സ്വാഗതഗാന നൃത്തശില്‍പ്പം ഒരുങ്ങുന്നു

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനവേദിയില്‍ അവതരിപ്പിക്കുന്ന സ്വാഗതഗാന ദൃശ്യാവിഷ്കാരത്തിന്റെ പരിശീലനം കലാമണ്ഡലം കൂത്തമ്പലത്തില്‍ നടക്കുന്നു


 തൃശൂര്‍ > 58ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയെ നൃത്തസംഗീതനിര്‍ഭരമാക്കാന്‍ ഒരുക്കങ്ങള്‍ സജീവം. കലോത്സവ സ്വാഗതഗാനത്തിന്റെ നൃത്താവിഷ്കാരത്തിന്റെ പരിശീലനം കേരള കലാമണ്ഡലത്തില്‍ പുരോഗമിക്കുന്നു. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നങ്ങ്യാര്‍കൂത്ത്, കേരള നടനം, ഒപ്പന, മാര്‍ഗംകളി എന്നീ കേരളീയ നൃത്ത രൂപങ്ങളുടെ സമന്വയമാണ് സ്വാഗതഗാനത്തിന്റെ അകമ്പടിയില്‍ അവതരിപ്പിക്കുക. മുരുകന്‍ കാട്ടാക്കട രചിച്ച് എം ജി ശ്രീകുമാര്‍ സംഗീതം നല്‍കിയ വരികള്‍ക്കനുസൃതമായാണ് നൃത്തശില്‍പ്പം ചിട്ടപ്പെടുത്തുന്നത്.  കലാമണ്ഡലത്തിലെ  32 വിദ്യാര്‍ഥികള്‍ ഈ നൃത്തശില്‍പ്പം അവതരിപ്പിക്കും. നൃത്തം ചിട്ടപ്പെടുത്തുന്നത് കലാമണ്ഡലം ഗോപകുമാര്‍, കലാമണ്ഡലം രാജലക്ഷ്മി എന്നിവരാണ്.  കലാമണ്ഡലം മോഹനകൃഷ്ണന്‍, അച്യുതാനന്ദന്‍, സംഗീത, ശ്രീജ, ആര്യ, ചിത്ര, കൃഷ്ണേന്ദു എന്നിവര്‍ അവതരണത്തിന്റെ സഹായികളാണ്. കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ കെ സുന്ദരേശന്‍ ആവശ്യമായ നിര്‍ദേശം നല്‍കുന്നു.  ജനുവരി ആറിന് രാവിലെ പത്തിന് കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടക്കുന്ന മുഖ്യവേദിയായ നീര്‍മാതളത്തിലാണ് ചടങ്ങിന് തുടക്കംകുറിച്ച് സ്വാഗതഗാനം അവതരിപ്പിക്കുക. സി കെ ബിന്ദുവിന്റെ നേതൃത്വത്തില്‍ 58 സംഗീതാധ്യാപകര്‍ സ്വാഗതഗാനം ആലപിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.  അവതരണം പന്ത്രണ്ടു മിനിറ്റോളം നീണ്ടുനില്‍ക്കും. വെള്ളിയാഴ്ച നൃത്തശില്‍പ്പത്തിന്റെ പരിശീലനം  പൂര്‍ത്തിയാവും. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി മുഖ്യവേദിക്കു മുന്നില്‍ രാവിലെ 8.45 മുതല്‍ കേരളീയ തനതുകലകളുടെ 'ദൃശ്യവിസ്മയം' അരങ്ങേറും. സൂര്യ കൃഷ്ണമൂര്‍ത്തിയാണ് ദൃശ്യവിസ്മയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.  Read on deshabhimani.com

Related News