എൽജിബിടി അവകാശം : ഇനി വേണ്ടത്‌ നിയമഭേദഗതി



ന്യൂഡൽഹി>സ്വവർഗരതി കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധിയോടെ പൂർത്തിയായത് തുല്യനീതിക്കായി ലെസ്ബിയൻ‐ഗേ‐ബൈസെക്ഷ്വൽ‐ ട്രാൻസ്ജൻഡർ (എൽജിബിടി) വിഭാഗം നടത്തിവരുന്ന നിയമപോരാട്ടങ്ങളുടെ ഒരു ഘട്ടംമാത്രം. സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹം, കുട്ടികളെ ദത്തെടുക്കൽ, സ്വത്തവകാശം, ആരോഗ്യസംരക്ഷണം, തൊഴിൽ‐വിദ്യാഭ്യാസ മേഖലകളിൽ നേരിടുന്ന വിവേചനം തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ തുല്യനീതിക്കായുള്ള നിരന്തരപോരാട്ടം ഇനിയും തുടരേണ്ടതുണ്ടെന്ന് എൽജിബിടി അവകാശപ്രക്ഷോഭകർ ചൂണ്ടിക്കാട്ടുന്നു. ഐപിസിയിലെ 377‐ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീംകോടതി വിധി എൽജിബിടി വിഭാഗങ്ങൾക്ക് അനുകൂലമായ കൂടുതൽ നിയമഭേദഗതികൾക്ക് വഴിതുറക്കും. സ്വവർഗാനുരാഗികൾ തമ്മിലുള്ള വിവാഹത്തിന് നിലവിൽ നിയമവ്യവസ്ഥയില്ല. ഇതിനായി സ്പെഷ്യൽ മാര്യേജ് ആക്ടിൽ ഭേദഗതി കൊണ്ടുവരികയോ  എൽജിബിടി വിഭാഗങ്ങൾക്കായി പ്രത്യേക നിയമം കൊണ്ടുവരികയോ വേണ്ടിവരും. സുപ്രീംകോടതി വിധിയെ മതസംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിൽ വ്യക്തിനിയമഭേദഗതികൾക്ക് സാധ്യത കുറവാണ്. എൽജിബിടി വിഭാഗത്തിൽപ്പെട്ട പങ്കാളികൾക്കോ വ്യക്തികൾക്കോ കുട്ടികളെ ദത്തെടുക്കുന്നതിന‌് നിലവിൽ നിയമമില്ല. സ്വത്തവകാശത്തിന്റെ കാര്യത്തിലും സമാനമാണ് സ്ഥിതി. എൽജിബിടി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കാളിയുടെ സ്വത്തിൽ അവകാശമുന്നയിക്കുന്നതിന് വ്യവസ്ഥകളില്ല. വിവാഹം അടക്കമുള്ള അവകാശങ്ങൾക്കായി ആവശ്യമുയരുമ്പോൾ സ്വാഭാവികമായും വിവാഹമോചനം, ജീവനാംശം തുടങ്ങിയ വിഷയങ്ങളിലും നിയമവ്യവസ്ഥ ആവശ്യമായിവരും. സ്വവർഗപങ്കാളികളിൽ പലരും മതാചാരപ്രകാരവും അല്ലാതെയും രാജ്യത്ത് വിവാഹിതരായിട്ടുണ്ടെങ്കിലും നിയമപരമായുള്ള രജിസ്ട്രേഷൻ ആർക്കും സാധ്യമായിട്ടില്ല. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചരിത്രവിധി വിവാഹനിയമ വ്യവസ്ഥകളിലടക്കം മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന പ്രതീക്ഷയിലാണ് സ്വവർഗ പങ്കാളികൾ.  മോഡി സർക്കാർ എൽജിബിടി വിഭാഗങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളാനുള്ള സാധ്യത വിരളമാണ്. 377‐ാം വകുപ്പ് റദ്ദാക്കുന്നതിനെ പിന്തുണയ്ക്കാൻ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ തയ്യാറായിരുന്നില്ല. കോടതിക്ക് യുക്തമായ വിധി പുറപ്പെടുവിക്കാമെന്ന നിലപാടാണ് അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സ്വീകരിച്ചത്. സ്വവർഗാനുരാഗം സ്വാഭാവികമല്ലെന്ന നിലപാടാണ് ആർഎസ്എസിനുള്ളത്.   സ്വവർഗബന്ധത്തെ ക്രിമിനൽ കുറ്റമായി കാണുന്നില്ലെങ്കിലും അത് സ്വാഭാവികമായ ഒന്നല്ലെന്ന കാഴ്ചപ്പാടാണ് ആർഎസ്എസിന്റേത്.  ബിജെപിയാകട്ടെ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാൻപോലും കൂട്ടാക്കിയില്ല. സർക്കാർ നിലപാട് ഇതായിരിക്കെ 2019ലെ പൊതുതെരഞ്ഞെടുപ്പ് വരെ എൽജിബിടി വിഭാഗത്തിന് കാത്തിരിക്കേണ്ടതായിവരും. എൽജിബിടി അവകാശങ്ങൾക്ക് പൂർണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളാണ്. സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീംകോടതി വിധിയെ കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, വിവാഹാവകാശമടക്കമുള്ള കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി തോൽക്കുകയും മതേതര പാർടികളുടേതായ ഒരു സർക്കാർ അധികാരത്തിലെത്തുകയും ചെയ്താൽ തുല്യനീതിക്കായുള്ള  നീക്കങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കും. Read on deshabhimani.com

Related News