നോട്ട് നിരോധനത്തിനുശേഷം സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം ഇരട്ടിയായി; മോഡിയുടെ 'കള്ളപ്പണവേട്ട' പൊളിഞ്ഞുവീഴുന്നു



ന്യൂഡല്‍ഹി > കള്ളപ്പണവേട്ടയുടെ പേരില്‍ നോട്ട്‌നിരോധനമടക്കം നടത്തിയ നരേന്ദ്രമോഡിയുടെ 'പരിഷ്‌‌‌‌‌കാരങ്ങള്‍' വെറും പൊള്ളയെന്ന് വീണ്ടും തെളിയുന്നു. ബിജെപി ഭരണത്തിന്റെ അവസാന വര്‍ഷം ഇന്ത്യക്കാര്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ച പണം മുന്‍വര്‍ഷത്തേതില്‍ നിന്ന് 50% വര്‍ധിച്ച് ഏഴായിരം കോടിയായി. മൊത്തം നിക്ഷേപം മൂന്നു ശതമാനം മാത്രം വര്‍ധിച്ചപ്പോഴാണ് ഇന്ത്യക്കാരുടെ നിക്ഷേപത്തിലെ ഈ കുതിച്ചുകയറ്റം. വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷികവിവരറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മൂന്നുവര്‍ഷത്തോളം താഴേക്കു പോയിക്കൊണ്ടിരുന്നതിനു ശേഷം സ്വിസ് ബാങ്ക് നിക്ഷേപങ്ങള്‍ 2017ല്‍ പെട്ടെന്നുള്ള ഉയര്‍ച്ചയാണ് കാണിച്ചത്. 2016ല്‍ നിക്ഷേപം മുന്‍വര്‍ഷത്തേതിലും 45% കുറഞ്ഞ് 4500 കോടി രൂപയിലെത്തിയിരുന്നു. ഇതോടെയാണ് അപ്രതീക്ഷിതമായി സാമ്പത്തിക പരിഷ്‌കാരമെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. കള്ളപ്പണം തടയുകയാണ് തന്റെ ലക്ഷ്യമെന്നും ജനങ്ങള്‍ കുറച്ച് സഹിക്കണമെന്നും അന്ന് മോഡി പറഞ്ഞിരുന്നു. എന്നാല്‍ മോഡി ഭരണത്തില്‍ വിദേശത്തേക്കുള്ള കള്ളപ്പണ ഒഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2016 ല്‍ ഏറ്റവും വലിയ നിക്ഷേപ ഇടിവ് 4,500 കോടി രൂപയായി ( 676 ഫ്രാങ്ക്) ആയി രേഖപ്പെടുത്തിയിരുന്നിടത്തു നിന്നാണ് ഈ നിക്ഷേപ കുതിപ്പ്. യൂറോപ്യന്‍ യൂണിയന്‍ഈ രേഖകള്‍ പരസ്യപ്പെടുത്താന്‍ തുടങ്ങിയ 1987ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു (45 ശതമാനം) കഴിഞ്ഞ വര്‍ഷം ഉണ്ടായത്. എസ് എന്‍ ബി രേഖകള്‍ പ്രകാരം ഇന്ത്യക്കാര്‍ നേരിട്ട് സ്വിസ് ബാങ്കുകളില്‍ ഇട്ട നിക്ഷേപം 999 ദശ ലക്ഷം ഫ്രാങ്ക്  (6,891 കോടി രൂപ) ആയി. ധന മാനേജര്‍മാര്‍ വഴിയുള്ള നിക്ഷേപം 16.2 ദശ ലക്ഷം ഫ്രാങ്കും  (112 കോടി രൂപ). ഇത് 2016 ഒടുവില്‍ യഥാക്രമം 664.8 ദശ ലക്ഷം ഫ്രാങ്കും 11 ദശ ലക്ഷം ഫ്രാങ്കുമായിരുന്നു. കള്ളപ്പണം കണ്ടെത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡുമായി ഇന്ത്യ ധാരണ ഉണ്ടാക്കിയ ശേഷമാണ് ഈ വര്‍ധനയെന്നതാണ് വിചിത്രം. ഇപ്പോള്‍ പുറത്തുവിട്ട കണക്കുകളില്‍ ഇന്ത്യക്കാരുടെയും അവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കണക്കുകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റുരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ പേരില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചേക്കാവുന്ന തുകയുടെ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.   Read on deshabhimani.com

Related News