യുഎസ് ഓപ്പൺ: സെറീന ക്വാർട്ടറിൽ



ന്യൂയോർക്ക് > യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ സെറീന വില്യംസ് ക്വാർട്ടറിലേക്ക് മുന്നേറി. അമേരിക്കയുടെതന്നെ സ്ലൊയെൻ സ്റ്റീഫൻസും ക്വാർട്ടറിൽ ഇടംപിടിച്ചു. പുരുഷന്മാരിൽ റാഫേൽ നദാൽ, യുവാൻ മാർട്ടിൻ ഡെൽപൊട്രൊ എന്നിവരും മുന്നേറി. വൻ അട്ടിമറികൾ നടന്ന വനിതാ സിംഗിൾസിൽ സെറീനയും വിയർത്തു. പ്രീ ക്വാർട്ടറിൽ എസ്റ്റോണിയയുടെ കയിയ കനേപിയെയാണ് സെറീന തോൽപ്പിച്ചത്. മൂന്ന് സെറ്റ് പോരാട്ടത്തിലായിരുന്നു ജയം (6‐0, 4‐6, 6‐3). ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്കോവയാണ് സെറീനയുടെ എതിരാളി. 15‐ാം തവണയാണ് ഈ അമേരിക്കക്കാരി യുഎസ് ഓപ്പണിന്റെ ക്വാർട്ടറിൽ എത്തുന്നത്. 24‐ാം ഗ്രാൻഡ്സ്ലാം കിരീടമാണ് ഈ മുപ്പത്താറുകാരിയുടെ ലക്ഷ്യം. മകൾ ജനിച്ചശേഷം സെറീന കളിക്കുന്ന മൂന്നാം ഗ്രാൻഡ്സ്ലാം ടൂർണമെന്റാണിത്. ഫ്രഞ്ച് ഓപ്പണിൽ നാലാംറൗണ്ടിൽ പുറത്തായി. വിംബിൾഡണിന്റെ ഫൈനലിൽ എത്തി. ഫൈനലിൽ ജർമനിക്കാരി ആഞ്ചലിക് കെർബറിനോടാണ് തോറ്റത്. കനേപിക്കെതിരെ ഉശിരൻ തുടക്കമായിരുന്നു സെറീനയ്ക്ക്. 18 മിനിറ്റിനുള്ളിൽ ആദ്യസെറ്റ് ഏകപക്ഷീയമായി സെറീന സ്വന്തമാക്കി. 13 വിന്നറുകളാണ് സെറീന തൊടുത്തത്. മൂന്നുതവണ കനേപിയുടെ സെർവ് ഭേദിച്ചു. രണ്ടാംസെറ്റിൽ ആറ് എയ്സുകൾ പായിച്ചെങ്കിലും ഏറെ പിഴവുകൾ വരുത്തി സെറീന. കനേപി തിരിച്ചടിച്ചു. രണ്ടുതവണ സെറീനയുടെ സെർവ് ഭേദിച്ച് ഈ എസ്റ്റോണിയക്കാരി രണ്ടാംസെറ്റ് നേടി. മൂന്നാം സെറ്റിൽ പതിനാറ് വിന്നറുകൾ തൊടുത്ത സെറീനയുടെ മികവിനുമുന്നിൽ കനേപിക്ക് പിടിച്ചുനിൽക്കാനായില്ല. ആദ്യ റൗണ്ടിൽ ഒന്നാംറാങ്കുകാരി സിമോണ ഹാലെപ്പിനെ കനേപി അട്ടിമറിച്ചിരുന്നു. പ്ലിസ്കോവ നേരിട്ടുള്ള സെറ്റുകൾക്ക് ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടിയെ കീഴടക്കി (6‐4, 6‐4). പുരുഷന്മാരിൽ നാല്സെറ്റ് പോരാട്ടത്തിൽ റാഫേൽ നദാൽ ജോർജിയയുടെ നിക്കോളാസ് ബാസിലാഷ്വിലിയെ കീഴടക്കി (6‐3, 6‐3, 7‐6, 6‐4). അഞ്ചാംസീഡ് കെവിൻ ആൻഡേഴ്സണെ കീഴടക്കിയ ഡൊമിനിക് തീം ആണ് ക്വാർട്ടറിൽ നദാലിന്റെ എതിരാളി. ഡെൽപൊട്രൊ ക്വാർട്ടറിൽ ജോൺ ഇസ്നറെ നേരിടും. Read on deshabhimani.com

Related News