പാര്‍ലമെന്റ് സ്ട്രീറ്റ് ചെങ്കടലാക്കി വനിതാ തൊഴിലാളികള്‍ന്യൂഡല്‍ഹി > ചെങ്കടലായി ഒഴുകിയെത്തിയ വനിതാ തൊഴിലാളികള്‍ മഹാധര്‍ണയുടെ മൂന്നാംദിനം പാര്‍ലമെന്റ് സ്ട്രീറ്റ് പിടിച്ചെടുത്തു. അധികാരകേന്ദ്രങ്ങളുടെ കണ്‍മുന്നില്‍ വിലാപങ്ങളല്ല ഉറച്ച ഉശിരന്‍ മുദ്രാവാക്യങ്ങളുയര്‍ത്തുന്ന പ്രതിഷേധമാണ് തങ്ങളുടെ വഴിയെന്ന പ്രഖ്യാപനമാണ് അവര്‍ നടത്തിയത്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പങ്കെടുത്ത സമാപനദിനമായ ശനിയാഴ്ച വനിതാ തൊഴിലാളികളുടെ മുന്നേറ്റത്തിനാണ് തലസ്ഥാനം സാക്ഷ്യംവഹിച്ചത്. തുല്യമായ വേതനം, തൊഴില്‍സമയം, ആരോഗ്യ പരിരക്ഷ, തൊഴില്‍സുരക്ഷ തുടങ്ങി ഒട്ടനവധി ജീവല്‍പ്രശ്നങ്ങളാണ് വനിതാ തൊഴിലാളികള്‍ മുന്നോട്ടുവയ്ക്കുന്നത്. വിലക്കയറ്റം രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയതിന്റെ ആശങ്കയുമുണ്ട് ഇവര്‍ക്ക്. ആര്‍ക്കും വ്യക്തതയില്ലാതെ നടപ്പാക്കിയ ജിഎസ്ടി സാധനവിലയില്‍ വന്‍ വര്‍ധനയാണ് വരുത്തിയത്. പാചകവാതകത്തിന്റെ വിലയില്‍ വരുത്തിയ അതിരൂക്ഷമായ വര്‍ധന കുടുംബബജറ്റ് താളംതെറ്റിച്ചു. കള്ളപ്പണവും കള്ളനോട്ടും പിടിച്ചുകെട്ടാനെന്നപേരില്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷികം കേന്ദ്ര സര്‍ക്കാര്‍ ആഘോഷിക്കുമ്പോഴാണ് ദുരിതനയങ്ങള്‍ അവസാനിപ്പിക്കാന്‍ വനിതകള്‍ തെരുവില്‍ അണിനിരക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വികല സാമ്പത്തികനയങ്ങള്‍ പരമ്പരാഗതതൊഴിലുകളില്‍ ഏര്‍പ്പെട്ട ഗ്രാമീണ തൊഴിലാളികളുടെ പണിയും നഷ്ടമാക്കിയെന്ന് മഹാധര്‍ണയില്‍ പങ്കെടുത്ത വനിതകള്‍ പറയുന്നു. ഓരോ വര്‍ഷവും രണ്ടുകോടി പുതിയ തൊഴിലവസരം സൃഷ്ടിക്കുമെന്ന മോഡിസര്‍ക്കാരിന്റെ പ്രഖ്യാപനം ജലരേഖയായതിനുപിന്നാലെയാണ് നിലവിലുള്ള തൊഴിലും സര്‍ക്കാര്‍ നയങ്ങള്‍ കാരണം ഇല്ലാതാകുന്നത്. രാജ്യത്തെ വിദൂരഗ്രാമങ്ങളില്‍നിന്നടക്കം പതിനായിരങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരന്നത് ജനം നേരിടുന്ന പ്രതിസന്ധി എത്ര രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു. ഭീകരാക്രമണഭീതിയില്‍ കഴിയുന്ന കശ്മീരില്‍നിന്നുള്ള തൊഴിലാളികളും കാലാവസ്ഥ പ്രതികൂലമായതിനാല്‍ യാത്ര ശ്രമകരമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളുംസമരകേന്ദ്രത്തിലേക്ക് ഒഴുകിയെത്തി. രാജ്യത്തിന്റെ നാനാകോണില്‍നിന്നുള്ള പ്രതിഷേധസ്വരങ്ങള്‍ തലസ്ഥാനനഗരിയില്‍ സംഗമിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പരിച്ഛേദമാണ് പാര്‍ലമെന്റ് സ്ട്രീറ്റില്‍ മൂന്നുദിവസം നിറഞ്ഞുനിന്നത്. Read on deshabhimani.com

Related News