്റെ തട്ടകത്തില്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിയുകയായിരുന്നു സ്പാര്‍ടക് മോസ്ക്വ. സാദിയോ മാനെയും റോബെര്‍ട്ട് ഫിര്‍മിനോയും സലായും ചേര്‍ന്ന മുന്നേറ്റത്തെ ഇറക്കി ക്ളോപ് ആക്രമിച്ചു. തൊട്ടുപിറകില്‍ കുടീന്യോയുംകൂടി ആഞ്ഞടിച്ചപ്പോള്‍ റഷ്യക്കാര്‍ നിസ്സഹായരായി. ലിവര്‍പൂള്‍ മുന്നേറ്റക്കാര്‍ റഷ്യന്‍ പ്രതിരോധനിരയില്‍ കളിക്കാന്‍ ഏറെ സ്ഥലം കണ്ടെത്തുകയും ചെയ്തു. നാലാം മിനിറ്റില്‍തന്നെ ആദ്യഗോള്‍ വീണു. സലായെ ബോക്സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനല്‍റ്റി. പ്രതിരോധം ഒഴിച്ചിട്ട ഇടങ്ങളുടെ ആനുകൂല്യം മുതലാക്കി 10 മിനിറ്റിനുശേഷം വീണ്ടും കുടീന്യോ വലകുലുക്കി. മുന്നേറ്റത്തിലെ മൂന്നുപേരും ചേര്‍ന്നൊരുക്കിയ ഗോള്‍. ഇടവേളയ്ക്കുമുമ്പ് ഫിര്‍മിനോയും ഗോള്‍പട്ടികയില്‍ ഇടംപിടിച്ചു. ഇടവേളകഴിഞ്ഞ് ആദ്യം മാനെ, പിന്നെ കുടീന്യോ വീണ്ടും മാനെ എന്ന ക്രമത്തില്‍ സ്പാര്‍ടകിന്റെ വലകുലുങ്ങി. കളി അവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ സലാ പട്ടിക തികച്ചു.   Read on deshabhimani.com

Related News