പ്രതീക്ഷയോടെ കബനി തീരവാസികള്‍കല്‍പ്പറ്റ > സര്‍ക്കാര്‍ പ്രഖ്യാപിച്ച വരള്‍ച്ചാ ലഘൂകരണ പദ്ധതി വേനല്‍തുടങ്ങും മുമ്പ് നടപ്പാക്കുമെന്ന പ്രതീക്ഷയില്‍ പുല്‍പ്പളളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കര്‍ഷകരും നാട്ടുകാരും. ജില്ലയിലുണ്ടായ മഴക്കുറവിന്റെ സാഹചര്യത്തില്‍ ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക. കബനി നദിയിലെ ജലനിരപ്പ് ഇപ്പോള്‍ തന്നെ താഴ്ന്ന് തുടങ്ങി. ഡെക്കാന്‍ പീഠഭൂമിയുടെ ഭാഗമായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാണ്. വേനല്‍ കനക്കും മുമ്പ് തന്നെ കബനി തീരത്തെ ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയിലമരും.   കൊളവള്ളിയിലെ ഏക്കര്‍ കണക്കിന് പാടങ്ങള്‍ വെള്ളമില്ലാത്തതിനാല്‍ തരിശിടേണ്ടി വരുന്നു. ജലാംശമില്ലാതെ വയല്‍ വിണ്ട് കീറുന്നതും ഇവിടുത്തെ പതിവ് കാഴ്ചയാണ്. വര്‍ഷങ്ങളായി ഈ പ്രദേശം നേരിടുന്ന രൂക്ഷമായ വരള്‍ച്ച നേരിടാന്‍ യുഡിഎഫ് ഭരണകാലത്ത് നടപടിയും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ആദ്യ ബജറ്റില്‍ കബനിനദീജല സംരക്ഷണത്തിന് 10 കോടി രൂപ അനുവദിച്ചു. ധനമന്ത്രി തോമസ്  ഐസകിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകള്‍ മുഴുവനും പൂതാടി പഞ്ചായത്തിലെ നാല് വാര്‍ഡുകളും ഉള്‍പ്പെടുന്ന 15220 ഹെക്ടര്‍ വരുന്ന പ്രദേശത്ത് നടപ്പാക്കാന്‍ പുല്‍പ്പള്ളി-മുള്ളന്‍കൊല്ലി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ ജില്ല മണ്ണ് സംരക്ഷണ വിഭാഗം സര്‍ക്കാരിന് വിപുലമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.  ധനമന്ത്രി തോമസ് ഐസക്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍ എന്നിവരുടെ മുമ്പാകെ ജില്ല മണ്ണ് സംരക്ഷണവിഭാഗം മേധാവി  പി യു ദാസ് പദ്ധതി അവതരിപ്പിച്ചു.  മെയ്യില്‍ മുള്ളന്‍കൊല്ലിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു.  ജൂണില്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വയനാട് പാക്കേജില്‍ അനുവദിച്ച 19 കോടി രൂപയില്‍ നിന്ന് 10 കോടി രൂപ ഈ പദ്ധതിക്കായി മാറ്റുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി 2.15  കോടി രൂപ  അനുവദിച്ചു. തദ്ദേശസ്വയംഭരണവകുപ്പ്, ക്ഷീരവികസന വകുപ്പ്, ചെറുകിട ജലസേചനം,  മണ്ണ് സംരക്ഷണ വകുപ്പ്, എന്‍ആര്‍ഇജിഎ എന്നിവയുടെ  ഏകോപനത്തോടെ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ആകെ 80.2 കോടി ചെലവ് വരുന്ന പദ്ധതില്‍ 50 ലക്ഷം രൂപ വീതം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും 1.20 കോടി  ജില്ല പഞ്ചായത്തും 20 ലക്ഷം പനമരം ബ്ളോക്ക് പഞ്ചായത്തും അഞ്ച് കോടി ഗുണഭോക്തൃ വിഹിതവും നീക്കി വെക്കണമെന്നാണ് തീരുമാനം. പദ്ധതിക്ക് മൊത്തത്തില്‍ അനുമതി ലഭിച്ചാലെ മറ്റ് വകുപ്പുകളുടെ തുക കൂടി വിനിയോഗിക്കാന്‍ കഴിയു.   Read on deshabhimani.com

Related News