ജിസിസി ഉച്ചകോടിക്ക് സമാപനം; പുതിയ സഖ്യവുമായി സൗദിയും യുഎഇയുംമനാമ >  ഐക്യത്തിനുള്ള പ്രതിബദ്ധതയും എല്ലാ മേഖലകളിലും കൂടുതല്‍ ഏകോപനവും ഏകീകരണവും സാധ്യമാക്കാനുള്ള താല്‍പ്പര്യവും പ്രകടമാക്കി 38ാമത് ജിസിസി ഉച്ചകോടി കുവൈത്തില്‍ സമാപിച്ചു. ആറ് അംഗ രാജ്യങ്ങളിലെ നേതാക്കന്‍മാരും ജിസിസി ലക്ഷ്യങ്ങളോട് സമര്‍പ്പിതരാണെന്നും ജിസിസി ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ച് പെരുമാറുന്നുണ്ടെന്ന് തെളിയിക്കപ്പെട്ടതാണെന്നും ഉച്ചകോടിയുടെ അന്തിമ കമ്മ്യൂണിക്കെ വിലയിരുത്തി.    ഗള്‍ഫ് സഹകരണ കൗണ്‍സിലിനെ ഗള്‍ഫ് യൂണിയന്‍ എന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന സൗദി മുര്‍ ഭരണാധികാരി അബ്ദുള്ള രാജാവിന്റെ നിര്‍ദേശത്തിനും കമ്മ്യൂണിക്കെ പിന്‍തുണ ആവര്‍ത്തിച്ചു.  1967 ലെ അതിര്‍ത്തികള്‍ പ്രകാരം ജെറുസലേം ആസ്ഥാനമായി പലസ്തീന്‍ രാഷ്ട്രത്തിനുള്ള പിന്‍തുണ ജിസിസി ആവര്‍ത്തിച്ചു. അന്താരാഷ്ട്ര ചട്ടങ്ങളും നിയമങ്ങളും മറികടന്ന് ജെറുസലേമിന്റെ നിയമ, നയതന്ത്ര, രാഷ്ട്രീയ പദവിയില്‍ മാറ്റംവരുത്താനുള്ള ഇസ്രയേല്‍ നടപടിയെ ഉച്ചകോടി തള്ളി.   മേഖല നേരിടുന്ന വിവിധ വെല്ലുവിളികള്‍ സംബന്ധിച്ച ജിസിസി നേതാക്കള്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചതായി സമാപന പ്രസംഗത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാ അല്‍ അഹ്മദ് അല്‍ ജാബെര്‍ അല്‍ സബാ അറിയിച്ചു. ഒരിക്കല്‍ കൂടി ഗള്‍ഫ് കൂട്ടായ്മ അതിന്റെ കരുത്തും വെല്ലുവിളി നേരിടാനുള്ള കഴിവും  പ്രകടിപ്പിച്ചതായും അമീര്‍ പറഞ്ഞു.  ചൊവ്വാഴ്ചയും ബുധനാഴ്ചയും തീരുമാനിച്ചിരുന്ന ഉച്ചകോടി ഒറ്റദിവസമായി ചുരുക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി കുവൈത്ത് സിറ്റിയിലെ അല്‍ ബയാന്‍ കൊട്ടാരത്തിലുള്ള അല്‍ തഹ്‌രിര്‍ ഹാളില്‍ ഉച്ചകോടി ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്കകം അവസാനിപ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.    കുവൈത്ത് അമീറിനുപുറമേ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീമും ഉച്ചകോടിയില്‍ പങ്കെടുത്തു. യുഎഇ, സൗദി, ബഹ്‌റൈന്‍, ഒമാന്‍ എന്നിവടങ്ങളില്‍ നിന്നും ഭരണാധികാരികള്‍ ഉച്ചകോടിക്ക് എത്തിയില്ല. പകരം യുഎഇ വിദേശ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ്, സൗദി വിദേശ മന്ത്രി ആദെല്‍ അല്‍ ജുബൈര്‍, ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി മുഹമ്മദ് ബിന്‍ മുബാറക്, ഒമാന്‍ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.   ഉച്ചകോടി കുവൈത്തില്‍ ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പാണ് സൗദിയുമായി പുതിയ സംയുക്ത സാമ്പത്തിക, സഹകരണ സമിതി യുഎഇ പ്രഖ്യാപിച്ചത്. ജിസിസിക്ക് ബദലാണ് ഈ സഖ്യമെന്ന വിലയിരുത്തലുകളും വന്നു. സൈനിക, സാമ്പത്തിക, രാഷ്ട്രീയ, വ്യാപാര, സാംസ്‌കാരിക മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയതായി യുഎഇ വിദേശ മാന്ത്രാലയം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉച്ചകോടി വെട്ടിച്ചുരുക്കിയത്.    ഖത്തറിനെതിരായ സൗദി, ബഹ്‌റൈന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ആരംഭിച്ച ഉപരോധം ചൊവ്വാഴ്ച ആറു മാസം പിന്നിട്ടിരുന്നു. ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ ഉച്ചകോടിയില്‍ പരിഹാരമയേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ജിസിസിയിലെ ഭിന്നത തീര്‍ക്കാനാകാതെയാണ് ഉച്ചകോടി അവസാനിച്ചത്. Read on deshabhimani.com

Related News