റബർ ഇറക്കുമതി വിജ്ഞാപനം പിൻവലിക്കണം: കർഷകസംഘംനിയന്ത്രണങ്ങൾ നീക്കി എല്ലാ തുറമുഖങ്ങളിലൂടെയും റബർ ഇറക്കുമതി ചെയ്യാമെന്ന‌ കേന്ദ്രസർക്കാർ വിജ്ഞാപനം പിൻവലിക്കണമെന്ന‌് കർഷകസംഘം ആവശ്യപ്പെട്ടു. വൻകിട ടയർ മുതലാളിമാരുടെ താൽപ്പര്യം സംരക്ഷിക്കാനാണ‌് വിജ്ഞാപനം. ഇന്ത്യയിലേക്ക‌് എത്ര ടൺ റബർ  ഇറക്കുമതി ചെയ്യുന്നുവോ അത്രയും ഉൽപ്പന്നം ആറുമാസത്തിനകം കയറ്റുമതി ചെയ്യണമെന്ന്  കരാറുണ്ട‌്. അതനുസരിച്ചാണ‌് ഇറക്കുമതി ലൈസൻസ‌് നൽകുന്നത‌്.  ടയർ നിർമിക്കാൻ 44 ശതമാനം സ്വാഭാവിക റബർ വേണം. അത‌് ഇപ്പോൾ 20 ശതമാനമായി കുറഞ്ഞു. ബാക്കി സിന്തറ്റിക‌് റബറാണ‌് ഉപയോഗിക്കുന്നത‌്. ടയർ നിർമാണത്തിന‌് 80 ശതമാനം സിന്തറ്റിക‌് റബറും 20 ശതമാനം സ്വാഭാവിക റബറുമായപ്പോൾ നിലവിലുള്ള സ്വാഭാവിക റബറിന്റെ ഉപയോഗത്തിൽ 24 ശതമാനത്തിന്റെ കുറവ‌് വന്നു. ഇതോടെ റബർ വില കുത്തനെയിടിഞ്ഞു. ഇറക്കുമതി ചെയ്യുന്ന റബറിന‌് നികുതിയില്ലാത്തതിനാൽ ടയർ കമ്പനികള്‍ക്ക് കൊള്ളലാഭത്തിനുള്ള  അവസരമൊരുങ്ങുന്നു. ചിരട്ടപ്പാലും ഇറക്കുമതി ചെയ്യുന്നതോടെ അതിന്റെ വിലയും ഇടിയും. കേരളത്തിലെ 95 ശതമാനം റബർ കർഷകരും ചെറുകിട﹣ നാമമാത്ര കർഷകരാണ‌്. ഇറക്കുമതി വരുന്നതോടെ അവർ കുത്തുപാളയെടുക്കേണ്ടിവരും. ഇപ്പോൾ റബറിന‌് മാത്രമാണ‌് വിജ്ഞാപനമിറക്കിയിരിക്കുന്നത‌്. എന്നാൽ ബാലി കരാർ പ്രകാരം മറ്റ‌് കാർഷിക ഉൽപ്പന്നങ്ങൾക്കും ഇത‌് ബാധകമാകാം. ഇത‌് കാർഷിക മേഖലയിൽ വലിയ  പ്രത്യാഘാതമുണ്ടാക്കും. റബർ ഇറക്കുമതി നിയന്ത്രണം പിൻവലിക്കൽ വിജ്ഞാപനം കേന്ദ്രസർക്കാർ ഉടന്‍  പിൻവലിക്കണമെന്നും സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ‌്ണൻ  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News