സിറ്റി വിജയവഴിയില്‍ തിരിച്ചെത്തിലണ്ടന്‍ > തുടര്‍മത്സരങ്ങളുടെ ക്ഷീണമോ കളിക്കാരുടെ പരിക്കോ മാഞ്ചസ്റ്റര്‍ സിറ്റിയെ ബാധിച്ചില്ല. ക്രിസ്റ്റല്‍ പാലസുമായുള്ള ഗോളില്ലാ കളിക്കുശേഷം വാറ്റ്ഫോര്‍ഡിനെ 3-1ന് തകര്‍ത്ത് സിറ്റി വിജയവഴിയില്‍ തിരിച്ചെത്തി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. 22 കളിയില്‍ 62 പോയിന്റായി സിറ്റിക്ക്. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ 15 പോയിന്റ് കൂടുതല്‍. ടോട്ടനം ഹോട്സ്പര്‍ 2-0ന് സ്വാന്‍സീ സിറ്റിയെ തോല്‍പ്പിച്ചു. വാറ്റ്ഫോര്‍ഡിനെതിരെ കരുത്തുറ്റ ടീമിനെയാണ് പെപ് ഗ്വാര്‍ഡിയോള അണിനിരത്തിയത്. ജോണ്‍ സ്റ്റോണ്‍സും ഡേവിഡ് സില്‍വയും തിരിച്ചെത്തി. പാലസുമായുള്ള കളിക്കിടെ പരിക്കേറ്റ ഗബ്രിയേല്‍ ജീസസിനുപകരം സെര്‍ജിയോ അഗ്വേറോ എത്തി. കെവിന്‍ ഡി ബ്രയ്നും പരിക്കുഭേദമായി കളത്തിലിറങ്ങി. ജയിക്കാനുറച്ചുതന്നെ സിറ്റി ഇറങ്ങി. 38 സെക്കന്‍ഡ് മതിയായിരുന്നു സിറ്റിക്ക്. ആദ്യഗോളെത്തി. ഇടതുപാര്‍ശ്വത്തില്‍ സില്‍വ, ലിറോയ് സാനെയ്ക്ക് പന്തൊഴുക്കി. ഈ ജര്‍മന്‍കാരന്റെ കുറിയ ക്രോസ് ഗോള്‍മുഖത്ത് സ്വതന്ത്രനായിനിന്ന റഹീം സ്റ്റെര്‍ലിങ്ങിലേക്കാണ് വന്നത്. അനായാസം സ്റ്റെര്‍ലിങ് ലക്ഷ്യംകണ്ടു. പിന്നാലെ സാനെ ഒരുക്കിയ മികച്ച അവസരം സ്റ്റോണ്‍സ് പുറത്തേക്ക് അടിച്ചുകളഞ്ഞു. രണ്ടാംഗോളിന് കൂടുതല്‍ കാത്തിരിക്കേണ്ടിവന്നില്ല സിറ്റിക്ക്. സില്‍വയുടെ ക്രോസ് തടയാനുള്ള ശ്രമത്തിനിടെ വാറ്റ്ഫോര്‍ഡ് കളിക്കാരന്‍ ക്രിസ്റ്റ്യന്‍ കബസെലെയുടെ കാലില്‍തട്ടി പന്ത് വലയിലേക്കായി. ദാനഗോളില്‍ സിറ്റിയുടെ നേട്ടം രണ്ടായി. സിറ്റിയുടെ ആക്രമണം ശക്തമായി തുടര്‍ന്നു. ഇതിനിടെ ഡി ബ്രയ്ന്റെ ഫ്രീകിക്ക് ബാറില്‍ത്തട്ടിത്തെറിച്ചു. ഇടവേളയ്ക്കുശേഷം ഡി ബ്രയ്ന്റെ കൃത്യതയുള്ള പാസ് അഗ്വേറോ പുറത്തേക്കടിച്ചു. ഒരുമണിക്കൂര്‍ തികയുമ്പോഴേക്കും സിറ്റി ഗോള്‍നേട്ടം മൂന്നാക്കി. അഗ്വേറോയാണ് ലക്ഷ്യംകണ്ടത്. ഫെര്‍ണാണ്ടോ ലോറന്റെ, ഡെലെ ആല്ലി എന്നിവരുടെ ഗോളിലാണ് ടോട്ടനം സ്വാന്‍സീയെ തോല്‍പ്പിച്ചത്. വെസ്റ്റ്ഹാം യുണൈറ്റഡ് 2-1ന് വെസ്റ്റ് ബ്രോംവിച്ചിനെ മറികടന്നു. Read on deshabhimani.com

Related News