രാജ്യാന്തരസമൂഹത്തിന്റെ നിലപാടിന് വിരുദ്ധം: പിബിന്യൂഡല്‍ഹി > ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും അമേരിക്കയുടെ നയതന്ത്രകാര്യാലയം ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റാനുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സിപിഐ എം പൊളിറ്റ്ബ്യൂറോ അപലപിച്ചു. ഇസ്രയേല്‍ 1967 മുതല്‍ കൈയേറിവച്ചിരിക്കുന്ന പ്രദേശമാണ് കിഴക്കന്‍ ജറുസലേം. ഐക്യരാഷ്ട്രസഭയും രാജ്യാന്തരസമൂഹവും സ്വീകരിച്ചുവരുന്ന ഈ നിലപാടിന് വിരുദ്ധമാണ് ട്രംപിന്റെ പ്രഖ്യാപനം. കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം എന്നത് രാജ്യാന്തരസമൂഹം അംഗീകരിച്ചതാണ്. പലസ്തീന്‍ അതിര്‍ത്തിയില്‍ ഇസ്രയേലിന്റെ അധിനിവേശം നിയമപരമാക്കാനുള്ള നടപടിയാണ് അമേരിക്കന്‍ ഭരണകൂടം ആരംഭിച്ചിട്ടുള്ളത്. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി ലോകത്ത് മറ്റൊരു രാജ്യവും അംഗീകരിച്ചിട്ടില്ല. ഇസ്രയേലും പലസ്തീനും തമ്മില്‍ സാധ്യമായ അനുരഞ്ജന ചര്‍ച്ചകള്‍ അട്ടിമറിക്കുന്നതിന്റെ ഉത്തരവാദിയും അമേരിക്കയാണ്. ട്രംപിന്റെ തീരുമാനം മേഖലയില്‍ കൂടുതല്‍ സംഘര്‍ഷവും ഏറ്റുമുട്ടലും ഉണ്ടാക്കും. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതത്തിന് ഇത് വഴിയൊരുക്കും. ട്രംപിന്റെ തീരുമാനത്തിനെതിരെ രാജ്യാന്തരതലത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍നിന്ന് ഭിന്നമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അമേരിക്കന്‍ തീരുമാനത്തെ വ്യക്തമായി തള്ളിപ്പറയാന്‍ തയ്യാറായില്ല. മോഡിസര്‍ക്കാര്‍ അമേരിക്കയോട് പുലര്‍ത്തുന്ന വിധേയത്വത്തിന്റെ തെളിവാണിത്. അമേരിക്കന്‍ നടപടിയെ ശക്തമായി നിരാകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. പലസ്തീന്‍ ജനതയോട് ഇന്ത്യ ദീര്‍ഘകാലമായി പുലര്‍ത്തിവരുന്ന പ്രതിബദ്ധതയ്ക്കെതിരാണ് മോഡി സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രതികരണമെന്നും പിബി പ്രസ്താവനയില്‍ പറഞ്ഞു. Read on deshabhimani.com

Related News