ജീവിതം ഓട്ടോറിക്ഷയില്‍ ഒതുങ്ങിയെങ്കിലും ആ ചരിത്ര നിമിഷങ്ങള്‍ ശശിക്ക് മറക്കാനാകുന്നില്ലകോഴിക്കോട് > ആ ഹെഡ്ഡറിന്റെ ഇരമ്പം ഇപ്പോഴും ശശിയുടെ കാതിലുണ്ട്. മൂന്നരപ്പതിറ്റാണ്ടായി, എന്നിട്ടും. 1983ല്‍ കോഴിക്കോട്ടു നടന്ന അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഫുട്‌ബോളില്‍ കലിക്കറ്റിനെ ചാമ്പ്യന്‍മാരാക്കിയത് ഒരു തകര്‍പ്പന്‍ ഹെഡ്ഡറാണ്. തേഞ്ഞിപ്പാലത്ത് വീണ്ടും അഖിലേന്ത്യാ ഫുട്‌ബോളെത്തുമ്പോള്‍ അന്നു വിജയ ഗോള്‍ നേടിയ സ്‌ട്രൈക്കര്‍ പി ശശിധരന്‍ എവിടെയാണ്? കോഴിക്കോട് നഗരത്തില്‍നിന്നും മാറി താമരശ്ശരിക്കടുത്ത് കൂടത്തായി ചുണ്ടക്കുന്നില്‍ താമസിക്കുന്നു, ഓമശ്ശേരിയില്‍ ഓട്ടോ ഓടിക്കുന്നു.   സര്‍വകലാശാലാ സ്‌റ്റേഡിയത്തില്‍ കളി നടക്കുന്നതും സ്വന്തം ടീമായ കലിക്കറ്റ് ജയത്തോടെ തുടങ്ങിയതൊന്നും ഈ ഓട്ടോക്കാരന്‍ അറിഞ്ഞിട്ടില്ല. 35വര്‍ഷം മുമ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലായിരുന്നു ശശിയുടെ ജീവിതത്തിലെ അവിസ്മരണീയ മത്സരം. സര്‍ അശുതോഷ് മുഖര്‍ജി ഷീല്‍ഡിനായുള്ള അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ഫൈനല്‍. കലിക്കറ്റിന്റെ എതിരാളി കേരള സര്‍വകലാശാല. വിക്ടര്‍ മഞ്ഞില പരിശീലകനായ ടീമിന് ഫൈനലിന്റെ ആദ്യപകുതിയില്‍ ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ പകരക്കാരനായി ശശിധരന്‍ വരുന്നു. നിമിഷങ്ങള്‍ക്കകം ശശിയുടെ തല കലിക്കറ്റിന് വിജയമൊരുക്കി. സി വി പാപ്പച്ചന്‍ നല്‍കിയ ക്രോസിന് ശശി ചാടി ഉയര്‍ന്ന് തലവെച്ചത് കേരളയുടെ വലയില്‍.   ആ ടൂര്‍ണമെന്റ് കണ്ടവര്‍ ശശിയെ പിന്നീട് സംസ്ഥാന ടീമിലും രാജ്യത്തെ പ്രമുഖ ക്ലബ്ബുകളിലും ദേശീയ ടീമിലും പ്രതീക്ഷിച്ചു. എന്നാല്‍ ശശിയുടെ ജീവിതം കോഴിക്കോട്ടെ സെവന്‍സ് മൈതാനങ്ങളിലൊടുങ്ങി. അന്ന് ശശിക്കൊപ്പം കലിക്കറ്റിനായി കിരീടമുയര്‍ത്തിയ പാപ്പച്ചനും യു ഷറഫലിയും ബെന്നിയും രഞ്ജിത്തും ഇന്ത്യക്ക് കളിച്ചു. ആ 16 അംഗ ടീമിലെ 12 പേര്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചു. ശശി മുട്ടാത്ത വാതിലുകളില്ല. എല്ലാം നിരാശയില്‍ അവസാനിച്ചു. ഒടുവില്‍ ജീവിക്കാന്‍ ഓട്ടോയുടെ വളയം പിടിച്ചു.   'എല്ലാം വൈകിപ്പോയി. എവിടെയുമെത്തിയില്ല. ഒന്നും നേടിയില്ല. അതേക്കുറിച്ച് ഇനിയെന്തു പറയാന്‍? കൊടിയ നിരാശ ഈ 55കാരന്‍ മറച്ചുവെക്കുന്നില്ല. കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കലിക്കറ്റ് ടീമിലെത്തിയത്. രണ്ടുവര്‍ഷം കളിച്ചു. പ്രീഡിഗ്രി കഴിഞ്ഞതോടെ കളിമാത്രമായി. കല്ലായി യൂത്ത്ക്ലബ്ബിന് കളിച്ചാണ് തുടക്കം. തുടര്‍ന്ന് ബ്രീസ് വെള്ളയില്‍, യങ്ങ് ചലഞ്ചേഴ്‌സ്, കെടിസി തുടങ്ങിയ ക്ലബുകള്‍ക്കായി 20 വര്‍ഷത്തോളം ജില്ലാ ഫുട്‌ബോള്‍ ലീഗില്‍ തകര്‍പ്പന്‍ കളി. അഞ്ച് വര്‍ഷം ജില്ലക്കായി കളിച്ചു. 1989ല്‍ കോഴിക്കോട് സംസ്ഥാന ചാമ്പ്യന്‍മാരായ ടീമില്‍ അംഗമായിരുന്നു. അഞ്ച് ഗോളാണ് ആ ടൂര്‍ണമെന്റില്‍ അടിച്ചുകൂട്ടിയത്. എന്നിട്ടും സംസ്ഥാന ടീമിലെത്തിയില്ല.   നാഗ്ജി, സിസേഴ്‌സ്‌കപ്പ്, കൗമുദി ട്രോഫി തുടങ്ങി ഒട്ടേറെ ടൂര്‍ണമെന്റുകള്‍. കേരള പൊലീസ് ടീം രൂപീകരിച്ചപ്പോള്‍ വിളി വന്നു. സര്‍വകലാശാലാ ടീം ക്യാമ്പിലായതിനാല്‍ പോയില്ല. പ്രീമിയര്‍ ടയേഴ്‌സും വിളിച്ചു. അന്നും പോകാനുള സാഹചര്യമുണ്ടായില്ല. ഒടുവില്‍ ജോലിക്കായി ഇറങ്ങിതിരിച്ചപ്പോള്‍ കിട്ടിയതുമില്ല. കെഎസ്ആര്‍ടിസി, കെഎസ്ഇബി, കേരള പൊലീസ്, റെയില്‍േവ, നെയ്‌വേലി ലിഗ്‌നൈറ്റ് എന്നിവരുടെ സെലക്ഷന്‍ ക്യാമ്പുകളില്‍ പിന്തള്ളപ്പെട്ടു. പറയാനോ സഹായിക്കാനോ ആരും ഉണ്ടായതുമില്ല.   പിന്നെ ജീവിക്കാനുള്ള തത്രപ്പാടായി. തുണിക്കടയില്‍ നിന്നു. അന്നത്തെ പ്രണയത്തില്‍ ഭാര്യ ലിസിയെ കൂട്ടായികിട്ടി. ഇരുപത് വര്‍ഷമായി ഓട്ടോ ഓടിക്കുന്നു. മൂന്നുവര്‍ഷം മുമ്പ് വായ്പയെടുത്ത് ഓട്ടോവാങ്ങി. അതിനിടെ തറവാടായ കല്ലായിയില്‍നിന്നും കൂടത്തായിയിലേക്ക് താമസംമാറി. ഇനി ശശിക്ക് വലിയ മോഹങ്ങളൊന്നുമില്ല. നഗരത്തില്‍ ഓട്ടോ ഓടിക്കാന്‍ സിസി പെര്‍മിറ്റ് കിട്ടണം. അതിനായി അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഓട്ടോ ഓടിക്കുന്നത് ഓമശ്ശേരിയിലാണ്. അവിടെ കാര്യമായ വരുമാനമില്ല. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ 1000 രൂപ പെന്‍ഷന്‍ കിട്ടുന്നതാണ് ഏക ആശ്വാസം. മൂന്ന് മക്കളുണ്ട്. മകള്‍ ശില്‍പയുടെ വിവാഹം കഴിഞ്ഞു. മറ്റുരണ്ടുപേര്‍ ശ്രാവണും ശരണ്യയും പഠിക്കുന്നു.   Read on deshabhimani.com

Related News