മഹാധര്‍ണ രചിച്ചത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വേറിട്ട അധ്യായം; രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ മൂന്നുനാള്‍ന്യൂഡല്‍ഹി > രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ മൂന്നുനാള്‍. നാലുലക്ഷത്തോളം തൊഴിലാളികളും ജീവനക്കാരും പങ്കെടുത്ത മഹാധര്‍ണ സ്വതന്ത്ര ഇന്ത്യയിലെ അവകാശസമര ചരിത്രത്തിലെ അപൂര്‍വ അധ്യായമായി. സര്‍ക്കാരിന്റെ ഭീഷണികളും സമ്മര്‍ദങ്ങളും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് തൊഴിലാളികള്‍ മൂന്നുദിവസം തുടര്‍ച്ചയായി പാര്‍ലമെന്റിനുമുന്നില്‍ ധര്‍ണ നടത്തിയത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ധര്‍ണയില്‍ ഓരോ ദിവസം കഴിയുമ്പോഴും പങ്കാളിത്തം വര്‍ധിച്ചുവന്നു. കന്യാകുമാരിമുതല്‍ കശ്മീര്‍വരെയുള്ള തൊഴിലെടുക്കുന്ന വിഭാഗങ്ങള്‍ ധര്‍ണയില്‍ അണിചേര്‍ന്നു. വ്യത്യസ്ത ഭാഷകളുടെയും സംസ്കാരങ്ങളുടെയും സംഗമമായി മാറിയ മഹാധര്‍ണ ഭരണാധികാരികളുടെ ഭിന്നിപ്പിക്കല്‍തന്ത്രത്തിനെതിരായ സമുചിതമായ മറുപടിയായി. കേന്ദ്രജീവനക്കാരുടെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താന്‍ മോഡിസര്‍ക്കാര്‍ കരിനിയമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുന്നത് തടയാനും ഉത്തരവിറക്കി. കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയ പ്രക്ഷോഭമാണ് ഡല്‍ഹിയില്‍ നടന്നത്. നവ ഉദാരനയങ്ങള്‍ക്കെതിരെയും തൊഴിലാളികളുടെ അവകാശപത്രിക ഉന്നയിച്ചും രാജ്യത്തെ തൊഴിലാളികള്‍ 25 വര്‍ഷത്തിനുള്ളില്‍ 17 പൊതുപണിമുടക്ക് നടത്തി. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിവന്ന സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ കൂടുതല്‍ തീവ്രമായി മുന്നോട്ട് കൊണ്ടുപോവുകയാണ് മോഡിസര്‍ക്കാര്‍ ചെയ്യുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ ഭാഗമായിരുന്ന ബിഎംഎസിനെ സംഘപരിവാര്‍ ഇടപെട്ട് പ്രക്ഷോഭങ്ങളില്‍നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം, തൊഴില്‍നിയമങ്ങള്‍ കുത്തകകള്‍ക്ക് അനുകൂലമായി പൊളിച്ചടുക്കല്‍, തന്ത്രപ്രധാന മേഖലകളില്‍പ്പോലും നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കല്‍ എന്നീ നയങ്ങള്‍ മോഡിസര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു. ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ സാമൂഹികസുരക്ഷാ പദ്ധതികള്‍ അട്ടിമറിക്കാന്‍ നിരന്തരം ശ്രമിക്കുന്നു. താല്‍ക്കാലിക, കരാര്‍ തൊഴിലുകളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. പൊതുമേഖലയില്‍ 50 ശതമാനവും സ്വകാര്യമേഖലയില്‍ 70 ശതമാനവും കരാര്‍ തൊഴിലാളികളാണ്. സംഘടിതമേഖലയില്‍ 60 ശതമാനം തൊഴിലാളികള്‍ക്കും നിയമപരമായ മിനിമംകൂലി നിഷേധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രക്ഷോഭം അതിശക്തമായി മുന്നോട്ട് കൊണ്ടുപോവുകയല്ലാതെ തൊഴിലാളികള്‍ക്ക് മറ്റ് വഴിയില്ലാതായി. കഴിഞ്ഞ രണ്ടുവര്‍ഷം അഖിലേന്ത്യാടിസ്ഥാനത്തില്‍ രണ്ട് പൊതുപണിമുടക്ക് നടത്തി. 2016ലെ പൊതുപണിമുടക്കിനുമുമ്പ് കേന്ദ്രം മന്ത്രിമാരുടെ സമിതി രൂപീകരിച്ച് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ചു. എന്നാല്‍, പണിമുടക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയല്ലാതെ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഉറപ്പുനല്‍കാന്‍ മന്ത്രിതലസമിതി തയ്യാറായില്ല. ഇപ്പോള്‍ മഹാധര്‍ണയ്ക്കുമുന്നോടിയായി കേന്ദ്രം ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും തൊഴിലാളികളുടെ ജീവത്തായ പ്രശ്നങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ്. പ്രക്ഷോഭം രാജ്യത്തെ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. ജനപങ്കാളിത്തവും വ്യക്തമായ മുദ്രാവാക്യങ്ങളും വഴി ശ്രദ്ധേയമായ പ്രക്ഷോഭത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിച്ചു. Read on deshabhimani.com

Related News