സ്പിന്നിങ‌്മിൽ വളപ്പിൽ പച്ചക്കറി കൃഷിയൊരുക്കി ബാലരാമപുരം സഹ. ബാങ്ക്

സ്പിന്നിങ‌്മിൽ വളപ്പിലെ വിത്ത് നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഉദ്ഘാടനംചെയ്യുന്നു


ബാലരാമപുരം  സ്പിന്നിങ‌്മിൽ വളപ്പിലെ മണ്ണിൽ സുരക്ഷിത പച്ചക്കറി കൃഷിയൊരുക്കി ബാലരാമപുരം സർവീസ് സഹകരണ ബാങ്ക്. കാടും പടർപ്പും പിടിച്ച് ഇഴജന്തുക്കളുടെ താവളമായിരുന്ന നാലേക്കർ ഭൂമിയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കൃഷിയിറക്കുന്നത്.  മിൽ അങ്കണത്തിൽ നടന്ന വിത്ത് നടീൽ ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ‌് ആർ എസ് വസന്തകുമാരി അധ്യക്ഷയായി.    1959ൽ സ്ഥാപിച്ച ട്രിവാൻഡ്രം സ്പിന്നിങ‌്മിൽ വളപ്പിലെ ഭൂമി നാളിതുവരെ യാതൊരാവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ല. മാലിന്യക്കൂമ്പാരമായി കാടുകയറിയ ഭൂമി തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കുന്നത്.  നീർത്തടത്തിന്റെ സമഗ്ര പരിപാലനത്തിനുതകുന്ന കോണ്ടൂർ ട്രഞ്ചുകൾ തിരിക്കൽ, തട്ടുകളാക്കൽ, ബണ്ടു നിർമാണം എന്ന പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് തുക വകയിരുത്തിയപ്പോൾ ഒപ്പംചേരാൻ പൊതുനന്മാ ഫണ്ടിൽനിന്ന് ധനം വിനിയോഗിച്ച് കൃഷിയിറക്കാമെന്നറിയിച്ച് ബാലരാമപുരം സർവീസ് സഹകരണ ബാങ്ക‌് മുന്നോട്ടുവരികയായിരുന്നു. പദ്ധതിയുടെ ഭാഗമായി 271 തൊഴിലാളികൾക്ക് 1791 തൊഴിൽദിനം ലഭ്യമാകും.    കല്ലിയൂർ പഞ്ചായത്ത് ഹരിതസമൃദ്ധി കാർഷിക കർമസേന സെക്രട്ടറി കെ പി ശിവകുമാർ, വെള്ളായണി കാർഷിക സർവകലാശാല അഗ്രോണമി പ്രൊഫ. ഡോ. ബാബു മാത്യു, ടെക്നിക്കൽ ഓഫീസർ കെ എസ് ഹിറോഷ് ബാബു എന്നിവരുടെ മേൽനോട്ടത്തിലാണ് ഭൂമിയെ കൃഷിയ്ക്ക് ഉപയുക്തമാക്കി മാറ്റാൻ പ്രവർത്തനങ്ങൾ നടന്നത്.  പച്ചക്കറികൾ വിളവെടുക്കുന്ന ദിവസംതന്നെ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. യോഗത്തിൽ ട്രിവാൻഡ്രം സ്പിന്നിങ‌്മിൽ  ചെയർമാൻ എം എം ബഷീർ, സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, നേമംബ്ലോക്ക്‌ പഞ്ചായത്തള പ്രസിഡന്റ്‌ എൽ ശകുന്തള,  പഞ്ചായത്തംഗം അഡ്വ. എസ് കെ പ്രീജ, സ്പിന്നിങ‌് മിൽ മാനേജിങ‌് ഡയറക്ടർ ഗണേഷ്, അഡ്വ.ഡി സുരേഷ് കുമാർ, എസ് ജയചന്ദ്രൻ, ആർ ഷാമിലാ ബീവി, പി കെ രമാദേവി തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. എ പ്രതാപചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജാഫർ ഖാൻ നന്ദിയും പറഞ്ഞു.         Read on deshabhimani.com

Related News