ക്യാമ്പുകളിലെ 97 ശതമാനംപേരും മടങ്ങി



    തൃശൂർ പ്രളയദുരിതത്തിൽനിന്ന് ജനം കരകയറുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന 2.67 ലക്ഷംപേരിൽ 97 ശതമാനംപേരും  വീടുകളിലേക്ക് മടങ്ങിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി ജെ ജയിംസ് പറഞ്ഞു. ബന്ധുവീടുകളിലും മറ്റുമായി അഭയംതേടിയിരുന്ന ആയിരക്കണക്കിനുപേരും വീടുകളിൽ തിരിച്ചെത്തി. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർമാത്രമാണ് ഇപ്പോഴും ക്യാമ്പുകളിലും മറ്റിടങ്ങളിലുമായി കഴിയുന്നത്. വീടുകളിൽ തിരിച്ചെത്തിയവർക്ക‌്  അടിയന്തര ദുരിതാശ്വാസ സഹായമായി 10,000 രൂപ നൽകുന്നുണ്ട‌്. 60,000 ത്തിലേറെപേർ ഇത്തരത്തിൽ അടിയന്തര സഹായത്തിന‌് അർഹരായി ജില്ലയിലുണ്ട‌്.  ആദ്യപടിയായി 722പേർക്ക‌് 10,000 രൂപ വീതം നൽകിക്കഴിഞ്ഞു. വീടുകൾ പൂർണമായി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക‌് വീടുവയ‌്ക്കാൻ നാലുലക്ഷം രൂപയാണ‌് സർക്കാർ സഹായം നൽകുക.  ഇത്തരത്തിൽ അർഹരായവരുടെ  കണക്ക‌് തഹസിൽദാർ മുഖേന  ശേഖരിച്ചു കഴിഞ്ഞു.  ആ പണവും ഉടൻ വിതരണം ചെയ്യും. വ്യാഴാഴ്ച ജില്ലയിലെ ശുചീകരണപ്രവർത്തനത്തിന്റെ അവസാനഘട്ടമായിരുന്നു. നാടാകെ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ സിപിഐ എം, ഡിവൈഎഫ്ഐ, സന്നദ്ധസംഘടനകൾ തുടങ്ങി നാടാകെ കൂട്ടമായിറങ്ങിയതാണ് ദിവസങ്ങൾക്കം ജില്ലയിലെ വീടുകൾ വൃത്തിയാക്കി ദുരിതബാധിതരുടെ പുനരധിവാസം സുഗമമാക്കിയത്.  ചാലക്കുടി, മാള, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, ചേർപ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് പെരുമഴ കടുത്ത നാശം വിതച്ചത്. തൃശൂർ കോർപറേഷൻ, ചാലക്കുടി, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട  എന്നീ നഗരസഭാ പ്രദേശങ്ങളിലും, ജില്ലയിലെ 86 പഞ്ചായത്തുകളിലെ 1271 വാർഡുകളിലുമാണ് പ്രളയം ബാധിച്ചത്.  പഞ്ചായത്ത് പ്രദേശങ്ങളിൽ 1.96 ലക്ഷംപേരും നഗരസഭാ പ്രദേശങ്ങളിൽ 70,310പേരുമടക്കം ആകെ 2,66,581പേരാണ് ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. തദ്ദേശസ്വയംഭരണം, ശുചിത്വ മിഷൻ, ആരോഗ്യവിഭാഗം, സിപിഐ എം, ഡിവൈഎഫ്ഐ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ കൃത്യതയോടെയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് വീടുകളെല്ലാം വൃത്തിയാക്കി ക്യാമ്പിൽ കഴിയുന്നവർക്ക് തിരിച്ചെത്താൻ സാധിച്ചത്. നിലവിൽ 64 ക്യാമ്പുകളിൽ 4071പേർ മാത്രമേ ക്യാമ്പുകളിൽ കഴിയുന്നുള്ളൂ.  വീടുകളിലടക്കം ഇവിടങ്ങളിലെ ടൺ കണക്കിന് മാലിന്യം സന്നദ്ധപ്രവർത്തകർ എടുത്തുമാറ്റിയിരുന്നു. 955 കെട്ടിടങ്ങളെയും പ്രളയം നാശത്തിലാഴ്ത്തിയിരുന്നു. 61,929 കിണറുകളും മലിനമായി.  ഇവിടങ്ങളിലെ മാലിന്യമുക്ത പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച സ്കൂളുകൾ മിക്കവാറും ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ, 48 സ്കൂളുകളിൽ പ്രളയം നാശംവിതച്ചിരുന്നു. ഇതിൽ 47 സ്കൂളുകളും വൃത്തിയാക്കിക്കഴിഞ്ഞു. Read on deshabhimani.com

Related News