ശാന്തകുമാരി ഇനി നഗരസഭയുടെ ‘അമ്മ’

ശാന്തകുമാരി


കുന്നംകുളം വാർധക്യത്തിലെത്തിനിൽക്കുന്ന കിഴൂർ ചിറളയത്ത് വീട്ടിൽ ശാന്തകുമാരി ഇനി നഗരസഭയ‌്ക്ക് സ്വന്തം. നിരാലംബരായ വൃദ്ധജനങ്ങൾക്ക് ആശ്വാസമേകാൻ വൃദ്ധസദനം പണിയണമെന്ന ഉപാധിയോടെ തനിക്ക് പാരമ്പര്യമായി ലഭിച്ച 18 സെന്റ് പുരയിടത്തിൽ നിന്നും 11 സെന്റ് തീറായും, ബാക്കി മരണപത്രമായും നഗരസഭാ സെക്രട്ടറി കെ കെ മനോജിന്റെ പേരിൽ കുന്നംകുളം രജിസ്ട്രാർ പി ബാബുമോൻ മുമ്പാകെ ഒപ്പിട്ടു നൽകി. കൗൺസിലർ കെ ബി സലീം, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ബിനു എന്നിവർ സാക്ഷികളായി. കുടുംബക്ഷേത്രം നിലനിൽക്കുന്ന ഒന്നര സെന്റ് സ്ഥലം ഇതര മതസ്ഥർക്കും ആരാധനാസ്വാതന്ത്ര്യം ഉറപ്പ് നൽകിയാണ് വിട്ടുനൽകിയിരിക്കുന്നത്. മരണാനന്തരം വൃദ്ധസദനത്തിന് അമ്മാളു ശാന്തകുമാരി മെമ്മോറിയൽ എന്ന് പേരിടണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം കൗൺസിൽ യോഗം അംഗീകരിച്ചിരുന്നു.  പട്ടികജാതി വിഭാഗത്തിൽപ്പെട്ട ശാന്തകുമാരിയും  അമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജില്ലാ ആശുപത്രിയിൽ സ്വീപ്പർ തസ്തികയിൽ സർക്കാർ ജോലി ലഭിച്ചെങ്കിലും പോയില്ല.  വിവാഹബന്ധം  എറെക്കാലം നീണ്ടുനിന്നില്ല. 2000ൽ അമ്മ അമ്മാളു മരിച്ചതോടെ അനാഥത്വത്തിലേക്ക് നീങ്ങിയ ശാന്തകുമാരിയെ സംരക്ഷിക്കാൻ എന്ന പേരിലെത്തിയ അകന്ന ബന്ധുക്കൾ  സ്വത്ത് തട്ടിയെടുക്കാൻ ശ്രമം നടത്തിയതോടെ നാട്ടുകാർ ഇടപെട്ട് അവരെ ഒഴിവാക്കി. പിന്നീട് നാട്ടുകാരുടെ സംരക്ഷണയിലായിരുന്നു ശാന്തയുടെ ജീവിതം.  ഇതിനിടെയാണ് ഈ ആശയം ശാന്തകുമാരി നഗരസഭാ വൈസ് ചെയർമാൻ പി എം സുരേഷ്, കൗൺസിലർമാരായ കെ എ അസീസ്, കെ ബി സലീം എന്നിവരുമായി പങ്കുവച്ചത്. അറുപത്തെട്ടുകാരിയായ, നാട്ടുകാരുടെ മണിച്ചേച്ചിക്ക് (ശാന്തകുമാരി)    ഒറ്റ ആഗ്രഹമേയുള്ളൂ ‘ഇനിയാരും അനാഥരായിക്കൂടാ...’ Read on deshabhimani.com

Related News