ഒന്‍പതാമത് കേളി ഫുട്‌ബോള്‍ ലോഗോ പ്രകാശനം ചെയ്തു



റിയാദ് > ഒന്‍പതാമത് കേളി ഫുടബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. സഫാമക്ക ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങില്‍ ടൂര്‍ണമെന്റ് മുഖ്യ പ്രായോജകരായ ഡബിള്‍ ഹോര്‍സ് സൗദി ഡിസ്ട്രിബ്യൂട്ടര്‍ എക്‌സിക്യുട്ടീവ് മാനേജര്‍ ഹസ്സന്‍ അല്‍സഹ്‌റാനി ലോഗോ പ്രകാശനം ചെയ്തു. പൊതുജനങ്ങളില്‍ നിന്നും ലോഗോ ക്ഷണിച്ചതിന്റെ ഫലമായി സൗദിക്ക് പുറമെ കേരളത്തില്‍നിന്നും ലഭിച്ച മുപ്പത്തിയഞ്ചോളം എന്‍ട്രികളില്‍ നിന്നുമാണ് ലോഗോ തിരഞ്ഞെടുത്തത്. കണ്ണൂര്‍ സ്വദേശിയും കേളി മലാസ് ഏരിയയിലെ അംഗവുമായ സനീഷ് കുമാറാണ് ലോഗോ ഡിസൈന്‍ ചെയ്തത്. ഡബിള്‍ ഹോര്‍സ് കപ്പിന് വേണ്ടിയുള്ള ടൂര്‍ണമെന്റ് സെപ്തംബര്‍14 മുതല്‍ റിയാദ് നസ്രിയയിലെ  റയല്‍മാഡ്രിഡ് ഫുട്‌ബോള്‍ അക്കാഡമി സ്റ്റേഡിയത്തില്‍ നടക്കും. പ്രവാസ ലോകത്ത് കേളി കലാസാംസ്‌കാരിക വേദി നടത്തുന്ന ജീവകാരുണ്യ, സാംസ്‌കാരിക ഇടപെടലുകള്‍ മികച്ച മാതൃകകളാണ്. ഫുട്‌ബോള്‍  ടൂര്‍ണമെന്റിന്റെ ഭാഗമായി  കേരളത്തിലെ മൂന്ന് ആശുപത്രികളില്‍ പാവപ്പെട്ട രോഗികള്‍ക്കായി അത്യാധുനിക ഡയാലിസിസ് ഉപകരണങ്ങള്‍ നല്‍കാനുള്ള കേളിയുടെ തീരുമാനം അഭിനന്ദനീയമാണെന്നും, ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പ്രവാസലോകത്തും കേരളത്തിലും കേളിയോടൊപ്പം പങ്കാളികളാവുക എന്ന ഉദ്ദേശത്തിലാണ് മുഖ്യ പ്രായോജകരാകാന്‍ ഡബിള്‍ഹോര്‍സ് തീരുമാനിച്ചതെന്നും സഹ്‌റാനി പറഞ്ഞു. കേളി പ്രസിഡണ്ട് ദയാനന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍ സ്വാഗതം ആശംസിച്ചു. ഡബിള്‍ഹോര്‍സ്  മാര്‍ക്കെറ്റിംഗ് മാനേജര്‍  നിജില്‍ തോമസ്, ഡബിള്‍ഹോര്‍സ്  പ്രതിനിധി ഉമര്‍ ഖാന്‍, സഹപ്രായോജകരായ വെസ്റ്റേണ്‍ യൂണിയന്‍ മാര്‍ക്കെറ്റിംഗ് കണ്‍സല്‍ട്ടന്റ് മുസ്തഫ കവ്വായി, ലോഗോ ഡിസൈനര്‍ സനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേളി ജോ.സെക്രട്ടറി ഷമീര്‍ കുന്നുമ്മല്‍ നന്ദി പറഞ്ഞു. കേളി മുഖ്യരക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ സതീഷ്‌കുമാര്‍, ബി.പി രാജീവന്‍, ടൂര്‍ണമെന്റ് സംഘാടകസമിതി കണ്‍വീനര്‍ നൌഷാദ് കോര്‍മത്ത്, ചെയര്‍മാന്‍ റഷീദ് മേലേതില്‍ കേന്ദ്ര സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ഷറഫുദ്ദീന്‍, ചെയര്‍മാന്‍ ഫൈസല്‍ മടവൂര്‍, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍, വിവിധ ഏരിയയിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.     Read on deshabhimani.com

Related News