ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റില്ലതിരുവനന്തപുരം > ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം എന്നാക്കാനുള്ള മുന്‍ ബോര്‍ഡിന്റെ തീരുമാനം റദ്ദാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ  ബുധനാഴ്ച ചേര്‍ന്ന യോഗമാണ് റദ്ദാക്കിയത്. നൂറ്റാണ്ടുകളായി അറിയപ്പെടുന്നതുപോലെ ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം എന്നുതന്നെ അറിയപ്പെടുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പേര് മാറ്റുന്നതിന് മുന്‍ ബോര്‍ഡ് മുന്നോട്ടുവച്ച ന്യായങ്ങള്‍ അംഗീകരിക്കാനാവില്ല. പ്രമേയത്തിനെതിരെ അന്ന് ബോര്‍ഡ് അംഗം കെ രാഘവന്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകാനാണ് പേര് മാറ്റിയതെന്ന മുന്‍ ബോര്‍ഡിന്റെ വിശദീകരണത്തില്‍ ന്യായമില്ല. മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമാണ് പേരുമാറ്റാനുള്ള തീരുമാനമെടുത്തത്. എന്നാല്‍, സര്‍ക്കാര്‍ ഇതിനോട് വിയോജിച്ചു. സെക്രട്ടറിയറ്റ് മാതൃകയില്‍ ബോര്‍ഡ് ആസ്ഥാനത്തും ജീവനക്കാര്‍ക്ക് പഞ്ചിങ് ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഉടന്‍ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കും. പ്രധാന ക്ഷേത്രങ്ങളെ ബോര്‍ഡ് ആസ്ഥാനവുമായി ബന്ധിപ്പിക്കും. ജോലി സമയം കാര്യക്ഷമമാക്കാന്‍ മകരവിളക്കിനുശേഷം ജീവനക്കാരുടെ യോഗം വിളിക്കും. 'ഡ്യൂട്ടി വ്യവസ്ഥ'യില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ജോലി ചെയ്ത 110 പേരെ  മാതൃസ്ഥാപനങ്ങളിലേക്ക് തിരികെ അയച്ചു. ഇങ്ങനെ എത്തുമ്പോള്‍ അവര്‍ ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളിലും മറ്റും പകരം ആളിനെ വയ്ക്കേണ്ടിവരും. ഇത് ബോര്‍ഡിന് അധിക ചെലവുണ്ടാക്കി. തിരികെ അയച്ചതോടെ പ്രതിവര്‍ഷം 30 മുതല്‍ 40 ലക്ഷം രൂപവരെയാണ് ബോര്‍ഡിന് ലാഭമെന്ന് പത്മകുമാര്‍ പറഞ്ഞു. ബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കരദാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News