ബത്തേരിയില്‍ നാളെ മനുഷ്യച്ചങ്ങലബത്തേരി > ഡോണ്‍ബോസ്കോ കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട എസ്എഫ്ഐ നേതാവ് ജിഷ്ണു വേണുഗോപാലിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ബത്തേരിയില്‍ മനുഷ്യച്ചങ്ങല നടത്തുമെന്ന് സമരസഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം നടത്തിയതിന്റെ പേരിലാണ് മാനേജ്മെന്റ് ജിഷ്ണുവിന് കോളേജില്‍ പഠിക്കാനുള്ള അവകാശം നിഷേധിച്ചത്. 18 വയസ് പൂര്‍ത്തിയായ വ്യക്തിക്ക് സംഘടിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്യ്രം  ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതാണ്. ക്യാമ്പസിന് പുറത്ത് പോലും വിദ്യാര്‍ഥികള്‍ സംഘടിക്കാന്‍ പാടില്ലെന്ന നിലപാടാണ് കോളേജ് അധികൃതര്‍ പിന്തുടരുന്നത്. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് അതിന് അവസരം നല്‍കിയ ഡോണ്‍ബോസ്കോയുടെ ചരിത്രത്തിന് വിപരീതമായാണ് കോളേജ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നത്. അമിതമായി ഫീസ് വാങ്ങുന്നതിനൊപ്പം വിവിധ കാരണങ്ങള്‍ പറഞ്ഞ് പിഴ ഈടാക്കുന്നതും പതിവാണ്. മാനേജ്മെന്റിന്റെ ഇത്തരം പ്രവര്‍ത്തനങ്ങളെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ ജിഷ്ണു വേണുഗോപാല്‍ ചോദ്യം ചെയ്തതിന്റെ  പ്രതികാരം തീര്‍ക്കുന്നതിനാണ് കോളേജില്‍ നിന്നുള്ള പുറത്താക്കല്‍. 131 ദിവസം മുമ്പ്കോളേജില്‍ നിന്നും പുറത്താക്കപ്പെട്ട ജിഷ്ണുവിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം കോളേജിന് മുമ്പില്‍ തുടരുകയാണ്. സമരം ഒത്തുതീര്‍ത്ത് ജിഷ്ണുവിനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടാണ് തിങ്കളാഴ്ച പകല്‍ മൂന്നിന് കോളേജിന് മുമ്പില്‍ നിന്നും തുടങ്ങി കോട്ടക്കുന്ന് സോളാര്‍ ജങ്ഷന്‍ വരെ നീളുന്ന മനുഷ്യച്ചങ്ങല ബഹുജനങ്ങള്‍ തീര്‍ക്കുക. മാനേജ്മെന്റ് ധിക്കാരം അവസാനിപ്പിച്ച് പുറത്താക്കപ്പെട്ട വിദ്യാര്‍ഥിക്ക് കോളേജില്‍ തുടര്‍പഠനത്തിന് അവസരം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമരസഹായ സമിതി നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ ബാബു അബ്ദുറഹിമാന്‍, കണ്‍വീനര്‍  കെ റഷീദ്, കെ കെ കുര്യാക്കോസ്, ലിജോ ജോണി, എ കെ ജിതൂഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. Read on deshabhimani.com

Related News