റോയിച്ചേട്ടന്‍ ഇല്ലെങ്കിലും സ്കൂളില്‍ ബെല്ല് മുഴങ്ങും  തൃത്തല്ലൂര്‍ > തൃത്തല്ലൂര്‍ യുപി സ്കൂളില്‍ ദീര്‍ഘകാലം ബെല്ലടിച്ചത് ഓഫീസ് അസിസ്റ്റന്റായിരുന്ന ബിമല്‍ റോയ് ആയിരുന്നു. കുട്ടികളുടെയും അധ്യാപകരുടെയും പ്രിയ റോയിച്ചേട്ടന്‍ വിരമിച്ചു. പകരം ആളുവന്നില്ല. ഇതോടെ ബെല്ലടിക്കല്‍ പ്രതിസന്ധിയിലായി. വിരമിച്ച് ആറുമാസമായപ്പോള്‍ റോയിച്ചേട്ടന്‍ തന്നെ പരിഹാരവും കണ്ടു.  തനിയെ ബെല്ലടിക്കാനുള്ള യന്ത്രം എത്തിച്ചാണ് ശാസ്ത്രദിനാചരണം റോയിച്ചേട്ടന്‍ അവിസ്മരണീയമാക്കിയത്.  അധ്യാപകരുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ 37 വര്‍ഷം മുടങ്ങാതെ സ്കൂളില്‍ ബെല്ലടിച്ചുകൊണ്ടിരുന്ന കുട്ടികളുടേയും അധ്യാപകരുടേയും റോയിചേട്ടന്‍ സ്കൂളില്‍ വീണ്ടും വന്നു. ജില്ലയിലെ ഏറ്റവുംമികച്ച സയന്‍സ് വിദ്യാലയത്തിനുള്ള അംഗീകാരം നേടിയിട്ടുള്ള തന്റെ വിദ്യാലയത്തില്‍. ശാസ്ത്രം സമൂഹ നന്മയ്ക്കാവണം തിന്മകള്‍ക്കാവരുതെന്ന സന്ദേശം ഉള്‍ക്കൊണ്ട് ലോകശാസ്ത്രദിനത്തിന് റോയിച്ചേട്ടന്‍ വന്നത് കൈ വീശിയല്ല.  തന്റെ സഹപ്രവര്‍ത്തകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്  അറുതിവരുത്താന്‍ ഓട്ടോമാറ്റിക് ഇലക്ട്രിക് ബെല്ലുമായി. ഇനി ബെല്ലടിക്കാന്‍ ആരും വേണ്ട കൃത്യസമയം നോക്കി ബെല്ലടിച്ചുകൊള്ളും. ശാസ്ത്രദിനത്തിന് റോയിച്ചേട്ടന്‍ സ്കൂളിന് സമ്മാനിച്ച ഓട്ടോമാറ്റിക് ഇലക്ട്രിക്ബെല്‍ സ്കൂള്‍ അസംബ്ളിയില്‍ വച്ച് ഹെഡ്മിസ്ട്രസ് സി പി ഷീജ ഏറ്റുവാങ്ങി. കെ എസ് ദീപന്‍ അധ്യക്ഷനായി. ശാസ്ത്രാധ്യാപിക പി പി ജ്യോതി ശാസ്ത്രദിന സന്ദേശവും പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പിടിഎ പ്രസിഡന്റ് എ എ ജാഫര്‍, എ ബി ബേബി, പി വി ശ്രീജാ മൌസമി, വി പി ലത, കെ എസ് റസിയ, കെ എസ് ഷീന, എന്‍ എസ് നിഷ, എ എ ഷാഹിന, കെ പി രജനി എന്നിവര്‍ സംസാരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ശാസ്ത്രസമൂഹ നന്മയ്ക്ക് എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനയും പ്രോജക്ട് നിര്‍മാണവും നടന്നു.    Read on deshabhimani.com

Related News