ആംആദ്മിയില്‍ പൊട്ടിത്തെറി; രാജ്യസഭാ സ്ഥാനാര്‍ഥികളായിന്യൂഡല്‍ഹി > രാജ്യസഭാസ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ആം ആദ്മി പാര്‍ടിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് പാര്‍ടിയുടെ സ്ഥാപക നേതാവ് കുമാര്‍ വിശ്വാസ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രംഗത്തെത്തി. കെജ്രിവാള്‍ ഏകാധിപതിയാണെന്ന സത്യം വിളിച്ചുപറഞ്ഞതിന്  സീറ്റ് നിഷേധിച്ചെന്ന്  വിശ്വാസ് പറഞ്ഞു. തന്നെ ഇല്ലാതാക്കുമെന്നും എന്നാല്‍ രക്തസാക്ഷിയാകാന്‍ അനുവദിക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് സംഭവിച്ചത്. രക്തസാക്ഷിത്വം അംഗീകരിച്ച് പോരാടുമെന്നും വിശ്വാസ് പ്രതികരിച്ചു. വ്യവസായി സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൌണ്ടന്റ് നാരായന്‍ദാസ് ഗുപ്ത, മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ് എന്നിവരെയാണ് ഡല്‍ഹിയില്‍നിന്നുള്ള മൂന്ന് രാജ്യസഭാസീറ്റിലേക്ക് സ്ഥാനാര്‍ഥികളായി കെജ്രിവാളിന്റെ വസതിയില്‍ ചേര്‍ന്ന ആം ആദ്മി രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. നേതൃത്വത്തിനെതിരെ കലാപം നയിച്ചതിന്റെ പേരിലാണ് കുമാര്‍ വിശ്വാസിന് സീറ്റ് നല്‍കാത്തതെന്ന് കെജ്രിവാള്‍ വിഭാഗവും സമ്മതിച്ചു. ആം ആദ്മിയില്‍നിന്ന് പുറത്താക്കപ്പെട്ട കപില്‍മിശ്രയും കുമാര്‍ വിശ്വാസും പാര്‍ടിയെയും നേതൃത്വത്തെയും തുടര്‍ച്ചയായി വെല്ലുവിളിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുമാര്‍ വിശ്വാസിന് സീറ്റ് നല്‍കേണ്ടതില്ലെന്നത് ഭൂരിപക്ഷ തീരുമാനമാണെന്നും കെജ്രിവാള്‍ വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. കോടീശ്വരനായ വ്യവസായിയെയും പ്രമുഖ ചാര്‍ട്ടേഡ് അക്കൌണ്ടന്റിനെയും സ്ഥാനാര്‍ഥികളാക്കിയത് വിവാദമായിട്ടുണ്ട്. 2013 നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച സുശീല്‍ ഗുപ്തയെ ആം ആദ്മി രാജ്യസഭാ സീറ്റ് നല്‍കി പ്രലോഭിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം രണ്ട് ദിവസംമുമ്പ് രാജിവയ്ക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു. രാജ്യസഭാ സ്ഥാനാര്‍ഥികളാകാന്‍ നിരവധി പ്രമുഖരെ ആം ആദ്മി നേതൃത്വം സമീപിച്ചിരുന്നു. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് താക്കൂര്‍, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി, നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി, വ്യവസായി സുനില്‍ മുഞ്ജല്‍ തുടങ്ങിയവരെയാണ് സമീപിച്ചത്. എന്നാല്‍, ഇവരാരും തയ്യാറായില്ല. ഹാര്‍ദിക് പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ കുമാര്‍ വിശ്വാസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍നിന്നുള്ള രാജ്യസഭാ സീറ്റുകളിലേക്ക് 16നാണ് തെരഞ്ഞെടുപ്പ്. അഞ്ചിനാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. നിയമസഭയില്‍ 67 അംഗങ്ങളുള്ളതിനാല്‍ മൂന്ന് സീറ്റിലും ആം ആദ്മി ജയിച്ചേക്കും. Read on deshabhimani.com

Related News