വീണ്ടും ഡേവിഡ് ജയിംസ്



കൊച്ചി > റെനെ മ്യുലെന്‍സ്റ്റീന് പകരം ഇംഗ്ളണ്ടിന്റെ മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ജയിംസിനെ കേരള ബ്ളാസ്റ്റേഴ്സ് പുതിയ പരിശീലകനായി നിയമിച്ചു. ഐഎസ്എല്‍ ആദ്യപതിപ്പില്‍ ഡേവിഡ് ജയിംസ് ബ്ളാസ്റ്റേഴ്സിന്റെ മാര്‍ക്വീ കളിക്കാരനും പരിശീലകനുമായിരുന്നു. മോശം പ്രകടനം കാരണം കഴിഞ്ഞദിവസമാണ് മ്യുലെന്‍സ്റ്റീന്‍ ബ്ളാസ്റ്റേഴ്സ് പരിശീലകസ്ഥാനം രാജിവച്ചത്. തുടര്‍ന്ന് ജയിംസുമായി ബ്ളാസ്റ്റേഴ്സ് അധികൃതര്‍ ചര്‍ച്ച നടത്തി. ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായാണ് ജയിംസ് കൊച്ചിയിലെത്തിയത്. ഇന്ന് പുണെ സിറ്റിയുമായുള്ള മത്സരത്തില്‍ ജയിംസ് ഉണ്ടാകും. കടുത്ത വെല്ലുവിളിയാണ് ഡേവിഡ് ജയിംസിന് മുന്നിലുള്ളത്. സീസണില്‍ ബ്ളാസ്റ്റേഴ്സിന് ഒരു കളി മാത്രമേ ജയിക്കാനായിട്ടുള്ളൂ. ടീമില്‍ ഒത്തിണക്കമില്ല. ആദ്യ സീസണില്‍ ടീമിനെ ഫൈനല്‍വരെ എത്തിക്കുന്നതില്‍ ജയിംസ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫൈനലില്‍ എടികെയോടാണ് തോറ്റത്. 2010 ലോകകപ്പില്‍ ഇംഗ്ളണ്ട് ടീമിന്റെ ഗോള്‍കീപ്പറായിരുന്നു ഈ നാല്‍പ്പത്തേഴുകാരന്‍. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ടീം ലിവര്‍പൂളില്‍ നീണ്ട ഏഴു വര്‍ഷം ജയിംസ് കളിച്ചു. 1992 മുതല്‍ 1999 വരെ  214 മത്സരങ്ങളില്‍ ഇറങ്ങി. ആദ്യ സീസണില്‍ ഇയാന്‍ ഹ്യൂം, സന്ദേശ് ജിങ്കന്‍ എന്നിവരിലൂടെയാണ് ജയിംസ് ബ്ളാസ്റ്റേഴ്സിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ഇപ്പോഴും ടീമിന്റെ ഭാഗമാണ്. പ്രീമിയര്‍ ലീഗില്‍ സമകാലികരായ ദിമിതര്‍ ബെര്‍ബറ്റോവ്, വെസ് ബ്രൌണ്‍ എന്നിവരുമായും  ജയിംസിന് അടുപ്പമുണ്ട്. Read on deshabhimani.com

Related News